- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐടി പാർക്കുകളിൽ ബാറുകൾ കൈയെത്തും ദൂരത്ത്!
തിരുവനന്തപുരം: ഇനി ഐടി പാർക്കുകളിൽ ബാറുകളും വരും. ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള സർക്കാർ നിർദേശങ്ങൾ നിയമസഭാ സബ്ജക്ട് കമ്മിറ്റി ചില ഭേദഗതികളോടെ അംഗീകരിച്ചു തിരിച്ചയച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചശേഷം നടപടികളിലേക്ക് സർക്കാർ കടക്കും. പ്രതിപക്ഷം ഈ നിർദ്ദേശത്തെ ശക്തമായി എതിർക്കുന്നുണ്ട്. എന്നാൽ തീരുമാനവുമായി മുമ്പോട്ട് പോകാനാണ് നീക്കം.
സർക്കാർ നിർദേശങ്ങളിൽ കാര്യമായ ഭേദഗതി വരുത്തിയിട്ടില്ലെന്നാണ് സൂചന. അംഗീകാരം ലഭിച്ചതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചശേഷം മദ്യ വിതരണത്തിനുള്ള നടപടി ആരംഭിക്കും. മദ്യം വിതരണം ചെയ്യാനുള്ള തീരുമാനത്തെ പ്രതിപക്ഷ എംഎൽഎമാർ സബ്ജക്ട് കമ്മിറ്റിയിൽ എതിർത്തു. മദ്യം ഒഴുക്കാനുള്ള തീരുമാനത്തിനെതിരെ വിയോജനക്കുറിപ്പ് നൽകുമെന്നും നിയമസഭയിൽ വിഷയം ഉന്നയിക്കുമെന്നും സബ്ജക്ട് കമ്മിറ്റി അംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ഐ ടി പാർക്കുകൾക്ക് എഫ്എൽ 4 സി ലൈസൻസ് നൽകും. ലൈസൻസ് ഫീസ് 20 ലക്ഷം ആയിരിക്കും. പ്രവർത്തന സമയം രാവിലെ 11 മുതൽ രാത്രി 11 വരെയാണ്. ഐ ടി പാർക്ക് നേരിട്ടോ, പ്രമോട്ടർ പറയുന്ന കമ്പനിക്കോ നടത്തിപ്പ് നൽകും. ഭാവിയിൽ പാർക്കുകളിൽ വെവ്വേറെ ലൈസൻസ് നൽകേണ്ടി വരുമെന്ന പ്രതിപക്ഷത്തിന്റെ എതിർപ്പുകൾ മറികടന്നാണ് നിയമസഭ സമിതിയുടെ തീരുമാനം. നിലവിലെ ബാർ ലൈസൻസികളിലേക്ക് നടത്തിപ്പ് പോകും. മിടുക്കരായ ഐ ടി പ്രൊഫഷണലുകളിൽ മദ്യ ഉപഭോഗം കൂടും. ഇത് സാംസ്‌കാരിക നാശത്തിന് വഴി വഴിക്കുമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഈ സാഹചര്യത്തിൽ ലൈസൻസ് നൽകുന്നതനു ചില പുതിയ നിർദേശങ്ങൾ സബ്ജക്ട് കമ്മിറ്റി മുന്നോട്ടുവച്ചിട്ടുണ്ട്. എക്‌സൈസ്‌നിയമവകുപ്പുകൾ ചർച്ച നടത്തിയശേഷം പ്രത്യേക ചട്ടങ്ങൾ പുറത്തിറക്കും. നേരത്തെ ചർച്ച ചെയ്തതിനാൽ വീണ്ടും മന്ത്രിസഭ പരിഗണിക്കേണ്ടതില്ല. സർക്കാർ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള ഐടി പാർക്കുകളിൽ പ്രത്യേക സ്ഥലത്ത് സ്ഥാപിക്കുന്ന വിനോദകേന്ദ്രത്തിൽ മദ്യശാല സ്ഥാപിക്കാം. ക്ലബ്ബ് മാതൃകയിലാകും പ്രവർത്തനം. ക്ലബ് അനുവദിക്കുമ്പോൾ നിയന്ത്രണച്ചുമതല ഡെവലപ്പർക്കോ കോഡെവലപ്പർക്കോ ആകാമെന്നാണ് എക്‌സൈസ് ശുപാർശ.
ക്ലബ്ബ് ഫീസായ 20 ലക്ഷം ഈടാക്കാനാണ് ആലോചന. മറ്റു ലൈസൻസികളെപോലെ ഐടി പാർക്കുകളിലെ ലൈസൻസികൾക്കും ബവ്‌റിജസ് കോർപറേഷന്റെ ഗോഡൗണുകളിൽനിന്ന് മദ്യം വാങ്ങി മദ്യശാലയിൽ വിതരണം ചെയ്യാം. ജോലി സമയത്ത് ജീവനക്കാർ മദ്യപിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ബന്ധപ്പെട്ട കമ്പനിയാണ് തീരുമാനം എടുക്കേണ്ടത്. പുറത്തുനിന്ന് വരുന്നവർക്ക് മദ്യം വിതരണം ചെയ്യില്ല. ഐടി കമ്പനികളുടെ അതിഥികളായെത്തുന്നവർക്ക് മദ്യം നൽകാം.
മദ്യവിൽപന കുറച്ചുകൊണ്ടുവരണമെന്ന ആവശ്യം നിലനിൽക്കെയാണ് സർക്കാറിന്റെ ഈ നീക്കം. 10 വർഷമായി പ്രവർത്തിക്കുന്ന മികച്ച ഐ.ടി സ്ഥാപനങ്ങൾക്കാകും പബ് ലൈസൻസ് നൽകുക എന്നാണ് സൂചന. നിശ്ചിത വാർഷിക വിറ്റുവരവുള്ള കമ്പനികളാകണമെന്ന നിബന്ധനയും കരട് മാർഗനിർദേശത്തിലുണ്ടായിരുന്നു.