ലണ്ടന്‍: മനുഷ്യാവകാശമെന്ന സങ്കല്‍പത്തെ തന്നെ പരിഹാസ്യമാക്കുന്ന സംഭവങ്ങളാണ് ബ്രിട്ടനില്‍ അരങ്ങേറുന്നത്. ജയില്‍ ഉദ്യോഗസ്ഥനെ ബന്ധിയാക്കുകയും വിദ്വേഷ പ്രസംഗകനായ അബു ക്വറ്റാദയെ ജയില്‍ മുക്തനാക്കണമെന്ന ആവശ്യപ്പെടുകയും ചെയ്ത് ഫൗദ് അവാലെ എന്ന ഇസ്ലാമിക തീവ്രവാദിക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധി.

ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം നടത്തുകയും, വധഭീഷണി മൂഴക്കുകയും ചെയ്ത ഭീകരനെ അതീവ അപകടകാരികളായ തടവുകാര്‍ക്കുള്ള പ്രത്യേക തടവ് മുറിയിലെക്ക് മാറ്റിയിരുന്നു. ഏകാന്ത തടവിലേക്ക് മാറ്റിയതോടെ തനിക്ക് വിഷാദരോഗം ബാധിച്ചു എന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. ഉദ്യോഗസ്ഥരെ ഉപദ്രവിക്കുന്നത് തടയുന്നതിനും, മറ്റ് തടവുകാരെ തീവ്രവാദത്തിലേക്ക് നയിക്കുന്നത് ഒഴിവാക്കുന്നതിനുമാണ് ഇയാളെ ഏകാന്ത തടവിലേക്ക് മാറ്റിയത്.

എന്നാല്‍, യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓഫ് ഹ്യുമന്‍ റൈറ്റ്‌സിലെ സെക്ഷന്‍ 8 അനുസരിച്ച് ഇയാള്‍ നിയമനടപടികള്‍ക്ക് ഒരുങ്ങിയപ്പോള്‍ നികുതിദായകരുടെ 2,40,000 പൗണ്ടാണ് ഇയാള്‍ക്ക് നഷ്ടപരിഹാരമായി ലഭിക്കുന്നത്. ഈ തുക നല്‍കാമെന്നാണ് ബ്രിട്ടീഷ് നീതിന്യായ സെക്രട്ടറി ഡേവിഡ് ലാമി സമ്മതിച്ചിരിക്കുന്നത്.

പരാതിക്കാരന്റെ സ്വകാര്യ ജീവിതവുമായി ബന്ധപെട്ട് ഇരവധി ഇടപെടലുകള്‍ നടത്തിയതായി ഇയാളുടെ പരാതി സ്വീകരിച്ചുകൊണ്ട് ഒരു ജഡ്ജി നിരീക്ഷണം നടത്തിയതായി ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഇയാളുടെ ജീവിതത്തെ ബാധിക്കുകയും ചെയ്തുവത്രെ.

എന്നാല്‍, തീര്‍ത്തും അവഹേളനപരമായ ഒരു തീരുമാനം എന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഷാഡോ സെക്രട്ടറി റോബര്‍ട്ട് ജെന്റിക് ഇതിന്റെ വിശേഷിപ്പിച്ചിരിക്കുന്നത്. ഭീകരര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ട് മടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.