ന്യൂഡല്‍ഹി: ഭരണകക്ഷിയായ ബി ജെ പിയെ ഞെട്ടിച്ചുകൊണ്ടാണ് ഉപരാഷ്ട്രപതി സ്ഥാനത്തുനിന്നും ജഗ്ദീപ് ധന്‍കര്‍ പടിയിറങ്ങിയത്. അതിനാടകീയമായിരുന്നു രാജി പ്രഖ്യാപനം. രാജിക്കാര്യം അറിയിക്കാന്‍ ധന്‍കര്‍ രാഷ്ട്രപതി ഭവനിലെത്തിയത് പോലും മുന്‍കൂര്‍ അനുമതി തേടാതെ പൊടുന്നനെ ആയിരുന്നെന്നും ഇതുകണ്ട് രാഷ്ട്രപതി ഭവനിലെ ജീവനക്കാര്‍ അമ്പരന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാഷ്ട്രപതിക്ക് രാജി സമര്‍പ്പിക്കാന്‍ ധന്‍കര്‍ എത്തിയത് വൈകുന്നേരമായിരുന്നു. മുന്നറിയിപ്പില്ലാതെ എത്തിയതിനെ തുടര്‍ന്ന് രാഷ്ട്രപതി തയ്യാറായി എത്തുന്നതിനായി ധന്‍കര്‍ 25 മിനിട്ടോളം കാത്തിരുന്നെന്നും അതിനുശേഷമാണ് രാജിക്കത്ത് കൈമാറിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചയിലാണ് ബിജെപി ദേശീയ നേതൃത്വം, ഇതിനിടയിലാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉടന്‍ ആളെ കണ്ടെത്തേണ്ട ചുമതലയും കൂടി ബി ജെ പി നേതൃത്വത്തിന് മുന്നില്‍ വന്നു പെട്ടിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ വളരെ ശ്രദ്ധയോടെ മാത്രമേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ടതുള്ളൂവെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍.

അപ്രതീക്ഷിതമായാണ് ഉപരാഷ്ട്രപതി സ്ഥാനം ജഗ്ദീപ് ധന്‍കര്‍ രാജിവച്ചത്. വൈകിട്ടുവരെ രാജ്യസഭയില്‍ കര്‍മനിരതനായിരുന്ന ജഗ്ദീപ് ധന്‍കര്‍ പെട്ടെന്ന് രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയത് ഭരണ പ്രതിപക്ഷ അംഗങ്ങളെ ഞെട്ടിച്ചു. രാജ്യത്ത് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും കാലാവധി പൂര്‍ത്തിയാക്കാതെ ഉറങ്ങിപ്പോവുന്നത് പതിവുള്ളതല്ല. എന്നാല്‍ ധന്‍കര്‍ കാണിച്ച അമിതാവേശമാണ് ഇപ്പോള്‍ ബി ജെ പിയെ വെട്ടിലാക്കിയിരിക്കുന്നത്. എന്‍ ഡി എയിലെ മുഴുവന്‍ കക്ഷികളോടും ആലോചിച്ചാണ് പശ്ചിമബാംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കറെ ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് കൊണ്ടുവന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായി നിരന്തരമായ പോരാട്ടം നടത്തിയിരുന്ന ധന്‍കര്‍ രാജ്യംമുഴുവന്‍ ഉറ്റുനോക്കിയ ഗവര്‍ണറായിരുന്നു.

രാജ്യസഭാധ്യക്ഷന്‍കൂടിയായ ഉപരാഷ്ട്രപതി ഭരണകക്ഷിക്കുവേണ്ടി നിലകൊണ്ടത് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. പ്രതിപക്ഷം നിരന്തരമായി ഉപരാഷ്ട്രപതി സ്ഥാനത്തുനിന്നും ധന്‍കറെ മാറ്റണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. ബി ജെ പി നേതൃത്വത്തെ ഇത്തരം രാജികള്‍ ഭരണകക്ഷിയെ പ്രതികൂലമായി ബാധിക്കും. ബിഹാര്‍ തിരഞ്ഞൈടുപ്പടക്കം പ്രധാനപ്പെട്ട ചില അസംബ്ലി തിരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരുക്കങ്ങളിലാണ് ബിജെപി. ഇതിനിടയിലാണ് ജഗ്ദീപ് ധന്‍കറിന്റെ രാജി.

ആരോഗ്യകാരണങ്ങളാല്‍ രാജിയെന്നാണ് പറയപ്പെടുന്നതെങ്കിലും ബിജെപി ദേശീയ നേതൃത്വുമായുള്ള അകല്‍ച്ചയാണ് രാജിയിലേക്ക് നയിച്ചതെന്നാണ് അന്തപുര സംസാരം. ധന്‍കറിന്റെ രാജിയില്‍ പ്രധാനമന്ത്രി വളരെ വൈകിയാണ് പ്രതികരിച്ചത്. ആയുരാരോഗ്യം നേര്‍ന്നതല്ലാതെ രാജിയെക്കുറിച്ച് പ്രത്യേകിച്ച് ഒരു അഭിപ്രായപ്രകടനം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോ, അഭ്യന്തരമന്ത്രി അമിത് ഷായോ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അടുത്ത രാഷ്ട്രപതിയാവുകയെന്ന ലക്ഷ്യത്തോടെയാണ് ധന്‍കര്‍ കരുനീക്കം നടത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇത് ബി ജെ പി ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചുവെന്നും ജെ പി നദ്ദ നേരിട്ട് നീരസം പ്രകടിപ്പിച്ചുവെന്നുമാണ് ലഭ്യമായ വിവരം. ബി ജെ പി ദേശിയ അധ്യക്ഷന്‍ ജെ പി നദ്ദയോ. മറ്റു നേതാക്കളോ പരസ്യമായി പ്രതികരിച്ചിരുന്നില്ല.

അതേ സമയം ഉപരാഷ്ട്രപതിസ്ഥാനത്തുനിന്നുള്ള ധന്‍കറിന്റെ പടിയിറക്കത്തിന് പിന്നില്‍ ഒരു കാരണം മാത്രമല്ല ഉള്ളതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറച്ചായി ധന്‍കറിനും കേന്ദ്രസര്‍ക്കാരിനുമിടയില്‍ അസ്വാരസ്യങ്ങള്‍ രൂപംകൊണ്ടിരുന്നെന്നാണ് സൂചന.

കേന്ദ്രസര്‍ക്കാരിലെ കാബിനറ്റ് മന്ത്രിമാരോട് ധന്‍കര്‍ പരുഷമായാണ് പെരുമാറിയിരുന്നതെന്ന് ഉന്നതവൃത്തങ്ങള്‍ പറയുന്നു. അദ്ദേഹം മന്ത്രിമാരെ അപമാനിച്ചിരുന്നു. കാബിനറ്റ് പദവി വഹിക്കുന്ന, വനിതാമന്ത്രി ഉള്‍പ്പെടെയുള്ള അഞ്ച് ഉന്നത മന്ത്രിമാരെ സംഭാഷണമധ്യേ അപമാനിച്ചിട്ടുണ്ടെന്നും ഉന്നതവൃത്തങ്ങള്‍ പറയുന്നു.

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ ഇന്ത്യാസന്ദര്‍ശനത്തിന് മുന്നോടിയായി മറ്റൊരു സംഭവം നടന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. താന്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ആണെന്നും വാന്‍സിന്റെ പദവിയോട് തത്തുല്യനായതിനാല്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്നും ധന്‍കര്‍ അറിയിച്ചു. തുടര്‍ന്ന് ഒരു മുതിര്‍ന്ന കാബിനറ്റ് മന്ത്രി ധന്‍കറിനെ വിളിച്ചു. വാന്‍സ് വൈസ് പ്രസിഡന്റ് ആണെങ്കിലും അദ്ദേഹം പ്രസിഡന്റ് ട്രംപിന്റെ പ്രധാനമന്ത്രി മോദിക്കുള്ള സന്ദേശവുമായി എത്തിയതാണെന്ന് ധന്‍കറിനെ അറിയിച്ചു.

മന്ത്രിമാരുടെ ഓഫീസില്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ചിത്രങ്ങള്‍ക്കൊപ്പം തന്റെ ചിത്രംകൂടി സ്ഥാപിക്കണമെന്നും ധന്‍കര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തന്റെ ഫ്ളീറ്റിലെ മുഴുവന്‍ കാറുകളും മേഴ്സിഡസിന്റേതാക്കണമെന്നും ധന്‍കര്‍ പലകുറി ആവശ്യപ്പെട്ടിരുന്നുവെന്ന് ഉന്നതവൃത്തങ്ങള്‍ പറയുന്നു.

ജസ്റ്റിസ് യശ്വന്ത് വര്‍മ കേസുമായി ബന്ധപ്പെട്ട് ധന്‍കര്‍, പ്രതിപക്ഷവുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ആരോപണമുണ്ട്. ജസ്റ്റിസ് വര്‍മയെ നീക്കാനുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസ്, കേന്ദ്രത്തെയും പാര്‍ലമെന്ററികാര്യ മന്ത്രിയെയും അറിയിക്കാതെ സഭയിലെത്തിയതും ധന്‍കറും സര്‍ക്കാരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍വീഴ്ത്തി.