കോഴിക്കോട്: ചരിത്രകാരൻ പ്രൊഫസർ ഇർഫാൻ ഹബീബിനെചൊല്ലി മലയാളത്തിന്റെ സാംസ്കാരിക രംഗത്തും പൊരിഞ്ഞ പോര്. രണ്ടുവർഷം മുമ്പ് കണ്ണൂരിൽ നടന്ന കേരള ചരിത്ര കോൺഗ്രസിനിടെ തന്നെ ആക്രമിക്കുവാൻ ശ്രമിച്ചുവെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചതോടെയാണ് ഇർഫാൻ ഹബീബ് വിവാദത്തിലായത്. എന്നാൽ തന്റെയും ഗവർണ്ണറുടെയും ആരോഗ്യവും ശരീരഭാഷയും നോക്കിയാൽ തനിക്ക് ആരെയും ആക്രമിക്കാൻ കഴിയില്ല എന്ന് വ്യക്തമാണെന്നും, ഗവർണ്ണർ അവിടെ പറഞ്ഞ ഒരു തെറ്റ് തിരുത്തുകയാണ് ചെയ്തത് എന്നുമാണ്, ഇർഫാൻ ഹബീബ് പറയുന്നത്.

ഇതോടെ കേരളത്തിലെ സാംസ്കാരിക മേഖലയിലും ഇർഫാൻ ഹബീബ് വലിയ ചർച്ചയായി. ഇടതുസാംസ്്ക്കാരിക നായകർ ഇർഫാന് പിന്തുണ പ്രഖ്യാപിക്കുമ്പോൾ, അദ്ദേഹം ഇസ്ലാമിക മതമൗലികവാദികളുടെ സഹയാത്രികൻ ആയിരുന്നുവെന്നാണ് ചരിത്രകാരൻ ഡോ എംജിഎസ് നാരായണൻ ചൂണ്ടിക്കാട്ടുന്നത്. എഴുത്തുകാരൻ സിആർ പരമേശ്വരൻ അടക്കമുള്ളവർ എംജിഎസിന്റെ വാക്കുകൾ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. അതോടൊപ്പം ആർക്കിയോളജിസ്റ്റും എഴുത്തുകാരനുമായി കെ കെ മുഹമ്മദിന്റെ ആത്മകഥയിലെ പരാമർശങ്ങളും ഇർഫാന് എതിരെ ഉപയോഗിക്കപ്പെടുന്നുണ്ട്.

ഇസ്ലാമിസ്റ്റുകളുടെ ഹിറ്റ്മാൻ

ഇർഫാൻ ഹബീബ് പണ്ടേ കുഴപ്പക്കാരൻ ആണെന്നും, ഇസ്ലാമിക മതമൗലികവാദികളുടെ കൂടെ നിൽക്കുന്ന ആളാണെന്നും, പ്രമുഖ ചരിത്രകാരനും ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസേർച്ച് ( ഐസിഎച്ച്ആർ) മുൻ ചെയർമാനുമായ ഡോ എംജിഎസ് നാരായണൻ ചൂണ്ടിക്കാട്ടുന്നു. '' ഗവർണ്ണർ പറഞ്ഞത് പൂർണ്ണമായും ശരിയാണ്. കണ്ണൂരിൽ ചരിത്ര കോൺഗ്രസിൽ നടന്ന സംഭവങ്ങൾക്ക് ഞാൻ സാക്ഷിയാണ്. വി സി പറഞ്ഞത് അനുസരിച്ചാണ് ഞാൻ അവിടെ പോയത്. അന്നവിടെ നടന്നതിനെ കുറിച്ച് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത് ശരിയാണ്. ഇർഫാൻ പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചതിന് കാരണം അയാശുടെ പാർട്ടിക്കൂറാണ്.

ഇർഫാൻ ഡൽഹി കേന്ദ്രീകരിച്ച് എനിക്കെതിരെയും ഗുഢാചോലന നടത്തിയിരുന്നു. ഞാൻ ഐസിഎച്ച്ആർ മെമ്പർ ആയിരിക്കേ എനിക്ക് ചെയർമാൻ ആയിരുന്നു ഇർഫാന്റെ നിലപാടുമായി യോജിച്ച് പോകാൻ കഴിഞ്ഞില്ല. അതിനാൽ മെമ്പർ സ്ഥാനം രാജിവെച്ചു. ഇടതുലൈനിൽ പോകൻ തയ്യാറാവാത്തതിനാലാണ് എനിക്കെതിരെ പ്രശ്നം ഉണ്ടാക്കിയത്. ബാബറി വിഷയത്തിൽ ഞങ്ങൾ രണ്ടു തട്ടിൽ ആയിരുന്നു. ക്ഷേത്രം പൊളിച്ച് പള്ളി പണിതാണെന്ന എന്റെ വാദത്തെ ഇർഫാൻ എതിർത്തു. ഇടതുസഹയാത്രികൻ ആയിരുന്നിട്ടും അദ്ദേഹം, ഇസ്ലാമിക മതമൗലികവാദികളുടെ കൂടെ ആയിരുന്നു. അവരുടെ ഹിറ്റ്മാൻ എന്നാണ് അറിയപ്പെട്ടിരുന്നത്.''- എം ജിഎസ് ചൂണ്ടിക്കാട്ടി.

ബാബറി പ്രശ്നം വഷളാക്കി

കേരളത്തിൽ നിന്നുള്ള ആർക്കിയോളജിസ്റ്റായ കെകെ മുഹമ്മദ് അടക്കം ചിലർ പ്രൊഫ. ഇർഫാൻ ഹബീബിനെ വിമർശിച്ചുകൊണ്ട് മൂൻകാലത്ത് രംഗത്തെത്തിയത് ഇപ്പോൾ സോഷ്യൽ മീഡിയ കുത്തിപ്പൊക്കുന്നുണ്ട്. മുൻ കാലങ്ങളിൽ. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട ഖനനങ്ങളിൽ പങ്കെടുത്ത ആർക്കിയോളജിസ്റ്റാണ്, കോഴിക്കോട് കൊടുവള്ളി സ്വദേശിയായ കെ കെ മുഹമ്മദ്. ബാബരി മസ്ജിദ് തർക്കം ഇത്രയും കാലം പരിഹരിക്കപ്പെടാതെ നീണ്ടതിൽ ഇർഫാൻ ഹബീബിനെപ്പോലുള്ള ഇടത് ചരിത്രകാരന്മാർക്ക് വലിയ പങ്കുണ്ടെന്നാണ് മുഹമ്മദ് തന്റെ ആത്മകഥയായ 'ഞാൻ എന്ന ഭാരതീയനി'ൽ ആരോപിച്ചത്. പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ ഒത്തുതീർപ്പിനു തയ്യാറായ മുസ്ലിം സംഘടനകളെ ബ്രെയിൻ വാഷിങ്ങിന് വിധേയമാക്കി അതിൽ നിന്ന് പിന്തിരിപ്പിച്ചത് ഹബീബ് ആണെന്നും മുഹമ്മദ് എഴുതിയിരുന്നു.

എന്നാൽ മോദി സർക്കാറിന്റെ നയങ്ങൾക്ക് അനുസരിച്ചും താൽപ്പര്യങ്ങൾക്ക് അനുസരിച്ചും നിലപാടുകൾ എടുക്കാത്തതുകൊണ്ട് പ്രൊഫ.ഇർഫാൻ ഹബീബിനെതിരെ ദുരാരോപണം ഉന്നയിക്കയാണെന്നാണ് ഇടതുപക്ഷം പറയുന്നത്. എന്നും സംഘപരിവാർ സംഘടനകളുടെ കണ്ണിലെ കരടാക്കി മാറ്റിയിരുന്നു. 1998 അടൽ ബിഹാരി വാജ്‌പേയി സർക്കാരിലെ മാനവവിഭവശേഷി വകുപ്പ് മന്ത്രിയായിരുന്ന മുരളീ മനോഹർ ജോഷി, 'ഹബീബ് ആൻഡ് കമ്പനി' എന്ന് പരിഹസിച്ചു വിളിച്ചിരുന്ന ഇടതു ചരിത്രകാരന്മാർക്കെതിരായി ഒരു പുസ്തകം വരെ പുറത്തിറക്കി. എന്തായാലും, തൊണ്ണൂറുകാരനായ പ്രൊഫ. ഇർഫാൻ ഹബീബ് ഇപ്പോൾ കേരളത്തിന്റെ സാംസ്കാരിക ലോകത്തും വലിയ ചർച്ചയാണ്.

ആരാണ് ഇർഫാൻ ഹബീബ്

1931 ഓഗസ്റ്റ് 12 -ന് ഗുജറാത്തിലെ വഡോദരയിലാണ്, മുഹമ്മദ് ഹബീബ് എന്ന മാർക്സിയൻ ചരിത്രകാരനും സൊഹൈല തയ്യബ്ജിക്കും മകനായി ഇർഫാൻ ജനിക്കുന്നത്. അബ്ബാസ് തയ്യബ്ജി എന്ന ഇന്ത്യൻ സ്വാതന്ത്ര്യസമരപ്പോരാളിയുടെ മകളായിരുന്നു സൊഹൈല. പിൽക്കാലത്ത് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൂടി ആയിരുന്നു തയ്യബ്ജി. അങ്ങനെ അറിയപ്പെടുന്ന ഒരു കുടുംബത്തിൽ ജനിച്ച ഇർഫാൻ, 1951 -ൽ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് ഗോൾഡ് മെഡലോടെ ചരിത്രത്തിൽ ബിരുദവും, 1953 -ൽ ഓണേഴ്സോടെ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. അതിനുശേഷം ഓക്സ്ഫോർഡിലെ ന്യൂ കോളേജിൽ നിന്ന് ചരിത്രത്തിൽ തന്നെ ഡോക്ടറേറ്റ് ബിരുദവും നേടി. 'മുഗൾ ഇന്ത്യയിലെ കൃഷി സമ്പ്രദായങ്ങൾ' എന്ന വിഷയത്തിലായിരുന്നു ഇർഫാൻ ഹബീബിന്റെ ഗവേഷണം.

ഇന്ത്യാചരിത്രത്തിലെ ഉപന്യാസങ്ങൾ : മാർക്സിയൻ പരിപ്രേക്ഷ്യത്തിലേക്ക് ', 'മുഗൾസാമ്രാജ്യത്തിന്റെ ഭൂപടപുസ്തകം' എന്നീ സുപ്രസിദ്ധമായ കൃതികളാണ് പ്രൊഫ. ഇർഫാൻ ഹബീബിനെ ഇന്ത്യൻ ചരിത്രഗവേഷകർക്കിടയിലെ അറിയപ്പെടുന്ന ഒരു ശബ്ദമാക്കി മാറ്റിയത്. ഓക്സ്ഫോർഡിൽനിന്ന് തിരിച്ചുവന്ന ശേഷമാണ് അദ്ദേഹം അലിഗഢിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു തുടങ്ങുന്നത്. അലിഗഢിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ചെയർമാനായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക് റിസർച്ചിന്റെ ഉന്നതസ്ഥാനങ്ങളിലും ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട് ഇർഫാൻ ഹബീബ്. 1961 -ൽ അലിഗഢിൽ പ്രൊഫസറായ അദ്ദേഹം 1991 -ലാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്. വിരമിച്ച ശേഷം 2007 മുതൽ ഇന്നുവരെയും അലിഗഢിൽ പ്രൊഫസർ എമിരറ്റസ് ആണ് ഇർഫാൻ ഹബീബ്.

സ്വയം ഒരു മാർക്സിസ്റ്റ് എന്നുതന്നെ വിശേഷിപ്പിച്ചു പോന്നിട്ടുള്ള ഹബീബ്, മാർക്സിയൻ ചരിത്രരചനാസങ്കേതങ്ങളാണ് തന്റെ പഠനങ്ങളിൽ സ്വീകരിച്ചു പോന്നിട്ടുള്ളതും. വേദങ്ങളെപ്പറ്റിയും, വേദകാലഘട്ടത്തെപ്പറ്റിയും നിരവധി പുസ്തകങ്ങൾ ഹബീബ് രചിച്ചിട്ടുണ്ട്. 1998 ൽ നടന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ചരിത്രത്തിന്റെ കാവിവൽക്കരണത്തിന് എതിരായി ഒരു പ്രമേയം പാസ്സാക്കപ്പെട്ടത്. ചരിത്രഗവേഷണരംഗത്തെ നേട്ടങ്ങൾക്കുള്ള അംഗീകാരമായി അദ്ദേഹത്തെ 2005 ൽ രാഷ്ട്രം പത്മ ഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.