കൊച്ചി : ഇസ്രയേലിലേക്ക് പോയ കർഷകൻ മുങ്ങിയത് സർക്കാരിന് നാണക്കേടാകുന്നു. പിണറായി ഭരിക്കുമ്പോൾ 'ഒരു കർഷകൻ രക്ഷപ്പെട്ടു' എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ട്. കർഷകർക്ക് മികച്ച ജീവിത നിലവാരം ഉറപ്പിക്കാനായിരുന്നു ഇസ്രയേലിലേക്കുള്ള യാത്ര. നാടു വിട്ടാൽ മാത്രമേ അത് സാധ്യമാകൂവെന്ന് ഇപ്പോൾ തെളിഞ്ഞെന്ന് സർക്കാരിനെ വിമർശിക്കുന്നവർ പറയുന്നു. ഈ സാഹചര്യത്തിലാണ് കർഷകന്റെ മുങ്ങലിൽ അന്വേഷം നടത്താനുള്ള കൃഷി വകുപ്പിന്റെ തീരുമാനം.

ബിജുവിന്റെ മുങ്ങലിന് പിന്നിൽ ചില സംഘങ്ങൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. വഞ്ചനയാണ് ബിജു കുര്യൻ ചെയ്തത്. ബിജു കുര്യൻ മുങ്ങിയത് ബോധപൂർവമാണ്. ഇത് സർക്കാരിന് ലാഘവത്തോടെ കാണാനാവില്ല. ഈ രീതി അനുവദിക്കാനാവില്ല. മുങ്ങിയതിനു പിന്നിൽ മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ടെന്ന വിവരം ഇപ്പോൾ കിട്ടുന്നുണ്ട്. ഇതടക്കം എല്ലാ കാര്യങ്ങളും സർക്കാർ ഗൗരവത്തോടെ അന്വേഷിക്കും. ബിജു കുര്യൻ മുങ്ങുമെന്ന കാര്യം അടുത്ത ചില ബന്ധുക്കൾക്ക് നേരത്തെ അറിയുമെന്ന വിവരമുണ്ടെന്നും മന്ത്രി പ്രസാദ് പറഞ്ഞു.

കൃഷി മന്ത്രിയുടെ നേതൃത്വത്തിലെ പര്യടനമാണ് ആദ്യം പദ്ധതിയിട്ടത്. എന്നാൽ കൃഷി മന്ത്രിക്ക് പോകാനുള്ള അനുമതി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് കിട്ടിയില്ല. ഇതോടെ മന്ത്രി പിന്മാറി. അപ്പോഴും കർഷകരുമായുള്ള യാത്ര തുടരാൻ സർക്കാർ പച്ചക്കൊടി കാട്ടി. ഇത്തരത്തിലൊരു യാത്രയാണ് കർഷകന്റെ മുങ്ങലോടെ പ്രതിസന്ധിയിലായത്. ഇസ്രയേലിലെ കൃഷിരീതികൾ പഠിക്കാൻ സംസ്ഥാനത്തുനിന്ന് പോയ കർഷക സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യനെ മടങ്ങുന്നതിന്റെ തൊട്ടുതലേന്നാണ് കാണാതായതെന്ന് കൂടെ ഉണ്ടായിരുന്നവർ വ്യക്തമാക്കിയിരുന്നു.

വ്യക്തമായി ആസൂത്രണം ചെയ്താണ് ബിജു കുര്യൻ സംഘത്തിൽ നിന്ന് മുങ്ങിയതെന്ന് സഹയാത്രികർ പറയുന്നു. ഇസ്രയേലിൽ ശുചീകരണ ജോലി ചെയ്താൽ തന്നെ ദിവസം 15,000 രൂപ ലഭിക്കും. കൃഷിപ്പണിക്ക് ഇരട്ടിയാണ് കൂലിയെന്നും ബിജു ഒപ്പമുള്ളവരോട് പറഞ്ഞിരുന്നു. ഇതെല്ലാമറിഞ്ഞ് വളരെ ആസൂത്രിതമായാണ് ബിജു മുങ്ങിയതെന്ന് സഹയാത്രികനായ സുജിത് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ ഇസ്രയേലിൽ തങ്ങുക എന്ന ലക്ഷ്യത്തോടെ വളരെ മുന്നൊരുക്കത്തോടെയും ആസൂത്രണത്തോടെയുമാണ് ബിജു സംഘത്തിനൊപ്പം ചേർന്നതെന്നാണ് സംശയം.

ഇസ്രയേലിലേക്കും തിരിച്ചും വിമാനടിക്കറ്റിന് 55,000 രൂപ സ്വയം മുടക്കിയാണ് ബിജു സംഘത്തോടൊപ്പം കൂടിയത്. സന്ദർശനത്തിനിടയിലും യാത്രയിലും ബിജു ഇസ്രയേലിലെ മലയാളി സുഹൃത്തുക്കളുമായി നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നെന്നാണ് കൂടെയുണ്ടായിരുന്ന കർഷകർ പറയുന്നത്. കർഷക സംഘത്തെ അയയ്ക്കാനുള്ള തീരുമാനം വന്നയുടൻ ബിജു നീക്കങ്ങൾ തുടങ്ങിയെന്നാണ് സർക്കാരിന്റെ സംശയം. പായം കൃഷി ഓഫിസിലാണ് ബിജു കുര്യൻ അപേക്ഷ നൽകിയത്.

കർഷകനായ ബിജുവിന്റെ കൃഷിയിടം കൃഷി ഓഫിസർ പരിശോധിച്ച് ഉറപ്പ് വരുത്തിയാണ് ബിജുവിനെ തെരഞ്ഞെടുത്തത്. എല്ലാ പരിശോധനകളും കഴിഞ്ഞ് യോഗ്യത ഉറപ്പുവരുത്തിയാണ് ബിജുവിനെ തെരഞ്ഞെടുത്തതെന്നും കൃഷി ഓഫിസർ വ്യക്തമാക്കി. അപ്പോഴും ചില സംശയങ്ങൾ ബിജുവുമായി ബന്ധപ്പെട്ടുയരുന്നുണ്ട്.