- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജി സ്‌ക്വയർ കമ്പനിയിലെ ആദായനികുതി പരിശോധന പ്രതിപക്ഷത്തെ തളർത്തുമോ? എം കെ സ്റ്റാലിനെ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ രണ്ട് ദിനം പിന്നിട്ടു; വിശദമായ പരിശോധന റിപ്പോർട്ട് കേന്ദ്ര സർക്കാറിന് നൽകുന്നതോടെ ബിജെപിക്ക് എതിരായ ഐക്യ നീക്കങ്ങളെയും ബാധിച്ചേക്കും; പളനിവേൽ ത്യാഗരാജൻ രാജിവെക്കുമെന്ന് സൂചന
ചെന്നൈ: തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയുടെ വെളിപ്പെടുത്തലുകൾക്കു പിന്നാലെ ഡിഎംകെയെ ഉന്നമിട്ടു റിയൽ എസ്റ്റേറ്റ് കമ്പനി ജി സ്‌ക്വയറിൽ ആദായനികുതി (ഐടി) വകുപ്പ് ആരംഭിച്ച പരിശോധന രണ്ടാം ദിവസവും തുടർന്നു. ഈ കമ്പനി ഡിഎംകെ കുടുംബത്തിന്റെ ബിനാമി കമ്പനിയാണെന്നാണ് അവകാശവാദം. ഇവിടുത്തെ റെയ്ഡുകൾ ഡിഎംകെയിലേക്ക് കണക്ട് ചെയ്താൽ അത് ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യ നീക്കങ്ങൾക്ക് പോലും തിരിച്ചടിയാകും. ഡിഎംകെയെ വരുതിയിൽ നിർത്താനുള്ള സുവർണായുധമായി റെയ്ഡിന്റെ വിവരങ്ങൾ മാറുമെന്നാണ് സൂചനകൾ. ബിജെപി ആയുധം ശരിക്കും ഉപയോഗിക്കാനാണ് സാധ്യത.
ഡിഎംകെ എംഎൽഎ മോഹന്റെ മകനും പാർട്ടി ഐടി വിഭാഗം ഡപ്യൂട്ടി സെക്രട്ടറിയുമായ കാർത്തിക്കിന്റെ അണ്ണാനഗറിലെ വീട്ടിലടക്കം വീണ്ടും പരിശോധന നടന്നു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകൻ ഉദയനിധിയും മരുമകൻ ശബരീശനും ഉൾപ്പെടെയുള്ളവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണെന്നു കെ.അണ്ണാമലൈ ആരോപിച്ച് ഒരാഴ്ചയ്ക്കു ശേഷമാണു ജി സ്‌ക്വയർ ഓഫിസുകളിൽ റെയ്ഡ് നടക്കുന്നത്. ഡിഎംകെ കുടുംബാംഗങ്ങൾ അഴിമതിപ്പണം നിക്ഷേപിച്ചതിനാൽ സ്ഥാപന വരുമാനം 2019 നു ശേഷം 38,827.70 കോടി രൂപയായെന്നായിരുന്നു അണ്ണാമലൈയുടെ ആരോപണം.
പരിശോധനാ റിപ്പോർട്ട് ആദായനികുതിവകുപ്പ് 15 ദിവസത്തിനകം കേന്ദ്ര സർക്കാരിനു സമർപ്പിച്ചേക്കും. അതിനിടെ, തമിഴ്‌നാട് ധനമന്ത്രി പി.ടി.ആർ.പളനിവേൽ ത്യാഗരാജന്റേതെന്ന പേരിൽ പുതിയൊരു ഓഡിയോ ക്ലിപ്പ് കൂടി അണ്ണാമലൈ പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ മകനും മരുമകനും ചേർന്നു കോടിക്കണക്കിനു രൂപ തിരിമറി നടത്തുന്നുണ്ടെന്ന ശബ്ദമാണ് ഓഡിയോയിൽ. ഇവ കൃത്രിമമായി ഉണ്ടാക്കിയതാണെന്നു ധനമന്ത്രി വ്യക്തമാക്കിയെങ്കിലും ഈ വാദം നിലനിൽക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
അതേസമയം ധനമന്ത്രി പളനിവേൽ ത്യാഗരാജൻ രാജിവെച്ചേയ്ക്കുമെന്നതാണ് ഏറ്റവും ഒടുവിലത്തെ അഭ്യൂഹം. സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനും മരുമകൻ ശബരീശനും ചേർന്ന് കഴിഞ്ഞ ഒരു വർഷത്തിൽ 30,000 കോടി നേടിയെന്നും ആ പണം എവിടെ ഒളിച്ചുവെയ്ക്കുമെന്നതാണ് ഇവരുടെ പ്രശ്‌നമെന്നും ഒരു പത്രപ്രവർത്തകനോട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പറഞ്ഞതായാണ് പുറത്തുവന്ന ശബ്ദരേഖയിലുള്ളത്. ഈ ശബ്ദരേഖ തമിഴ്‌നാട്ടിലും ഡിഎംകെയ്ക്കകത്തും വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. പളനിവേൽ ത്യാഗരാജനെതിരെയും ഡിഎംകെയിൽ ഒരു വിഭാഗം തിരിഞ്ഞിരിക്കുകയാണ്.
അണ്ണാമലൈ പുറത്തുവിട്ട ഓഡിയോ ടേപ് കൃത്രിമമാണെന്ന് വാദിക്കുകയായിരുന്നു പളനിവേൽ ത്യാഗരാജനും ഡിഎംകെയും ഇതുവരെ. പക്ഷെ തിങ്കളാഴ്ച ആദായനികുതി വകുപ്പ് സ്റ്റാലിന്റെ മരുമകന്റേത് ഉൾപ്പെടെ 50 ഇടങ്ങളിൽ റെയ്ഡ് നടത്തിയത് വലിയ തലവേദനയായിരിക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ചില രേഖകൾ ഇവർക്ക് ലഭിച്ചതായി അറിയുന്നു.
ഇന്ത്യയിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന സംസ്ഥാന ധനമന്ത്രിയാണ് പിടിആർ. അധികാരമേറ്റ് രണ്ടു വർഷത്തിനുള്ളിൽ തമിഴ്‌നാടിന്റെ ധനക്കമ്മി 16,000 കോടി രൂപയോളം കുറയ്ക്കാനായത് പിടിആറിന്റെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. കോവിഡും തുടർന്നുണ്ടായ പ്രതിസന്ധികളും ഏൽപിച്ച സാമ്പത്തിക ആഘാതങ്ങളിൽ നിന്ന് തമിഴ്‌നാടിനെ മുക്തമാക്കുന്ന നടപടികൾക്കാണ് മുൻതൂക്കം നൽകുന്നതെന്നും പിടിആർ വ്യക്തമാക്കിയിരുന്നു.
ന്യൂയോർക്ക് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തരബിരുദവും പിഎച്ച്ഡിയും എം.ഐ.ടി സ്ലൊവാൻ സ്‌കൂൾ ഒഫ് മാനേജ്‌മെന്റിൽ നിന്ന് എംബിഎയും നേടിയ ശേഷം ലീമൻ ബ്രദേഴ്‌സിലും സ്റ്റാൻഡേഡ് ബാങ്കിലും പ്രവർത്തിച്ച പഴനിവേൽ ത്യാഗരാജൻ തമിഴ്‌നാട് മുൻ സ്പീക്കറും മന്ത്രിയുമായിരുന്ന പിതാവ് പഴനിവേൽ രാജന്റെ അകാലമരണത്തെ തുടർന്നാണ് തമിഴകത്തേക്ക് തിരിച്ചെത്തിയതും സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ വ്യാപൃതനായതും.
ഇതിന് പുറമെ, സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഓഡിറ്ററുടെ വീട്ടിലും ഡിഎംകെ എംഎൽഎ എം കെ മോഹന്റെ വീട്ടിലും പരിശോധന നടത്തി. ഓഡിറ്റർ ഷൺമുഖരാജിന് പുറമെ ബന്ധു പ്രവീണിന്റെ വീട്ടിലും പരിശോധന നടന്നു. സ്റ്റാലിൻ അടക്കം ഡിഎംകെ നേതാക്കൾക്ക് 1.34 ലക്ഷം കോടി രൂപയുടെ സ്വത്ത് വിവരമുണ്ടെന്ന് ആരോപണമാണ് ബിജെപി ഉന്നയിച്ചത്. സ്റ്റാലിന് പുറമെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്റെ മരുമകൻ ശബരീശനും കഴിഞ്ഞ വർഷം വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്നും അണ്ണാമലൈ ആരോപണം ഉയർത്തിയിരുന്നു.
മറുനാടന് ഡെസ്ക്