ന്യൂഡല്‍ഹി: മറിയം റഷീദയെ കടന്നുപിടിച്ചപ്പോള്‍ ചെറുത്തതിന്റെ വൈരാഗ്യത്തിലാണ് ഐ.എസ്.ആര്‍.ഒ. ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സി ബി ഐയുടെ കുറ്റപത്രം. മുന്‍ സിഐ എസ്. വിജയനെതിരെ കുറ്റപത്രത്തില്‍ രൂക്ഷ വിമര്‍ശനമാണുള്ളത്. സ്പെഷ്യല്‍ ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന എസ്. വിജയന്‍ ഹോട്ടല്‍ റെയ്ഡ് ചെയ്യുന്നതിനിടെയാണ് മറിയം റഷീദയെ കാണുന്നത്. മറിയം റഷീദയുടെ എയര്‍ ടിക്കറ്റും പാസ്പോര്‍ട്ടും പിടിച്ചു വച്ച ശേഷം കേസ് എടുത്തു. ഹോട്ടല്‍ മുറിയില്‍ വച്ച് എസ്. വിജയന്‍ മറിയം റഷീദയെ കടന്നു പിടിക്കാന്‍ ശ്രമിച്ചെന്നും അത് എതിര്‍ത്തതിനാലാണ് ചാരവൃത്തി ആരോപിച്ചു കേസെടുത്തതെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നത്.

ചാരക്കേസ് അന്വേഷിക്കാന്‍ വിജയനെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് സഹപ്രവര്‍ത്തകനായ സുരേഷ് ബാബു മൊഴി നല്‍കിയിട്ടുണ്ട്. നമ്പി നാരായണന് ക്രൂരമായി മര്‍ദനം ഏറ്റിരുന്നു. കേരള പോലീസ് മുന്‍ ഡിവൈ.എസ്.പി. കെ.കെ. ജോഷ്വായാണ് ആശുപത്രിയില്‍ എത്തിക്കാനുള്ള സംവിധാനമൊരുക്കിയത്. ഇനിയും മര്‍ദിച്ചിരുന്നെങ്കില്‍ മരിക്കുമായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നതായും ശ്രീകൃഷ്ണ ഹോസ്പിറ്റല്‍ ഉടമ വി.സുകുമാരന്‍ പറഞ്ഞതായും കുറ്റപത്രത്തിലുണ്ട് കമ്മിഷണര്‍ ആര്‍. രാജീവനും ആര്‍.ബി. ശ്രീകുമാറും നിര്‍ദേശം നല്‍കിയിട്ടാണ് നമ്പി നാരായണനെ പ്രതിയാക്കിയത്. ചാര പ്രവര്‍ത്തനം നടത്തിയതിന് തെളിവില്ലെന്നും മുന്‍ ഐ.ബി. അസി. ഡയറക്ടര്‍ വിനോദ് കുമാര്‍ മൊഴി നല്‍കി.

രണ്ട് ആഴ്ച മുമ്പാണ് മുന്‍ ഡി.ജി.പി. സിബി മാത്യൂസ് അടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ പ്രതികളായ കുറ്റപത്രം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. മറിയം റഷീദ ആദ്യം അറസ്റ്റിലായതിന്റെ പിറ്റേന്ന് മുതല്‍ വാര്‍ത്തകള്‍ വന്നു തുടങ്ങിയിരുന്നു. ചാരക്കേസ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് വിജയനാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ മൊഴി നല്‍കിയിട്ടുണ്ട്.
കോടതി വീണ്ടും കസ്റ്റഡി നല്‍കാത്തത് കൊണ്ടാണ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്. കമ്മിഷണര്‍ ആര്‍. രാജീവനും മുന്‍ ഗുജറാത്ത് ഡി.ജി.പി.യും ഐ.ബി.യുടെ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന ആര്‍.ബി. ശ്രീകുമാറുമാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. സി.ഐ. ആയിരുന്ന എസ്. വിജയന്റെ സൃഷ്ടിയായിരുന്നു ചാരക്കേസെന്നും സി.ബി.ഐ പറയുന്നു.

കേസിലെ മുന്‍ അന്വേഷണം ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്തു കൊണ്ടാണ് കുറ്റപത്രം സിബിഐ തയ്യാറാക്കിയിരിക്കുന്നത്. നമ്പി നാരായണനെ സിബി മാത്യൂസ് ചാരക്കേസില്‍ പ്രതിയാക്കിയത് തെളിവില്ലാതെയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്ന പ്രധാന കാര്യം. മുന്‍ ഐ.ബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് കസ്റ്റഡിയില്‍ വെച്ച് നമ്പി നാരായണനെ ക്രൂരമായി മര്‍ദിച്ചു. മറിയം റഷീദക്കെതിരെ വഞ്ചിയൂര്‍ സ്റ്റേഷനില്‍ തെളിവുകളില്ലാതെ കേസെടുപ്പിച്ചു. മറിയം റഷീദയെ അന്യായ തടങ്കലില്‍ വയ്ക്കുകയും ഐ.ബിയെ ചോദ്യം ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. കുറ്റസമ്മതം നടത്താനായി മറിയം റഷീദയെ കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ചു.

എസ്.ഐ.ടി കസ്റ്റഡിയിലുള്ളപ്പോള്‍ പോലും ഐ.ബി ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി ചോദ്യം ചെയ്തു. പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് കസ്റ്റഡിയില്‍ ചികിത്സ നല്‍കിയ കാര്യം രേഖകളില്‍ ഇല്ല. വ്യാജ രേഖകള്‍ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിഐ കെ കെ ജോഷ്വയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ചാരവൃത്തി നടത്തിയെന്ന് എഴുതി ചേര്‍ത്ത കേസില്‍ ഒരു തെളിവുമില്ല. പ്രതി ചേര്‍ത്തവരുടെ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്തിയതുമില്ല. ബോസായ സിബി മാത്യൂസിന് വേണ്ടി ജോഷ്വ കൃത്രിമരേഖയുണ്ടാക്കിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

മുന്‍ പൊലീസ് ഉദ്യോഗസ്ഥരും ഐ.ബി ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം നല്‍കിയിരുന്നത്. മുന്‍ ഡി.ജി.പി സിബി മാത്യൂസ്, മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍, മുന്‍ എസ്.പി എസ്. വിജയന്‍, സി.ഐ കെ.കെ. ജോഷ്വാ, മുന്‍ ഐ.ബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് എന്നിവരാണ് പ്രതികള്‍. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, തടഞ്ഞുവെക്കല്‍, മര്‍ദനം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.