- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുഷ്പക് അഭിമാനമാകുമ്പോൾ; ഇസ്രോയ്ക്ക് കൈയടിക്കാം
ചിത്രദുർഗ്ഗ: ഐഎസ്ആർഒ നിർമ്മിക്കുന്ന പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ അവസാന ലാൻഡിങ് പരീക്ഷണവും (ആർഎൽവി ലെക്‌സ്02) വിജയം. 'പുഷ്പക്' എന്നു പേരിട്ട ആർഎൽവിയുടെ (റീയൂസബിൾ ലോഞ്ച് വെഹിക്കിൾ) കൂടുതൽ സങ്കീർണമായ മൂന്നാം ലാൻഡിങ് പരീക്ഷണം (ലെക്‌സ്02) രാവിലെ 7.10 ന് കർണാടകയിലെ ചിത്രദുർഗ എയ്‌റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലാണ് (എടിആർ) നടന്നത്. പേടകം സ്വയം ദിശയും വേഗതയും നിയന്ത്രിച്ച് റൺവേയിൽ ഇറങ്ങിയെന്നതാണ് വസ്തുത.
ബഹിരാകാശത്തേക്ക് പോയി വരാൻ ഉപയോഗിക്കാവുന്നതാണ് പുഷ്പക് വാഹനം. മൂന്നാം പരീക്ഷണവും വിജയിച്ചതോടെ ഭ്രമണപഥത്തിൽ പോയി തിരികെയെത്തുന്ന പരീക്ഷണങ്ങളിലേക്കു കടക്കും. പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ (റീയൂസബിൾ ലോഞ്ച് വെഹിക്കിൾ) ആദ്യ രണ്ടു പരീക്ഷണങ്ങളും വിജയകരമായിരുന്നു. അടുത്ത ഘട്ടം ബഹിരാകാശത്തു പോയി മടങ്ങിയെത്തുന്ന വാഹനത്തെ (ഓർബിറ്റൽ റീ എൻട്രി വെഹിക്കിൾ ഒആർവി) ഭൂമിയിലിറക്കുന്ന പരീക്ഷണങ്ങളാണ്. വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാവുന്ന വാഹനം എന്ന പേര് നിലനിർത്തി, ആദ്യതവണ മുതൽ ഒരേ വാഹനം തന്നെയാണ് ലാൻഡിങ് പരീക്ഷണത്തിന് ഉപയോഗിച്ചത്.
വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററിലാണ് 'പുഷ്പക്' എന്നു പേരിട്ടിരിക്കുന്ന ആർഎൽവിയെ ലാൻഡിങ് പരീക്ഷണം തുടങ്ങുന്ന അന്തരീക്ഷത്തിലേക്കു കൊണ്ടു പോയത്. തുടർന്ന്, തറനിരപ്പിൽ നിന്ന് 4.5 കിലോമീറ്റർ ഉയരത്തിലും ഇറങ്ങേണ്ട റൺവേയിൽ നിന്ന് 4 കിലോമീറ്റർ ദൂരത്തിലും ആർഎൽവിയെ ഹെലികോപ്റ്റർ വിട്ടയച്ചു. അവിടെ നിന്ന് 500 മീറ്റർ ദൂരം മാറി സഞ്ചരിച്ച് ആർഎൽവി റൺവേയിലേക്ക് നേരിട്ട് ഇറങ്ങാവുന്ന ദിശയിലേക്കെത്തി. ദിശ കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന പുതിയ ദിശാ സൂചക (ഗൈഡൻസ്) ആൽഗരിതം വിക്രം സാരാഭായ് സ്‌പേസ് സെന്റർ വികസിപ്പിച്ചിരുന്നു. ഇത് വിജയകരമായി മാറി.
ജെ.മുത്തു പാണ്ഡ്യനാണ് മിഷൻ ഡയറക്ടർ. വെഹിക്കിൾ ഡയറക്ടർ ബി.കാർത്തിക്. ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്, വി എസ്എസ്സി ഡയറക്ടർ ഡോ.എസ്.ഉണ്ണികൃഷ്ണൻ നായർ എന്നിവർ ദൗത്യം നിറവേറ്റിയ ടീമിനെ അഭിനന്ദിച്ചു. റീയൂസബിൾ ലോഞ്ച് വെഹിക്കിൾ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ഐഎസ്ആർഒയുടെ ശ്രമങ്ങളുടെ വലിയ മുന്നേറ്റമാണിത്. ഗതിനിർണയ സംവിധാനങ്ങൾ, നിയന്ത്രണ സംവിധാനങ്ങൾ, ലാന്റിങ് ഗിയർ ഉൾപ്പടെ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യകളുടെ കാര്യക്ഷമത വീണ്ടും ഈ പരീക്ഷണദൗത്യത്തിലൂടെ ഐഎസ്ആർഒ പരിശോധിച്ചു.
വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രവും, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റും, ഐഎസ്ആർഓ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റും ചേർന്നാണ് ഈ പരീക്ഷണ ദൗത്യം സംഘടിപ്പിച്ചത്. വ്യോമസേനയുൾപ്പടെ വിവിധ ഏജൻസികളും ദൗത്യത്തിന് പിന്തുണ നൽകി. നിലവിൽ നമ്മുടെ ബഹിരാകാശ വിക്ഷേപണ വാഹനങ്ങൾ ഒരുതവണ ഉപയോഗിക്കാനാവുന്നതാണ്. വീണ്ടും ഉപയോഗിക്കാനാവുന്ന വിക്ഷേപണ വാഹനം യാഥാർഥ്യമാകുന്നതോടെ ചെലവ് വൻതോതിൽ കുറയും. കൂടുതൽ ദൗത്യങ്ങൾ സാധ്യമാകും. വിമാനത്തിന്റെ ചട്ടക്കൂട്, നോസ് ക്യാപ്പ്, ഇരട്ട ഡെൽറ്റാ ചിറകുകൾ, ഇരട്ട വാലുകൾ എന്നിവ ഉൾപ്പെടുന്നതാണ് റീയൂസബിൾ ലോഞ്ച് വെഹിക്കിൾ-ടെക്നോളജി ഡെമോൺസ്ട്രേഷൻ (ആർ.എൽ.വി.-ടി.ഡി.).
പുനരുപയോഗിക്കാവുന്ന വിക്ഷേപണവാഹനം അതിവേഗം യാഥാർഥ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. വിക്ഷേപണ വാഹനത്തിന് പരീക്ഷണ വാഹനത്തെക്കാൾ അഞ്ചിരട്ടിയോളം വലുപ്പമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ശബ്ദത്തെക്കാൾ 25 മടങ്ങ് വേഗമാണ് ഈ വാഹനത്തിന് പ്രതീക്ഷിക്കുന്നത്.