- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങളെ ആരടിച്ചാലും തിരിച്ചടിക്കും; നസ്‌റല്ല വധം ചരിത്രപരമായ വഴിത്തിരിവ്'; ഇസ്രയേലിന് എത്താനാവാത്ത ഒരിടവുമില്ലെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കി ബെഞ്ചമിന്‍ നെതന്യാഹു; ഇസ്രയേല്‍ കരയുദ്ധം തുടങ്ങിയേക്കും
ഇസ്രയേലിനെതിരായ പോരാട്ടം തുടരുമെന്ന് ഹിസ്ബുല്ല
ടെല്‍ അവീവ്: ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയെ (64) വധിച്ചതിനു പിന്നാലെ ഇസ്രയേലിന് എത്താന്‍ കഴിയാത്ത ഒരു സ്ഥലവും ഇല്ലെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റല്ലയെ വധിക്കാനായത് ചരിത്രപരമായ വഴിത്തിരിവെന്ന് നെതന്യാഹു അവകാശപ്പെട്ടു. ഹിസ്ബുല്ല തലവനെ കൊലപ്പെടുത്തിയ ശേഷവും ലെബനനില്‍ കനത്ത ആക്രമണം തുടരുകയാണ് ഇസ്രയേല്‍. ലോക രാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ഇസ്രയേല്‍ കരയുദ്ധം തുടങ്ങാന്‍ സാധ്യതയുണ്ട്. ഇരകള്‍ക്ക് നീതി ലഭിച്ചെന്ന് പറഞ്ഞ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, വെടിനിര്‍ത്തലിന് അഭ്യര്‍ഥിച്ചു.
നസ്രല്ല വധം ഇറാന് മുന്നറിയിപ്പ് നല്‍കാനുള്ള അവസരമായി കൂടി ഉപയോഗിച്ചിരിക്കുകയാണ് നെതന്യാഹു. ഇസ്രയേലിന് അപ്രാപ്യമായ ഒരിടവും ഇറാനിലോ മിഡില്‍ ഈസ്റ്റിലോ ഇല്ലെന്നാണ് നെതന്യാഹു പറഞ്ഞത്- 'ആയത്തുല്ലയുടെ ഭരണകൂടത്തോട് ഞാന്‍ പറയുന്നു, ഞങ്ങളെ ആരടിച്ചാലും തിരിച്ചടിക്കും'. ശത്രുക്കളെ ആക്രമിക്കുന്നത് തുടരാനും ബന്ദികളായവരെ തിരികെ വീടുകളിലെത്തിക്കാനും തീരുമാനിച്ചു കഴിഞ്ഞെന്ന് നെതന്യാഹു വ്യക്തമാക്കി.
1980-കളിലെ സ്ഫോടനങ്ങള്‍ ഉള്‍പ്പെടെ ഇസ്രയേലികള്‍ക്കും വിദേശ പൗരന്മാര്‍ക്കുമെതിരെ നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത് നസ്റല്ലയാണെന്ന് നെതന്യാഹു ആരോപിച്ചു. 1983ല്‍ ബെയ്റൂട്ടിലെ യുഎസ് എംബസിയിലെ ആക്രമണത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടത് ഉള്‍പ്പെടെ നെതന്യാഹു ചൂണ്ടിക്കാട്ടി. ഹിസ്ബുല്ലയെ തളര്‍ത്താന്‍ 'ഭീകരനായ' നസ്റല്ലയുടെ മരണം അത്യന്താപേക്ഷിതം ആയിരുന്നുവെന്നും നെതന്യാഹു പറഞ്ഞു.
ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടത്. ഇക്കാര്യം സംഘടന സ്ഥിരീകരിച്ചു. ഇസ്രയേലിനെതിരായ പോരാട്ടം തുടരുമെന്നാണ് ഹിസ്ബുല്ലയുടെ പ്രതികരണം. ലബനനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുളള സായുധ സംഘടനയായി മാറിയ ഹിസ്ബുല്ലയ്ക്കും സംഘടനയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്ന ഇറാനും കനത്ത തിരിച്ചടിയാണ് ഹസന്‍ നസ്‌റല്ലയുടെ കൊലപാതകം.
ഹിസ്ബുല്ല നേതൃനിരയില്‍ ഇസ്രയേല്‍ വധിക്കുന്ന ഏറ്റവും ഉയര്‍ന്ന നേതാവാണ് ഹസന്‍ നസ്‌റല്ല. 32 വര്‍ഷമായി ഹിസ്ബുല്ലയുടെ മേധാവിയായിരുന്നു ഹസന്‍ നസ്‌റല്ല. 18 വര്‍ഷം നീണ്ട അധിനിവേശം അവസാനിപ്പിച്ച് 2000ല്‍ ഇസ്രയേല്‍ സൈന്യത്തെ ലബനനില്‍നിന്നു തുരത്തിയ ഹിസ്ബുല്ലയുടെ ചെറുത്തുനില്‍പ് നസ്‌റല്ലയുടെ നേതൃത്വത്തിലായിരുന്നു. 2006 ലെ യുദ്ധത്തിലും ഇസ്രയേലിനെതിരെ ഹിസ്ബുല്ല വിജയം നേടിയതോടെ നസ്‌റല്ല മേഖലയിലെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാവായി ഉയര്‍ന്നു.
സംഭവത്തെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി ശക്തമായി അപലപിച്ചിട്ടുണ്ട്. നസ്‌റല്ലയെ വധിച്ചതിനു പ്രതികാരം ചെയ്യാതിരിക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി മുന്നറിയിപ്പ് നല്‍കി. ഇസ്രയേലിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ പരമോന്നത നേതാവിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. നസ്‌റല്ലയുടെ കൊലപാതകത്തെ ഹമാസും അപലപിച്ചു. സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നതെന്ന് ഹമാസ് ആരോപിച്ചു.
1992ല്‍ 32 ആം വയസിലാണ് ഹിസ്ബുല്ലയുടെ തലപ്പത്തേക്ക് ഷെയിഖ് ഹസന്‍ നസ്‌റല്ല എത്തിയത്. ലെബനനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുളള സായുധ സംഘടനയായി ഹിസ്ബുല്ലയെ വളര്‍ത്തിയെടുത്തതും നസ്‌റല്ലയാണ്. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പോരാടുന്ന ഹിസ്ബുല്ലയ്ക്ക് ഇറാനാണ് പിന്തുണ നല്‍കുന്നത്. ഹസന്‍ നസ്‌റല്ലയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ അഞ്ചു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
തിങ്കളാഴ്ച ആരംഭിച്ച ഇസ്രയേല്‍ ആക്രമണങ്ങളില്‍ എണ്ണൂറിലധികം പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. നസ്‌റല്ലയുടെ കൊലപാതകത്തെ തുടര്‍ന്ന് അടിയന്തരമായി യുഎന്‍ രക്ഷാസമിതിയുടെ യോഗം വിളിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ അധികാരമേഖലയിലും, പ്രതിനിധികള്‍ക്കുമേലും നടക്കുന്ന ആക്രമണങ്ങളോട് ഉചിതമായ രീതിയില്‍ പ്രതികരിക്കുമെന്ന് ഇറാന്റെ യുഎന്‍ അംബാസഡര്‍ വ്യക്തമാക്കി. മേഖലയെ യുദ്ധത്തിലേക്ക് നയിക്കുന്ന ഇസ്രയേല്‍ നടപടികളെ ചെറുക്കണമെന്നും യുഎന്നിനോട് അഭ്യര്‍ഥിച്ചു. ഇസ്രയേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് 50,000പേര്‍ ലബനനില്‍നിന്ന് സിറിയയിലേക്ക് പലായനം ചെയ്തതായി യുഎന്‍ അധികൃതര്‍ വ്യക്തമാക്കി. രണ്ടു ലക്ഷത്തോളം പേരെ സംഘര്‍ഷം ബാധിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും യുഎന്‍ അധികൃതര്‍ രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ കിഴക്കന്‍ സിറിയയിലുണ്ടായ വ്യോമാക്രമണത്തില്‍ ഇറാന്‍ അനുകൂല സായുധ സംഘത്തിലെ 12 പേര്‍ കൊല്ലപ്പെട്ടു. ദെയര്‍ എസോര്‍ നഗരത്തിലും ഇറാഖ് അതിര്‍ത്തിയിലെ ബുകമാല്‍ മേഖലയിലുമാണ് വ്യോമാക്രമണം നടന്നത്. വ്യോമാക്രമണങ്ങളില്‍ അഞ്ചെണ്ണം ദെയര്‍ എസോര്‍ വിമാനത്താവളത്തിന് സമീപമുള്ള സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ കിഴക്കന്‍ സിറിയയിലെ ഇറാന്‍ അനുകൂല ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നൂറുകണക്കിന് വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു.