തിരുവനന്തപുരം: ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് എതിരെ വീണ്ടും സര്‍ക്കാരിന്റെ പകപോക്കല്‍. അഗ്‌നിരക്ഷാ സേനാ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി റോഡ് സുരക്ഷാ കമ്മിഷണറായി നിയമിച്ചു. നിധിന്‍ അഗര്‍വാള്‍ പുതിയ അഗ്‌നിരക്ഷാ സേനാ മേധാവിയായി ചുമതലയേല്‍ക്കും. വിവിധ പരാതികള്‍ ഉയര്‍ന്ന എ.ഐ.ജി വി.ജി. വിനോദ് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഐ.ടി വിഭാഗത്തിലേക്ക് മാറ്റി. ഐ.ടി വിഭാഗത്തിലെ എസ്.പി സുജിത് ദാസിനെ എ.ഐ.ജി (പ്രൊക്യുയര്‍മെന്റ്) ആയി നിയമിച്ചു.

സംസ്ഥാനത്തെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരിലൊരാളായ യോഗേഷ് ഗുപ്തയ്ക്ക് കേന്ദ്രത്തില്‍ നിയമനം ലഭിക്കുന്നതിനായി ആവശ്യമായ വിജിലന്‍സ് ക്ലിയറന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പിടിച്ചുവെച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ വിവരാവകാശ അപേക്ഷയും സര്‍ക്കാര്‍ തള്ളിയിരുന്നു. ഉദ്യോഗസ്ഥന്റെ പേരില്‍ തന്നെയുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും 'രഹസ്യമായതിനാല്‍ നല്‍കാനാവില്ല' എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

കേന്ദ്രത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം വിജിലന്‍സ് വകുപ്പ് തയ്യാറാക്കിയ യോഗേഷ് ഗുപ്തയെ സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവി വഴി ചീഫ് സെക്രട്ടറിക്കാണ് കൈമാറിയത്. എന്നാല്‍, ഇത് കേന്ദ്രത്തിന് കൈമാറാതെ സംസ്ഥാനം പിടിച്ചുവെക്കുകയായിരുന്നു. ഇതിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് യോഗേഷ് ഗുപ്ത നല്‍കിയ വിവരാവകാശ അപേക്ഷ ജൂണ്‍ 19-നാണ് തള്ളിയത്.

ഈ സംഭവവികാസങ്ങള്‍ക്കിടെയാണ് പുതിയ നിയമന ഉത്തരവുകള്‍ പുറത്തുവന്നത്. അഡീഷണല്‍ എക്‌സൈസ് കമ്മിഷണര്‍ കെ.എസ്. ഗോപകുമാറിനെ ക്രമസമാധാന ചുമതലയുള്ള എ.ഐ.ജിയായും, നിലവില്‍ വിജിലന്‍സ് എസ്.പി. ആയ കെ.എല്‍. ജോണ്‍കുട്ടിയെ ക്രൈംബ്രാഞ്ച് എസ്.പി.യായും നിയമിച്ചു. തിരുവനന്തപുരം സിറ്റി ഡി.സി.പി. നകുല്‍ രാജേന്ദ്രന്‍ ദേഷ്മുഖിനെ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറായും നിയമിച്ചിട്ടുണ്ട്.

എസ്പി വി ജി വിനോദ് കുമാറിനും സ്ഥലംമാറ്റം

വനിതാ എസ്.ഐമാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍പ്പെട്ട എസ്.പി വി.ജി. വിനോദ് കുമാറിനും സ്ഥലംമാറ്റമുണ്ട്. ഇദ്ദേഹത്തെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ഓഫീസിലെ എ.ഐ.ജി സ്ഥാനത്ത് നിന്ന് ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലേക്ക് മാറ്റി. ഈ വിഷയത്തില്‍ വിശദമായ അന്വേഷണം നടന്നിരുന്നു. പത്തനംതിട്ട ജില്ലയിലെ രണ്ട് വനിതാ എസ്.ഐമാരാണ് വി.ജി. വിനോദ് കുമാറിനെതിരെ പരാതി നല്‍കിയത്. അര്‍ദ്ധരാത്രിയില്‍ സന്ദേശങ്ങള്‍ അയച്ചുവെന്നും, ഇത് സംബന്ധിച്ച് പരാതി നല്‍കിയ ഡിവൈ.എസ്.പി.യെ മാനസികമായി പീഡിപ്പിച്ചുവെന്നും വനിതാ എസ്.ഐമാര്‍ റെയ്ഞ്ച് ഡി.ഐ.ജി. അജിതാ ബീഗത്തിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. വനിതാ എസ്.ഐമാരുടെ മൊഴികളും തെളിവുകളും പരിശോധിച്ച ശേഷം പോഷ് ആക്ട് പ്രകാരം നടപടി വേണമെന്ന് ഡി.ഐ.ജി. ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ആസ്ഥാനത്തെ എസ്.പി. മെറിന്‍ ജോസഫിനോട് വിശദമായ അന്വേഷണം നടത്താന്‍ ഡി.ജി.പി. ആവശ്യപ്പെട്ടിരുന്നു.