- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയെ തൊട്ടാൽ കേന്ദ്രം കളിപഠിപ്പിക്കും! രാജ്യത്തെ ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; പരിശോധന മുംബൈയിലെയും ഡൽഹിയിലെയും ഓഫീസുകളിൽ; ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തു; അക്കൗണ്ട് ബുക്കുകളും വരുമാന രേഖകളും പരിശോധിക്കുന്നു; 'വിനാശ കാലേ വിപരീത ബുദ്ധി'യെന്ന് കോൺഗ്രസ്
ന്യൂഡൽഹി: 'മോദി: ദി ഇന്ത്യ ക്വസ്റ്റിയൻ' എന്ന ബിബിസി ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെ പ്രതികാര നടപടിയുമായി കേന്ദ്രസർക്കാർ. രണ്ട് ഭാഗങ്ങളായി ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെ ബിബിസിയിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ബിബിസി ഓഫീസിലെത്തി ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. ഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദം നിലനിൽക്കുന്നതിനിടെയാണ് പരിശോധന. ഇന്ന് രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസിൽ എത്തിയത്. ബിബിസി ജീവനക്കാരുടെ ഫോണുകൾ പിടിച്ചെടുത്തതായി സൂചനയുണ്ട്. മുംബൈയിലെ ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്. അക്കൗണ്ട് ബുക്കുകൾ അടക്കം പരിശോധിക്കുന്നുണ്ട്.
രാജ്യാന്തര നികുതി, വിനിമയം എന്നിവയിലെ ക്രമക്കേടുകളെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ചില മാധ്യമപ്രവർത്തകരുടെ ഫോണുകളും രേഖകളും പിടിച്ചെടുത്തു. റെയ്ഡല്ല, വെറും പരിശോധന മാത്രമാണെന്നും ഫോണുകൾ തിരിച്ചുനൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഓഫികളിൽ മാത്രമാണ് പരിശോധനയെന്നും കമ്പനിയുടെ പ്രമോട്ടർമാരുടെയോ ഡയറക്ടർമാരുടെയോ വസതികളിലും മറ്റു സ്ഥലങ്ങളിലും പരിശോധന നടത്തില്ലെന്നും അവർ അറിയിച്ചു.
ബിബിസി പരിശോധനയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. വിനാശ കാലേ വിപരീത ബുദ്ധിയെന്നാണ് ജയറാം രമേശിന്റെ പരിഹാസം. അദാനിയുടെ വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് സർക്കാർ ബിബിസിയിൽ പരിശോധന നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെന്നൈയിലും നാൽപ്പതോളം ഇടങ്ങളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന നടക്കുന്നുണ്ട്. റിയൽ എസ്റ്റേറ്റ് ഓഫീസുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്. നാല് വൻകിട സ്ഥാപനങ്ങളിലാണ് പ്രധാനമായും പരിശോധന. ജീവനക്കാരെ ഓഫീസുകളിൽ കടക്കാൻ അനുവദിച്ചില്ല.
'മോദി: ദി ഇന്ത്യ ക്വസ്റ്റിയൻ' എന്ന ബിബിസി ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളായാണ് പുറത്ത് വന്നത്. ആദ്യ ഭാഗം ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ളതായിരുന്നു. രണ്ടാം ഭാഗത്തിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷമുള്ള സംഭവ വികാസങ്ങളാണ് വിശദീകരിച്ചിരിക്കുന്നത്. മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉന്നയിച്ച് ഇന്ത്യയിൽ ബിബിസി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.
നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉന്നയിച്ച് ഇന്ത്യയിൽ ബിബിസി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഹർജി സ്വീകരിക്കേണ്ട് സാഹചര്യമില്ലെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ബിബിസി ഇന്ത്യയുടെ പ്രതിച്ഛായയെ ബോധപൂർവം അപകീർത്തിപ്പെടുത്തുകയാണെന്നും ഡോക്യുമെന്ററിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി എത്തിയത്.
മറുനാടന് ഡെസ്ക്