ബെംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) 2011ൽ വിക്ഷേപിച്ച ഉപഗ്രഹം നിയന്ത്രണവിധേയമായി തിരിച്ചിറക്കുന്നത് നിർണ്ണായകം. മറ്റു പല രാജ്യങ്ങളും ഉപഗ്രഹങ്ങൾ തിരിച്ചിറക്കിയിട്ടുണ്ടെങ്കിലും പലതും ആ രീതിയിൽ രൂപകൽപന ചെയ്തവയാണ്. മേഘാ ട്രോപിക്‌സ്1 അങ്ങനെയല്ലെന്നതാണ് ഇപ്പോഴത്തെ ദൗത്യത്തിന്റെ വെല്ലുവിളി. ബഹിരാകാശ മാലിന്യം വലിയ പ്രതിസന്ധിയാകുന്ന സാഹചര്യത്തിലാണ് ഉപഗ്രഹം തിരിച്ചിറക്കുന്നത്. അതുകൊണ്ട് തന്നെ തിരിച്ചിറക്കാൻ കഴിഞ്ഞാൽ അത് വലിയൊരു നേട്ടമായി മാറും.

2011 ഒക്ടോബർ 12നു വിക്ഷേപിച്ച മേഘാ ട്രോപിക്‌സ്1 എന്ന കാലാവസ്ഥാപഠന ഉപഗ്രഹമാണ് വൈകിട്ട് 4.30 നും 7.30 നും ഇടയ്ക്കു പസിഫിക് സമുദ്രത്തിലെ നിശ്ചിത മേഖലയിൽ പതിക്കുക. തെക്കേ അമേരിക്കയിൽ പെറുവിന്റെ തലസ്ഥാനമായ ലിമയിൽനിന്ന് ഏകദേശം 3800 കിലോമീറ്റർ അകലെയാണിത്. കാലഹരണപ്പെട്ട ഉപഗ്രഹത്തിൽ 125 കിലോഗ്രാം ഇന്ധനം ബാക്കിയുണ്ട്. നിലവിൽ 870 കിലോമീറ്റർ ഭ്രമണപഥത്തിലുള്ള ഉപഗ്രഹം 300 കിലോമീറ്റർ ഭ്രമണപഥത്തിലേക്കു താഴ്‌ത്തിയശേഷം പലതവണ ഭൂമിയെച്ചുറ്റി ഇന്ധനത്തിന്റെ അളവ് കുറയ്ക്കും. ഇതിനു പറ്റിയില്ലെങ്കിൽ താഴ്ന്ന ഭ്രമണപഥത്തിൽ നിലനിർത്തും.

തിരിച്ചിറക്കൽ വിജയമായില്ലെങ്കിൽ ഇതു 100 വർഷമെങ്കിലും ഇപ്പോഴത്തെ ഭ്രമണപഥത്തിൽ തുടരും. ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സിഎൻഇഎസുമായി ചേർന്നു വിക്ഷേപിച്ചതാണ് മേഘ ട്രോപിക്‌സ്1. കഴിഞ്ഞവർഷം നിയന്ത്രണവിധേയമല്ലാത്ത രീതിയിൽ ഇസ്‌റോയുടെ റിസാറ്റ് 2 ഉപഗ്രഹം തിരിച്ചിറങ്ങിയിരുന്നു. കാലാവസ്ഥാ പഠനങ്ങൾക്കായി 2011 ഒക്ടോബർ 12ന് ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ ഗവേഷണകേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ച ഉപഗ്രഹമാണ് 1000 കിലോ ഗ്രാം ഭാരമുള്ള മേഘ-ട്രോപിക്‌സ്.

മൺസൂണിനെ കുറിച്ചു കൂടുതൽ രഹസ്യങ്ങൾ ചുരുൾ നിവർക്കാൻ മേഘ സഹായിച്ചിരുന്നു. മഴ ,മേഘം,അന്തരീക്ഷത്തിലെ ഈർപ്പം എന്നിവയെ കുറിച്ചുള്ള വിശദമായ പഠനങ്ങളിലൂടെ കാലാവസ്ഥാ പ്രവചനം കൂടുതൽ ഫലപ്രദമാക്കി ഈ ഉപഗ്രഹം .ചുഴലിക്കൊടുംകാറ്റിന്റെയും മറ്റും സാധ്യതയും പ്രവചിക്കാനും കഴിഞ്ഞു.