- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയിടത്തിനെതിരായ ആക്ഷേപം ശരിയല്ല; വിപ്ലവകാരികളുടെ വേഷം അണിഞ്ഞവരാണ് കള്ള വിമർശനം അഴിച്ചുവിടുന്നതെന്ന് മന്ത്രി ശിവൻകുട്ടി; കലാമേളയ്ക്ക് മുകളിൽ വർഗ്ഗീയ വിഷമെത്തിച്ച അരുൺകുമാറിന്റെ പേര് പറയാൻ വിദ്യാഭ്യാസ മന്ത്രിക്കും ഭയം; മന്ത്രി റിയാസ് കലാപ ശ്രമം കാണുന്നത് മാതാ പേരാമ്പ്രയുടെ സ്വാഗത ഗാനത്തിലും; യഥാർത്ഥ പ്രതിയെ 'ഇരട്ടചങ്കുള്ളവരും' ഭയക്കുമ്പോൾ
തിരുവനന്തപുരം;കോഴിക്കോട്ട് നടന്ന സ്‌കൂൾ കലോത്സവത്തിൽ ഇത്തവണ ഏറ്റവും കൂടുതൽ ചർച്ചയായത് കലകളേക്കാൾ കലവറയിലെ ചില അനാവശ്യ വിവാദങ്ങളായിരുന്നു.അത് ചർച്ചയ്‌ക്കെത്തിച്ചതാകട്ടെ വർഗ്ഗീയതെക്കെതിരെ നിലപാടെടുക്കേണ്ട നാലാം തൂണിന്റെ നാവായ ഒരു മാധ്യമപ്രവർത്തകനും അദ്ധ്യാപകനുമായ ഡോ: അരുൺകുമാറും.അവസാനം കലാമേളയുടെ കലവറയിലേക്ക് ഇനി താനില്ലെന്ന പഴയിടത്തിന്റെ പ്രഖ്യാപനത്തിൽ വരെയത്തി നിൽക്കുന്ന കലവറ വിവാദത്തിൽ പഴയിടത്തിനെതിരായ വിമർശനങ്ങളെ തള്ളിപ്പറഞ്ഞിരിക്കുകയാണ് മന്ത്രി വി.ശിവൻകുട്ടി.
'പഴയിടം ഏറ്റവും ഭംഗിയായി തന്റെ ചുമതല വഹിച്ചു.ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്.പഴയിടത്തെ ആക്ഷേപിക്കുന്നത് ശരിയല്ല.വിപ്ലവകാരികളുടെ വേഷം അണിയുന്നവരാണ് വിമർശനം അഴിച്ചു വിടുന്നത്.ഒന്നോ രണ്ടോ വ്യക്തികളുടെ വിമർശനം അവരവരുടേത് മാത്രമാണ്.പങ്കെടുത്ത കുട്ടികൾക്ക് പ്രശ്‌നങ്ങളില്ല.പഴയിടവുമായി ചർച്ച നടത്തേണ്ട കാര്യമില്ല'.ഇതായിരുന്നു ശിവൻകുട്ടിയുടെ വാക്കുകൾ
എന്നാൽ പഴയിടത്തിനെതിരായ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വർഗ്ഗീയ ചർച്ചയായി തന്നെ മാറിയപ്പോഴും അതിന്റെ ഉറവിടത്തെ കുറിച്ച് വിമർശനമുന്നയിക്കാൻ ശിവൻകുട്ടിക്കും ഭയമായിരുന്നു.അതിനാൽ അദ്ദേഹം എങ്ങും തൊടാതെ അരുൺകുമാറിനിട്ട പേരാണ് വിപ്ലവകാരികളുടെ വേഷമണിഞ്ഞ വിമർശകരെന്നത് പകൽ പോലെ വ്യക്തവുമാണ്.
എന്ത് തന്നെയായാലും വിവാദങ്ങൾക്കൊടുവിൽ സ്‌കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാൻ ഇനി ഇല്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കിയിട്ടുണ്ട്.ഇത്തവണത്തെ വിവാദങ്ങൾ വല്ലാതെ ആശങ്ക ഉണ്ടാക്കി.നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നും പഴയിടം മോഹനൻ നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്‌കൂൾ കലമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിർത്താൻ മുൻപ് ഒരിക്കൽ തീരുമാനിച്ചിരുന്നു. അന്ന് സർക്കാർ സമ്മർദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്. ഇനി ടെൻഡറിൽ പങ്കെടുക്കില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കി.
കലോത്സവത്തിന് അടുത്ത വർഷം മുതൽ സസ്യേതര വിഭവങ്ങൾ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ഇറച്ചിയും മീനും വിളമ്പാൻ കലോത്സവ മാനുവൽ പരിഷ്‌കരിക്കുമെന്നും ശിവൻ കുട്ടി വ്യക്തമാക്കിയിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും സർക്കാർ തീരുമാനിച്ചാൽ എപ്പോൾ വേണമെങ്കിലും നോൺവെജ് വിളമ്പാമെന്ന് പഴയിടം മോഹനൻ നമ്പൂതിരിയും പ്രതികരിച്ചിരുന്നു. കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും കായിക മേളയിൽ മാംസാഹാരം വിളമ്പുന്നവർ തന്റെ സംഘത്തിൽ തന്നെ ഉണ്ടെന്നുമാണ് പഴയിടം കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
അതേ സമയം തന്നെ മറുവശത്ത് കലോത്സവത്തിലെ സ്വാഗതഗാനം തയ്യാറാക്കിയവരുടെ സംഘപരിവാർ ബന്ധം അന്വേഷിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരുന്നു.ബോധപൂർവ്വം കലാപന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപ്പത്തിൽ മുസ്ലിം വിരുദ്ധതയുണ്ടെന്ന് ആരോപണം നേരത്തെ ഉയർന്നിരുന്നു.സാഹോദര്യവും മതമൈത്രിയും ദേശസ്‌നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തിൽ മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതിനെതിരെ ലീഗും നേരത്തെ രംഗത്ത് വന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ