തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിന് പിന്നാലെ, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ വെട്ടിലാക്കി പുതിയ ശബ്ദരേഖ. എസ്എഫ്‌എൈ മുൻ ജില്ലാ സെക്രട്ടറി ജെ ജെ അഭിജിത്തിന്റേതാണ് വെളിപ്പെടുത്തൽ. സഹപ്രവർത്തകയോട് മോശമായി ഫോണിൽ സംസാരിച്ചതിന്റെ പേരിൽ സിപിഎം നടപടി എടുത്ത നേതാവാണ് ജെജെ അഭിജിത്ത്. എസ്എഫ്ഐ നേതാവാകാൻ യഥാർത്ഥ പ്രായം ഒളിച്ചു വെച്ചുവെന്നും ഇതിന് നിർദേശിച്ചത് ആനാവൂർ നാഗപ്പനാണെന്നുമാണ് അഭിജിത്ത് പറഞ്ഞത്.

പ്രായം കുറച്ചു പറഞ്ഞ് ജില്ലാ സെക്രട്ടറിയായി. പല പ്രായത്തിലുള്ള സർട്ടിഫിക്കറ്റുകൾ ഉണ്ടെന്നും നേതാവ് പറഞ്ഞു. ആര് ചോദിച്ചാലും പ്രായം 26 വയസെന്ന് പറയാൻ ആനാവൂർ പറഞ്ഞെന്ന് അഭിജിത്ത് ആരോപിച്ചു.

'26 വരെയേ എസ്എഫ്‌ഐയിൽ നിൽക്കാൻ പറ്റൂ. ഈ വർഷം എനിക്ക് 30 ആയി. ഞാൻ 1992 ലാണ് ജനിച്ചത്. 92, 94, 95, 96 ഈ വർഷങ്ങളിലെ എല്ലാം സർട്ടിഫിക്കറ്റുകളുണ്ട്. ആരു ചോദിച്ചാലും 26 ആയെന്നു പറയാൻ നാഗപ്പൻ സഖാവ് പറഞ്ഞു. പ്രദീപ് സാറും അങ്ങനെ പറയാൻ പറഞ്ഞു. നിങ്ങളെയൊക്കെ ഒഴിവാക്കിയാലും എനിക്ക് നിന്നല്ലേ പറ്റൂ. പണ്ടത്തെപ്പോലെ വെട്ടാനൊന്നും ആരുമില്ലാത്തതു കൊണ്ട് നല്ല സുഖമാണ്. എന്നാലും വെട്ടിക്കളിക്കാൻ ആരുമില്ലാത്തതിനാൽ മനസ്സു മടുപ്പിക്കുന്നുണ്ട്. ആരെങ്കിലും വേണം വെട്ടിക്കളിക്കാനൊക്കെ'' അഭിജിത്തിന്റെ പേരിലുള്ള ഓഡിയോയിൽ പറയുന്നു.

അതേസമയം, അഭിജിത്തിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ആനാവൂർ നാഗപ്പൻ രംഗത്തെത്തി. പ്രായം കുറച്ചു കാണിക്കാൻ താൻ ആരെയും ഉപദേശിച്ചിട്ടില്ലെന്ന് ആനാവൂർ പറഞ്ഞു.

ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്ത ശേഷം ബാറിൽ പോയി മദ്യപിച്ചതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം നേമം ഏരിയാ കമ്മിറ്റി അംഗവുമായ ജെജെ അഭിജിത്തിനെതിരെ സിപിഎമ്മും ഡിവൈഎഫ്‌ഐയും നടപടിയെടുത്തത്. അഭിജിത്തിനെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്താൻ സിപിഎം നേമം ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.

സഹപ്രവർത്തകയോട് മോശമായി ഫോണിൽ സംസാരിച്ചതിന്റെ പേരിലാണ് നടപടിയെന്നാണ് സിപിഎം വിശദീകരണം. പരാതിക്കാരിയുടെ ഭർത്താവിനോട് അനുനയത്തിന് അഭിജിത്ത് ശ്രമിച്ചുവെന്ന പരാതി പരിശോധിക്കാൻ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ലഹരി വിരുദ്ധ പരിപാടിക്ക് ശേഷം മദ്യപിച്ച അഭിജിത് ഉൾപ്പെടെയുള്ള നേതാക്കളെ ഡിവൈഎഫ്‌ഐ പുറത്താക്കിയിരുന്നു. അഭിജിത്തിനെയും നേമം ഏരിയ പ്രസിഡന്റ് ആഷിഖിനെയുമായിരുന്നു പുറത്താക്കിയത്. ഇരുവരും ബാറിൽ കയറി മദ്യപിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വ്യാപകവിമർശനം ഉയർന്നതിന് പിന്നാലെയായിരുന്നു നടപടി.

മദ്യപിച്ച് സംസ്‌കൃത കോളജ് പരിസരത്ത് നൃത്തം ചെയ്ത എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ഗോകുലിനെ ഡിവൈഎഫ്‌ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ജോബിൻ ജോസിനോട് വിശദീകരണം തേടാൻ വ്യാഴാഴ്ച ചേർന്ന ഡിവൈഎഫ്‌ഐ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റിയും തീരുമാനിച്ചിട്ടുണ്ട്. ഇരുവരെയും എസ്എഫ്‌ഐ ഭാരവാഹിത്വത്തിൽ നിന്നു നീക്കിയേക്കും.ട

ഫണ്ട് തിരിമറിയിൽ നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രനെതിരെയും അന്വേഷണം പ്രഖ്യാപിച്ചു. കോവിഡ് ബാധിച്ച് മരിച്ച വനിത അംഗത്തിന്റെ കുടുംബത്തിന് വീട് വയ്ക്കാൻ പിരിച്ച ഫണ്ട് വെട്ടിച്ചുവെന്നാണ് ആരോപണം. വിവാദങ്ങൾ ചർച്ച ചെയ്യാൻ അടുത്തമാസം 7 ,8 തീയതികളിൽ ജില്ലാ കമ്മിറ്റി വിളിച്ച് ചേർക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.