കണ്ണൂർ: തന്റെ പ്രിയപ്പെട്ട അദ്ധ്യാപികയെ സന്ദർശിക്കാൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പാനൂർ താഴെ ചമ്പാട്ടെ ആനന്ദം വീട്ടിലെത്തി. രാജസ്ഥാനിലെ ചിറ്റോർഗ്ര സൈനിക് സ്‌കൂളിൽ പഠിപ്പിച്ച രത്‌ന നായരെ കാണാനാണ് ഉപരാഷ്ട്രപതി താഴെ ചമ്പാട് കണ്ണൂർ വിമാന താവളത്തിൽ നിന്നും റോഡ് മാർഗം തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് രണ്ടരയോടെ എത്തിയത്. പാനൂർ ചമ്പാട് കാർഗിൽ ബസ്സ്റ്റോപ്പിന് സമീപത്തെ 'ആനന്ദം' വീട്ടിലെത്തി അദ്ദേഹവും ഭാര്യയും അദ്ധ്യാപികയ്‌ക്കൊപ്പം സമയം ചെലവിട്ടു.

രാജസ്ഥാനിലെ ചിറ്റോർഗ്ര സൈനിക് സ്‌കൂളിൽ ഗണിതാധ്യാപികയായിരിക്കുമ്പോഴാണ് ജഗദീപ് ധൻകറെ രത്‌ന നായർ പഠിപ്പിച്ചത്. 18 വർഷത്തോളം രാജസ്ഥാനിലെ സൈനിക സ്‌കൂളിൽ അദ്ധ്യാപികയായിരുന്നു രത്‌ന ടീച്ചർ. കണ്ണൂർ ചെണ്ടയാട് നവോദയാ സ്‌കൂളിലെ പ്രിൻസിപ്പലായാണ് വിരമിച്ചത്. ഇപ്പോൾ പാനൂരിലെ സഹോദരന്റെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ് ടീച്ചർ.

ജഗ്ദീപ് ധൻകർ പശ്ചിമ ബംഗാളിൽ ഗവർണറായപ്പോൾ രത്‌ന ടീച്ചറെ വിളിച്ച് അനുഗ്രഹം തേടിയിരുന്നു. ഉപരാഷ്ട്രപതിയായി ചുമതലയേറ്റെടുക്കുന്ന ചടങ്ങിലേക്കും ടീച്ചർക്ക് ക്ഷണമുണ്ടായിരുന്നു, പക്ഷെ അനാരോഗ്യം കാരണം പോകാൻ കഴിഞ്ഞില്ല. ഇതിനിടയിലാണ് ടീച്ചറെ കാണാൻ കണ്ണൂരിലെത്തുമെന്ന കാര്യം ഉപരാഷ്ട്രപതി അറിയിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 നാണ് പ്രത്യേക വ്യോമസേനാ വിമാനത്തിലാണ് ജഗ്ദീപ് ധൻകർ കണ്ണൂർ വിമാനത്താവളത്തിലെത്തിയത്.

തുടർന്ന് പാനൂർ ചമ്പാട്ടെ അദ്ധ്യാപികയായ രത്‌നാ നായരെ കാണാൻ റോഡ് മാർഗം അവരുടെ വീട്ടിലേക്ക് പോവുകയായിരുന്നു. ഉപരാഷ്ട്രപതിയെത്തുന്ന വിവരമറിഞ്ഞ് രത്‌നാ നായരുടെ വീടിന് ചുറ്റും വൻ ജനാവലി കാത്തു നിന്നിരുന്നു. കനത്ത പൊലീസ് സുരക്ഷയോടെയാണ് ഉപരാഷ്ട്രപതി ജഗദീപ് ധൻ ഖറും സഹധർമ്മിണി ഡോ.സുധേഷ് ധൻ ഖറും രത്‌നാ നായരുടെ വീട്ടിലെത്തിയത്.

ഗുരുനാഥയെ കണ്ടു കാൽ തൊട്ടു വന്ദിച്ച ഉപരാഷ്ട്രപതിയെ രത്‌നാ നായർ സ്‌നേഹപുരസരം എഴുന്നേറ്റു കൈകൾ കൂട്ടി പിടിച്ചു അനുഗ്രഹിച്ചു. ശിഷ്യനെയും സഹധർമ്മിണിയെയും വീടിന്റെ സ്വീകരണ മുറിയിലേക്ക് ആനയിച്ച രത്‌നാ നായർ ഇളനീരും പലഹാരവും നൽകി സൽക്കരിച്ചു.'

പരസ്പരം സമ്മാനങ്ങൾ കൈ മാറിയും സ്‌കൂൾ വിശേഷങ്ങൾ പറഞ്ഞും അര മണിക്കൂറിലേറെ ചെലവഴിച്ചാണ് ഉപരാഷ്ട്രപതി റോഡ് മാർഗം മട്ടന്നൂർ വിമാന താവളത്തിലേക്കും അവിടെ നിന്ന് പ്രത്യേക എയർഫോഴ്‌സ് വിമാനത്തിൽ ഏഴിമല നാവിക അക്കാദമിയിലേക്ക് പോയത് സ്പീക്കർ എ.എൻ ഷംസീർ രത്‌നാ നായരുടെ ബന്ധുകൾ എന്നിവർ ഗുരു - ശിഷ്യ ബന്ധത്തിന്റെ ഊഷ്മളത വിളിച്ചോതുന്ന അവിസ്മരണീയ മുഹൂർത്തത്തിന് സാക്ഷിയാവാൻ എത്തിയിരുന്നു.