ലബനൻ: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്‌ഐഎസ്) തലവൻ അബു ഹസൻ അൽ ഹാഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഐഎസ്‌ഐഎസ് വക്താവ് അബു ഉമർ അൽ മുഹജിർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ് ഇറാഖ് സ്വദേശിയായ ഹാഷിമി കൊല്ലപ്പെട്ടതെന്നു പുറത്തുവന്ന ശബ്ദസന്ദേശത്തിൽ പറയുന്നു. എന്നാൽ എവിടെ വച്ചാണ് കൊല്ലപ്പെട്ടതെന്നോ എന്നാണ് കൊല്ലപ്പെട്ടതെന്നോ പറയുന്നില്ല.

ഭീകര സംഘടനയ്ക്ക് പുതിയ നേതാവിനെ തിരഞ്ഞെടുത്തുവെന്നും സന്ദേശത്തിൽ പറയുന്നു. അബു അൽ ഹുസൈൻ ഹുസൈനി അൽ ഖുറേഷിയാണ് പുതിയ നേതാവ്.

2014ലാണ് ഇറാഖിലും സിറിയയിലും ഐഎസ് ശക്തിപ്രാപിച്ചത്. നിരവധി സ്ഥലങ്ങൾ പിടിച്ചെടുത്ത് അധികാരം സ്ഥാപിച്ചിരുന്നു. 2017ൽ ഇറാഖിലും തുടർന്ന് സിറിയയിലും ഐഎസിനെതിരെ പാശ്ചാത്യ രാജ്യങ്ങൾ ശക്തമായ നടപടികൾ എടുത്തു. എന്നാൽ ഭീകരസംഘടന പലയിടത്തും ഭീകരാക്രമണം നടത്തുന്നുമുണ്ട്.

ഈ വർഷം ആദ്യം യുഎസ് വടക്കൻ സിറിയയിലെ ഇബ്ലിദ് പ്രദേശത്ത് നടത്തിയ ആക്രമണത്തിൽ മുൻ നേതാവ് അബു ഇബ്രാഹിം അൽ ഖുറേഷി കൊല്ലപ്പെട്ടിരുന്നു. ഐഎസിന്റെ ആദ്യ തലവനായിരുന്ന അബൂബക്കർ അൽ ബാഗ്ദാദിയും 2019ൽ ഇബ്ലിദ് പ്രദേശത്താണ് കൊല്ലപ്പെട്ടത്.