തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങളിലെ ഇന്റേണൽ വിജിലൻസ് സെല്ലുകളുടെ പ്രവർത്തനം ഊർജിതപ്പെടുത്താൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഇന്റേണൽ വിജിലൻസ് സെല്ലുകളുടെ പ്രവർത്തനം ഊർജിതപ്പെടുത്തുന്നതിനും വിജിലൻസ് സെൽ മേധാവിമാരെ നിയമിക്കുന്നതും ഇനി ഈ മാർഗ നിർദ്ദേശം അനുസരിച്ചാകും. സർക്കാർ ഓഫീസുകളിലെ അഴിമതി തടയുകയാണ് ലക്ഷ്യം.

ഇന്റേണൽ വിജിലൻസ് സെല്ലുകൾ രൂപീകരിച്ചിട്ടില്ലാത്ത വകുപ്പുകളിലും സ്ഥാപനങ്ങളിലും ഉടൻ സെല്ലുകൾ രൂപീകരിക്കണമെന്ന് ഉത്തരവിൽ നിർദേശിച്ചു. ഇക്കാര്യം സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട ഭരണവകുപ്പുകൾ ഉറപ്പുവരുത്തണം. വിജിലൻസ് സെല്ലിന്റെ തലവനെ സെക്രട്ടേറിയറ്റിലെ വിജിലൻസ് വകുപ്പ് നിയമിക്കും. വകുപ്പുതല വിജിലൻസ് സെൽ തലവനായി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ വിജിലൻസ് കേസോ അന്വേഷണമോ നേരിടുന്ന ആളല്ലെന്ന് ഉറപ്പുവരുത്തണം.

നിയമനത്തിന് മുമ്പ് അദ്ദേഹത്തിന്റെ സത്യസന്ധത, സൽപ്പേര് എന്നിവ വിജിലൻസ് വീക്ഷണത്തിൽ അപഗ്രഥിക്കുന്നതിനുമാണ് നിയമനം വിജിലൻസ് വകുപ്പ് നടത്തണമെന്ന് നിഷ്‌കർഷിച്ചിരിക്കുന്നത്. ഭരണവകുപ്പുകൾ സ്വന്തം നിലയ്ക്ക് വിജിലൻസ് ഓഫീസർമാരെ നിയമിക്കുന്ന കീഴ് വഴക്കം നിർത്തലാക്കണം. വിജിലൻസ് ഓഫീസറായി നിയമിക്കാൻ പ്രാപ്തനായ ഉദ്യോഗസ്ഥനെ ഭരണവകുപ്പ് മുഖാന്തിരം വിജിലൻസ് വകുപ്പിന് നാമനിർദ്ദേശം ചെയ്യണം. നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥനെ സംബന്ധിച്ച് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ രഹസ്യാന്വേഷണം നടത്തി അനിയോജ്യനാണെന്ന് ബോദ്ധ്യപ്പെടുന്ന പക്ഷം വിജിലൻസ് ഓഫീസറായി നിയമിക്കും.

ഇന്റേണൽ വിജിലൻസ് മേധാവികൾ ത്രൈമാസ പ്രവർത്തന റിപ്പോർട്ട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർക്ക് നൽകണം. ഇന്റേണൽ വിജിലൻസ് സംവിധാനത്തിന്റെ പ്രവർത്തനം സംബന്ധിച്ച് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ ത്രൈമാസ അവലോകനയോഗം സംഘടിപ്പിക്കണം. വിജിലൻസ് സെൽ ഉദ്യോഗസ്ഥർക്ക് ബ്യൂറോ പരിശീലനം നൽകും.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി), കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്‌ട്രേഷൻ (കില) എന്നിവയുടെ പരിശീലന പരിപാടികളിൽ ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെ പരിശീലനവും ഉൾപ്പെടുത്തണം. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥരുടെ സേവനം ഇത്തരം പരിശീലന പരിപാടികൾക്കായി പ്രയോജനപ്പെടുത്താവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.

ആഭ്യന്തര വിജിലൻസ് ഉദ്യോഗസ്ഥർ മൂന്നുമാസം കൂടുമ്പോൾ അവരുടെ പ്രവർത്തന അവലോകന റിപോർട്ടുകൾ വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കണം. 3 മാസത്തിലൊരിക്കൽ അവരുടെ വിശകലന യോഗം വിജിലൻസ് ഡയറക്ടറേറ്റിൽ നടത്തും. വിവിധ വകുപ്പുകളുടെ ആഭ്യന്തര വിജിലൻസ് ഓഫീസർമാർക്കും പരിശീലനം നൽകും. ആഭ്യന്തര വിജിലൻസ് സെല്ലിൽ ഓഫിസർമാരെ നിയമിക്കുന്നതിന് മുമ്പ് രഹസ്യാന്വേഷണം നടത്തി റിപ്പോർട്ട് വാങ്ങും. കേസുകൾക്കും അന്വേഷണങ്ങൾക്കും സമയപരിധി നിശ്ചയിക്കും. കൂടുതൽ സമയം ആവശ്യമായാൽ ഡയറക്ടറുടെ അനുമതി വാങ്ങണം. കോടതി വെറുതെ വിടുന്ന കേസുകളിൽ സമയബന്ധിതമായി അപ്പീൽ ഫയൽ ചെയ്യണം.

രണ്ടുമാസത്തിനുള്ളിൽ അപ്പീൽ ഫയൽ ചെയ്തെന്ന് ഉറപ്പാക്കണം. ഹൈക്കോടതിയിൽ വിജിലൻസ് കാര്യങ്ങൾ നോക്കുന്നതിന് ലെയ്സൺ ഓഫിസറെ നിയമിക്കും. പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥരെ വിജിലൻസിൽ നിയമിക്കുന്നതിന് മുമ്പ് പരീക്ഷ നടത്തി യോഗ്യരായവരുടെ ലിസ്റ്റ് തയ്യാറാക്കും. അവർക്ക് വിജിലൻസ് ജോലി സംബന്ധിച്ച് പരിശീലനം നൽകും. ഇത്തരം ഉദ്യോഗസ്ഥരുടെ ഡാറ്റാ ബേസ് തയ്യാറാക്കി അതിൽ നിന്ന് വിജിലൻസിൽ നിയമിക്കും-ഇതൊക്കെ അഴിമതി കുറയ്ക്കാനായി നടപ്പാക്കാനാണ് സർക്കാർ തീരുമാനം.