കൊച്ചി: നൂറാം വാര്‍ഷികം ആഘോഷിക്കുന്ന രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകരുടെ ഗണത്തിലേക്ക് എത്തുന്നത് ഹൃദയപൂര്‍വം ഭാരതത്തോട് ചേര്‍ന്ന് നില്‍ക്കുക എന്ന തീരുമാനത്തിലെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്. ഒക്ടോബര്‍ ഒന്നിന് ആര്‍എസ്എസിന്റെ സ്ഥാപകദിനമായ വിജയദശമി ദിനത്തില്‍ കൊച്ചിയില്‍ നടക്കുന്ന ആര്‍എസ്എസ് പദസഞ്ചലനത്തില്‍ ഗണവേഷം അണിഞ്ഞ് പങ്കെടുത്തുകൊണ്ടാണ് സംഘടനയുടെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലേക്ക് ജേക്കബ് തോമസ് എത്തുന്നത്. ആര്‍എസ്എസിന്റെ ഭാരവാഹിത്വമില്ലെങ്കിലും ബിജെപിയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ് നിലവില്‍ ജേക്കബ് തോമസ്. ഇതിനിടെയാണ് നിര്‍ണായക തീരുമാനം എടുത്തത്.

'സേവനത്തിന് കൂടുതല്‍ നല്ലത് ആര്‍എസ്എസ് ആണ്. പദവികളൊന്നും ആഗ്രഹിക്കുന്നില്ല. മുഴുവന്‍ സമയപ്രവര്‍ത്തനമാണ് ലക്ഷ്യം. ഹൃദയപൂര്‍വം ഭാരതത്തോട് ചേര്‍ന്നുനില്‍ക്കുക എന്ന ആശയത്തോടെയാണ് നൂറാംവര്‍ഷം ആഘോഷിക്കുന്ന ആര്‍എസ്എസില്‍ സജീവമാകുന്നത്. 1997 മുതലാണ് ആര്‍എസ്എസില്‍ ആകൃഷ്ടനായത്. ഇനി ആ ആശയങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണ്. വര്‍ഗീയ ആരോപണങ്ങള്‍ക്കുള്ള മറുപടിയായാണ് ആര്‍എസ്എസില്‍ ചേര്‍ന്നത്. സംഘത്തിന് രാഷ്ട്രീയമില്ല. ലോകത്തെ ഏറ്റവും വലിയ സന്നദ്ധസംഘടനയാണത്. ജനങ്ങളുടെ ഉന്നതിക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണത്. ഞാനും അതിന്റെ ഭാഗമാവുകയാണ്'- ജേക്കബ് തോമസ് വിശദീകരിക്കുന്നു.

'നൂറാം വര്‍ഷമാകുന്ന ആര്‍എസ്എസില്‍ സജീവമാകാന്‍ തീരുമാനിച്ചു. ആര്‍എസ്എസില്‍ ആകൃഷ്ടനായത് 1997 മുതലാണ്. ഇനി ആ ആശയങ്ങള്‍ക്കൊപ്പം പോകുന്നു. സംഘത്തിന് രാഷ്ട്രീയമില്ല. അത് സന്നദ്ധ സംഘടനയാണ്. അതൊരു രാഷ്ട്രീയ പാര്‍ട്ടി അല്ല. ജനങ്ങളുടെ ക്ഷേമത്തിനായി ഇടപെടുക എന്നതാണ് ലക്ഷ്യം'- ജേക്കബ് തോമസ് പറയുന്നു.

'97ല്‍ മൈസൂരില്‍ ആര്‍എസ്എസിന്റെ ഒരു സ്‌കൂളില്‍ പോവാന്‍ ഇടയായി. കൂര്‍ഗിലെ അന്നത്തെ ബിജെപി ജില്ലാ പ്രസിഡന്റും എന്റെ കൂടെ ഉണ്ടായിരുന്നു. ബെംഗളൂരുവില്‍ പോയി തിരിച്ചുപോകുന്ന വഴിയായിരുന്നു. അന്ന് അവിടത്തെ കാര്യങ്ങളൊക്കെ മനസ്സിലാക്കി. ഒരു ദിവസം അവിടെ താമസിച്ചു. അങ്ങനെയാണ് ആര്‍എസ്എസില്‍ ആകൃഷ്ടനായത്. സര്‍ക്കാര്‍ ജോലിയില്‍ ആയിരുന്നതു കൊണ്ട് ആ ജോലിയില്‍ ആത്മാര്‍ത്ഥത കാണിച്ചു. വിരമിച്ചപ്പോഴാണ് ആര്‍എസ്എസില്‍ സജീവമാകാന്‍ തീരുമാനിച്ചത്'

'ഞാന്‍ ആര്‍എസ്എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്നത് ഇപ്പറഞ്ഞ ആരോപണങ്ങള്‍ക്കുള്ള മറുപടിയല്ലേ? ഞാന്‍ ഒരു വര്‍ഗീയവാദിയാണെന്ന് കേരളത്തില്‍ ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല. തീക്കോയി എന്ന ഗ്രാമത്തില്‍ ജനിച്ച് സെന്റ് മേരീസ് സ്‌കൂളില്‍ പഠിച്ചു. പിന്നീട് ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഞാന്‍ ആര്‍എസ്എസിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ്. പദവികളൊന്നും ആഗ്രഹിക്കുന്നില്ലെന്നും മുഴുവന്‍ സമയപ്രവര്‍ത്തനമാണ് ലക്ഷ്യമെന്നും ജേക്കബ് തോമസ് പറഞ്ഞു.

നേരത്തെ ആര്‍എസ്എസിന്റെ ചില പരിപാടികളില്‍ അതിഥിയായി ജേക്കബ് തോമസ് പങ്കെടുത്തിരുന്നു.പൊലീസില്‍ നിന്ന് വിരമിച്ചതിനുശേഷം 2021ല്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ പങ്കെടുത്ത തൃശൂര്‍ സമ്മേളനത്തിലാണ് ജേക്കബ് തോമസ് ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 30,000ല്‍ ഏറെ വോട്ടുകളായിരുന്നു അന്ന് നേടിയത്. സംസ്ഥാനത്തെ ആദ്യ വനിത ഡിജിപിയായിരുന്ന ആര്‍ ശ്രീലേഖ നിലവില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ്. മറ്റൊരു ഡിജിപിയായിരുന്ന ടി പി സെന്‍കുമാര്‍ ഹിന്ദുഐക്യവേദിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.