തിരുവനന്തപുരം : ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി തുടര്‍ച്ചയായി പരാജയപ്പെടുന്നതില്‍ അസ്വാഭാവികതയുണ്ടെന്ന വിലയിരുത്തലില്‍ കേന്ദ്ര സര്‍ക്കാര്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരിട്ട് തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചതോടെ സംഭവത്തില്‍ അട്ടിമറി സാധ്യതകളുണ്ടോ എന്ന ഗൗരവമായ അന്വേഷണത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

പരാജയങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു ഉന്നതതല ദേശീയ സമിതിയെ ഉടന്‍ നിയോഗിച്ചേക്കും. അട്ടമറിയില്ലെന്ന പ്രാഥമിക വിലയിരുത്തലാണ് ഡോവലിന്റേത്. അപ്പോഴും പഴുതുകള്‍ ഉണ്ടോ എ്ന്ന് ഉറപ്പിക്കണമെന്നാണ് ഡോവല്‍ ശുപാര്‍ശ ചെയ്യത്. ഈ സാഹചര്യത്തിലാണ് ദേശീയ സമിതി വരുന്നത്. അന്വേഷണം നിര്‍മ്മാണ ഘട്ടത്തിലേക്ക് മുന്‍ ചെയര്‍മാന്‍ ഡോ. കെ. ശിവന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര സമിതി നിലവില്‍ അന്വേഷണം നടത്തുന്നുണ്ടെങ്കിലും പുറത്തുനിന്നുള്ള വിദഗ്ധരടങ്ങുന്ന സമിതിയുടെ പരിശോധനയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. പി.എസ്.എല്‍.വിയുടെ രൂപകല്പനയിലോ സാങ്കേതിക വിദ്യയിലോ തകരാറില്ലെന്ന് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, വി.എസ്.എസ്.സിയില്‍ നടക്കുന്ന നിര്‍മ്മാണ ഘട്ടത്തിലാണ് പിഴവുകള്‍ സംഭവിക്കുന്നത്.

2025 മേയ് 18-ലെ പി.എസ്.എല്‍.വി സി-61 പരാജയത്തിന് കാരണം മൂന്നാം ഘട്ടത്തിലെ മോട്ടോര്‍ പ്രഷര്‍ കുറഞ്ഞതാണ്. 2026 ജനുവരി 12-ലെ വിക്ഷേപണത്തിലും സമാനമായ രീതിയില്‍ മൂന്നാം ഘട്ടത്തിലാണ് റോക്കറ്റ് നിയന്ത്രണം വിട്ടത്. തുടര്‍ച്ചയായി ഒരേ ഘട്ടത്തില്‍ പിഴവ് സംഭവിക്കുന്നത് ഗുണനിലവാര പരിശോധനയിലെ വീഴ്ചയോ മനഃപൂര്‍വ്വമായ ഇടപെടലോ ആകാമെന്നാണ് നിഗമനം. ഗഗന്‍യാന്‍ പോലുള്ള നിര്‍ണ്ണായക ദൗത്യങ്ങള്‍ തൊട്ടടുത്തെത്തി നില്‍ക്കെ ഇത്തരം വീഴ്ചകള്‍ രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെ ബാധിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം

ഡോവലിന്റെ സന്ദര്‍ശനം നിര്‍ണ്ണായകം കഴിഞ്ഞ ദിവസം അതീവ രഹസ്യമായി വി.എസ്.എസ്.സിയിലെത്തിയ അജിത് ഡോവല്‍ ശാസ്ത്രജ്ഞരുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തി. വിക്ഷേപണ വാഹന നിര്‍മ്മാണത്തിന് നല്‍കുന്ന കരാറുകളും പുറത്തുനിന്നുള്ള ഏജന്‍സികളുടെ ഇടപെടലുകളും അദ്ദേഹം പരിശോധിച്ചതായാണ് വിവരം. ആദ്യ പരാജയം അന്വേഷിച്ച റിപ്പോര്‍ട്ടില്‍ വ്യക്തത കുറവുണ്ടെന്ന ആക്ഷേപവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് വിശദ അന്വേഷണം.

വിക്ഷേപണങ്ങള്‍ മാറ്റമില്ലാതെ തുടരും പരാജയങ്ങള്‍ക്കിടയിലും ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിക്ഷേപണങ്ങള്‍ തടസ്സപ്പെടില്ല. ഈ വര്‍ഷം 18 വിക്ഷേപണങ്ങള്‍ക്കുള്ള കരാറുകള്‍ നിലവിലുണ്ട്. ജപ്പാന്‍, ഫ്രാന്‍സ്, യു.എസ് എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങളും ഗുണനിലവാര പരിശോധനയും കര്‍ശനമാക്കിയ ശേഷം മാത്രമേ ഇനി പി.എസ്.എല്‍.വി കുതിച്ചുയരൂ.

ഇന്ത്യയുടെ 'റിയല്‍ ലൈഫ്' ജെയിംസ് ബോണ്ട്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അതീവ രഹസ്യമായി തിരുവനന്തപുരത്തെത്തി മടങ്ങുകയായിരുന്നു. ഐഎസ്ആര്‍ഒയുടെ അഭിമാനമായ പിഎസ്എല്‍വി റോക്കറ്റുകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന പശ്ചാത്തലത്തിലായിരുന്നു ഡോവലിന്റെ ഈ 'സര്‍ജിക്കല്‍ സന്ദര്‍ശനം'. നിലവില്‍ തിയേറ്ററുകളില്‍ തരംഗമായ 'ദുരന്തര്‍' സിനിമയിലെ പ്രധാന കഥാപാത്രത്തിന് പ്രചോദനമായ അതേ ഡോവല്‍ തന്നെ നഗരത്തിലെത്തിയത് കേരളാ പോലീസിനെ പോലും അറിയിക്കാതെയായിരുന്നു.

ജനുവരി 22-നായിരുന്നു ഈ മിന്നല്‍ സന്ദര്‍ശനം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പങ്കുവെച്ച ഫോട്ടോയില്‍ നിന്നാണ് ഡോവല്‍ കേരളത്തിലെത്തിയെന്ന സൂചന പുറത്തുവന്നത്. സാധാരണഗതിയില്‍ ഔദ്യോഗിക വിമാനങ്ങളില്‍ സഞ്ചരിക്കുന്ന അദ്ദേഹം, സാധാരണ യാത്രക്കാരനായി ഇന്‍ഡിഗോ വിമാനത്തിലാണ് ഡല്‍ഹിയില്‍ നിന്നെത്തിയത്. രണ്ടുദിവസത്തോളം തിരുവനന്തപുരത്ത് തങ്ങിയ അദ്ദേഹം ആറോളം നിര്‍ണ്ണായക യോഗങ്ങളില്‍ പങ്കെടുത്തു. പിന്നീട് റോഡ് മാര്‍ഗ്ഗം കന്യാകുമാരിയിലേക്ക് പോയ അദ്ദേഹം അവിടെനിന്നാണ് മടങ്ങിയത്.

സന്ദര്‍ശനത്തെക്കുറിച്ച് ഐഎസ്ആര്‍ഒ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ഡോവലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഎസ്എസ്സിയില്‍ വലിയ രീതിയിലുള്ള സുരക്ഷാ ശുദ്ധീകരണത്തിന് കേന്ദ്രം തയ്യാറെടുക്കുന്നതായാണ് വിവരം.