- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടിമറി ആരോപിച്ച് എതിർപക്ഷം; നാളെ നടക്കുന്ന ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പ്രക്ഷുബ്ധമാകും: അട്ടിമറി ആരോപിച്ച് ഒരുവിഭാഗം ബഹിഷ്കരണത്തിന്; ശക്തമായ പൊലീസ് കാവലിൽ വോട്ടെടുപ്പ്; കുമ്പനാട് യുദ്ധക്കളമാകുമോ?
പത്തനംതിട്ട: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) ജനറൽ കൗൺസിൽ ഭാരവാഹികളുടെ നാളെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്ഷുബ്ധമാകുമെന്ന് സൂചന. അട്ടിമറി ആരോപിച്ച് ഒരു വിഭാഗം നാളെ പ്രക്ഷോഭത്തിനൊരുങ്ങുമ്പോൾ സഭാ ആസ്ഥാനമായ കുമ്പനാട് യുദ്ധക്കളമാകുമെന്ന സൂചന നൽകി എതിർ വിഭാഗത്തിന്റെ പത്രസമ്മേളനം. നിലവിലെ പ്രസിഡന്റ് വൽസൻ ഏബ്രഹാം അട്ടിമറിച്ചുവെന്നാരോപിച്ച് വലിയൊരു വിഭാഗം നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും. ഇവർ സഭാ ആസ്ഥാനത്തേക്ക് പ്രതിഷേധവും കൂടി നയിക്കുന്നതോടെ സംഘർഷമുണ്ടാകാനുള്ള സാധ്യതയുമേറി.
സഭാ ആസ്ഥാനമായ ഹെബ്രോൺ പുരത്ത് നാളെ രാവിലെ 10 ന് വോട്ടെടുപ്പ് ആരംഭിക്കും. പാസ്റ്റർമാരും സഭാ പ്രതിനിധികളുമടക്കം 12000 പേർ വോട്ടെടുപ്പിൽ പങ്കെടുക്കും. പാസ്റ്റർ വൽസൻ ഏബ്രഹാം (ജനറൽ പ്രസിഡന്റ്), പാസ്റ്റർ ഫിലിപ്പ് പി. തോമസ് (ജനറൽ വൈസ് പ്രസിഡന്റ്), പാസ്റ്റർ ബേബി വർഗീസ് (ജനറൽ സെക്രട്ടറി), ബ്രദർ ജോൺ ജോസഫ് (ട്രഷറർ) എന്നിവർക്ക് എതിരില്ലെന്നാണ് സഭയുടെ പത്രക്കുറിപ്പ്. ജോയിന്റ് സെക്രട്ടറി (പാസ്റ്റേഴ്സ്), ജോയിന്റ് സെക്രട്ടറി (വിശ്വാസികൾ) എന്നീ സ്ഥാനങ്ങളിലേക്കാണ് വോട്ടെടുപ്പ്. 19 ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുമെന്ന് ഇലക്ഷൻ കമ്മിഷണർ പാസ്റ്റർ സണ്ണി കുര്യൻ, റിട്ടേണിങ് ഓഫീസർമാരായ പാസ്റ്റർ വർഗീസ് മത്തായി, ബ്രദർ റോയി അലക്സ് എന്നിവർ അറിയിച്ചു.
പാസ്റ്റർ വൽസൻ ഏബ്രഹാമും സംഘവും ചേർന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് ആരോപിച്ച് ആക്ഷൻ കൗൺസിൽ രൂപീകരിച്ചാണ് സമരം. മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ, നിലവിലുള്ള ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്, കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.എസ്. ജോസഫ്, ഈസ്റ്റേൺ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജോസഫ് വില്യംസ്, മുൻ ജനറൽ ട്രഷറർ സജി പോൾ, മുൻ സ്റ്റേറ്റ് ട്രഷറർ ജോയി താനുവേലിൽ, മിസോറാം സ്റ്റേറ്റ് മുൻ പ്രസിഡന്റ് പാസ്റ്റർ ജോൺ എസ്. മരത്തിനാൽ, സ്റ്റേറ്റ് മുൻ ജോയിന്റ് സെക്രട്ടറി ജി. കുഞ്ഞച്ചൻ വാളകം എന്നിവരുടെ നേതൃത്വത്തിലാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും ജില്ലാ കോടതിയിലും ആക്ഷൻ കൗൺസിൽ ഹർജി കൊടുത്തിട്ടുണ്ട്. അതേ സമയം നാളെ തെരഞ്ഞെടുപ്പ് നടത്തുന്നത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പാസ്റ്റർ വൽസൻ ഏബ്രഹാമും കൂട്ടരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അവർക്ക് പൊലീസ് സംരക്ഷണം അനുവദിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ക്രമരഹിതമായ നടപടികളിൽ പ്രതിഷേധിച്ച് ജോയിന്റ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് താൻ പിന്മാറുകയാണെന്ന് ജി. കുഞ്ഞച്ചൻ വാളകം പറഞ്ഞു.
ആവശ്യമായ യോഗ്യതകളോടെ നൽകിയ നാമനിർദ്ദേശ പത്രികകൾ തള്ളിയതോടെയാണ് ഒരു വിഭാഗം വിശ്വാസികൾ ബഹിഷ്‌കരണ ആഹ്വാനവുമായി രംഗത്തുള്ളത്. സഭയുടെ ഭൂരിഭാഗത്തിന്റെ പിന്തുണ തങ്ങൾക്കുണ്ടെന്ന് മുൻ ജനറൽ ട്രഷറർ സജി പോൾ, കുഞ്ഞച്ചൻ വാളകം എന്നിവർ അവകാശപ്പെട്ടു. പാസ്റ്റർ വൽസൻ ഏബ്രഹാം (ജനറൽ പ്രസിഡന്റ്), പാസ്റ്റർ ഫിലിപ്പ് പി. തോമസ് (ജനറൽ വൈസ് പ്രസിഡന്റ്), പാസ്റ്റർ ബേബി വർഗീസ് (ജനറൽ സെക്രട്ടറി), ബ്രദർ ജോൺ ജോസഫ് (ട്രഷറർ) എന്നിവർക്കെതിരേ മത്സരിച്ച നിലവിലുള്ള ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്, മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ, മുൻ ജനറൽ ട്രഷറർ സജി പോൾ, മറ്റ് സംസ്ഥാന ഘടകങ്ങളുടെയും റീജിയണുകളുടെയും പ്രസിഡന്റുമാർ എന്നിവരുടെ പത്രികകളാണ് തള്ളിയത്. തിരിച്ചറിയൽ കാർഡ് വരെ മുക്കിയതിന് ശേഷം അതിന്റെ പേരിൽ വരെ പത്രികകൾ തള്ളി.
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ എഫ്സിആർ നഷ്ടപ്പെടുത്തി സ്വകാര്യ ട്രസ്റ്റുകൾ വഴി ഫണ്ട് സ്വീകരിക്കുന്നതും രണ്ടര കോടിയിലധികം രൂപ വഴിവിട്ട് സ്വീകരിച്ചതുമെല്ലാം കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിൽ ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് പത്രികകൾ തള്ളിയതെന്ന് സജി പോളും കുഞ്ഞച്ചൻ വാളകവും പറഞ്ഞു. സഭയുടെ ഭരണഘടനാ ഭേദഗതി സംബന്ധിച്ച് എട്ടു മാസത്തിലേറെയായി തർക്കം നിലനിൽക്കുകയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിന് ഭരണഘടന ഭേദഗതി ചെയ്യാൻ കുമ്പനാട്ട് സഭയുടെ പൊതുയോഗം നടന്നിരുന്നു. എന്നാൽ, അതിൽ പാസാക്കാത്ത നിർദ്ദേശങ്ങൾ ചേർത്ത് സൊസൈറ്റി ആക്ട് പ്രകാരം സഭ രജിസ്റ്റർ ചെയ്തിരിക്കുന്ന ആന്ധ്രാപ്രദേശിലെ ഏലൂർ രജിസ്ട്രാർ ഓഫീസിൽ ഹാജരാക്കിയെങ്കിലും രജിസ്ട്രേഷൻ നടന്നില്ല. അതിനെ എതിർത്തു കൊണ്ടുള്ള തിരുവല്ല മുൻസിഫ് കോടതിയുടെ ഉത്തരവ് ഹാജരാക്കിയതായിരുന്നു കാരണം. ഏലൂർ രജിസ്ട്രാറെ ബോധ്യപ്പെടുത്താൻ കഴിയാത്തതിനാൽ സഭയുടെ ഭരണഘടന രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ല.
കാര്യങ്ങൾ ഇങ്ങനെയായിരിക്കേ ഭരണഘടനാ ഭേദഗതി നിലവിൽ വന്നുവെന്ന് പറഞ്ഞ് തങ്ങൾക്ക് അനുകൂലമല്ലാത്തവരെ വെട്ടിനിരത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സജി പോൾ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 11 ന് കൂടിയ ജനറൽ കൗൺസിൽ, ഇക്കഴിഞ്ഞ ഫെബ്രുവരി 28 നും മാർച്ച് 30 നും തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചെങ്കിലും നടപടി ക്രമങ്ങൾ പൂർത്തിയാക്കിയില്ല. ജനുവരി 28 ന് കൂടിയ ജനറൽ കൗൺസിൽ മെയ് 11 ന് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചു. ഇലക്ഷൻ കമ്മിഷണറായി കേരള സർക്കാർ മുൻ അണ്ടർ സെക്രട്ടറി ഫിന്നി സഖറിയയെ നിയമിച്ചു. 2004 ൽ ഏലൂരിൽ രജിസ്റ്റർ ചെയ്ത ഭരണഘടന പ്രകാരം ഇലക്ഷൻ കമ്മിഷണർ തെരഞ്ഞെടുപ്പ് നടപടി തുടങ്ങിയപ്പോൾ അതിനെ എതിർത്തു കൊണ്ട് പാസ്റ്റർ വൽസൻ ഏബ്രഹാം രംഗത്തു വന്നുവെന്ന് സജി പോൾ പറഞ്ഞു. ജനറൽ കൗൺസിൽ അംഗീകാരമില്ലാതെ ഇലക്ഷൻ കമ്മിഷണറെ പിരിച്ചു വിട്ടു. പകരം തന്റെ സ്ഥാപനത്തിലെ ജീവനക്കാരൻ പാസ്റ്റർ സണ്ണി കുര്യനെ വരണാധികാരിയാക്കി നിശ്ചയിച്ചു. തൊട്ടുപിന്നാലെ നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചുവെന്നും സജി ആരോപിക്കുന്നു.
തീരുമാനം നിയമവിരുദ്ധമായിരുന്നുവെങ്കിലും സഭയുടെ നന്മ കണക്കാക്കി ഇതുമായി സഹകരിക്കാൻ ഭിന്നാഭിപ്രായമുള്ളവരും തീരുമാനിച്ചു. വിജ്ഞാപനം അനുസരിച്ച് അവർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രസിഡന്റായി ആറു പേരും വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ തസ്തികകളിലേക്ക് രണ്ടു പേർ വീതവും ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർമാരുടെ വിഭാഗത്തിൽ നിന്ന് മൂന്നു പേരും സഹോദരന്മാരുടെ വിഭാഗത്തിൽ നിന്ന് രണ്ടു പേരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പാസ്റ്റർ വൽസൻ ഏബ്രഹാമിനൊപ്പമുള്ള പാനൽ ജയിച്ചു വരുന്നതിന് വേണ്ടി എതിർത്ത് മത്സരിക്കുന്ന അഞ്ചു പേരുടെയും പത്രികകൾ ഏകപക്ഷീയമായി തള്ളിയെന്ന് സജി പോൾ ആരോപിച്ചു. ഇതേ രീതിയിൽ മറ്റ് സ്ഥാനങ്ങളിലേക്കുള്ള പത്രികകളും തള്ളിയത്രേ.ഇതിൽ പ്രതിഷേധിച്ചാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പാസ്റ്റർ വൽസൻ ഏബ്രഹാമിനും സംഘത്തിനും നേരെ തിരിഞ്ഞിരിക്കുന്നതെന്നും സജി പോളും കുഞ്ഞച്ചൻ വാളകവും പറഞ്ഞു.
നാളെ സഭാ വിശ്വാസികളുടെ ന്യായമായ പ്രതിഷേധം ഉണ്ടാകും. ആയിരത്തിലധികം വിശ്വാസികൾ തെരഞ്ഞെടുപ്പ് നടക്കുന്ന സഭാ ആസ്ഥാനത്തുണ്ടാകും. സംഘർഷത്തിൽ കലാശിക്കുമോ എന്ന് പറയാൻ കഴിയില്ലെന്നും നേതാക്കൾ പറഞ്ഞു. അതേ സമയം, ശക്തമായ പൊലീസ് കാവലിലാകും തെരഞ്ഞെടുപ്പ് നടക്കുകയെന്ന് പൊലീസ് അധികൃതർ അറിയിച്ചു. തെരഞ്ഞെടുപ്പിന് സംരക്ഷണം കൊടുക്കാൻ ഹൈക്കോടതി ഉത്തരവുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കും. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുന്ന വിഭാഗം ഫലപ്രഖ്യാപനം തടയണമെന്നാവശ്യപ്പെട്ട് കോടതികളെ സമീപിച്ചിട്ടുമുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്