കൊളംബോ: ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ് പോരാട്ടത്തിന് വേദിയായ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഇത്തവണ ക്രിക്കറ്റ് ആവേശത്തിനൊപ്പം മറ്റൊരു ചർച്ചാവിഷയം കൂടി ആരാധകർക്കിടയിൽ നിറഞ്ഞുനിന്നു. മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തെ ഇളക്കിമറിച്ച മലയാളി റാപ്പർ ഹനുമാൻകൈൻഡും, ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഇഷാൻ കിഷനും തമ്മിലുള്ള അമ്പരപ്പിക്കുന്ന രൂപസാദൃശ്യമായിരുന്നു അത്.

കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയം ഒരു അപൂർവ്വ സംഗമത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ആഗോളതലത്തിൽ തരംഗമായ മലയാളി റാപ്പർ ഹനുമാൻകൈൻഡും ഇന്ത്യൻ ക്രിക്കറ്റ് താരം ഇഷാൻ കിഷനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തീ പടർത്തുന്നത്. ഇരുവരെയും ഒരു ഫ്രെയിമിൽ കണ്ട ആരാധകർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. കണ്ണ്, മൂക്ക്, ആ താടി എന്ന് വേണ്ട, രൂപത്തിലും ഭാവത്തിലും ഇരുവരും അമ്പരപ്പിക്കുന്ന സാമ്യമാണ് പുലർത്തുന്നത്.

സ്റ്റേഡിയത്തിൽ വെച്ച് കണ്ടപാടെ തന്റെ ഐക്കണിക് ആയ ആ ചെറുപുഞ്ചിരിയുമായി ഹനുമാൻകൈൻഡ് ഓടിയെത്തുകയായിരുന്നു. ഇഷാൻ കിഷനെ കെട്ടിപ്പിടിക്കുകയും സ്നേഹം പങ്കുവെക്കുകയും ചെയ്ത റാപ്പർ, താരവുമായി ജേഴ്‌സി കൈമാറുകയും ചെയ്തു. എന്നാൽ ഈ സമയത്ത് ആരാധകർ ശ്രദ്ധിച്ചത് മറ്റൊന്നാണ്; ഇരുവരും ജേഴ്‌സി മാറി ധരിച്ചതോടെ ആര് ആരെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം സാമ്യം വർദ്ധിച്ചു.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ "ചേട്ടാ.. അനിയാ.." മീമുകളുടെ പൂരമാണ്. "നഷ്ടപ്പെട്ട സഹോദരനെ കണ്ടെത്തി", "ക്രിക്കറ്റിലെ ഹനുമാൻകൈൻഡ് ആണ് ഇഷാൻ" എന്നിങ്ങനെ പോകുന്നു കമന്റുകൾ. സംഗീത ലോകത്തെ വിപ്ലവവും ക്രിക്കറ്റ് ലോകത്തെ വെടിക്കെട്ടും കൈകോർത്തപ്പോൾ കൊളംബോയിൽ പിറന്നത് ഈ വർഷത്തെ ഏറ്റവും വലിയ മാസ്സ് ചിത്രങ്ങളിൽ ഒന്നാണ്.

മത്സരത്തിന് മുൻപുള്ള കലാപരിപാടികളിൽ നീല ഹൂഡി ധരിച്ച് സൂപ്പർ ബൈക്കിൽ എത്തിയ ഹനുമാൻകൈൻഡ് തന്റെ തകർപ്പൻ റാപ്പിംഗിലൂടെ സ്റ്റേഡിയത്തെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. ആഗോളതലത്തിൽ തരംഗമായ അദ്ദേഹത്തിന്റെ ശൈലി കൊളംബോയിലും ആരാധകർ ഏറ്റെടുത്തു.

'ട്വിൻ ബ്രദേഴ്സ്' ചർച്ചകൾ

ഹനുമാൻകൈൻഡ് പെർഫോം ചെയ്യുന്നതിനിടയിൽ ക്യാമറകൾ അദ്ദേഹത്തിന്റെ മുഖത്തേക്ക് അടുത്തപ്പോൾ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനുകളിൽ തെളിഞ്ഞ രൂപം കണ്ട് പലരും അത് ഇഷാൻ കിഷൻ ആണെന്ന് തെറ്റിദ്ധരിച്ചു. ഹനുമാൻകൈന്ദിന്റെ താടിയും മുഖത്തിന്റെ ആകൃതിയും ഇഷാൻ കിഷനുമായി അസാധാരണമാംവിധം സാമ്യമുള്ളതായിരുന്നു.

മത്സരം തുടങ്ങുന്നതിന് മുൻപേ തന്നെ സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച മീമുകളും ട്രോളുകളും നിറഞ്ഞു. "ഇഷാൻ കിഷൻ പാട്ടുപാടാൻ എന്ന് പോയി?", "ഇഷാൻ കിഷന്റെ അപരൻ കൊളംബോയിൽ" തുടങ്ങിയ കമന്റുകൾ കൊണ്ട് ആരാധകർ കളം നിറഞ്ഞു. ഇന്ത്യ-പാക് മത്സരത്തിന്റെ പിരിമുറുക്കത്തിനിടയിൽ ആരാധകർക്ക് ലഭിച്ച ചെറിയൊരു തമാശയായിരുന്നു ഈ 'അപരൻ' ചർച്ച.

ക്രിക്കറ്റ് മൈതാനത്ത് ഇഷാൻ കിഷൻ തന്റെ കരുത്തുറ്റ ബാറ്റിംഗിലൂടെ ഇന്ത്യയുടെ കരുത്താകുമ്പോൾ, സംഗീത ലോകത്ത് ഹനുമാൻകൈൻഡ് ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ അഭിമാനമായി മാറുകയാണ്. രണ്ട് പേരും ഒരേ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു എന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം ഇരട്ടി മധുരമായി.

കാണികളെ വിസ്മയിപ്പിച്ച സാദൃശ്യം

ഹനുമാൻകൈന്ദിന്റെ സ്റ്റേജ് പ്രകടനത്തിന് ശേഷം ഇന്ത്യൻ ടീമിനൊപ്പം ഇഷാൻ കിഷനെ കണ്ടപ്പോഴാണ് പലർക്കും സംശയം മാറിയത്. ഒരേ ഹെയർസ്റ്റൈലും താടിയും വെച്ച ഇരുവരും തമ്മിലുള്ള സാമ്യം വിദേശ കമന്റേറ്റർമാരെപ്പോലും അതിശയിപ്പിച്ചു.

അതേസമയം, ഐസിസി ടി20 ലോകകപ്പിലെ പാക്കിസ്ഥാനെതിരായ ഇന്ത്യയ്ക്ക് തകർപ്പൻ ജയമായിരുന്നു. അത്രയും ആധികാരികവും അനായാസവുമായിരുന്നു ഇന്ത്യയുടെ വിജയം. പാകിസ്ഥാനെതിരായ ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന്റെ വിജയമാണ് നേടിയത്. ആദ്യം ബാറ്റുകൊണ്ട് അടിച്ചുകയറിയ ഇന്ത്യ പിന്നാലെ പാക്കിസ്ഥാനെ തലപൊക്കാന്‍ അനുവദിക്കാത്ത വിധത്തില്‍ അനായാസവും ആധികാരികവുമായി വിജയിച്ചു കയറുകയായിരുന്നു. വിജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് കടന്നു. നമീബിയക്കെതിരെ ജയിച്ചാല്‍ പാക്കിസ്താനും അടുത്ത റൗണ്ടിലെത്താം. സ്‌കോര്‍: ഇന്ത്യ -20 ഓവറില്‍ ഏഴിന് 175, പാകിസ്താന്‍ -18 ഓവറില്‍ 114ന് ഓള്‍ഔട്ട്.

ഇന്ത്യ മുന്നോട്ടു വെച്ച് 176 റണ്‍സിന്റെ സ്‌കോര്‍ പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 18 ഓവറില്‍ 114 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. ഇന്ത്യയുടെ ബൗളിംഗ് നിരയില്‍ പേസര്‍മാരും സ്പിന്നര്‍മാരും തിളങ്ങി. ഇന്ത്യന്‍ ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറയും അക്‌സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും ഹാര്‍ദിക് പാണ്ഡ്യയും രണ്ട് വീതം വിക്കറ്റെടുത്തു. കുല്‍ദീപ് യാദവും തിലക് വര്‍മയും ഓരോ വിക്കറ്റെടുത്തു.

ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ തന്നെ പാകിസ്ഥാന് സാഹിബ്സാദ ഫര്‍ഹാന്റെ (0) വിക്കറ്റ് നഷ്ടമായി. റണ്‍സൊന്നുമെടുക്കാതെ ഫര്‍ഹാനെ മടക്കി അയച്ചത് ഹാര്‍ദിക് പാണ്ഡ്യയാണ്. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ തന്നെ സയീം അയൂബിനെ (6) ജസ്പ്രീത് ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കി. അതേ ഓവറില്‍ പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയെ പാണ്ഡ്യയുടെ കൈകളിലെത്തിച്ച് ബുംറ വീണ്ടും പാകിസ്ഥാനെ ഞെട്ടിച്ചു. ബാബര്‍ അസമിനെ അക്‌സര്‍ പട്ടേല്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട് പാകിസ്ഥാന് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമാകുന്നതാണ് കണ്ടത്.

മധ്യനിരയില്‍ ഉസ്മാന്‍ ഖാന്റെ ചെറുത്തുനില്‍പ്പ് മാത്രമാണ് പാകിസ്താന് ഓര്‍ത്തുവെക്കാനുള്ളത്. 34 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 44 റണ്‍സാണ് താരം നേടിയത്. ശദാബ് ഖാന്‍ (14), മുഹമ്മദ് നവാസ് (നാല്), ഫഹീം അഷ്‌റഫ് (10), അബ്രാര്‍ അഹ്‌മദ് (പൂജ്യം), ഷഹീന്‍ അഫ്രീദി (23*), ഉസ്മാന്‍ താരിഖ് (പൂജ്യം) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. അവസാന ഓവറുകളില്‍ ഷഹീന്റെ ചെറുത്തുനില്‍പ്പാണ് ടീം സ്‌കോര്‍ മൂന്നക്കം കടത്തിയത്.

നേരത്തെ 40 പന്തില്‍ 77 റണ്‍സടിച്ച ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ നട്ടെല്ലായത്. മൂന്ന് സിക്സുകളും പത്ത് ഫോറുകളും ബൗണ്ടറി കടത്തിയ ഇഷാന്റെ ഇന്നിങ്സാണ് ഇന്ത്യയുടെ നട്ടെല്ല്. സൂര്യകുമാര്‍ യാദവ് (29 പന്തില്‍ 32), തിലക് വര്‍മ (24 പന്തില്‍ 25), ശിവം ദുബെ (17 പന്തില്‍ 27) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ആറ് സ്പിന്നര്‍മാരെയാണ് പാക്കിസ്ഥാന്‍ കളിപ്പിച്ചത്.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. അഭിഷേക് ശര്‍മ റണ്ണൊന്നുമെടുക്കാതെ പുറത്തായി. പാക്ക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയുടെ ആദ്യ ഓവറിലെ പന്തില്‍ ഷഹീന്‍ അഫ്രീദി ക്യാച്ചെടുത്ത് അഭിഷേകിനെ പുറത്താക്കുകയായിരുന്നു. പിന്നാലെ ഇഷാന്‍ കിഷന്‍ തകര്‍ത്തടിച്ചു തുടങ്ങിയതോടെ ഇന്ത്യ പവര്‍പ്ലേയില്‍ മികച്ച സ്‌കോര്‍ നേടുകയായിരുന്നു.