കോഴിക്കോട്: സകലമേഖലയിലും ജാതിയും മതവും നോക്കുന്ന ഒരു സമൂഹമായി നമ്മൾ മാറുകയാണോ? സോഷ്യൽ മീഡിയയിൽ മലയാളത്തിലെ പ്രമുഖ നടന്മാർക്കുനേരെ പലപ്പോഴും ഉണ്ടാവുന്ന സൈബർ ആക്രമണത്തിന് പിന്നിലും മതം കയറിവരുന്നു എന്നതാണ് ഞെട്ടിക്കുന്നത്. നേരത്തെ തന്നെ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ 'ചാണകമായ' നടനാണ് മോഹൻലാൽ. ലാലേട്ടൻ ഒരു ക്ഷേത്ര ദർശനത്തിന്റെ പടമോ, മറ്റ് പൊതുപരിപാടിയുടെ ചടങ്ങോ ഇട്ടാൽ അതിന്റെ അടിയിൽ ചിലർ 'ചാണകം' എന്ന് പോസ്റ്റ് ചെയ്യുന്നത് പതിവാണ്. എന്നാൽ നാളിതുവരെ കേരളത്തിന്റെ മതേതര ഫാബ്രിക്കിനെ പരിക്കേൽപ്പിക്കുന്ന, ഒരു നടപടിയും ഈ നടന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

പക്ഷേ അതുപോലെ തന്നെ 'പുഴു' എന്ന സിനിമ സംബന്ധിച്ച വിവാദം ഉണ്ടായപ്പോൾ മമ്മൂട്ടിയെ ജിഹാദിയാക്കിയായിരുന്നു പ്രചാരണം. കേരളത്തിലെ ചില വിദ്വേഷ പ്രചാരകർ തുടങ്ങിയ കാമ്പയിൻ പടർന്നതോടെ, മമ്മൂട്ടി ജിഹാദിയോ എന്ന് ചോദിച്ച് നോർത്ത് ഇന്ത്യൻ പത്രങ്ങളിൽ പോലും വാർത്തകൾ വന്നു. എന്നാൽ മമ്മൂട്ടിയുടെ കരിയർ അറിയുന്ന ആർക്കും അറിയാം, എത്രയോ ഹൈന്ദവ- ക്രിസ്ത്യൻ കഥാപാത്രങ്ങളും അടക്കം വൈവിധ്യമാർന്ന റോളുകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. നടൻ ഉണ്ണിമുകുന്ദനും ബിജെപി അനുഭാവം പ്രകടിപ്പിച്ചതിന്റെ പേരിലും, ചില ചിത്രങ്ങളുടെ ഒളിച്ചുകിടക്കുന്ന രാഷ്ട്രീയത്തിന്റെ പേരിലും സംഘിയായി. ഇപ്പോൾ ഷെയിൻ നിഗം എന്ന യുവ നടനാണ്, താൻ നടത്തിയ ഒരു തെറ്റായ പരാമർശത്തിന്റ പേരിൽ മാപ്പു പറഞ്ഞിട്ടും സുഡാപ്പിയായി മാറുന്നത്.

ഷെയിനിനെതിരെ സൈബർ ആക്രമണം

'ലിറ്റിൽ ഹാർട്ട്സ്' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ ഉണ്ണി മുകുന്ദനെതിരെയും അദേഹത്തിന്റെ ഫാൻസ് അസോസിയേഷനെതിരെയും നടത്തിയ അശ്ളീലം കലർന്ന ചില പരാമർശങ്ങളാണ് ഷെയിൻ നിഗത്തിന് വിനയായത്. അഭിമുഖത്തിനിടെ നടി മഹിമ നമ്പ്യാരെ കളിയാക്കുവാൻ വേണ്ടി ആയിരുന്നു ഉണ്ണിമുകുന്ദനെയും ഉണ്ണിയുടെ പ്രൊഡക്ഷൻ കമ്പനിയെയും ഷെയിൻ കളിയാക്കി സംസാരിച്ചത്. ഇതിനെ തുടർന്നായിരുന്നു വിവാദങ്ങൾ തുടങ്ങിയത്. അശ്ളീലം കലർന്ന തരത്തിൽ ആയിരുന്നു ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയെ ഷെയിൻ പരാമർശിച്ചത്. ഇതിനെ തുടർന്നാണ് വലിയ രീതിയിലുള്ള വിവാദങ്ങൾ ഉണ്ടായിരുന്നു.

ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നാണ് ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയുടെ പേര്. യു എം എഫ് എന്നാണ് ഇതിന്റെ ചുരുക്കം. ഇത് കൂടാതെ ഉണ്ണി മുകുന്ദൻ ഫാൻസ് ഓഫ് ഇന്ത്യ എന്ന പേര് ഉണ്ടാക്കി അതിനെ ചുരുക്കി അശ്ലീല രീതിയിൽ ആണ് ഷൈൻ പറഞ്ഞത്. ഇതാണ് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് കാരണമായി മാറി. തുടർന്നാണ് ഷെയിൻ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇതേതുടർന്ന നടത്തിയ വീഡിയോയയിൽ ഷെയിൻ നിഗം ഇങ്ങനെ പറയുന്നു -'കഴിഞ്ഞ ദിവസം നിങ്ങൾ കണ്ട വീഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടത് തികച്ചും ഖേദകരമാണ്. മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കൾ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലർ പറഞ്ഞതിനെ കൊണ്ട് എത്തിക്കുയായിരുന്നു. പിന്നെ അവസരം മുതലെടുത്തു മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവർക്ക് പാത്രമാകാൻ എന്റെ വാക്കുകൾ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളും...തള്ളണം...ഇത് ഷെയിൻ നിഗത്തിന്റെയും, ഉണ്ണി മുകുന്ദന്റെയും, മമ്മൂട്ടിയുടെയും, മോഹൻലാലിന്റെയും, സുരേഷ്‌ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്"- ഷെയിൻ പറഞ്ഞു.

സത്യത്തിൽ തമാശയായി പറഞ്ഞ ഒരു കാര്യം ഷെയിനിന്റെ കൈയിൽനിന്ന് പോവുകയായിരുന്നുവെന്ന് വീഡിയോ കണ്ടവർക്ക് അറിയാം. പക്ഷേ എന്നിട്ടും മതം പറഞ്ഞുകൊണ്ടുള്ള സൈബർ ആക്രമണമാണ് നടനുനേരെ ഉണ്ടായത്. നേരത്തെ ലഹരിമരുന്ന് ഉപയോഗത്തിന്റെ പേരിലും, ഷൂട്ടിങ്ങ് സൈറ്റിൽ സമയത്തിന് വരാത്തതിന്റെയും പേരിൽ വിലക്ക് അടക്കം നേരിട്ട നടാണ് ഷെയിൻ. എന്നാൽ ലഹരിയെക്കുറിച്ചുള്ളതൊക്കെ കെട്ടുകഥകൾ ആണെന്ന് പിന്നീട് വാർത്തകൾ വന്നു. അതുപോലെ ഇപ്പോൾ സമയത്തിന് സെറ്റിൽ വരുന്ന പൂർണ്ണമായും അച്ചടക്കമുള്ള നടനായാണ് ഷെയിനിനെ കാണുന്നത്.

വിനായകന്റേത് കമ്മി മനസ്സ്

അതിനിടെ ഒരു കാരണവുമില്ലാതെ, ട്രാവലർ സന്തോഷ് ജോർജ് കുളങ്ങരയെ ചൊറിഞ്ഞ് നടൻ വിനായകനും വിവാദത്തിൽ പെട്ടു.സന്തോഷ് ജോർജ് കുളങ്ങരയെ ആരും നമ്പരുത് എന്നാണ് വിനായകൻ പറയുന്നത്. ഇന്ത്യയെ സന്തോഷ് ജോർജ് കുളങ്ങര വളരെ മോശമായി ചിത്രീകരിക്കുകയാണെന്നും വിനായകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.യുവതീ യുവാക്കളോടാണ്, ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞുനോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്. സ്വന്തം വ്യവസായം വലുതാക്കാനായി ചാനലുകളിൽ വന്നിരുന്ന് ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിക്കുകയാണെന്നും വിനായകൻ പറയുന്നു.ആ കാശുകൊണ്ട് കുടുംബം പോറ്റുന്ന ഇദ്ദേഹത്തെ പോലെ ലോകം അറിയാമെന്ന് സ്വയം നടക്കുന്ന, ആളുകളെ നമ്പരുത്, യുവതി യുവാക്കളെ നിങ്ങൾ നിങ്ങളുടെ സന്തോഷത്തിന്റെ ലോകത്തേക്ക് പറന്നുപോകൂ എന്നും വിനായകൻ പറയുന്നു.

സന്തോഷ് ജോർജ് കുളങ്ങരയെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റിന് എന്നാൽ പിന്തുണയേക്കാൾ ഏറെ വിമർശനങ്ങളാണ് വിനായകനെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. വിനയാകന്റെ തലയിലെ കമ്മി മനസ്സാണ് ഇങ്ങനെ ചെയ്യിപ്പിച്ചത് എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. നേരത്തെയും ലൈംഗിക അപവാദത്തിലടക്കം പലതവണ വിനയാൻ വിവാദത്തിൽ പെട്ടിട്ടുണ്ട്. അതിന്റെ കേസുകൾ ഇപ്പോഴും തുടരുകയാണ്.

ജാതിയും മതവും പറഞ്ഞ് നിരൂപകരും

അതേസമയം മലയാള സിനിമാ നിരൂപണത്തിലും ജാതിയും മതവും കലരുന്നതായി പരാതിയുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ലോഹിത ദാസിന്റെ രചനയിൽ, സിബി മലയിൽ സംവിധാനം ചെയ്ത, മോഹൻലാൽ, സേതുമാധവനായി നമ്മുടെ കണ്ണുകളുടെ ഈറണിയിപ്പിച്ച 'കിരീടം' എന്ന ക്ലാസിക്ക് ചിത്രം ഒരു വർഗീയ സിനിമയാണെന്ന് നിരൂപണം വന്ന നാടാണിത്! കിരീടത്തിലെ സേതുമാധവൻ നായർ ആണെന്നും, അയാളും ഫിലോമിന അവതരിപ്പിച്ച മുത്തശ്ശി കഥാപാത്രവുമായുള്ള സംഭാഷത്തിലുടെയൊക്കെ ജാതിപോഷണവും, തറവാടിത്ത മേന്മയുമാണ് കാണിക്കുന്നതെന്ന്, പ്രമുഖനായ ഒരു ബുദ്ധിജീവി, ഒരു പ്രമുഖ പോർട്ടലിലൂടെ തള്ളിമറച്ചത് ഈയിടെയാണ്. ഇയാൾ റാംജിറാവ് സ്പീക്കിങ്ങ് എന്ന ജനലക്ഷങ്ങൾ കണ്ട സിദ്ധീഖ് - ലാലിന്റെ ക്ലാസിക്ക് കോമഡി ചിത്രത്തിലും ജാതി കണ്ടെത്തി. സായികുമാർ അവതരിപ്പിച്ച ബാലകൃഷണൻ എന്ന കഥപാത്രം നായരാണെന്ന്! 'ഇൻ ഹരിഹർ നഗർ' എന്ന സിനിമ കണ്ട് പൊട്ടിച്ചിരിച്ചത് ജന ലക്ഷങ്ങളാണ്. പക്ഷേ അവർക്കാർക്കും തോന്നാത്തത് നമ്മുടെ ആധുനിക സിനിമാ പൊക നിരൂപകർക്ക് തോന്നി. ഹരിഹർ നഗറിന്റെ സെക്കൻഡ് പാർട്ടിൽ തോമസ്‌കുട്ടിയെന്ന ആശോകന്റെ കഥാപാത്രം വഞ്ചകനാവുന്നത് അയാൾ കൃസ്ത്യാനിയായതുകൊണ്ടാണെന്ന്!

ഇരവാദവും, തൊട്ടതിലും പിടിച്ചതിലും സവർണ്ണതയും ജാതിവാദവും കണ്ടെത്താൻ കഴിയുന്ന ഒരു കൂട്ടർ ബുദ്ധിജീവികളെന്ന് പറഞ്ഞ് നമ്മുടെ സിനിമകളെ മലീമസമാക്കുകയാണ്. മുമ്പൊക്കെ രഞ്ജിത്ത- ഷാജി കൈലാസ് സിനിമകളിലെ സവർണ്ണതയും, ന്യൂനപക്ഷ വിരുദ്ധതയുമൊക്കയായിരുന്നു ഇവരുടെ പ്രതിപാദ്യവിഷയം. പക്ഷേ അത് വന്ന് വന്ന് വളർന്ന് എന്തിനെയും ഭൂതക്കണ്ണാടിവെച്ച് ജാതിയും മതവും നോക്കി വിലയിരുത്തുന്ന രീതിയിൽ മാറിയിരിക്കുന്നു. എന്തിന് വയലാറിന്റെ സിനിമാ പാട്ടുകളിൽ പോലും പൊ.ക വാദം കണ്ടെത്തിയിട്ടുണ്ട് സണ്ണി കപിക്കാടിനെപ്പോലുള്ള ബുദ്ധിജീവികൾ. വയലാറിന്റെ ഗാനങ്ങളിൽ ഏറെയും സവർണ്ണ ബിംബങ്ങൾ ആണെന്നാണ് വിമർശനം. ഒരു ആയുഷ്‌ക്കാലം മുഴുവന ജാതീയതക്കും വർഗീയതക്കും എതിരെ എഴുതിയ, വയലാറിലെയാണ് അയാളുടെ സിനിമ ഗാനങ്ങളിൽ നാലഞ്ച്് ബിംബങ്ങളിൽ പിടിച്ച് സവർണ്ണനാക്കുന്നത്! ഇത്തരത്തിലുള്ള വാദങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ ഓരോ നടനുനേരെയും ജാതിയും മതവും നോക്കി ഉയരുന്ന ആക്രമണങ്ങൾ.