- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമ വാർത്ത സ്വന്തം പോർട്ടലിൽനിന്നു നീക്കേണ്ടി വരില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽനിന്നു നീക്കം ചെയ്യപ്പെടുന്നത് ആ വാർത്ത റദ്ദാക്കപ്പെടുന്നതിനു തുല്യമാകും; സർക്കാർ വാർത്തകളിൽ സർക്കാർ ഏജൻസിയായ പിഐബി എങ്ങനെ നിഷ്പക്ഷമായ വസ്തുതാപരിശോധന നടത്തുമെന്നതും ചോദ്യം; ഐടി ചട്ടഭേദഗതി പിൻവലിക്കേണ്ടത് തന്നെ
ന്യൂഡൽഹി: ഐടി ചട്ടഭേദഗതി കടുത്ത എതിർപ്പുകൾക്കിടയിൽ വിജ്ഞാപനം ചെയ്യുമ്പോൾ ഉയരുന്നത് വ്യാപക പ്രതിഷേധം. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടുള്ള വാർത്തകളോ മറ്റ് ഉള്ളടക്കങ്ങളോ കേന്ദ്രം തന്നെ വ്യാജമെന്നു മുദ്രകുത്തിയാൽ സമൂഹമാധ്യമങ്ങളിൽനിന്ന് 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യേണ്ടി വരും. വാർത്ത സർക്കാരിനു ഹിതകരമല്ലെങ്കിൽ വ്യാജമെന്നു മുദ്രകുത്താം. കേന്ദ്രത്തിനെതിരെയുള്ള വാർത്തകളും വിമർശനങ്ങളും നീക്കം ചെയ്യാൻ ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടാമെന്നതാണ് വിലയിരുത്തൽ. സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കത്തിന്റെ വസ്തുതാപരിശോധനയ്ക്ക് പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് സർവാധികാരം നൽകാനുള്ള നീക്കം ജനാധിപത്യവിരുദ്ധവും സെൻസർഷിപ്പുമാണെന്നാണ് വിലയിരുത്തൽ.
കേന്ദ്രസർക്കാരിന്റെ വസ്തുതാപരിശോധന വിഭാഗം വ്യാജമെന്ന് മുദ്രകുത്തുന്ന വാർത്ത ഫേസ്‌ബുക്ക്, ട്വിറ്റർ, യുട്യൂബ്, ഗൂഗിൾ തുടങ്ങിയ ഇന്റർമീഡിയേറ്ററികളും എയർടെൽ, ജിയോ, വൊഡാഫോൺ-ഐ ഡിയ തുടങ്ങിയ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരും ഉടൻ നീക്കം ചെയ്യണമെന്നാണ് കേന്ദ്ര നിർദ്ദേശം. പ്രസ് ഇൻഫർമേഷൻ ബ്യൂറോയാകും (പിഐബി) ഇതിനുള്ള അധികാരം എന്ന തരത്തിലാണ് നേരത്തേ വാർത്ത വന്നിരുന്നത്.
എന്നാൽ, വ്യാഴാഴ്ച പുറത്തിറക്കിയ അന്തിമ വിജ്ഞാപനത്തിലാണ് സ്വയം നീക്കണമെന്ന വ്യവസ്ഥയുള്ളത്. പാലിക്കാത്ത കമ്പനികളുടെ 'സേഫ് ഹാർബർ പരിരക്ഷ' നഷ്ടമാകും. 2021ലെ ഐടി ചട്ടമാണ് ഇതിനായി ഭേദഗതി ചെയ്തത്. കേന്ദ്രസർക്കാരിന് എതിരെ വാർത്ത നൽകുന്ന ചുരുക്കം മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയും കൂടി കൂച്ചുവിലങ്ങിടാനാണ് തീരുമാനം. ശ്രേയാസിംഗാൾ (2015) കേസിലെ സുപ്രീംകോടതി വിധിക്ക് എതിരായ നടപടിയാണിതെന്ന വിമർശം ഉയർന്നു.
നീക്കം ഉപേക്ഷിക്കണമെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ, ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി (ഐഎൻഎസ്) അടക്കം ആവശ്യപ്പെട്ടിരുന്നതാണ്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്, സംസ്ഥാന തിരഞ്ഞെടുപ്പുകൾ എന്നിവയ്ക്കു മുന്നോടിയായുള്ള നീക്കം സർക്കാരിനെതിരെയുള്ള വിമർശനങ്ങളെ നിശ്ശബ്ദമാക്കാനാണെന്നാണ് ആക്ഷേപം. അശ്ലീലം, ആൾമാറാട്ടം അടക്കം 7 തരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള പരാതികളിൽ സമൂഹമാധ്യമ കമ്പനികൾ നടപടിയെടുക്കേണ്ട സമയം 72 മണിക്കൂറാണ്. 2021ലെ ഐടി ഇന്റർമീഡിയറി ചട്ടത്തിന്റെ ഭേദഗതിയിലൂടെ കേന്ദ്രം വ്യാജമെന്നു കണ്ടെത്തുന്ന വാർത്തകളും ഈ പട്ടികയിൽ ഉൾപ്പെടുത്തി.
ഇതാണ് വിമർശനങ്ങൾക്ക് കാരണം. സർക്കാർ സംബന്ധമായ വാർത്തകളുടെ വസ്തുതാപരിശോധനയ്ക്കായി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്ക് വിഭാഗത്തെ വൈകാതെ പ്രത്യേക വിജ്ഞാപനത്തിലൂടെ ചുമതലപ്പെടുത്തും. വ്യാജമെന്നു മുദ്രകുത്തിയ ഉള്ളടക്കത്തിനെതിരെ ഇന്റർമീഡിയറി കമ്പനിക്കു പരാതി ലഭിച്ചാൽ 72 മണിക്കൂറിനുള്ളിൽ ഇതു നീക്കേണ്ടി വരും. വാർത്ത വ്യാജമല്ലെന്നു പ്രസാധകർ അവകാശപ്പെടുകയും തർക്കവുമുണ്ടായാൽ വിഷയം കോടതിയിലേക്കു നീങ്ങും.
ഒരു മാധ്യമസ്ഥാപനത്തിന്റെ വാർത്ത സ്വന്തം പോർട്ടലിൽനിന്നു നീക്കേണ്ടി വരില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽനിന്നു നീക്കം ചെയ്യപ്പെടുന്നത് ആ വാർത്ത റദ്ദാക്കപ്പെടുന്നതിനു തുല്യമായി മാറും. സർക്കാർ വാർത്തകളിൽ സർക്കാരിന്റെ തന്നെ ഏജൻസിയായ പിഐബി എങ്ങനെ നിഷ്പക്ഷമായ വസ്തുതാപരിശോധന നടത്തുമെന്ന ആക്ഷേപവും ഉണ്ട്. ഐടി ചട്ടഭേദഗതി ഉടൻ പിൻവലിക്കണമെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ചട്ടഭേദഗതി ജനവിരുദ്ധവും സ്വാഭാവികനീതിക്ക് എതിരുമാണ്. കരടുചട്ടവുമായി ബന്ധപ്പെട്ടുനടത്താമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്ന കൂടിയാലോചനകൾ നടന്നിട്ടില്ലെന്നും എഡിറ്റേഴ്‌സ് ഗിൽഡ് ചൂണ്ടിക്കാട്ടി. സിപിഎമ്മും വിമർശനവുമായി രംഗത്തു വന്നു.
വ്യാജവാർത്ത നിയന്ത്രിക്കുക മാത്രമാണ് പുതിയ നടപടിയെന്ന് ഐടി, ഇലക്ട്രോണിക്സ് വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. മീഡിയാവൺ കേസിൽ മാധ്യമങ്ങൾക്ക് അനാവശ്യമായി കടിഞ്ഞാണിടാൻ നോക്കരുതെന്ന് സുപ്രീംകോടതി വിമർശിച്ച് ദിവസങ്ങൾക്കുള്ളിലാണ് സെൻസർഷിപ്പ് നീക്കം തുടങ്ങിയത്. ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കാനുള്ള ചില വ്യവസ്ഥയും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.
വ്യാജവാർത്ത നിയന്ത്രിക്കാനെന്ന പേരിലുള്ള ഐടി ചട്ടഭേദഗതി ഉടൻ പിൻവലിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. മാധ്യമങ്ങളെ സെൻസർഷിപ്പിന് വിധേയമാക്കുന്നതിന് തുല്യമാണിത്. വസ്തുത പരിശോധനാ വിഭാഗം വ്യാജമെന്ന് കണക്കാക്കുന്ന വാർത്ത ഇന്റർമീഡിയേറ്ററികളും ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരും നീക്കം ചെയ്യണമെന്നാണ് അറിയിപ്പ്. നിർദ്ദേശം അനുസരിച്ചില്ലെങ്കിൽ കമ്പനികൾ നിയമനടപടി നേരിടണം.
ഇത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് കമ്പനികൾക്ക് പരിരക്ഷ നൽകുന്നതാണ്. സമൂഹമാധ്യമങ്ങളെയും അതിന്റെ ഉപയോക്താക്കളെയും സെൻസറിങ്ങിന് വിധേയമാക്കുന്ന ജനാധിപത്യവിരുദ്ധ നീക്കം അംഗീകരിക്കാനാകില്ലെന്നും പിബി ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ