ശ്രീഹരിക്കോട്ട: പുതുവത്സരദിനത്തിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ)യുടെ അഭിമാന വിക്ഷേപണ വിജയം. പോളാർ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിളി (പി.എസ്.എൽ.വി) ന്റെ അറുപതാമത് വിക്ഷേപണം തിങ്കളാഴ്ച വിജയകരമായി നടന്നു. 1993 സെപ്റ്റംബറിലായിരുന്നു പി.എസ്.എൽ.വിയുടെ ആദ്യവിക്ഷേപണം. 59 വിക്ഷേപണങ്ങളിലൂടെ പി.എസ്.എൽ.വി. 345 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്.

ശീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് രാവിലെ 9.10 നാണ്, 'എക്‌സ്‌പോസാറ്റ്' അഥവാ 'എക്‌സ്‌റേ പോളാരിമീറ്റർ സാറ്റലൈറ്റി'നെയും വഹിച്ചുകൊണ്ട് പി.എസ്.എൽ.വി. സി 58 റോക്കറ്റ് കുതിച്ചുയർന്നു. സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു വിക്ഷേപണം. അതിനിർണ്ണായക പഠന വിക്ഷേപണമാണ് വിജയമാകുന്നത്. ബഹിരാകാശത്തെ എക്‌സ്‌റേ തരംഗങ്ങളെ നിരീക്ഷിക്കുക വഴി, തമോഗർത്തങ്ങൾ (ബ്ലാക്ക് ഹോൾ), ന്യൂട്രോൺ താരങ്ങൾ തുടങ്ങിയവയെ കുറിച്ച് പഠിക്കുകയാണ് എക്സ്പോസാറ്റിന്റെ ലക്ഷ്യം.

ബഹിരാകാശത്തെ എക്‌സ്‌റേ തരംഗങ്ങളുടെ ധ്രുവണത്തെ (പോളറൈസേഷൻ) കുറിച്ച് പഠിക്കാൻ ഇന്ത്യ അയക്കുന്ന ആദ്യ ഉപഗ്രഹമാണ് എക്‌സ്‌പോസാറ്റ്. ഭൂമിയിൽനിന്ന് 650 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എക്‌സ്‌പോസാറ്റിനെ പി.എസ്.എൽ.വി. സി. 58 സുരക്ഷിതമായി എത്തിച്ചു. തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ്. വനിതാ എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥിനികൾ നിർമ്മിച്ച 'വിസാറ്റ്' ഉൾപ്പെടെ പത്തു ചെറുഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. ബഹിരാകാശത്തുനിന്നുള്ള അൾട്രാ വയലറ്റ് രശ്മികൾ കേരളത്തിന്റെ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു എന്നാതാണ് വിസാറ്റ് പഠിക്കുക.

വനിതകളുടെ മാത്രം പങ്കാളിത്തത്തോടെ ഒരു സാറ്റലൈറ്റ് വിക്ഷേപണമാണ് വി സാറ്റിലൂടെ യാഥാർത്ഥ്യമാകുന്നത്. തിരുവനന്തപുരം എൽ ബി എസ് വനിതാ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിനികളും അദ്ധ്യാപകരും ചേർന്ന് സ്വന്തമായി നിർമ്മിച്ച വിമൺ എൻജിനീയേർഡ് സാറ്റലൈറ്റ് ''വിസാറ്റ്'' ചരിത്രത്തിലേക്കാണ് ഉയർന്നത്. അസി.പ്രൊഫസർ ഡോ.ലിസി എബ്രഹാമിന്റെ നേതൃത്വത്തിൽ കോളേജിലെ സ്‌പെയ്‌സ് ക്ലബ്ബിൽ അംഗങ്ങളായ വിദ്യാർത്ഥിനികളുടെ മൂന്നുവർഷത്തെ നിരന്തര അധ്വാനത്തിന്റെ ഫലമാണ് ഈ അഭിമാന നേട്ടം.

ക്യാമ്പസ്സിൽ വച്ചായിരുന്നു പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണം. പിന്നീട് വിക്രം സാരാഭായി സ്പേസ് സെന്ററിൽ നിർമ്മാണം പൂർത്തീകരിച്ചു. ഹിരാകാശത്തിലെയും അന്തരീക്ഷത്തിലെയും അൾട്രാവയലറ്റ് രശ്മികളുടെ തീവ്രത അളക്കുകയും അത്തരം വികിരണങ്ങൾ കേരളത്തിന്റെ ഉഷ്ണതരംഗത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് മനസ്സിലാക്കുകയുമാണ് സാറ്റലൈറ്റിന്റെ ദൗത്യം. വിവരങ്ങൾ വിലയിരുത്തി നിഗമനങ്ങളിൽ എത്താൻ ക്യാമ്പസിൽ ഗ്രൗണ്ട് സ്റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്.

വിദ്യാർത്ഥികൾ നിർമ്മിക്കുന്ന കേരളത്തിലെ ആദ്യത്തെ ഉപഗ്രഹം എന്ന വിശേഷണത്തിന് പുറമെ പൂർണമായും വനിതകളുടെ മേൽനോട്ടത്തിൽ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ സാറ്റലൈറ്റായ വിസാറ്റ് ലോകത്തിനു മുന്നിൽ മറ്റൊരു മാതൃക തീർക്കുകയാണ്.