പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസില്‍ സര്‍വ്വത്ര ദുരൂഹതകളെന്ന് തെളിയുന്നു. അതിജീവിതയായ യുവതി നേരിട്ട ക്രൂരമായ പീഡനത്തിന് പിന്നില്‍ സ്പാ ഉടമകള്‍ തമ്മിലുള്ള കുടിപ്പകയും ക്വട്ടേഷനുമാണെന്ന സംശയങ്ങള്‍ ബലപ്പെടുകയാണ്. സംഭവസമയത്ത് സ്പായിലുണ്ടായിരുന്ന സഹപ്രവര്‍ത്തക പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്തുവെന്ന അതിജീവിതയുടെ മൊഴി കേസില്‍ വഴിത്തിരിവായിട്ടുണ്ട്. സാധാരണ ഞായറാഴ്ചകളില്‍ ഡ്യൂട്ടിക്ക് വരാത്ത ഈ സഹപ്രവര്‍ത്തക അന്ന് കൃത്യമായി എത്തിയതും, ഗുണ്ടകള്‍ ക്രൂരത നടത്തുമ്പോള്‍ അതിന് കൂട്ടുനിന്നതും ഗൂഢാലോചനയുടെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഈ കേസിലെ ഏറ്റവും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് സംശയിക്കുന്ന വ്യക്തിയെക്കുറിച്ചുള്ളതാണ്. തിരുവല്ലയിലെ പോലീസുകാരുടെ നേരിട്ടുള്ള സംരക്ഷണത്തിലും നേതൃത്വത്തിലും പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്പായുടെ ഉടമയാണ് ഈ ഗുണ്ടാ ആക്രമണത്തിന് പിന്നിലെന്ന് സ്പാ ഉടമ ഡോ. സഞ്ജയ് ആരോപിക്കുന്നു. ഗുണ്ടാപ്പിരിവ് നല്‍കാത്തതിനാണ് പീഡനം നടന്നതെന്ന പോലീസ് കഥ ബിസിനസ് തകര്‍ക്കാന്‍ എതിരാളികള്‍ കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നില്‍ പോലീസ്-ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്പാകളില്‍ നിന്ന് മാസപ്പടി വാങ്ങുന്ന പോലീസുകാരുടെ ഒത്താശയോടെയാണ് എതിര്‍ സ്പാ ഉടമ ഇത്തരമൊരു ക്രൂരമായ ക്വട്ടേഷന്‍ നടപ്പിലാക്കിയതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ഇരയുടെ ആണ്‍ സുഹൃത്തും സംശയ നിഴലിലാണ്.

പോലീസുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ അന്വേഷണം സേനയ്ക്കുള്ളിലേക്കും നീളുകയാണ്. സ്പാ കേന്ദ്രീകരിച്ച് പോലീസുകാര്‍ പണപ്പിരിവ് നടത്തുന്നുണ്ടെന്നും ചില ഉദ്യോഗസ്ഥര്‍ സ്പാകളിലെ നിത്യസന്ദര്‍ശകരാണെന്നും ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനകം തന്നെ ഒരു പോലീസുകാരനെതിരെ നടപടിയെടുത്തിട്ടുണ്ട്. കുപ്രസിദ്ധ ഗുണ്ട 'മരണ സുബിന്‍' അടക്കമുള്ളവര്‍ അതിജീവിതയെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയും നടത്തിയ ക്രൂരതകളില്‍ സഹപ്രവര്‍ത്തകയുടെ പങ്കിനെക്കുറിച്ച് പ്രത്യേക സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ സ്പാ ഉടമയായ ഗൂഢാലോചകനിലേക്കും പോലീസുകാരായ ഗുണഭോക്താക്കളിലേക്കും അന്വേഷണം നീളുന്നതോടെ കൂടുതല്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനാണ് സാധ്യത.

നേരിട്ടത് ക്രൂരപീഡനമെന്ന് തിരുവല്ല സ്പാ ബലാത്സംഗക്കേസിലെ അതിജീവിത. 50000 രൂപ വേണമെന്ന് വന്നവര്‍ ആവശ്യപ്പെട്ടു. ക്രൂരമായി പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തു. ഫോണില്‍ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. ''അവര്‍ നന്നായിട്ട് ഉപ്രദവിച്ചു. മുടിയിലും കയ്യിലും പിടിച്ചുവലിച്ചു. ഭയങ്കര ഉപദ്രവായിരുന്നു. നീ ഇങ്ങുവന്നേ നീ കൊള്ളാലോയെന്നും പറഞ്ഞ് ഒരു റൂമിലേക്ക് കൊണ്ടുപോയി. ഉപദ്രവിക്കല്ലേ..പെങ്ങളായിട്ട് കണ്ടുകൂടെ എന്ന് പറഞ്ഞപ്പോള്‍ അവന്‍ എന്റെ മുഖത്തിനിട്ട് ഒറ്റയടി അടിച്ചു. എന്റെ പെങ്ങളെന്നാടീ വേശ്യാലയത്തിലാണോ നില്‍ക്കുന്നതെന്ന് പറഞ്ഞ് തെറി വിളിച്ചു. എന്നോട് ഡ്രെസെല്ലാം അഴിക്കാന്‍ പറഞ്ഞു. അഴിക്കില്ലെന്ന് പറഞ്ഞ് ഞാന്‍ അലറിക്കരഞ്ഞപ്പോള്‍ കത്തിയെടുത്ത് എന്റെ തൊണ്ടക്കുഴിയില്‍ കുത്തി. ബലാത്സംഗത്തിനിടെ ക്രൂരമായി ഉപദ്രവിച്ചു. അതിനിടെ ഫോണില്‍ സെല്‍ഫിയെടുത്തു. നീ നിന്റെ സാറിനെക്കൊണ്ട് മൂന്ന് ലക്ഷം രൂപ ഇടീച്ചില്ലെങ്കില്‍ ചിത്രം പുറത്തുവിടുമെന്നും പറഞ്ഞു.

''ഗുണ്ടാപ്പിരിവാണെങ്കില്‍ ആദ്യം തന്നെ നമ്മള്‍ സംസാരിക്കും. വന്നപ്പോള്‍ തന്നെ ക്വട്ടേഷന്‍ ആണെന്നാണ് പറഞ്ഞത്. പിന്നെ വാതിലടച്ചു. ഒന്നാം നിലയില്‍ വെച്ചാണ് സംഭവം നടന്നത്. മെയിന്‍ സ്വിച്ചും ഓഫ് ചെയ്തു. വീഡിയോ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. പൊലീസിന്റെ ഭാഗത്ത് നിന്നും നല്ല സപ്പോര്‍ട്ടാണ് ലഭിക്കുന്നത്. അതുകൊണ്ടാണ് പ്രതികളെ വേഗത്തില്‍ പിടിച്ചത്'' സ്പാ ഉടമ പറഞ്ഞു. പോലീസ് - ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഇതിന് പിന്നിലുണ്ടെന്നും ഉടമ പറയുന്നു. പോലീസ് തന്റെ മൊഴിയെടുത്തിട്ടില്ലെന്നും. പ്രത്യേക പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ., കേസില്‍ പോലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചെന്നാണ് പുറത്തുവരുന്ന വിവരം. പോലീസ് - ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഉന്നത നിര്‍ദേശപ്രകാരമാണ് അന്വേഷണം. സ്പാകളില്‍ നിന്ന് മാസപ്പടി വാങ്ങുന്ന പോലീസുകാര്‍ തിരുവല്ല സ്റ്റേഷനില്‍ ഉണ്ടെന്നാണ് സംശയം. പോലീസുകാരില്‍ ചിലര്‍ സ്പാകളില്‍ നിത്യസന്ദര്‍ശകരാണെന്നും വിവരമുണ്ട്.

കേസിലെ പ്രതിയായ 'മരണ സുബിന്‍' എന്ന സുബിന്‍ അലക്‌സാണ്ടര്‍ക്കെതിരെ വീണ്ടും കാപ്പ ചുമത്താനാന്‍ സാധ്യത. കാപ്പാ നിയമ പ്രകാരം ആറുമാസത്തെ കരുതല്‍ തടങ്കലിനുശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് ഇയാള്‍ പുറത്തിറങ്ങിയത്. കുറ്റകൃത്യങ്ങള്‍ തുടരുന്നതിനാലാണ് വീണ്ടും കടുത്ത നടപടിക്ക് ആലോചിക്കുന്നത്. ഫെബ്രുവരി ഒന്നാം തീയതി ഉച്ചയോടെയാണ് തിരുവല്ലയില്‍ സ്പായിലെ ജീവനക്കാരിയായ യുവതിയെ പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തത്.