ബീജിങ്ങ്: വാളെടുത്തവൻ വാളാൽ എന്ന പ്രയോഗം ഇപ്പോൾ കമ്യുണിസ്റ്റ് ചൈനക്ക് ചേരുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറുകയാണ്. ശ്രീലങ്കയെയും, പാക്കിസ്ഥാനെയുമൊക്കെ പണം കടംകൊടുത്ത് സഹായിച്ച് ഒടുവിൽ അവർക്ക് നിൽക്കക്കള്ളിയില്ലാതായപ്പോൾ, തുറമുഖങ്ങൾ വരെ അടിച്ചെടുക്കുകയും, നയപരമായ കാര്യങ്ങളിൽ ഇടപെട്ട് സാമന്ത രാഷ്ട്രം ആക്കുകയും ചെയ്ത ചൈനയും ഇന്ന് സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വലിയ ഇടതുപക്ഷം ആഭിമുഖ്യം കാട്ടാറുള്ള ഗാർഡിയൻ പത്രംപോലും ഇപ്പോൾ ചൈനയിലെ സാമ്പത്തിക പ്രതിസന്ധി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് വിപണികളിലൊന്നാണ് ചൈനയിലേത്. ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് ചൈനീസ് റിയൽ എസ്റ്റേറ്റ് മേഖല വൻ തകർച്ചയുടെ വക്കിലാണെന്നാണ്. ഭവന വിൽപനയിൽ 60 ശതമാനം ഇടിവു രേഖപ്പെടുത്തിയ പ്രതിസന്ധി അവരുടെ ചരിത്രത്തിലെ ഏറ്റവും വലുതാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് ബില്യൺ കണക്കിന് ചെലവഴിക്കാനാണ് ചൈനയുടെ പുതിയ തീരുമാനം. വൻതോതിൽ സർക്കാർ പണം ചെലവഴിക്കുന്ന ഉദാരീകരണവും, നികുതിയിളവുകളും പലിശയിളവുമെല്ലാം പ്രഖ്യാപിച്ച് റിയൽ എസ്റ്റേറ്റ് മേഖലയെ താങ്ങി നിർത്താനുള്ള ശ്രമത്തിലാണ് ചൈന.

അടിസ്ഥാന സൗകര്യവികസനത്തിനും ഈരംഗത്തെ നിക്ഷേപത്തിനും ബാങ്കുകളെ പ്രേരിപ്പിക്കാൻ ചൈനാ സർക്കാർ ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ ഒടുവിൽ പ്രഖ്യാപിച്ച 300 ബില്യൺ യുവാൻ പദ്ധതിക്കു പുറമെയാണിത്. അടിസ്ഥാന സൗകര്യ വികസന മേഖലയെ സഹായിക്കുന്നതിന്റെ ഭാഗമായി സർക്കാറുടമയിലുള്ള ഊർജോത്പാദന കമ്പനികളോടും പ്രാദേശിക ഭരണകൂടങ്ങളോടും ബോണ്ടു വിൽപന നടത്താൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അതായത് അമേരിക്കയെ വെല്ലുന്ന, സാമ്പത്തിക ഭീമൻ എന്നൊക്കെ പറയുന്നുണ്ടെങ്കിലും ചൈനയുടെ നിലയും അത്ര ശക്തമല്ലെന്ന് വ്യക്തമാണ്.

ആലിബാബയിൽ കൂട്ട പിരിച്ചുവിടൽ

റിയൽ എസ്റ്റേറ്റ് മേഖലയിൽ തുടങ്ങിയ പ്രതിസന്ധി പതുക്കെ മറ്റ് മേഖലയിലേക്കും വ്യാപിക്കയാണ്. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ചൈനീസ് ടെക് സ്ഥാപനമായ ആലിബാബ പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടു. വ്യക്തമായി പറഞ്ഞാൽ ജൂൺ പാദത്തിൽ ടെക് കമ്പനി 9,241 ലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെയുള്ള പിരിച്ചുവിടലിലൂടെ ആലിബാബയുടെ മൊത്തം ജീവനക്കാരുടെ എണ്ണം 245,700 ആയി കുറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

ജൂൺ പാദത്തിൽ ആലിബാബയുടെ അറ്റവരുമാനത്തിൽ 50 ശതമാനം ഇടിവ് നേരട്ട് 2,274 കോടി യുവാൻ ആയി. 2021ൽ ഇതേ സമയത്ത് 4,514 കോടി യുവാൻ ആയിരുന്നു അറ്റവരുമാനം. ഈ റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് പിരിച്ചുവിടലുകൾ സംഭവിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വിപണിയായ ചൈനയിൽ തുടർച്ചയായ കോവിഡ് നിയന്ത്രണങ്ങൾ, മന്ദഗതിയിലുള്ള ഉപഭോഗം, സമ്പദ്വ്യവസ്ഥ എന്നിവ എല്ലാം ആലിബാബയേയും ബാധിച്ചിട്ടുണ്ട്. ജൂൺ വരെയുള്ള ആറ് മാസത്തിനിടെ ആലിബാബയുടെ ജീവനക്കാരുടെ എണ്ണം 13,616 ആയി കുറഞ്ഞു. ഇത് 2016 മാർച്ചിന് ശേഷം കമ്പനിയുടെ ശമ്പള വർധനവിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി കാണുന്നുണ്ട്. അതുപോലെ മറ്റു പല ചൈനീസ് കമ്പനികളും ചെലവ് ചുരുക്കലിന്റെ പാതയിലാണ്.

കരുവന്നുർ മോഡലിൽ പൊളിഞ്ഞ ബാങ്കുകൾ

ചൈനയിലെ ഗോസ്റ്റ് ടൗണുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ വായിച്ചാൽ അമ്പരന്നുപോവും. ഒരിടത്ത് ആയിരിക്കണക്കിന് അപ്പാർട്‌മെന്റ്കൾ ആളൊഴിഞ്ഞ്, ആരും വാങ്ങിക്കാൻ തയാറില്ലാതെ കിടക്കുന്നു. ഷാങ്ങ്ഹായിലും ബെയ്ജിങ്ങിലുമൊക്കെ വൻ ടൗൺഷിപ്പുകളാണ് ഇങ്ങനെ ആളൊഴിഞ്ഞു കിടക്കുന്നത്. ഒന്നും രണ്ടുമല്ല. അനേകം ടൗൺഷിപ്പുകൾ ആളൊഴിഞ്ഞു കിടക്കുന്നു. ലക്ഷക്കണക്കിന് അപ്പാർട്ട്മെന്റുകളാണ് ഇങ്ങനെ വെറുതെ കിടക്കുന്നത്. ദ ബിസിനസ്് ഇൻസഡൈറിന്റെ കണക്ക് പ്രകാരം ആറരക്കോടി അപ്പാർട്ടുമെന്റുകൾ ആണ് വാങ്ങാൻ ആളില്ലാതെ വെറുതെ കിടക്കുന്നത്. ഈ ആറരക്കോടിയെന്നത് ഫ്രാൻസിന്റെ മൊത്തം ജനസംഖ്യക്ക് തുല്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

വേറൊരിടത്താണെങ്കിൽ ലക്ഷക്കണക്കിന് അപ്പാർട്‌മെന്റുകൾ, പൊതുജനത്തിൽ നിന്ന് മാസ ഗഡുക്കൾ വാങ്ങിച്ചുകൊണ്ടിരുന്നിട്ടും മുഴുമിപ്പിക്കപ്പെടുന്നില്ല. കെട്ടിട പണി നടത്തേണ്ട പല കമ്പനികളും പാപ്പരായി. ഇതോടെ പ്രതിഷേധിക്കാൻ അവകാശങ്ങളില്ലാത്ത ജനത സോഷ്യൽ മീഡിയകളിലൂടെ സംഘടിച്ച് പ്രതിഷേധിക്കയാണ്. മാസ ഗഡുക്കൾ ഇവർ അടക്കാതിരിക്കയാണ്. റിപ്പോർട്ടുകൾ പറയുന്നത് 8,70,000 പേർ മാസ ഗഡുക്കൾ അടക്കുന്നത് നിർത്തി എന്നാണ്. ഇത് റിയൽ എസ്റ്റേറ്റ് മേഖലയെ മാത്രമല്ല ബാങ്കിങ് വ്യവസ്ഥയെയും സാരമായി ബാധിക്കയാണ്. പ്രതിസന്ധി രൂക്ഷമായതോടെ ഇപ്പോൾ ചൈനീസ് ഭരണകൂടം ഇടപെട്ട് കാര്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കയാണ്.

മാത്രമല്ല പലയിടത്തും ജനം തെരുവിൽ ഇറങ്ങിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതിനെ നേരിടാൻ, ചെനീസ് നഗരങ്ങളിൽ ആർമി ടാങ്കുകൾ ഇറങ്ങിയതിന്റെ ചിത്രങ്ങൾ വന്നു തുടങ്ങുന്നുണ്ട്. 1989ലെ കുപ്രസിദ്ധമായ ടിയാന്മെൻ സ്‌ക്വയർ കൂട്ടക്കൊലക്ക്ശേഷം ആദ്യമായാണ് ചൈനീസ് ടാങ്കുകൾ നഗരങ്ങളിൽ ഇറങ്ങുന്നത്. ഇത് ഒരുപക്ഷേ ഒറ്റപ്പെട്ട സംഭവം ആയിരിക്കാം. പക്ഷെ പ്രതിഷേധങ്ങൾക്ക് കടുത്ത നിയന്ത്രണമുള്ള ചൈനയിൽ ഇങ്ങനെ സംഭവിക്കയാണെങ്കിൽ ജനം എത്രമാത്രം ബുദ്ധിമുട്ടിയിരിക്കണം എന്നാണ് വിദേശമാധ്യമങ്ങൾ ചോദിക്കുന്നത്. പൗരന്മാർ കഷ്ടപ്പെട്ട് സ്വരൂപിച്ചു ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന തുക കിട്ടാനാണ് ഈ സാഹസം എന്നോർക്കണം. പലരുടെയും ജീവിത സാമ്പാദ്യം ബാങ്കിൽ ചെന്നാൽ ലഭ്യമല്ല. ചില ബാങ്കുകൾ പാപ്പരായി. പല ചൈനീസ് ലോക്കൽ ഗവർന്മെന്റ്കളും പാപ്പരാണത്രെ. പക്ഷേ ചൈനയിൽനിന്ന് ഒരിക്കലും നിങ്ങൾക്ക് ഇതിന്റെ യഥാർഥ കണക്ക് കിട്ടില്ല. കരുവന്നൂർ മോഡലിൽ വ്യാജ വായ്‌പ്പകൾ കൊടുത്താണ് ബാങ്കുകൾ പാപ്പർ ആയത്.

കൈവശമുള്ളത് മൂന്ന് ട്രില്യൺ ഡോളർ

അതേസമയം ഇപ്പോഴത്തെ ചില പ്രശ്നങ്ങൾ മൂലം ചൈനീസ് സമ്പദ് വ്യവസ്ഥയാകെ തകർന്നു എന്ന് പറയുന്നതിലും കഥയില്ല. ഇപ്പോഴും ഡോളർ റിസർവ് ലോകത്തിൽ ഏറ്റവും കൂടുതൽ ഉള്ള രാജ്യമാണ്് ചൈന. ചൈനക്ക് ഡോളർ തിരിച്ചടവ് പ്രതിസന്ധിയില്ല. ഡോളർ ലഭ്യതക്കുറവുമില്ല. മൂന്ന് ട്രില്യൺ ഡോളർ റിസേർവ് അവർക്കുണ്ട്. ഇപ്പോഴും മൊത്തം 30 ട്രില്ല്യൺ ഡോളറിന്റെ വൻ കടത്തിൽ കിടക്കുന്ന അമേരിക്കയെ ചൈന വിചാരിച്ചാൽ പാഠം പഠിപ്പിക്കാനും കഴിയും. പക്ഷേ എന്നിട്ടും ചൈനയിൽ ആഭ്യന്തര പ്രതിസന്ധി വരുന്നതാണ്, സാമ്പത്തിക വിദഗ്ധരെ അമ്പരപ്പിക്കുന്നത്.

കമ്യൂണിസ്റ്റ് നയങ്ങൾ ഒക്കെയും ചവറ്റുകുട്ടയിൽ എറിഞ്ഞ്, ആധുനിക മുതലാളിത്തമാണ് ചൈന ഇപ്പോൾ സ്വീകരിക്കുന്നത്. റെഡ് ക്യാപിറ്റിലിസം എന്നാണിത് അറിയപ്പെടുന്നത്. അതിൽ ഉണ്ടായ ചില പ്രശ്നങ്ങളാണ് ഇപ്പോഴത്തെ പ്രതിസദ്ധിക്ക് കാരണം. റിയൽ എസ്റ്റേറ്റ് കമ്പനികളും ബാങ്കുകളും തമ്മിൽ ഒത്തുകളിച്ചതും, നമ്മുടെ കുരുവന്നൂരിലെപ്പോലെ തന്നെ അനധികൃതമായും, ആസ്തിക്ക് ഒപ്പിച്ചുമല്ലാതെ വായ്‌പ്പകൊടുത്തതുമാണ് പ്രശ്നത്തിന് കാരണമായി പറയുന്നത്. എന്നാൽ യഥാർഥ കാരണം എന്നത് ചൈനയിൽനിന്ന് പുറത്തുവരാൻ സമയം എടുക്കും. കോവിഡ് പോലും യഥാസമയം റിപ്പോർട്ട് ചെയ്യാതിരുന്ന രാജ്യമാണ് അത്. ഒരു അടഞ്ഞ വ്യവസ്ഥയിൽ ഇത്തരം മൂടിവെക്കപെട്ട എത്ര ട്രില്യണുകൾ കിടക്കുന്നു എന്നതിനനുസരിച്ചിരിക്കും ഈ പ്രതിസദ്ധിയുടെ കാഠിന്യം.

ആഗോള മാന്ദ്യത്തിലേക്ക് മാറുമോ?

ആഗോളവത്ക്കരിക്കപ്പെട്ടുകിടക്കുന്ന ലോക സാമ്പത്തിക ഘടനയിൽ ചൈന പരാജയപ്പെടുന്നത് പോകട്ടെ, പിറകോട്ട് അടിച്ചാൽപോലും അത് ലോകം മുഴുവൻ ബാധിക്കുന്ന പ്രതിസന്ധി തന്നെയായിരിക്കും. ഇപ്പോൾ തന്നെ ഇരുമ്പും ഉരുക്കും അടങ്ങുന്ന ലോഹവിപണിയിൽ മാന്ദ്യം ഉണ്ടായിട്ടുണ്ട്.വൻകിട ഉപഭോക്താവായ ചൈനയിൽ നിന്നുള്ള കുറഞ്ഞ ഡിമാന്റും ആഗോളതലത്തിലെ മാന്ദ്യഭീതിയും യുഎസ് ഡോളറിന്റെ മുന്നേറ്റവും അടിസ്ഥാന ലോഹങ്ങൾക്ക് തിരിച്ചടിയാകുന്നു. സാമ്പത്തിക വർഷം ആദ്യപാദത്തിൽ റഷ്യയുടെ യുക്രെയിൻ അധിനിവേശത്തെ തുടർന്ന് പ്രശ്നം പ്രതിസന്ധിക്ക് ആക്കം കൂട്ടുകയാണ്.

മിക്കവാറും ഉൽപന്നങ്ങളുടെ വിലനിർണയ മാനദണ്ഡം ആയതിനാൽ യുഎസ് ഡോളറിന് ആഗോള ഉത്പന്ന വിലകൾ നിർണയിക്കുന്നതിൽ സുപ്രധാന പങ്കുണ്ട്. ഈയിടെ ഉണ്ടായ പലിശ നിരക്കു വർധനകൾ യുഎസ് ഡോളറിനെ 20 വർഷത്തെ ഏറ്റവും വലിയ ഉയരങ്ങളിൽ എത്തിക്കുകയുണ്ടായി. ഉത്പന്ന വിലകൾ ഡോളറുമായി വിപരീത ബന്ധം കാത്തുസൂക്ഷിക്കുന്നതിനാൽ ഡോളറിന്റെ മൂല്യം കൂടുമ്പോൾ ഇതര കറൻസികളിലുള്ള ഉൽപന്ന വിലകൾ ഉയരുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില വർധനയ്ക്കും അതുവഴി ഡിമാന്റ് കുറയാനും ഇത് കാരണമായിത്തീരുന്നു. ലോക ബാങ്കിന്റെ കണ്ടെത്തലുകളനുസരിച്ച് മഹാമാരിയുടെ വ്യാപനം കാരണം 2022ൽ ചൈനയുടെ ജിഡിപി വളർച്ച 4.3 ശതമാനം കുറയും. എന്നാൽ, ധനനയത്തിൽ ഉദാരമായ മാറ്റങ്ങൾവരുത്തി 2023 ഓടെ പ്രതിസന്ധി മറികടക്കാൻ ചൈനയ്ക്കു കഴിയുമെന്നാണ് ബാങ്കിന്റെ പ്രവചനം.

ഇപ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽനിന്ന് ഭാരതം ഒഴിച്ച് എല്ലായിടത്തുനിന്നും, സാമ്പത്തിക പ്രതിസന്ധിയുടെ വാർത്തകൾ വരുന്നുണ്ട്. തുടർച്ചയായി വൻ വളർച്ചാ നിരക്ക് കാണിച്ച്, ഏഷ്യൻ കടുവകൾ ആവും എന്ന് കരുതിയ ബംഗ്ലാദേശിൽ, വൈദ്യുതിക്കും ഇന്ധനത്തിനും വേണ്ടി ജനം തെരുവിൽ ഇറങ്ങിയിരിക്കയാണ്. ഇവിടെ വൈദ്യുതി ഉപയോഗം കുറക്കുന്നതിനായി,ആഴ്ചയിൽ സ്‌കൂളുകളുടെ അവധി രണ്ട് ദിവസമാക്കിയിട്ടുണ്ട്. സർക്കാർ ഓഫീസുകളുടെ പ്രവർത്തി സമയം ഒരു മണിക്കൂർ കുറയ്ക്കുകയും ചെയ്തു. ഒരു ചായക്ക് 240 രൂപയും ഒരു പാക്കറ്റ് പാലിന് 1000 രൂപയുമായി ആകെ തകർന്ന് തരിപ്പണമായി ശ്രീലങ്കയിൽ ജനം പ്രസിഡന്റിന്റെ കൊട്ടാരം വരെ കൈയേറിയത് നാം കണ്ടതാണ്.

സമാനമായ അവസ്ഥയിലൂടെയാണ് പാക്കിസ്ഥാനും കടന്നുപോകുന്നത്. വിലക്കയറ്റം 110 ശതമാനം ആയ പാക്കിസ്ഥാൻ ആകെ പാപ്പരായി ഐഎംഎഫിന്റെ സഹായത്തിനായി കേഴുകയാണ്. പ്രസിഡന്റിന്റെ കൊട്ടാരത്തിലെ പുരാവസ്തുക്കൾ തൊട്ട് മൃഗശാലയിലെ സിംഹങ്ങളെ വരെ വിൽക്കേണ്ട ഗതികേടിലാണ് ജിന്നയുടെ വിശുദ്ധനാട് ഇപ്പോൾ. തൊട്ടടുത്തുള്ള നേപ്പാളിന്റെ അവസ്ഥയും ദയനീയമാണ്. താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്റെ കാര്യം പറയുകയും വേണ്ടില്ല. ഇപ്പോൾ ചൈനയിൽ നിന്നും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്.