ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പില്‍ പല തോല്‍വികളും പ്രതികരണവും കണ്ടിട്ടുണ്ട്. പക്ഷേ, ഇങ്ങനെ ഒന്ന് ആദ്യമായിട്ടായിരിക്കും. തെരഞ്ഞെടുപ്പില്‍ ജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വാര്‍ഡിലേക്ക് ഫണ്ട് കിട്ടണമെങ്കില്‍ തോറ്റ സ്ഥാനാര്‍ഥി വിചാരിക്കണം പോലും! ഐഎന്‍ടിയുസി ഇടുക്കി ജില്ലാ പ്രസിഡന്റിന്റേതാണ് വിചിത്രമായ ന്യായവാദം.

തന്റെ സഹോദരിയുടെ മകനെ പരാജയപ്പെടുത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പഞ്ചായത്ത് ഫണ്ട് അനുവദിക്കില്ലെന്നാണ് ഫലം വന്നതിന് പിന്നാലെ ഐഎന്‍ടിയുസി ഇടുക്കി ജില്ലാ പ്രസിഡന്റ് രാജാമാട്ടൂക്കാരന്‍ പ്രഖ്യാപിച്ചത്. വ്യക്തിപരമായ വൈരാഗ്യം വികസന വിരോധമാക്കി മാറ്റി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെ തടസ്സപ്പെടുത്തുന്ന നേതാവിന്റെ നടപടി വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്.

യുഡിഎഫിന് ഭരണം ലഭിച്ച വണ്ടന്‍മേട് പഞ്ചായത്തിലാണ് സംഭവം. ഇവിടെ വിമത സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റെജി ജോണി, രാജാ മാട്ടുക്കാരന്റെ സഹോദരിയുടെ മകന്‍ സി. മുരുകനെ കേവലം 20 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ഈ പരാജയത്തിന്റെ പ്രതികാരമെന്നോണമാണ് വിജയിച്ച സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ വെച്ച് രാജാ മാട്ടുക്കാരന്‍ വിവാദപരമായ പ്രസംഗം നടത്തിയത്.

തോറ്റ സ്ഥാനാര്‍ഥിയായ മുരുകന്‍ ഫണ്ട് അനുവദിക്കുന്ന നിര്‍ണായക കമ്മിറ്റിയില്‍ അംഗമാണെന്ന് പ്രഖ്യാപിച്ച രാജാ, 14ാം വാര്‍ഡിലെ ഫണ്ട് ലഭിക്കണമെങ്കില്‍ വിജയിച്ച സ്ഥാനാര്‍ഥി റെജി ജോണി, മുരുകന്റെ കാലു പിടിക്കേണ്ടി വരുമെന്ന് പരസ്യമായി വെല്ലുവിളിച്ചു. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഈ വാര്‍ഡില്‍ ഒരു വികസന പ്രവര്‍ത്തനത്തിനും ഫണ്ട് അനുവദിക്കില്ലെന്ന പ്രതികാരപരമായ പ്രഖ്യാപനവും നടത്തി. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയേയും ജനവിധിയേയും പരസ്യമായി അവഹേളിക്കുന്ന കടുത്ത നിലപാടാണ് രാജാ മാട്ടുക്കാരന്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, നേതാവിന്റെ ഈ പ്രസ്താവനയെ പ്രവര്‍ത്തകര്‍ കൈയടിയോടെ സ്വീകരിച്ചതും ശ്രദ്ധേയമായി.

രാജാ മാട്ടുക്കാരന്റെ മകള്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് ഇത്തവണ പഞ്ചായത്തില്‍ മത്സരിച്ചത്. അതില്‍ മകള്‍ മാത്രമാണ് വിജയിച്ചത്. ഇത് പഞ്ചായത്ത് ഭരണത്തിലുള്ള സ്വാധീനവും സ്വജനപക്ഷപാതവും വിളിച്ചോതുന്നതായും ആരോപണമുണ്ട്. ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് ഫലത്തോടുള്ള ഈ പ്രതികാര രാഷ്ട്രീയം ജനങ്ങളുടെ വികസന അവകാശത്തെ തടസ്സപ്പെടുത്തുന്ന നീക്കമാണ്.മാട്ടുക്കാരന്റെ ധിക്കാരപരമായ പ്രസംഗം പ്രാദേശിക രാഷ്ട്രീയത്തില്‍ ശക്തമായ പ്രതികരണങ്ങള്‍ക്കും യുഡിഎഫിനുള്ളില്‍ കടുത്ത ഭിന്നതകള്‍ക്കും കാരണമായേക്കും.