തിരുവനന്തപുരം: മലയാള സിനിമയിൽ ഇപ്പോഴുണ്ടായത് സാങ്കേതികപരമായ മാറ്റങ്ങൾ മാത്രമാണെന്നും സിനിമയുടെ ഭാഷയ്ക്ക് കാര്യമായമാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും നടൻ വിജയരാഘവൻ.സിനിമാതിക്കിന് അനുവദിച്ച പ്രേത്യക അഭിമുഖത്തിന്റെ അവസാനഭാഗത്തിലാണ് മലയാള സിനിമയിലെ മാറ്റങ്ങളെക്കുറിച്ചും പുതുതലമുറ അഭിനേതാക്കളെക്കുറിച്ചുമൊക്കെ മനസ്സ് തുറന്നത്.പുതുതലമുറ നടന്മാരിൽ നസ്ലൻ നല്ല കഴിവും അഭിനയത്തോട് നല്ല അഭിനിവേശവുമുള്ള നടനാണെന്നും അദ്ദേഹം എടുത്തുപറയുന്നുണ്ട്.തന്റെ അവസാന നിമിഷത്തിൽ പോലും കാതിൽ ദൈവനാമം ചൊല്ലിയതിന് വഴക്കുപറഞ്ഞ അച്ഛന്റെ മകനാണ് ഞാൻ.അതുകൊണ്ട് തന്നെ ദൈവത്തിൽ എനിക്ക് വിശ്വാസമോ പ്രാർത്ഥിക്കാൻ അറിയുകയോ ഒന്നുമില്ല.. പക്ഷെ മൂകാംബികയിൽ പോകാറുണ്ട്.അവിടെ എനിക്ക് വല്ലാത്തൊരു മനസമാധാനം ലഭിക്കുന്നുണ്ട്.അത് തന്നെയാണ് പ്രധാന കാരണമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

മലയാള സിനിമയിൽ സാങ്കേതികരപരമായാണ് മാറ്റങ്ങൾ വന്നിട്ടുള്ളത്.അല്ലാതെ സിനിമയുടെ ഭാഷയിൽ പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടായിട്ടില്ല.അതുകൊണ്ട് തന്നെ വലിയമാറ്റമെന്ന് അതിനെ വിളിക്കാൻ ആകുമോ എന്നത് സംശയമാണ്.1970 കളിലൊക്കെയാണ് സിനിമയിൽ മാറ്റം എന്ന വാക്കിന് പ്രസക്തിയുണ്ടാകുന്നത്.കാരണം അത്രനാൾ വരെ സിനിമയുണ്ടായിരുന്നെങ്കിലും അതിന്റെ ഭാഷ എന്നു പറയുന്നത് നാടകത്തിന്റെത് തന്നെയായിരുന്നു.കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ സ്റ്റേജിയായിരുന്നു അക്കാലം വരെ സിനിമകൾ.എന്നാൽ പി എം മേനോന്റെ സിനിമകളുടെ വരവോടൊക്കെയാണ് വ്യത്യസ്ത ഷോട്ടുകൾ..ഒരു ഷോട്ടിൽ നിന്ന് മാറ്റൊരു ഷോട്ടിലേക്കുള്ള ട്രാൻസ്ഫർമേഷൻ അങ്ങിനെ ഒക്കെ വരുന്നത്.പല വിധ ലൊക്കേഷനിലേക്കൊക്കെ സിനിമ സഞ്ചരിച്ചതും ഇ കാലഘട്ടത്തിലാണ്. പി എൻ മേനോന്റെ ഒക്കെ തുടർച്ചയായി ഉണ്ടായതാണ് ഈ മാറ്റം.

ഇന്ന് സാങ്കേതികപരമായി സിനിമ ഒരുപാട് വളർന്നു.ഒരു ഐ ഫോൺ ഉണ്ടെങ്കിൽ പോലും ഇന്ന് സിനിമ എടുക്കാം.പക്ഷെ സ്വത്വത്തിൽ ബൗദ്ധീകപരമായി കാര്യമായ മാറ്റം ഉണ്ടായിട്ടില്ല താനും.പത്മരാജൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട് സിനിമയ്ക്കൊരു കഥ വേണം..കഥയില്ലെങ്കിൽ ഒരു കതയെങ്കിലും വേണം എന്ന്.ഇപ്പോൾ ചെറിയ സംഭവങ്ങൾ വച്ചൊക്കെ സിനിമകൾ ഉണ്ടാകുന്നുണ്ട്.പക്ഷെ അതൊക്കെ കാലാതിവർത്തികൾ ആകുമോ എന്ന കാര്യത്തിൽ സംശയമാണ്.ഇന്ന ഇപ്പോൾ ഒരുപാട് സംവിധായകർ വരുന്നുണ്ട്.ചിലർ ഒരു സിനിമയോടെ അപ്രത്യക്ഷരാകുന്നു.പണ്ട് കാലത്ത് അതല്ല സ്ഥിതി.അവർ പലവിധ സിനിമകൾ ചെയ്ത് തങ്ങളുടെ കഴിവുകൾ പ്രേക്ഷകർക്ക് മുന്നിൽ പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു.പ്രിയദർശൻ, സത്യൻ അന്തിക്കാട്, ജോഷി ഇങ്ങനെ എത്രയോ ഉദാഹരണങ്ങൾ.എത്രകാലമായി ഇവരൊക്കെ സിനിമയിൽ വന്നിട്ട്.. ഇപ്പോഴും ഇവർക്കായി ഒരു സ്പേസ് സിനിമയിൽ ഉണ്ട്.അതിനാണ് പുതുതലമുറ സിനിമ പ്രവർത്തകരും ശ്രമിക്കേണ്ടത്.

പുതുതലമുറ താരങ്ങളെക്കുറിച്ചും വിജയരാഘവൻ എടുത്തുപറയുന്നുണ്ട്.ഇക്കൂട്ടത്തിൽ നെസ്ലൻ നല്ല കഴിവുള്ള ആർട്ടിസ്റ്റാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.ഞാൻ അവനുമായി ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.നല്ല കാലിബർ ഉള്ള ആർട്ടിസ്റ്റാണ്.മാത്രമല്ല അഭിനയത്തോട് നല്ല ക്യൂരോസിറ്റിയാണ്.ചില വേഷങ്ങളൊക്കെ കിട്ടുമ്പോൾ അഭിപ്രായം ചോദിക്കും.നമ്മൾ ചെയ്ത കഥാപാത്രങ്ങളെക്കുറിച്ചൊക്കെ അനുഭവങ്ങൾ ചോദിച്ചറിയും.അത്തരത്തിൽ നല്ല പ്രതീക്ഷയുള്ള നടനാണ് നെസ്ലൻ എന്നും അദ്ദേഹം വിശദീകരിക്കുന്നു.പ്രണവ് മോഹൻലാലിനൊപ്പം ഹൃദയം സിനിമയിലെ അനുഭവങ്ങളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.സെറ്റിൽ തന്നോട് അകലം പാലിച്ചുനിന്ന പ്രണവിനോട് അകലം കുറയ്ക്കാനായി സിഗരറ്റ് ഉണ്ടോ ചോദിച്ച സംഭവവും ഓർത്തെടുക്കുന്നു.സിനിമ മേഖലയിൽ വിജയിക്കുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം പക്ഷെ ഒരു നല്ല മനുഷ്യൻ എന്ന നിലയിൽ പ്രണവ് മാതൃകയാണെന്നും വിജയരാഘവൻ പറയുന്നു.

ഒരുപാട് വായിക്കും.. ഏത് വിഷയത്തെക്കുറിച്ചും സംസാരിക്കും. അതാണ് പ്രണവിന്റെ ഒരു ക്വാളിറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.പണ്ട് കാലത്തൊക്കെ സെറ്റിൽ നടന്മാർ ഒക്കെ ഒരുമിച്ചിരുന്നാൽ അഭിനയത്തെക്കുറിച്ച് സംസാരം വളരെക്കുറവാണ്.ഇന്ന് പക്ഷെ അതല്ലസ്ഥിതി പുതുതലമുറ അഭിനേതാക്കൾക്ക് സിനിമ അനുഭവങ്ങളും അഭിനയ രീതിയേക്കുറിച്ചുമൊക്കെ അറിയാൻ നല്ല താൽപ്പര്യമാണെന്നും മലയാള സിനിമയിലെ മാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി വിജയരാഘവൻ പറയുന്നു.

തനിക്ക് ഒരിക്കലും വഴങ്ങാത്ത കാര്യം ബിസിനസ്സാണെന്നാണ് വിജയരാഘവൻ പറയുന്നത്.ഒട്ടുമിക്ക നടന്മാർക്കും മറ്റൊരു ഉപജീവനമാർഗ്ഗം എന്ന നിലയിൽ ബിസിനസ്സ് ഉണ്ടാകാറുണ്ടല്ലോ അങ്ങിനെ വല്ലതും ഉണ്ടോ എന്ന ചോദ്യത്തിനാണ് അച്ഛന്റെ പുസ്തകം അച്ചടിക്കാനായി പ്രസ്സ് തുടങ്ങിയത് മുതൽ സമീപകാലത്ത് സുഹൃത്തുക്കളുമൊന്നിച്ച് മീൻ കട തുടങ്ങിയ അനുഭവങ്ങളും അദ്ദേഹം പറയുന്നത്.രണ്ട് തവണയും അത്ര കണ്ട് ശരിയായില്ല.എനിക്ക് ഇ ബിസിനസ്സ് വല്ലോം വഴങ്ങുമോയെന്ന് ചിരിയോടെ അദ്ദേഹം പറയുന്നു.അച്ഛന്റെ പുസ്തകങ്ങൾ മറ്റ് പബ്ലിഷേർസിനാണ് കൊടുത്തിരുന്നത്.നമ്മൾക്ക് തന്നെ ചെയ്യാലോ എന്ന ആലോചനയിലാണ് പ്രസ്സ് തുടങ്ങുന്നത്.നടത്തിപ്പിനായി ഒരാളെയൊക്കെ വച്ച് തുടങ്ങിയെങ്കിലും നടന്നുപോകുന്നതല്ലാതെ മെച്ചമൊന്നുമില്ല..അങ്ങിനെ അത് അവസാനിപ്പിച്ചു.

സമീപകാലത്താണ് ധർമ്മജന്റെ കടയിൽ മീൻ വാങ്ങാനായി ചെല്ലുന്നത്.നല്ല മീൻ കഴിക്കാലോ എന്ന ആഗ്രഹത്തിലാണ് നാലഞ്ച് സുഹൃത്തുക്കളുമായി ചേർന്ന് കട തുടങ്ങുന്നത്.അതും പക്ഷെ വലിയ ലാഭം പ്രതീക്ഷിച്ചൊന്നുമല്ല.കാരണം ബിസിനസ്സ് എനിക്ക് വഴങ്ങില്ലെന്ന് മാറ്റാരെക്കാളും നന്നായി എനിക്കറിയാം.അങ്ങിനെ കുറച്ച് മാസത്തിന് ശേഷം അതും നിർത്തി.ആദ്യമായി തെയ്യം കണ്ട അനുഭവവും വിജയരാഘവൻ പങ്കുവെക്കുന്നുണ്ട്.അച്ഛന്റെ പേരിലുള്ള നാടകോത്സവം നടക്കുന്ന മാണിയാട്ട് ഗ്രാമത്തോട് ചേർന്ന ചന്തേര മുച്ചിലോട്ട് ഭഗവതീക്ഷേത്രത്തിൽ പെരുങ്കളിയാട്ടത്തിന് പോയാണ് ആദ്യമായി താൻ തെയ്യം കാണുന്നതെന്നും അദ്ദേഹം പറയുന്നു.

അ ഗ്രാമത്തിൽ 80 ശതമാനത്തോളം ഇടതുപക്ഷ അനുഭാവികളാണ്.എന്നിട്ടും ഒരാൾ പോലും മുച്ചിലോട്ട് ക്ഷേത്രത്തിൽ വന്ന് ദേവിയോട് അനുഗ്രഹം വാങ്ങാതെ പോകില്ല.. അതാണ് താൻ കണ്ട വിശ്വാസം.ലക്ഷക്കണക്കിന് ആളുകാണ് അവിടെ അന്നദാനത്തിനായി എത്തിച്ചേരുന്നത്.അതും അ നാട്ടിൽ നിന്ന് മാത്രമല്ല പല നാടുകളിൽ നിന്നും തെയ്യത്തെകാണാൻ ആളുകൾ എത്തുന്നു.എന്നിട്ടുപോലും മദ്യപിച്ച് എത്തുകയോ വാക്കുതർക്കമോ അങ്ങിനെ ഒരു അസ്വാരസ്യവും അവിടെ ഉണ്ടാകുന്നില്ല.ആ കാഴ്‌ച്ചകൾ ഒക്കെ തന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു.തെയ്യത്തെ ഒരു പെർഫോമിങ്ങ് ആർടസ് ആയാണ് ഞാൻ കാണുന്നത്.എങ്കിൽ പോലും പത്തോ പതിനഞ്ചോ മണിക്കൂറുകൾ മുഖം മാത്രം പുറത്ത് കാണിച്ച് ബാക്കി ചമയങ്ങൾ വച്ച് കെട്ടി ഒരു മനുഷ്യൻ പെർമോം ചെയ്യുന്നത് അവിശ്വസനീയമാണെന്നും ഒരിക്കലെങ്കിലും ജീവിതത്തിൽ തെയ്യം കാണണമെന്നും തന്റെ ആദ്യ തെയ്യക്കാഴ്‌ച്ചയെക്കുറിച്ച് വിജയരാഘവൻ വിവരിക്കുന്നു.

വിശ്വാസിയാണോ എന്ന ചോദ്യത്തിന് താൻ ആശയക്കുഴപ്പത്തിലാണെന്നാണ് വിജയരാഘവൻ നൽകുന്ന മറുപടി.മരണക്കിടക്കയിൽ പോലും ചെവിയിൽ ദൈവനാമം ചൊല്ലിയപ്പോൾ ദേഷ്യം വന്ന ആളാണ് അച്ഛൻ.ഒരു ശകലം പോലും വിശ്വാസം ഇല്ലാതിരുന്ന ആൾ.അങ്ങിനെ ആയിരുന്നു എന്റെ വളർച്ചയും.അച്ഛന്റെ അവിശ്വാസത്തോട് ചേർന്ന് നിൽക്കുന്ന ഒരു അനുഭവം അദ്ദേഹം പറയുന്നത് ഇങ്ങനെ. നാടകത്തിന് സ്റ്റേജിൽ കയറുമ്പോൾ ഞാൻ എപ്പോഴും അച്ഛന്റെ കാലിൽ തൊടുമായിരുന്നു.അച്ഛനാണേൽ അത് ഇഷ്ടവുമല്ല.അതുകൊണ്ട് എപ്പോഴും എന്നോട് ചോദിക്കും.. എന്തിനാടാ കാലിലൊക്കെ തൊടുന്നെ എന്ന്..ചോദ്യം പലയാവർത്തി ആയപ്പോൾ ഞാൻ അച്ഛനോട് പറഞ്ഞു തൊടുന്നത് അച്ഛന്റെ കാലിൽ ആണെങ്കിലും മനസ്സിൽ അമ്മയാ എന്ന്.. അതിൽ പിന്നെ അച്ഛൻ ചോദിച്ചിട്ടില്ല.

പിന്നീട് അമ്മയും മരിച്ചപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഒരു ശൂന്യതയോ ഭയമോ ഒക്കെ അനുഭവപ്പെട്ടു.അ അവസ്ഥ കൃത്യമായി പറയാൻ പോലും പറ്റില്ല.അ അവസ്ഥ എന്നെ വേട്ടയാടിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു സുഹൃത്തും കുടുംബവും മൂകാംബിക പോകുന്നുവെന്നും വരുന്നോ എന്ന് ചോദിക്കുന്നതും.അങ്ങിനെ ഞാനും ഭാര്യയും പോയി.അപ്പോഴൊക്കെയും എനിക്ക് കൈ തൊഴുന്നത് പോലെ ചേർത്ത് പിടിക്കാനല്ലാതെ എന്താ പ്രാർത്ഥിക്കേണ്ടത് എന്നോ... എന്താ പറയേണ്ടത് എന്നോ ഒന്നും അറിയില്ല.പക്ഷെ മൂകാംബിക എനിക്കെന്തോ വല്ലാത്ത ആശ്വാസം തന്നു.അതുകൊണ്ട് ഇപ്പോഴും സമയം കിട്ടുമ്പോ മൂകാംബിക പോകും.മറ്റെവിടുന്നും അങ്ങിനെ ഒരു ആശ്വാസം എനിക്ക് കിട്ടിയിട്ടില്ല.. മാത്രമല്ല മറ്റുക്ഷേത്രങ്ങളിലൊന്നും അങ്ങിനെ പോകാറുമില്ല.

അച്ഛൻ പറഞ്ഞിട്ടുണ്ട് ഭീരുക്കൾ ചാരുന്ന മതിലാണ് ദൈവം എന്ന്..താൻ ഭീരുവല്ല അതുകൊണ്ട് തന്നെ തനിക്ക് ദൈവവിശ്വാസത്തിന്റെ കാര്യവുമില്ലെന്നായിരുന്നു അച്ഛന്റെ വാദം.അതുകൊണ്ട് ഞാനും അങ്ങിനെയാവണമെന്നില്ല.അമ്മയുടെ വിയോഗം ഉണ്ടാക്കിയ ശുന്യതയിൽ നിന്ന് എനിക്ക് ചാരി നിൽക്കാൻ ഒരു മതിൽ വേണമായിരുന്നു.അതായിരിക്കും ചിലപ്പോൾ എനിക്ക് മുകാംബികയിൽ നിന്നും ലഭിച്ചത്.പറഞ്ഞുവരുന്നത് ദൈവം ഉണ്ടോ ഇല്ലെയോ എന്നൊന്നും അറിയില്ല.പക്ഷെ സമയം കിട്ടുമ്പൊ ഇപ്പോഴും മൂകാംബികയിൽ പോകാറുണ്ടെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.

സിനിമയുമായി ബന്ധപ്പെട്ട് ഒട്ടുമിക്ക പേരും ചെന്നൈ, കൊച്ചിയോക്കെ പോയി താമസം തുടങ്ങുമ്പോൾ ഇവിടെ തന്നെ നിൽക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഇവിടെയാണ് താൻ താനാകുന്നതെന്നും അതാണ് ഏറ്റവും വലിയ സന്തോഷമെന്നും അദ്ദേഹം പറയുന്നു.ഇവിടെ നിൽക്കുന്നതുകൊണ്ട് എന്റെ സിനിമാ ജീവിതത്തിന് ഒരു നഷ്ടവും ഉണ്ടായിട്ടില്ല.എനിക്ക് വരേണ്ട അവസരങ്ങൾ ഒന്നും എനിക്ക് ലഭിക്കാതെ പോയിട്ടില്ല.പിന്നെ ഉദ്ഘാടനങ്ങൾക്കൊക്കെ ഞാൻ പോകാത്തത് എനിക്ക് എന്നെ തന്നെ എഴുന്നള്ളിക്കുന്നത് ഇഷ്ടമല്ലാത്തതുകൊണ്ടാണ്.അല്ലാതെ മറ്റു തരത്തിലുള്ള പ്രശ്നങ്ങളോ വിയോജിപ്പോ ഒന്നും കൊണ്ടല്ലെന്നും അനുബന്ധമായി അദ്ദേഹം പറയുന്നു.

തന്നെ സ്നേഹിക്കുന്ന പ്രേക്ഷകരോട് എന്താണ് പറയാനുള്ളതെന്ന് ചോദിക്കുമ്പോൾ നല്ല മനുഷ്യരെയാണ് ഏതൊരു സമൂഹത്തിനും ആവശ്യമെന്നും അതിനാൽ തന്നെ നല്ല മനുഷ്യരായി ജീവിക്കാനാണ് എല്ലാരും ശ്രമിക്കേണ്ടതെന്നും പറഞ്ഞാണ് അഞ്ച് അധ്യയങ്ങളുള്ള സുദീർഘമായ അഭിമുഖ സംഭാഷണം അദ്ദേഹം അവസാനിപ്പിക്കുന്നത്..

(അവസാനിച്ചു.)