തിരുവനന്തപുരം: കൊല്ലം ചടയമംഗലത്ത് വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ് എംസി റോഡിന്റെ അരികിലുള്ള ജടായുപാറ. പദ്ധതിയുടെ ശിൽപിയായ സംവിധായകൻ രാജീവ് അഞ്ചലിന് എതിരെ കോടികളുടെ സാമ്പത്തിക തിരിമറി ആരോപണവുമായി ജടായുപാറ നിക്ഷേപക ക്ഷേമ അസോസിയേഷൻ രംഗത്തെത്തി. ജടായുപാറ ടൂറിസം പദ്ധതിയുടെ പ്രവാസികളും സ്വദേശികളും ആയ നിക്ഷേപകരെ, പദ്ധതിയുടെ ശില്പിയും കരാറുകാരനുമായ രാജീവ് അഞ്ചൽ കോടികളുടെ സാമ്പത്തികതിരിമറി നടത്തി പറ്റിച്ചു എന്നാണ് ജടായു പദ്ധതിയുടെ പ്രവാസി നിക്ഷേപകരുടെ കൂട്ടായ്മ ആയ JIWA യും (Jatayupara Tourism Investors Welfare Association.) , പദ്ധതിയിലെ തൊഴിലാളികളും, പണം ലഭിക്കാതെ വഞ്ചിക്കപ്പെട്ടവരും ആരോപിച്ചത്. തിരുവനന്തപുരത്ത് ഇവർ തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ വിശദീകരിച്ചു.

നിക്ഷേപകരുടെ, ഇപ്പോൾ പദ്ധതിയിലുള്ള ആസ്തി മൂല്യമായ 239 കോടി രൂപയേ പറ്റി ഒരക്ഷരം പോലും മിണ്ടാതെ ഏകപക്ഷീയമായും, നിയമവിരുദ്ധമായും, ജടായു പദ്ധതിയിൽ നിന്നും പുറത്താക്കി എന്നാണ് മുഖ്യആരോപണം. പദ്ധതിയുടെ നിയന്ത്രണം മുഴുവനായി തട്ടിയെടുത്ത്, വരുമാനമത്രയും രാജീവ് അഞ്ചലും കുടുംബവും മാത്രമായി അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും നിക്ഷേപകർ ആരോപിച്ചു.

രാജീവ് അഞ്ചലിന്റെ തട്ടിപ്പുകൾക്കെതിരെ കോടതികളെ സമീപിച്ച നിക്ഷേപകരുടെ അവശ്യപ്രകാരം, അഴിമതികളെപ്പറ്റി അന്വേഷിക്കാൻ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷൻ വിശദമായി നടത്തിയ അന്വേഷണങ്ങൾക്ക് ശേഷം നല്കിയ റിപ്പോർട്ടിൽ, രാജീവ് അഞ്ചൽ നടത്തിയ മുഴുവൻ അഴിമതിയും അക്കമിട്ട് പറഞ്ഞതായും നിക്ഷപകർ വ്യക്തമാക്കി.

പദ്ധതി രേഖകളിലെ സങ്കീർണത മുതലെടുത്താണ് രാജീവ് അഞ്ചൽ വളരെ എളുപ്പത്തിൽ നിക്ഷേപകരെ പദ്ധതിയിൽ നിന്ന് പുറത്താക്കിയത്. സർക്കാരിനെയും, മാധ്യമങ്ങളെയും നാട്ടുകാരെയും കഴിഞ്ഞ മൂന്നുവർഷമായി കബളിപ്പിക്കാൻ കഴിഞ്ഞെങ്കിലും, കോടതി നേരിട്ട് നിയോഗിച്ച കമ്മിഷൻ, രാജീവ് അഞ്ചലിന്റെ തട്ടിപ്പുകൾ മുഴുവൻ പുറത്തുകൊണ്ടുവന്നു. രാജീവ് അഞ്ചൽ നിക്ഷേപകരെ ഏകപക്ഷീയമായി പുറത്താക്കിയത് തെറ്റാണെന്നും കമ്മീഷൻ പറഞ്ഞു. നിക്ഷേപകരുടെ കരാർ പുനഃസ്ഥാപിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതോടെ, ഇനി ആരെയും തെറ്റിദ്ധരിപ്പിക്കാൻ രാജീവ് അഞ്ചലിന് കഴിയില്ല എന്നും നിക്ഷേപകർ പറഞ്ഞു.

ഏകദേശം 50 കോടിയോളം രൂപ മുതൽ മുടക്കിയ പദ്ധതിയിലേക്ക്, 20 കോടി രൂപ പോലും രാജീവ് അഞ്ചൽ ചെലവിട്ടിട്ടില്ല. ഒരു സാധാരണക്കാരന് പോലും കണ്ടെത്താൻ കഴിയുന്ന വിധത്തിൽ ഉള്ള സാമ്പത്തിക തിരിമറികളാണ് നടത്തിയത്. കോടതി നിയോഗിച്ച കമ്മീഷൻ തട്ടിപ്പുകൾ കണ്ടെത്തിയതോടെ, പദ്ധതി വരുമാനം മുഴുവൻ സ്വകാര്യമായി അനുഭവിച്ചുകൊണ്ടിരുന്ന രാജീവ് അഞ്ചലിനെയും കുടുംബത്തേയും, കൂടുതൽ അഴിമതികൾ നടത്തുന്നതിൽ നിന്നും തടയുന്നതിന്റെ ഭാഗമായി, പദ്ധതി വരുമാനത്തിൽ രാജീവ് അഞ്ചലിന് തുടർന്ന് അധികാരമില്ല എന്ന് കൊച്ചി National Company Law Tribunal (NCLT) യും, Chennai NCLAT കോടതിയും ഉത്തരവിട്ടിരുന്നു.

ഇതോടുകൂടി തൊഴിലാളികൾക്കു ശമ്പളം പോലും കൊടുക്കാതെയുള്ള പദ്ധതിയുടെ ദൈനംദിന നടത്തിപ്പ് ഭാഗികമായി അവതാളത്തിലായി. എന്നാൽ, മറ്റു വഴിയിലൂടെ തട്ടിപ്പും വഞ്ചനയും തുടരാനായി, ജടായു പദ്ധതിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം പൂർണ്ണമായും 'ക്യാഷ്' ടിക്കറ്റ് വിൽപ്പനയിലേക്ക് മാത്രമായി രാജീവ് അഞ്ചൽ മാറ്റി. ഇങ്ങനെ തൊഴിലാളികളേയും, നിക്ഷേപകരേയും, സർക്കാരിനെയും, ബാങ്കിനെയും അടക്കം കബളിപ്പിക്കൽ തുടരുന്ന രാജീവ് അഞ്ചലിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ജടായു ടൂറിസം നിക്ഷേപകരുടെ ആവശ്യം.

150 ഓളം പ്രവാസികളും സ്വദേശികളും ആയ നിക്ഷേപകർ ഒരു സർക്കാർ പദ്ധതിയിൽ പണം നിക്ഷേപിച്ച് പണം നഷ്ടപ്പെട്ട് പെരുവഴിയിൽ ആയിരിക്കുകയാണ്. സർക്കാർ കൂടി ഉൾപ്പെട്ട പദ്ധതിയിൽ കേരളം കണ്ട ഏറ്റവും വലിയ കോർപ്പറേറ്റ് ഫ്രോഡ് ജടയുപ്പാറ ടൂറിസത്തിൽ നടന്നു എന്നു NCLT കോടതി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നിട്ടും ഇതുവരെ നടപടിയില്ല. രാജീവ് അഞ്ചലിനെ സാമ്പത്തിക ലാഭത്തിനായി മാത്രം, ചില സർക്കാർ ഉദ്യോഗസ്ഥരും, അധികാര വർഗ്ഗവും സംരക്ഷിക്കുകയാണെന്നും നിക്ഷേപകർ കുറ്റപ്പെടുത്തി.

2020 മാർച്ച് മുതൽ, നിക്ഷേപകരെ പദ്ധതി പ്രദേശത്തു കടക്കുന്നത് രാജീവ് അഞ്ചൽ തടഞ്ഞു. കോടതി വിധികൾ എല്ലാം കാറ്റിൽ പറത്തി, പദ്ധതിയിലെ വരുമാനം മുഴുവൻ സ്വന്തം വീട്ടിലേക്ക് മാത്രമായി കൊണ്ടുപോവുകയായിരുന്ന രാജീവ് അഞ്ചലിന് തിരിച്ചടിയായി ജൂൺ ആറിനാണ് ആണ് പദ്ധതി വരുമാനം പൂർണ്ണമായും തടഞ്ഞ് കൊണ്ട് കോടതി ഉത്തരവിട്ടത്. കോടതി വിധി വന്നപ്പോൾ മുതൽ 5 മാസങ്ങൾക്കുള്ളിൽ 4.5 കോടി രൂപയോളം അക്കൗണ്ടിൽ വന്നു. മാർച്ച് 2020 മുതൽ ജൂൺ 2022 വരെ 27 മാസങ്ങൾ കൊണ്ട് രാജീവ് അഞ്ചൽ തട്ടിയെടുത്ത തുക ഏകദേശം 20 കോടിക്കടുത്ത് വരുമെന്ന് നിക്ഷേപകർ ആരോപിച്ചു. ഈ പണം ഉപയോഗിച്ച് , ഒരു സിറ്റിങ്ങിന് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരെ നിയോഗിച്ച് കേസ് നടത്തുമ്പോൾ പോലും, വിരലിലെണ്ണാവുന്ന തൊഴിലാളികൾ മാത്രമുള്ള ജടായുവിൽ 4 മാസമായി ശമ്പളം കൊടുക്കാതെ രാജീവ് അഞ്ചൽ പറ്റിക്കുകയാണെന്നും നിക്ഷേപകർ ആരോപിച്ചു. നിക്ഷേപകരായ രമാദേവി , ബാബു ചെറുവള്ളി, രമേശ് ബാബു, ശബരിഗിരി ഡോക്ടർ.ജയകുമാർ, കോൺട്രാക്ടർ ബോബൻ മാത്യു, മനു എന്നിവരാണ് ഈ വിഷയം ഉയർത്തി മുന്നോട്ടുവന്നിട്ടുള്ളത്.

പദ്ധതി പൂർത്തിയായിട്ടില്ലാത്ത അവസ്ഥയിൽ തന്നെ പൊന്തി വന്ന കേസുകൾ ആയിരം കോടിയുടെ ഈ ടൂറിസം പദ്ധതിയുടെ ഭാവി തന്നെ കരിനിഴലിലാക്കുകയാണ്. ബിഒടി വ്യവസ്ഥയിലുള്ള അറുപത്തിയഞ്ചു എക്കറിലേറെ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന സംസ്ഥാനത്തെ ആദ്യ ടൂറിസം പദ്ധതിയാണ് നിയമക്കുരുക്കിൽപ്പെട്ടു വലയുന്നത്. സംസ്ഥാന സർക്കാർ മുപ്പത് വർഷത്തേക്ക് പ്രോജക്റ്റ് അനുവദിച്ച് നൽകിയ രാജീവ് അഞ്ചലും നിക്ഷേപകരും തമ്മിൽ ഉരസിയതോടെയാണ് ജടായുപ്പാറ ടൂറിസം പദ്ധതി വിവാദത്തിലായത്.