- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ഐ എസ് ആർ ഒ സജ്ജം; രാജ്യത്തിന് അഭിമാനമായി ബഹിരാകാശ ദൗത്യത്തിൽ പുതിയ നേട്ടം; എസ് എസ് എൽ വി ഡി-2 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു; ആസാദി സാറ്റ് അടക്കം ഭ്രമണപഥത്തിൽ; ചെറു ഉപഗ്രഹങ്ങൾ ഇനി കുറഞ്ഞ ചെലവിൽ ഇന്ത്യയ്ക്ക് ബഹിരാകാശത്തേക്ക് എത്തിക്കാം; ഇസ്രോയുടേത് സമാനതകളില്ലാത്ത നേട്ടം
ചെന്നൈ: ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിന് മറ്റൊരു വിജയം. ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ഐ.എസ്.ആർ.ഒ. രൂപകല്പന ചെയ്ത സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്.എസ്.എൽ.വി.-ഡി 2 )രണ്ടാം വിക്ഷേപണം വിജയകരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥിനികൾ നിർമ്മിച്ച ആസാദി സാറ്റ്-2 ഉൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങളാണ് ഭൂമിയോട് അടുത്ത ഭ്രമണപഥത്തിൽ എത്തിച്ചത്. ഭൗമനിരീക്ഷണമാണ് ഉപഗ്രങ്ങളുടെ ലക്ഷ്യം.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽനടന്ന ആദ്യ എസ്.എസ്.എൽ.വി. വിക്ഷേപണം പരാജയമായിരുന്നു. റോക്കറ്റിന്റെ മൂന്നുഘട്ടങ്ങളും ശരിയായി പ്രവർത്തിച്ചെങ്കിലും ഉപഗ്രഹങ്ങളെ നിശ്ചിത ഭ്രമണപഥത്തിലെത്തിക്കാൻ കഴിഞ്ഞില്ല. പിഴവുകൾ കണ്ടെത്തി പരിഹരിച്ചാണ് രണ്ടാമത്തെ വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്സ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 9.18-നാണ് വിക്ഷേപണം നടന്നത്. അതിന് ആറരമണിക്കൂർമുമ്പ് കൗണ്ട് ഡൗൺ തുടങ്ങിയിരുന്നു. വിക്ഷേപിച്ച് മിനിറ്റുകൾക്കുള്ളിൽ വിജയം കണ്ടു.
ഐ.എസ്.ആർ.ഒ. നിർമ്മിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-07, അമേരിക്കയിലെ അന്റാരിസ് നിർമ്മിച്ച ജാനസ് വൺ, ചെന്നൈയിലെ സ്‌പെയ്സ് കിഡ്സിന്റെ ആസാദി സാറ്റ്-2 എന്നിവയെയാണ് എസ്.എസ്.എൽ.വി. വഹിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ 75 സർക്കാർ സ്‌കൂളുകളിൽനിന്നുള്ള 750 പെൺകുട്ടികളുടെ കൂട്ടായ്മയിലാണ് ആസാദി സാറ്റ് നിർമ്മിച്ചത്. വിദ്യാർത്ഥിനികൾ രൂപകല്പനചെയ്ത ഉപകരണങ്ങൾ ഇണക്കിയെടുത്ത് ഉപഗ്രഹത്തിൽ ഘടിപ്പിച്ചത് ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പെയ്സ് കിഡ്സ് ഇന്ത്യയാണ്. ഭാരം കുറഞ്ഞ ഈ മൂന്ന് ഉപഗ്രഹങ്ങളെ 450 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിലെത്തിക്കുന്നതിന് എസ്.എസ്.എൽ.വി.ക്ക് പതിനഞ്ചു മിന്നിറ്റിൽ താഴെയാണ് വേണ്ടി വന്നത്.
എസ്.എസ്.എൽ.വി.കൂടി വന്നതോടെ ഐ.എസ്.ആർ.ഒ.യുടെ വിക്ഷേപണവാഹനങ്ങളുടെ എണ്ണം മൂന്നായി. പി.എസ്.എൽ.വി.യും ജി.എസ്.എൽ.വി.യുമാണ് നിലവിലുള്ള വിക്ഷേപണവാഹനങ്ങൾ. രണ്ടുമീറ്റർ വ്യാസവും 34 മീറ്റർ ഉയരവുമുള്ള എസ്.എസ്.എൽ.വി.ക്ക് 120 ടൺ ഭാരമുണ്ട്. 56 കോടി രൂപയാണ് നിർമ്മാണച്ചെലവ്. നിർമ്മാണസമയവും വിക്ഷേപണച്ചെലവും വളരെ കുറവാണെന്നതാണ് വാണിജ്യാവശ്യത്തിന് ഉപയോഗിക്കാവുന്ന എസ്.എസ്.എൽ.വി.യുടെ സവിശേഷത. ഇത് ഐ എസ് ആർ ഒയ്ക്ക് ഭാവിയിൽ വലിയ നേട്ടമായി മാറും. വാണിജ്യമുന്നേറ്റവും സാധ്യമാകും.
രണ്ടാമത്തെ ആസാദി സാറ്റിന്റെ നിർമ്മാണത്തിൽ കേരളത്തിൽനിന്ന് അഴീക്കോട് കെ.എം. സീതി സാഹിബ് മെമോറിയൽ ഹൈസ്‌കൂളും കണ്ണൂർ കോളയാട് സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്‌കൂളും പങ്കാളികളാണ്. സീതി സാഹിബ് സ്‌കൂളിലെ കുട്ടികൾ വിക്ഷേപണം കാണാനെത്തുന്നുണ്ട്. ഓഗസ്റ്റിൽ വിക്ഷേപിച്ച ആസാദി സാറ്റ് ഒന്നിന്റെ നിർമ്മാണത്തിൽ കോളയാട് സ്‌കൂളും മലപ്പുറം മങ്കട ചേരിയം ഗവ. ഹൈസ്‌കൂളുമാണ് കേരളത്തിൽനിന്ന് പങ്കെടുത്തത്. കോളയാട് സ്‌കൂളിലെ കുട്ടികളും വിക്ഷേപണം കാണാനെത്തി.
2022 ഓഗസ്റ്റ് ഏഴിന് നടന്ന എസ്.എസ്.എൽ.വിയുടെ ആദ്യ ദൗത്യം സാങ്കേതിക തകരാറിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു. വിക്ഷേപണത്തിന്റെ ആദ്യ മൂന്ന് ഘട്ടങ്ങൾ വിജയകരമായിരുന്നെങ്കിലും സിഗ്‌നൽ നഷ്ടപ്പെടുകയായിരുന്നു. ഇത്തവണ അതൊന്നും സംഭവിച്ചില്ല. പി.എസ്.എൽ.വി, ജി.എസ്.എൽ.വി ദൗത്യങ്ങൾക്കു ശേഷമാണ് പ്രഥമ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് നിർമ്മിക്കുന്നത്. ഉപഗ്രഹങ്ങൾ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ വിക്ഷേപിക്കാനായാണ് ഇവ ഉപയോഗിക്കുക. 10 മുതൽ 500 കിലോ വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങൾ ഭൂമിയുടെ 450 കിലോമീറ്റർ താഴെയുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ ഇതിനാകും.
എസ്.എസ്.എൽ.വിക്ക് 34 മീറ്റർ ആണ് നീളം. പി.എസ്.എൽ.വിയേക്കാൾ 10 മീറ്റർ കുറവ്. ചുറ്റളവ് രണ്ടു മീറ്ററാണ്. വാണിജ്യ ദൗത്യങ്ങളിൽ മുന്നേറ്റം ലക്ഷ്യമിട്ടാണ് പേടകം ഒരുക്കിയിരിക്കുന്നത്. മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കായതിനാൽ ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് എസ്.എസ്.എൽ.വിയെ തേടി ആവശ്യക്കാർ എത്തുമെന്നാണ് ഐ.എസ്.ആർ.ഒയുടെ വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ