- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയ്ക്ക് മുകളിൽ വളർന്നാൽ വെട്ടി ഒതുക്കി കളയും; പറഞ്ഞാൽ കേൾക്കാത്ത കുത്തക കമ്പനിക്കാരുടെ അടിത്തറ മാന്താനുള്ള ഷീ ജിൻ പിങ്ങിന്റെ ഉറച്ച തീരുമാനം ഏറ്റു; ലോകം മുഴുവൻ പടർന്ന ആലിബാബയുടെ ഉടമയ്ക്ക് വിനയായത് ഷിയെ വിമർശിച്ചത്; ആൻഡ് ഗ്രൂപ്പിന്റെ തലപ്പത്ത് നിന്ന് ജാക് മാ ഇറങ്ങി; ശതകോടീശ്വരനെ ഷി ഒന്നുമല്ലാതെ ആക്കിയത് ഇങ്ങനെ
ബീജിങ്: ശതകോടീശ്വരനായ ആലിബാബ ഉടമ ജാക്ക് മാ ആൻഡ് ഗ്രൂപ്പിന്റെ നിയന്ത്രണം ഉപേക്ഷിച്ചു. പത്തംഗ സംഘത്തിനായിരിക്കും ഇനി ഗ്രൂപ്പിന്റെ നിയന്ത്രണം. അപ്രതീക്ഷിത തിരിച്ചടികളാണ് ലോകത്തിലെ ഏറ്റവും വലിയ ഫിൻടെക് ഗ്രൂപ്പിന്റെ തലപ്പത്ത് നിന്ന് ഒഴിയാൻ ജാക് മായെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് റെഗുലേറ്റർമാരെ വിമർശിച്ചുകൊണ്ട് ജാക് മാ പ്രസംഗിച്ചിരുന്നു. ചൈനീസ് റെഗുലേറ്റർമാർ വെറുതെ സമയം കളയുകയാണെന്നും നവീന ആശയങ്ങളെ നിരുത്സാഹപ്പെടുത്തുകയാണെന്നുമായിരുന്നു വിമർശനം. ജാക് മായുടെ പ്രസംഗത്തിന് പിന്നാലെ ആലിബാബയ്ക്കെതിരെ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതോടൊപ്പം ആൻഡ് ഗ്രൂപ്പിന്റെ ഷാംഗ് ഹായിലും ഹോങ്കോംഗിലും ഉള്ള 3,700 കോടി ഡോളറിന്റെ ഐ പി ഒ ചൈനീസ് സർക്കാർ തടഞ്ഞുവച്ചു. കൂടാതെ ജാക് മായോട് രാജ്യം വിട്ടുപോകാനും ആവശ്യപ്പെട്ടിരുന്നു.
വൻകിട സ്വകാര്യ നിക്ഷേപകരുടെ സ്വാധീനം കുറയ്ക്കാനുള്ള ചൈനീസ് നേതൃത്വത്തിന്റെ ഉറച്ച തീരുമാനമാണ് ജാക് മായുടെ പുറത്തുപോകലിൽ പ്രതിഫലിക്കുന്നതെന്ന് ഹോങ്കോങ്ങിലെ ഓറിയന്റ് കാപിറ്റൽ റിസർച്ച് എംഡി ആേ്രന്ദ കോളിയർ അഭിപ്രായപ്പെട്ടു. ചൈനീസ് സമ്പദ് വ്യവസ്ഥയുടെ ഏറ്റവും ഉത്പാദനക്ഷമതയുള്ള വിഭാഗങ്ങളെ ഈ ട്രെൻഡ് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മാറ്റത്തോടെ, പ്രാരംഭ പബ്ലിക് ഓഫറുമായി വിപണിയിലെത്താൻ ആൻഡ് ഗ്രൂപ്പിന് ഉടനെ കഴിയില്ല. ഷാങ്ഹായിൽ ലിസ്റ്റ് ചെയ്താൽ ആഭ്യന്തര വിപണിയിൽ ഐപിഒയുമായെത്താൻ കൂടുതൽകാലം കാത്തിരിക്കേണ്ടിവരും. ഏതായാലും തങ്ങളുടെ തലയ്ക്ക് മുകളിലേക്ക് ആരും വളരേണ്ടെന്ന ശക്തമായ സന്ദേശമാണ് ചൈനീസ് സർക്കാർ നൽകുന്നത്. ജാക് മായ്ക്ക് എതിരായ സർക്കാർ നീക്കം ആഗോള നിക്ഷേപകരെ തന്നെ അങ്കലാപ്പിലാക്കി. ജാക്മാ പെട്ടൊന്നുനാൾ തീർത്തും അപ്രസക്തനായി. മായ്ക്ക് ആൻഡ് ഗ്രൂപ്പിൽ നേരത്തെ 50ശതമാനം വോട്ടിങ് അവകാശം ഉണ്ടായിരുന്നെങ്കിൽ ഇനി അത്് 6.2ശതമാനമായി കുറയും.
കഠിനാധ്വാനം കൊണ്ട് ലോകമെങ്ങും വേരുകളുള്ള വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയാണ് ജാക്ക് മാ.
ചൈനീസ് പ്രസിഡന്റിനെ പൊതുവേദിയിൽ വിമർശിച്ചു, കഷ്ടക്കാലം തുടങ്ങി
ചൈനീസ് സർക്കാറിനെ വിമർശിച്ചതോടയാണ് ആലിബാബ സ്ഥാപകന്റെ കഷ്ടകാലം തുടങ്ങിയത്. അദ്ദേഹം പൊതു വേദികളിൽനിന്നു വിട്ടുനിന്നതോടെ ഇടക്കാലത്ത് തടങ്കിലാണെന്ന സംശയം ഉയർന്നിരുന്നു. 2020 ഒക്ടോബറിൽ ഷാങ്ഹായ്യിൽ നടന്ന പരിപാടിയിൽ ജാക്ക് മാ ചൈനീസ് സർക്കാരിനെയും പ്രസിഡന്റ് ഷി ചിൻപിങ്ങിനെയും വിമർശിച്ചു പ്രസംഗിച്ചതാണ് സംഭവങ്ങളുടെ തുടക്കം. സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കുമെതിരെയായിരുന്നു ജാക്കിന്റെ പ്രതികരണം.
'ചൈനക്കാർ പറയുന്നതു പോലെ, നിങ്ങൾ 100,000 യുവാൻ ബാങ്കിൽനിന്നു കടമെടുത്താൽ നിങ്ങൾക്ക് ചെറിയ പേടിയുണ്ടാകും. നിങ്ങൾ 10 ലക്ഷം യുവാനാണ് കടമെടുക്കുന്നതെങ്കിൽ നിങ്ങൾക്കും ബാങ്കിനും പേടിയുണ്ടാകും. അതേസമയം നിങ്ങൾ 1 ബില്ല്യൻ ഡോളറാണ് കടമെടുക്കുന്നതെങ്കിൽ നിങ്ങൾക്കു ഭയമേ കാണില്ല, മറിച്ച് ബാങ്കിനു പേടിയുണ്ടാകും'- എന്നു പറഞ്ഞതാണ് ജാക്ക് മായെ കെണിയിലാക്കിയത്.
ചൈനയ്ക്ക് ഒരു സാമ്പത്തിക പരിസ്ഥിതി ഇല്ല എന്നു പറഞ്ഞത് അധികാരികൾ ഗൗരവത്തിലെടുക്കുകയായിരുന്നു. ചൈനീസ് ബാങ്കുകൾ പണയം വയ്ക്കൽ കടകളാണെന്നും മാ പറഞ്ഞു. ഇതിനാൽ ചിലർ വൻ തുക കടമെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ ഏറ്റവും വലിയ ഐപിഒ (ഇനീഷ്യൽ പബ്ലിക് ഓഫറിങ്) അവതരിപ്പിക്കാൻ ഒരുങ്ങുന്നതിനു രണ്ടാഴ്ച മുൻപാണ് രാജ്യത്തെ ബാങ്കിങ് സംവിധാനത്തെക്കുറിച്ച്, ചൈനയെ ചൊടിപ്പിച്ച, ഈ വാചകം മാ തന്റെ ഒരു പ്രസംഗത്തിൽ പറഞ്ഞത്.
ഈ പ്രസംഗത്തിന് ശേഷമാണ് ആലിബാബക്കെതിരെ ഷീയുടെ പകപോക്കൽ ആരംഭിച്ചത്. ആലിബാബയുടെ പ്രവർത്തനങ്ങളിൽ സർക്കാർ കടിഞ്ഞാൺ ഇടുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതായിരുന്നു ആദ്യ ഘട്ടത്തിലുണ്ടായ തിരിച്ചടി. ജാക്ക് മായുടെ ഫിനാൻഷ്യൽ ടെക്ക് കമ്പനിയായ ആൻഡ് ഗ്രൂപ്പിനു വാഗ്ദാനം ചെയ്യപ്പെട്ട പൊതുനിക്ഷേപം പ്രസിഡന്റ് ഷി ചിൻപിങ് നേരിട്ട് ഇടപെട്ട് തടഞ്ഞിരുന്നു. ഷാങ്ഹായ്, ഹോങ്കോങ് സ്റ്റോക് എക്‌ചേഞ്ചുകളിലായി 35 ബില്ല്യൻ ഡോളർ മൂല്യത്തിലുള്ള, ലോകം ഇന്നേവരെ കണ്ടിരിക്കുന്നതിൽ വച്ച് ഏറ്റവും വലിയ ഐപിഒ മാറ്റിവയ്ക്കപ്പെടുകയായിരുന്നു. നിയമത്തിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട ശേഷം മതി ഐപിഒ എന്നാണ് അധികാരികൾ പറഞ്ഞത്. ഈ വാർത്ത വന്നതോടെ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്‌ചേഞ്ചിലും ആലിബാബയുടെ ഓഹരികൾ മൂക്കു കുത്തി.
ധാരാളം ലാഭമുണ്ടാക്കുന്ന ഒന്നായിരുന്നു ആൻഡ് കമ്പനി. ഐപിഒ വഴി 34.5 ബില്ല്യൻ ഡോളർ ഉണ്ടാക്കാനാണ് കമ്പനി ശ്രമിച്ചത്. ഈ തുകയുടെ വലിയൊരു പങ്കും ചെറുകിട ലോണുകളായി നൽകാനാണ് മാ നീക്കം നടത്തിയത്. അതേസമയം, ചൈനീസ് ബാങ്കുകൾക്ക് ലോൺ നൽകാൻ അധികം ആസ്തിയുമില്ല. ചെറുകിട ലോൺ ബിസിനസ് അതിവേഗമാണ് ചൈനയിൽ വളരുന്നത്. ആന്റിന്റെ ഉപയോക്താക്കൾ ധാരാളമായി ചെറുകിട ലോണുകൾ എടുത്തു കൂട്ടുന്നുമുണ്ട്. കൂടുതൽ മൂലധനവുമായി ആൻഡ് ഇറങ്ങിയാൽ തങ്ങൾക്കു തട്ടുകിട്ടുമെന്ന തോന്നൽ തന്നെയായിരിക്കാം ബെയ്ജിങ്ങിനെക്കൊണ്ട് ഇതു ചെയ്യിച്ചതെന്നു കരുതുന്നു.
അലാവുദ്ദീനെ പോലെ അത്ഭുതം നിറച്ച ആലിബാബ സ്ഥാപകന്റെ ജീവിതം
ലോകപ്രശസ്തമായ ആയിരത്തൊന്ന് രാവുകളിലെ ആലിബാബ എന്ന കഥാപാത്രത്തിൽ നിന്നാണ് കമ്പനിയുടെ ആലിബാബ എന്ന പേര് എടുത്തിട്ടുള്ളത്. സാൻഫ്രാൻസിസ്‌കോയിലുള്ള ഒരു കോഫി ഷോപ്പിൽ വച്ചാണ് ആലിബാബ സ്ഥാപകനായ ജാക്ക് മാ ഈ പേരിൽ ആകൃഷ്ടനാകുന്നതും അതിന്റെ ലോകവ്യാപകമായ തിരിച്ചറിയപ്പെടൽ മൂലം തന്റെ കമ്പനിക്ക് ആ പേര് മതി എന്ന് തീരുമാനിക്കുന്നതും. കമ്പനിയുടെ പേരു സൂചിപ്പിക്കുന്നത് പോലം അദ്ഭുതങ്ങളിൽ വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
ഏതൊരു ബിസിനസ് വിദ്യാർത്ഥിക്കും അത്ഭുതം നിറയ്ക്കുന്നതായിരുന്നു ആലിബാബ സ്ഥാപകൻ ജാക്ക് മേയുടെ ജീവിതം. ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ സ്റ്റോറുകളിൽ ഒന്നായി ആലിബാബയെ കെട്ടിപ്പെടുത്തതിൽ ഈ മനുഷ്യന്റെ അധ്വാനം ചില്ലറയല്ല. കേവലം 800 രൂപ ശമ്പളമുണ്ടായിരുന്ന അദ്ധ്യാപകനായിരുന്നു അദ്ദേഹം. അവിടെ നിന്നാണ് ലോകം കീഴടക്കിയ സ്ഥാപന ഉടമയായി അദ്ദേഹം മാറിയത്. വെറും 20 വർഷം കൊണ്ട് 29 ലക്ഷം കോടി രൂപ മൂല്യമുള്ള സ്ഥാപനം കെട്ടിപ്പടുത്താണ് ജാക്ക് മായുടെ അത്ഭുതം.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകൾ. വെറും 800 രൂപ പ്രതിമാസ ശമ്പളം വാങ്ങി അദ്ധ്യാപക ജോലി ചെയ്തിരുന്ന മാ യുൻ എന്ന യുവാവ് കെഎഫ്സിയിൽ തൊഴിലവസരം ഉണ്ടെന്നറിഞ്ഞ് അപേക്ഷ അയക്കുന്നു. അപേക്ഷിച്ച 24 പേരിൽ 23 പേർക്കും ജോലി ലഭിച്ചു. മാ യുൻ മാത്രം ഒഴിവാക്കപ്പെട്ടു. ജോലിക്കായി മാ യുൻ അയച്ച 30 അപേക്ഷകളും നിരസിക്കപ്പെട്ടു. ആ മായുൻ പിന്നീട് മറ്റാർക്ക് മുന്നിലും തല കുനിച്ചില്ല. സ്വന്തമായി ബിസിനസ് തുടങ്ങി ലക്ഷങ്ങൾക്ക് തൊഴിൽ നൽകുന്ന വ്യക്തിയായി അദ്ദേഹം മാറി.
1999 ൽ തന്റെ 18 സഹൃത്തുക്കളുമായി ചേർന്ന് ആരംഭിച്ച ആലിബാബ എന്ന ഓൺലൈൻ സ്റ്റോർ ലോകം അറിയപ്പെടുന്ന സ്ഥാപനമാക്കി അദ്ദേഹം വളർത്തുകയാിരുന്നു. മാ യുൻ എന്ന ജാക്ക് മാ എന്ന് ലോകം വിളിക്കുന്ന ആലിബാബയുടെ ഉടമയുടെ ജീവിതം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഇന്റർനെറ്റിന്റെ സാധ്യത തിരിച്ചറിഞ്ഞ് അത് ഉപയോഗപ്പെടുത്തിയതാണ് ജാക്ക് മായെ ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാക്കിയത്. ഇന്ന് ഒരു ലക്ഷത്തിലേറെ പേർ ആലിബാബയിൽ ജോലി ചെയ്യുന്നു.ഒരു ദിവസം ആലിബാബയുടെ വെബ്സൈറ്റിലെത്തി ഉത്പന്നങ്ങൾ വാങ്ങുന്നവരുടെ എണ്ണം 10 കോടിയാണ്.
55 വയസാകുമ്പോൾ വിരമിക്കുമെന്ന് നേരത്തെ തന്നെ ജാക്ക് മാ പ്രഖ്യാപിച്ചിരുന്നു. സഹപ്രവർത്തകനായ ഡാനിയൽ സാങിന് ചെയർമാൻ സ്ഥാനം കൈമാറിയാണ് ജാക്ക് മാ പടിയിറങ്ങുകയും ചെയ്തു. എന്നാൽ അദ്ദേഹം ആലിബാബയുടെ ബോർഡിൽ അദ്ദേഹം തുടർന്നു വരികയായിരുന്നു.
ലോകം കീഴടക്കിയ ആലിബാബ
ഇ-വ്യാപാരം, ചില്ലറവ്യാപാരം, ഇന്റെർനെറ്റ്, നിർമ്മിത ബുദ്ധി, സാങ്കേതികവിദ്യ എന്നീ മേഖലകളിലായിരുന്നു ആലിബാബ ലോകം മുഴുവൻ കീഴടക്കി വളർന്നത്. ഉപഭോക്താവിൽ നിന്ന് ഉപഭോക്താവിലേക്കും, ബിസിനസിൽ നിന്ന് ഉപഭോക്താവിലേക്കും, ബിസിനസിൽ നിന്ന് ബിസിനസിലേക്കും വില്പന സേവനങ്ങൾ വെബ് പോർട്ടൽ വഴി ലഭ്യമാക്കി വന്നു. ഇലക്ട്രോണിക് പണകൈമാറ്റം, സെർച്ച് എഞ്ചിൻ, ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സേവനങ്ങൾ എന്നിവയും ആലിബാബയുടെ പ്രധാന സേവനങ്ങളിൽ പെടും. ലോകം കീഴടക്കുന്ന ചൈനീസ് കമ്പനികളിൽ ഒന്നാമനാണ് ആലിബാബ. ഫോർച്യൂൺ മാസിക ആലിബാബ ഗ്രൂപ്പിനെ ലോകത്തെ ഏറ്റവും ആദരിക്കപ്പെടുന്ന കമ്പനികളിൽ ഒന്നായി പ്രഖ്യാപിച്ചിരുന്നു.
ലോകത്തിലെ തന്നെ വലുതും മൂല്യമേറിയതുമായ പത്ത് കമ്പനികളിൽ ഒന്നാണ് ആലിബാബ. ഇരുന്നൂറിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ആലിബാബ ഗ്രൂപ്പ് ലോകത്തിലെ ഏറ്റവും വലിയ ചില്ലറവില്പനക്കാരിൽ ഒരാളാണ്. ആമസോൺ ഈ മേഖല കീഴടക്കും മുമ്പ് വൻ കുതിപ്പു നടത്താൻ ആലിബാബയ്ക്ക് സാധിച്ചിരുന്നു. 2015 മുതൽ ആലിബാബയുടെ ഓൺലൈനിലൂടെയുള്ള ആകെ വില്പനയും ലാഭവും അമേരിക്കയിലെ എല്ലാ ചില്ലറവില്പന ശൃംഖലകളുടെതും കൂടി ഉയർന്നതായിരുന്നു. മാധ്യമ വ്യവസായത്തിലേക്കും ചുവടുവെച്ച ആലിബാബ ഈ മേഖലയിലും വലിയ സക്സസായിരുനനു.
18 സെപ്റ്റംബർ 2014ൽ ഒരു ഓഹരിക്ക് 68 ഡോളർ നിലവാരത്തിലായിരുന്നു ആലിബാബ ഓഹരി വിപണിയിൽ പ്രവേശിച്ചത്. പ്രാഥമിക വില്പനയിൽ തന്നെ 21.8 ബില്യൺ യു എസ് ഡോളറാണ് ആലിബാബ നിക്ഷേപകരിൽ നിന്ന് സമാഹരിച്ചത്. യു എസ് ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്പനയായിരുന്നു ഇത്. 19 സെപ്റ്റംബർ 2014ൽ രാവിലെ 11:55 ന് ഒരു ഓഹരിക്ക് 92.70 നിലവാരത്തിൽ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ആലിബാബ ഓഹരികൾ വ്യാപാരം തുടങ്ങുകയായിരുന്നു.
ഇന്റർനെറ്റിനു മേൽ ഈ കമ്പനികൾക്കുള്ള പ്രഭാവമാണ് ഇവയ്‌ക്കെതിരെ നീങ്ങാൻ ചൈനയെ പ്രേരിപ്പിച്ചത്. അതിനായി കുത്തക വിരുദ്ധ നിയമം കഴിഞ്ഞ മാസം ചൈന കൊണ്ടുവന്നിരുന്നു. ഇത്രയും കാലം കയറൂരിവിട്ടിരുന്ന ബിസിനസുകാരെയൊക്കെ കുറ്റിയിൽ കെട്ടാനുള്ള ശ്രമമാണ്. തകർക്കാനാകാത്ത വിധത്തിൽ വളർന്ന കമ്പനി എന്നായിരുന്നു ഒരിക്കൽ മായുടെ കമ്പനികളെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, ഇത്തരം കമ്പനിയല്ല തങ്ങൾക്കു വേണ്ടത്, മറിച്ച് ചെറിയ, പറഞ്ഞാൽ കേൾക്കുന്ന കമ്പനികൾ മതി എന്നാണ് സർക്കാർ നിലപാട്. ഇതോടെയാണ് കുത്തക കമ്പനികളുടെ അടിത്തറ തകർക്കുന്ന നടപടികളുമായി ചൈനീസ് സർക്കാർ മുന്നോട്ടു പോകുന്നത്.
അടുത്തകാലത്തെ അതിർത്തി സംഘർഷങ്ങളും ആലിബാബയ്ക്ക് വലിയ തിരിച്ചടി ഉണ്ടാക്കിയിരുന്നു. വീടുവിൽക്കുന്നവർ പോലും എല്ലാം ചൈനയിൽ നിന്ന് നേരിട്ട് വാങ്ങുന്ന അവസ്ഥ വന്നതോടെ ആലിബാബ പോലുള്ള ചൈനീസ് വ്യാപാര സൈറ്റുകൾ സജീവമായതോടെ കേന്ദ്രസർക്കാർ നടപടിയുമായി രംഗത്തുവരികയായിരുന്നു.
മായുടെ സ്വന്തം ടാലന്റ് ഷോയായ 'ആഫ്രിക്കാസ് ബിസിനസ് ഹീറോസ്' ന്റെ അവസാന എപ്പിസോഡിൽ ജഡ്ജായി അദ്ദേഹം എത്തിയിരുന്നില്ല. പകരം ആലിബാബയുടെ മറ്റൊരു പ്രതിനിധിയാണ് പങ്കെടുത്തത്. ആലിബാബയുടെ വെബ്‌സൈറ്റിൽ നിന്ന് മായുടെ ചിത്രവും നീക്കുകയുംചെയ്തു
മായുടെ ഉടമസ്ഥതയിലുള്ള ആൻഡ് ഗ്രൂപ്പിന്റെ ഷാങ് ഹായിയിലും ഹോങ് കോങ്ങിലും 3700 കോടി ഡോളറിന്റെ ഓഹരി വിൽക്കാനുള്ള പദ്ധതി (ഇനിഷ്യൽ പബ്ലിക് ഓഫറിങ്) ചൈനീസ് സർക്കാർ നവംബറിൽ തടഞ്ഞിരുന്നു. മായോട് രാജ്യംവിടരുതെന്നും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ പേടിഎം, പേടിഎം മാൾ, സൊമാറ്റോ, ബിഗ് ബാസ്‌കറ്റ്, സ്‌നാപ്ഡീൽ തുടങ്ങിയവയിൽ ആലിബാബയ്ക്ക് നിക്ഷേപമുണ്ട്.
മറുനാടന് ഡെസ്ക്