- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ സംസ്ഥാന ധനമന്ത്രി പുറത്തേക്കോ? സ്റ്റാലിന്റെ മകനും മരുമകനും അനധികൃതമായി കോടികൾ സമ്പാദിക്കുന്നെന്ന ശബ്ദ സന്ദേശം കുരുക്ക്; ഓഡിയൊ ടേപിനെച്ചൊല്ലി ഡിഎംകെയിൽ പൊട്ടിത്തെറി
ചെന്നൈ: കള്ളപ്പണ ആരോപണത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി അടുപ്പമുള്ളവരുടെ വസതികളിൽ ആദായ നികുതി പരിശോധന നടന്നതിന് പിന്നാലെ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയിൽ പൊട്ടിത്തെറി. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം.കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും മകളുടെ ഭർത്താവ് ശബരീശനും അവിഹിതമായി കോടികൾ സമ്പാദിക്കുന്നുണ്ടെന്ന രീതിയിൽ ധനമന്ത്രി പഴനി വേൽ ത്യാഗരാജന്റെ ശബ്ദ സന്ദേശമാണ് പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമാക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ സംസ്ഥാന ധനമന്ത്രിയെന്ന് വിലയിരുത്തപ്പെട്ട പഴനി വേൽ ത്യാഗരാജന്റെ (പിടിആർ) രാജിയിൽ വിവാദം കലാശിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. ശബ്ദ സന്ദേശത്തെച്ചൊല്ലി ഉണ്ടായ തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ ഡിഎംകെയ്ക്കുള്ളിൽ ശ്രമം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. പിടിആർ നടത്തിയതായി പറയപ്പെടുന്ന ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ബിജെപി തമിഴ്‌നാട് ഘടകം പ്രസിഡന്റ് അണ്ണാമലൈ ചൊവ്വാഴ്ച ഈ ഓഡിയൊ ടേപ് തന്റെ ട്വിറ്റർ ഹാൻഡിലിൽ പങ്ക് വെച്ചിരുന്നു.
സ്റ്റാലിന്റെ മകനും മരുമകനും കോടികൾ അനധികൃതമായി സമ്പാദിക്കുന്നുണ്ടെന്ന് പിടിആർ പറയുന്നതായുള്ള ഒരു സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ അത് കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്ന നിലപാടാണ് പിടിആറും ഡിഎംകെയും സ്വീകരിച്ചത്. പക്ഷേ, പുതുതായി പുറത്ത് വന്നിട്ടുള്ള ഓഡിയൊ ടേപ് അത്തരത്തിൽ ന്യായീകരിക്കാനാവില്ലെന്നും പിടിആർ വിശദീകരണം നൽകേണ്ടി വരുമെന്നുമുള്ള സൂചനയാണ് ഡിഎംകെ നേതൃത്വം നൽകുന്നത്. ഈ ഓഡിയൊ ടേപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ഉടനെ കാണുന്നുണ്ടെന്ന് പിടിആർ പറഞ്ഞു.
മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ സംസാരിക്കാനാവുകയുള്ളുവെന്നും പിടിആർ പറഞ്ഞു. പിടിആർ ധനമന്ത്രി സ്ഥാനത്ത് നിന്നും പുറത്ത് പോയാൽ ഡിഎംകെയ്ക്ക് ദേശീയ തലത്തിൽ തന്നെ വലിയ തിരിച്ചടിയാവും. അതുകൊണ്ടുതന്നെ പ്രതിസന്ധി ഒഴിവാക്കാൻ ഡിഎംകെ നേതൃത്വം പരമാവധി ശ്രമിക്കുമെന്ന സൂചനയാണുള്ളത്.
ഇന്ത്യയിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന സംസ്ഥാന ധനമന്ത്രിയാണ് പിടിആർ. അധികാരമേറ്റ് രണ്ടു വർഷത്തിനുള്ളിൽ തമിഴ്‌നാടിന്റെ ധനക്കമ്മി 16,000 കോടി രൂപയോളം കുറയ്ക്കാനായത് പിടിആറിന്റെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. കോവിഡും തുടർന്നുണ്ടായ പ്രതിസന്ധികളും ഏൽപിച്ച സാമ്പത്തിക ആഘാതങ്ങളിൽ നിന്ന് തമിഴ്‌നാടിനെ മുക്തമാക്കുന്ന നടപടികൾക്കാണ് മുൻതൂക്കം നൽകുന്നതെന്നും പിടിആർ വ്യക്തമാക്കിയിരുന്നു.
ന്യൂയോർക്ക് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തരബിരുദവും പിഎച്ച്ഡിയും എം.ഐ.ടി സ്ലൊവാൻ സ്‌കൂൾ ഒഫ് മാനേജ്മെന്റിൽ നിന്ന് എംബിഎയും നേടിയ ശേഷം ലീമൻ ബ്രദേഴ്സിലും സ്റ്റാൻഡേഡ് ബാങ്കിലും പ്രവർത്തിച്ച പഴനിവേൽ ത്യാഗരാജൻ തമിഴ്‌നാട് മുൻ സ്പീക്കറും മന്ത്രിയുമായിരുന്ന പിതാവ് പഴനിവേൽ രാജന്റെ അകാലമരണത്തെ തുടർന്നാണ് തമിഴകത്തേക്ക് തിരിച്ചെത്തിയതും സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ വ്യാപൃതനായതും.
തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ ഗുരുതര രാഷ്ട്രീയ ആരോപണം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ രംഗത്തുവന്നതിന് പിന്നാലെയാണ് ആദായനികുതി പരിശോധന നടത്തിയത്. ചെന്നൈയിലും കോയമ്പത്തൂരിലും അടക്കം അമ്പതോളം സ്ഥലങ്ങളിൽ പരിശോധന നടന്നിരുന്നു.
ഇതിന് പുറമെ, സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഓഡിറ്ററുടെ വീട്ടിലും ഡിഎംകെ എംഎൽഎ എം കെ മോഹന്റെ വീട്ടിലും പരിശോധന നടത്തി. ഓഡിറ്റർ ഷൺമുഖരാജിന് പുറമെ ബന്ധു പ്രവീണിന്റെ വീട്ടിലും പരിശോധന നടന്നു. സ്റ്റാലിൻ അടക്കം ഡിഎംകെ നേതാക്കൾക്ക് 1.34 ലക്ഷം കോടി രൂപയുടെ സ്വത്ത് വിവരമുണ്ടെന്ന് ആരോപണമാണ് ബിജെപി ഉന്നയിച്ചത്. സ്റ്റാലിന് പുറമെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്റെ മരുമകൻ ശബരീശനും കഴിഞ്ഞ വർഷം വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്നും അണ്ണാമലൈ ആരോപണം ഉയർത്തിയിരുന്നു.
ഉദയനിധി സ്റ്റാലിനും ശബരീശനും കഴിഞ്ഞ വർഷം വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്നും അണ്ണാമലൈ നേരത്തെ ആരോപിച്ചിരുന്നു. തമിഴ്‌നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ ഇത് സംബന്ധിച്ച് പറയുന്നതായി അവകാശപ്പെടുന്ന ടെലഫോൺ സംഭാഷണവും അണ്ണാമലൈ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മാധ്യമപ്രവർത്തകനുമായി നടത്തിയ സംഭാഷണം എന്ന പേരിലാണ് ഈ ഓഡിയോ ഫയൽ പുറത്തുവന്നത്.
മറുനാടന് മലയാളി ബ്യൂറോ