- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഖിലേന്ത്യ പെര്‍മിറ്റുണ്ടായിട്ടും തമിഴ്നാട്ടിലും കര്‍ണാടകയിലും ഈടാക്കുന്നത് അന്യായ നികുതി; വാഹനങ്ങൾ പിടിച്ചെടുത്ത് പിഴ ചുമത്തുന്നത് അനധികൃതമായി; കേരളത്തിൽ നിന്നുള്ള അന്തർസംസ്ഥാന സ്വകാര്യ ബസുകൾ നാളെ മുതൽ സർവീസ് നടത്തില്ല; യാത്രക്കാർക്ക് തിരിച്ചടി
കൊച്ചി: കേരളത്തിൽ നിന്നുള്ള അന്തർസംസ്ഥാന സ്വകാര്യ ബസുകൾ നാളെ മുതൽ സർവീസ് നടത്തില്ല. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതി പിരിവിലും അനധികൃതമായി പിഴ ഈടാക്കുന്നതിലും പ്രതിഷേധിച്ചാണ് കോൺട്രാക്ട് കാരിയേജ് ബസ് സർവീസുകൾ നിർത്തിവെക്കുന്നത്. കേരളത്തിൽ നിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന സ്ലീപ്പർ, സെമി-സ്ലീപ്പർ ലക്ഷ്വറി ബസുകളാണ് നാളെ മുതൽ സർവീസ് നിർത്തിവെക്കുന്നത്.
അഖിലേന്ത്യാ പെർമിറ്റുള്ള ബസുകൾക്ക് പോലും ഈ സംസ്ഥാനങ്ങളിൽ നിന്ന് അനധികൃതമായി നികുതി ഈടാക്കുകയും വാഹനങ്ങൾ പിടിച്ചെടുത്ത് പിഴ ചുമത്തുകയും ചെയ്യുന്നതായി ബസുടമകൾ ആരോപിക്കുന്നു. ബസ് സർവീസ് നിർത്തിവെക്കുന്നത് കേരളത്തിൽ നിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കും. നിലവിൽ, തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വിവിധ ജില്ലകളിൽ നിന്ന് നിരവധി സ്വകാര്യ ബസുകൾ ഈ റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്.
അതേസമയം കേരളത്തില്‍ നികുതി അടയ്‌ക്കാതെ സര്‍വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ സംസ്ഥാനത്തുടനീളം ഇനിയും പിടിച്ചെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിയമങ്ങൾ കർശനമായി പാലിക്കാത്ത ബസുകൾക്കെതിരെ നടപടിയെടുക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ടൂറിസ്റ്റ് ബസുകളിൽ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതായും, കൃത്യമായ രേഖകളില്ലാതെ സർവീസ് നടത്തുന്നതായും, ഡ്രൈവർമാരുടെ വിശ്രമസമയം സംബന്ധിച്ച ചട്ടങ്ങൾ പാലിക്കാത്തതായും പരാതികളുണ്ട്. ഇത്തരം നിയമലംഘനങ്ങൾ ഗതാഗതസുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് വകുപ്പിൻ്റെ ഈ ഇടപെടൽ.
സ്വകാര്യ ബസുകൾ ഓപ്പറേഷൻ ഓപ്പറേഷൻസ് ഓഫ് ലൈസൻസ് ചട്ടങ്ങളുടെ ലംഘനം, അനധികൃതമായ കളക്ഷൻ, യാത്രാ വേളയിൽ നിയമവിരുദ്ധമായ ലഹരി ഉപയോഗം, നിയമവിരുദ്ധമായ പാർക്കിംഗ്, ചരക്ക് നീക്കം, നികുതി വെട്ടിപ്പ് തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ബസുകൾക്കെതിരെയും നടപടികൾ സ്വീകരിക്കും. ടൂറിസ്റ്റ് ബസുകൾക്ക് നിശ്ചിത ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെയും നടപടി ഉണ്ടാകും.
എൻഫോഴ്സ്മെൻ്റ് വിഭാഗം ശേഖരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, നിയമം ലംഘിക്കുന്ന ബസുകൾക്ക് പിഴ ചുമത്തുന്നതിനോടൊപ്പം അവയുടെ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾക്കും മോട്ടോർ വാഹന വകുപ്പ് തയ്യാറെടുക്കുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ സ്വീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.




