- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇസ്ലാമിക രാജ്യങ്ങളിലേക്കാൾ മത സ്വാതന്ത്ര്യം ഇന്ത്യയിൽ'; എപി കാന്തപുരം വിഭാഗം നേതാവിന്റെ പ്രസ്താവന തള്ളാതെ മുസ്ലിം ലീഗ്; മുസ്ലിങ്ങൾ രാജ്യത്ത് വെല്ലുവിളി നേരിടാത്തതിന്റെ യഥാർത്ഥ കാരണം ഭരണഘടനയുടെ ശക്തിയെന്ന് സാദിഖലി; ജനാധിപത്യത്തിനും മതേതരത്വത്തിനും വെല്ലുവിളിയുണ്ടെന്ന് കുഞ്ഞാലിക്കുട്ടിയും
കോഴിക്കോട്: സൗദി അറേബ്യ അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളെക്കാൾ കൂടുതൽ മത സ്വാതന്ത്ര്യമുള്ളത് ഇന്ത്യയിലാണെന്ന സമസ്ത എപി കാന്തപുരം വിഭാഗം സെക്രട്ടറി പൊന്മള അബ്ദുൾ ഖാദർ മുസ്ല്യാരുടെ പ്രസ്താവന തള്ളാതെ മുസ്ലിം ലീഗ്. മുസ്ലിങ്ങൾ രാജ്യത്ത് വെല്ലുവിളി നേരിടാത്തതിന്റെ യഥാർത്ഥ കാരണം ഭരണഘടനയുടെ ശക്തിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അത് നിലനിർത്താനാണ് മുസ്ലിം ലീഗ് അടക്കം പോരാടുന്നതെന്നും സാദിഖലി പ്രതികരിച്ചു.
അതേസമയം രാജ്യത്തെ ജനാധിപത്യത്തിനും മതേതരത്വത്തിനും ചില വെല്ലുവിളികളുണ്ടെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രബല മുസ്ലിം വിഭാഗത്തിന്റെ പ്രസ്താവനയെ തള്ളുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്നാണ് ലീഗിന്റെ വിലയിരുത്തൽ. കോഴിക്കോട് എസ്എസ്എഫ് സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെയാണ് ഇസ്ലാമിക രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ മത സ്വാതന്ത്ര്യം ഇന്ത്യയിൽ ഉണ്ടെന്ന പരാമർശം പൊന്മള അബ്ദുൾ ഖാദർ മുസ്ല്യാർ നടത്തിയത്.
ഗൾഫിൽ പോലും ഇന്ത്യയിലെപ്പോലെ മതസ്വാതന്ത്ര്യമില്ല. ഇന്ത്യ സ്വാതന്ത്ര്യം അനുവദിക്കുന്ന നാടാണെന്നും സൗദി ഉൾപ്പെടെയുള്ള നാടുകളിൽ ഇന്ത്യയിലെപ്പോലെ മതസ്വാതന്ത്ര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘപരിവാർ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന ഈ കാലത്ത് പൊന്മള അബ്ദുൾ ഖാദർ മുസ്ല്യാർ നടത്തിയ പരാമർശം സംഘപരിവാറിനെ സഹായിക്കുന്നതാണെന്ന വിമർശനം ചില ഇടങ്ങളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ മുസ്ലിം ലീഗ് അദ്ദേഹത്തിന്റെ പ്രസ്താവനയെ തള്ളാൻ തയ്യാറായിട്ടില്ല.
ഏകീകൃത സിവിൽ കോഡ് പോലുള്ള വിഷയങ്ങൾ മുന്നിൽ നിൽക്കുമ്പോൾ സർക്കാർ അനുകൂല പ്രസ്താവന നടത്തിയത് അനുചിതമാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. പ്രസ്താവന വിവാദമായതോടെ തങ്ങളുടേത് രാജ്യത്തിനു വേണ്ടിയുള്ള നിലപാടാണെന്നും സർക്കാർ അനുകൂല നിലപാടല്ലെന്നും എസ്എസ്എഫ് വിശദീകരിച്ചു.
അതേസമയം രാജ്യത്തെ അവഹേളിക്കാൻ അനുവദിച്ചകരുതെന്ന് ഓർർമ്മിപ്പിച്ചു എസ്.എസ്.എഫ് സംസ്ഥാന സമ്മേളന പ്രമേയം പാസാക്കിയിരുന്നു. ഭരണകൂടത്തെ തിരുത്തേണ്ടത് രാജ്യത്തെക്കുറിച്ച് വെറുപ്പുൽപാദിപ്പിച്ചു കൊണ്ടാകരുതെന്ന് എസ്.എസ്.എഫ് വ്യക്തമാക്കി. രാജ്യത്തെയും ഭരണകൂടത്തെയും രണ്ടായിത്തന്നെ കാണേണ്ടതുണ്ട്. സർക്കാറിന്റെ നയനിലപാടുകളെ എതിർക്കാൻ രാജ്യത്തെ അപകീർത്തിപ്പെടുത്തേണ്ടതില്ലെന്നും കോഴിക്കോട് നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഡോ. അബൂബക്കർ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.
ഫാഷിസത്തോടും അതിന്റെ ഹിംസയോടുമുള്ള വെറുപ്പിനെ രാഷ്ട്രത്തോടുള്ള വെറുപ്പായി വളർത്തിക്കൊണ്ട് വരാനുള്ള നീക്കങ്ങളോട് ഇസ്ലാമിന് യോജിക്കാനാവില്ല. ഭരണകൂടത്തോട് ശക്തമായ വിമർശങ്ങൾ ഉയർത്തിക്കൊണ്ട് തന്നെ രാഷ്ട്ര മൂല്യങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളണമെന്ന നിശ്ചയദാർഢ്യം രൂപപ്പെടുത്തേണ്ടതുണ്ട്. സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ നേരിടേണ്ടത് സമാന്തരമായി വെറുപ്പുൽപ്പാദിപ്പിച്ചു കൊണ്ടല്ല. ഭരണകൂടമല്ല രാജ്യം. രാജ്യത്തിന് അനുഗുണമായ നിലപാടുകളെ സർക്കാറിന് അനുകൂലമായ നിലപാടുകളായി വ്യാഖ്യാനിക്കുന്നത് അതിവായനയാണ്.
പൗരാണിക കാലം മുതൽ മതനിരപേക്ഷമായി നിലകൊണ്ട രാജ്യമാണ് നമ്മുടേത്. ആ പാരമ്പര്യം കളങ്കപ്പെട്ടുകൂടാ. മാറിവരുന്ന ഭരണകൂടങ്ങൾക്കൊപ്പം പൗരസമൂഹവും ഇക്കാര്യത്തിൽ ജാഗരൂകരാവണം -പ്രമേയത്തിൽ പറയുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ