ജറൂസലം: പേജര്‍-വോക്കി സ്‌ഫോടനങ്ങളിലൂടെ ഹിസ്ബുള്ളയെ മാനസികമായി തകര്‍ത്തിരിക്കയാണ് ഇസ്രായേല്‍. ഇതിന് പിന്നാലെ ലെബനനില്‍ വ്യോമാക്രമണവും നടത്തിയിരിക്കയാണ് അവര്‍. മൊബൈല്‍ ഫോണുകള്‍ക്ക് പകരം ഹിസ്ബുല്ല അണികള്‍ വാര്‍ത്തവിനിമയത്തിന് ഉപയോഗിച്ച പേജറുകളും വാക്കി ടോക്കികളും രണ്ടുദിവസത്തിനിടെ കൂട്ടമായി പൊട്ടിത്തെറിച്ച് നിരവധി പേര്‍ മരിക്കുകയും ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ യുദ്ധസന്നാഹമാണ് എങ്ങും.

തായ്‌വാന്‍ കമ്പനിയുടെ പേരിലാണെങ്കിലും ഇവ നിര്‍മിച്ചത് ഹംഗറിയിലാണെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. എന്നാല്‍, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്രായേല്‍ ഏറ്റെടുത്തില്ലെങ്കിലും മറ്റാരുമാകാന്‍ സാധ്യതയില്ലെന്നുറപ്പാണ്. അതോടെയാണ് ഇസ്രായേലിനെതിരെ ഹിസ്ബുല്ല നേതാവ് യുദ്ധപ്രഖ്യാപനം നടത്തിയിട്ടുണ്ട്. അരലക്ഷത്തിലേറെ ഇസ്രായേലികള്‍ നേരത്തെ നാടുവിട്ട വടക്കന്‍ ഇസ്രായേലിലെ സൈനിക കേന്ദ്രത്തിനു നേരെ ആക്രമണം നടത്തുകയും ചെയ്തു. രണ്ടുപേര്‍ കൊല്ലപ്പെട്ട ആക്രമണങ്ങളില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ ഗസ്സയില്‍ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ലബനാനില്‍നിന്ന് ഹിസ്ബുല്ലയും തിരിച്ച് ഇസ്രായേലും ആക്രമണം തുടരുന്നുണ്ട്. ലബനാനില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഹിസ്ബുല്ല കമാന്‍ഡര്‍ ഫുആദ് ശുക്ര്‍ ഉള്‍പ്പെടെ പ്രമുഖരും കൊല്ലപ്പെട്ടവരില്‍ പെടും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്തി മറ്റു സംവിധാനങ്ങളിലേക്ക് മാറാന്‍ ഹസന്‍ നസ്‌റുല്ലയാണ് മാസങ്ങള്‍ക്ക് മുമ്പ് അണികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

5,000 പേജറുകള്‍ ഇതിന്റെ ഭാഗമായി ഇറക്കുമതി ചെയ്തു. ഇവയാണ് കൂട്ടമായി ദുരന്തം വിതച്ചത്. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ ടെഹ്‌റാനില്‍ കൊല്ലപ്പെട്ടതിന് ഇതുവരെയും നേരിട്ട് പ്രതികാരം ചെയ്യാത്ത ഇറാന്‍ ഇതിന്റെ പേരില്‍ ഹിസ്ബുല്ല യുദ്ധമുഖത്തിറങ്ങണമെന്ന് താല്‍പര്യപ്പെടാന്‍ സാധ്യതയില്ലെന്നുറപ്പാണ്. ആശയവിനിമയ സംവിധാനങ്ങള്‍ അപ്പാടെ തകര്‍ക്കപ്പെട്ടത് ഹിസ്ബുല്ലയെ ഏറെ പ്രതിരോധത്തിലാക്കി.

ഹിസ്ബുല്ലയടക്കം മറുചേരിയിലുള്ളവരുടെ ആശയവിനിമയ സംവിധാനങ്ങളടക്കം ചോര്‍ത്തിയെടുക്കുന്നതില്‍ ഇസ്രായേല്‍ വിജയം വരിച്ചിട്ടുണ്ട്. അതിനിടെ പേജറുകളും വോകി ടോകികളും വിമാനങ്ങളില്‍ കൊണ്ടുപോകുന്നത് വിലക്കി ലബനാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഉത്തരവ് പുറത്തിറക്കി. പൊട്ടിത്തെറി സാധ്യത സംശയിക്കുന്ന പേജറുകള്‍ ഉള്‍പ്പെടെയുള്ള ആശയവിനിമയ ഉപകരണങ്ങള്‍ പരിശോധിക്കാനും നശിപ്പിക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ലബനാന്‍ സൈന്യം 'എക്‌സി'ല്‍ അറിയിച്ചു.

അതിനിടെ പേജര്‍-വാക്കിടോക്കി സ്‌ഫോടനപരമ്പരകള്‍ക്കുപിന്നാലെ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനില്‍ വ്യാഴാഴ്ച ഇസ്രയേലിന്റെ വ്യോമാക്രമണം. ഹിസ്ബുള്ളയുടെ തിരിച്ചടിയില്‍ പടിഞ്ഞാറല്‍ ഗലീലിയിലെ യാരയില്‍ രണ്ട് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. എട്ടു പട്ടാളക്കാര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ലെബനനിലെ ചിഹിനെ, തയിബെ, ബില്‍ദ, മെയിസ്, ഖിയാം എന്നിവിടങ്ങളിലെ ഹിസ്ബുള്ള താവളങ്ങളിലാണ് ഇസ്രയേല്‍ ബോംബിട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ ഇസ്രയേലിലെ മൂന്ന് സേനാകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹിസ്ബുള്ള റോക്കറ്റും ഡ്രോണുകളുമയച്ചു. ഡ്രോണ്‍ ആക്രമണത്തിലാണ് നയേല്‍ ഫ്വാര്‍സി (43), തോമര്‍ കെരെന്‍ (20) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ഈ ആക്രമണത്തിനുപിന്നാലെ യുദ്ധകേന്ദ്രം ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയിലേക്കു മാറ്റുകയാണെന്ന് പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞിരുന്നു. പശ്ചിമേഷ്യയെ അസ്വസ്ഥമാക്കിക്കൊണ്ട് ഗാസയ്‌ക്കൊപ്പം ലെബനനും സമ്പൂര്‍ണയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതിയുണ്ടാക്കുന്നതാണ് ഗാലന്റിന്റെ പ്രസ്താവന.

വടക്കന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചതായി ഗാലന്റ് പറഞ്ഞു. വിവിധ യുദ്ധമുറകളില്‍ വിദഗ്ധരായ, ആയിരക്കണക്കിന് സൈനികരുള്ള 98-ാം ഡിവിഷനും കൂട്ടത്തിലുണ്ട്. ഹമാസിന്റെ ശക്തികേന്ദ്രമായ തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ നിര്‍ണായകമുന്നേറ്റം നടത്തിയത് ഈ സേനാവിഭാഗമാണ്. ഗാസയിലെ യുദ്ധത്തിന്റെ തീവ്രത കുറച്ച് അവിടെ വിന്യസിച്ചിരിക്കുന്ന കൂടുതല്‍ സേനാംഗങ്ങളെ വടക്കന്‍ അതിര്‍ത്തിയിലേക്ക് എത്തിക്കാനും പദ്ധതിയുണ്ട്.

ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയുമായി 11 മാസമായിത്തുടരുന്ന സംഘര്‍ഷത്തിനിടെ വടക്കന്‍ അതിര്‍ത്തിയില്‍നിന്ന് പലായനംചെയ്ത പതിനായിരക്കണക്കിന് ഇസ്രയേലുകാരെ അവരുടെ വീടുകളിലേക്ക് തിരികെയെത്തിക്കുമെന്ന് ബുധനാഴ്ചത്തെ സുരക്ഷായോഗത്തിനുശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിജ്ഞചെയ്തു. ഹിസ്ബുള്ളയുമായുള്ള സംഘര്‍ഷം നയതന്ത്രശ്രമങ്ങളിലൂടെ പരിഹരിക്കണമെന്ന അന്താരാഷ്ട്രസമൂഹത്തിന്റെ ആവശ്യം ഇസ്രയേല്‍ തള്ളിക്കളഞ്ഞിരുന്നു.