- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂജപ്പുര ജയിലിൽ യുവാവിന്റെ തടവുചാട്ട ശ്രമം പാളി! മതിൽ ചാടിയ തടവുകാരൻ എത്തിയത് മറ്റൊരു ബ്ലോക്കിൽ; പിടിയിലായപ്പോൾ മൂത്രമൊഴിക്കാൻ എത്തിയതെന്ന് മറുപടി; രക്ഷപെടാൻ ശ്രമിച്ചതാണെന്ന് മനസിലായതോടെ അതീവ സുരക്ഷയുള്ള മറ്റൊരു ബ്ലോക്കിലേക്ക് മാറ്റി
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ യുവാവിന്റെ തടവുചാട്ട ശ്രമം പാളി. ജയിലിന്റെ മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച തടവുകാരൻ ദിശയറിയാതെ വട്ടംതിരിഞ്ഞ് എത്തിയത് മറ്റൊരു ബ്ലോക്കിൽ. ഒരു ബ്ലോക്കിന്റെ മതിൽ ചാടിയ തടവുകാരൻ എത്തിയത് സമീപത്തെ ജയിൽ ബ്ലോക്കിൽ ആയിരുന്നു. ഒടുവിൽ പിടിയിലായപ്പോൾ മറ്റു വഴികളില്ലാതെ ഉദ്യോഗസ്ഥരോട് പറഞ്ഞത് മൂത്രമൊഴിക്കാൻ എത്തിയതെന്ന്.
വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ആലപ്പുഴ മാവേലിക്കര സ്വദേശിയായ യുവാവ് ജയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്. മാവേലിക്കര കോടതി റിമാൻഡ് ചെയ്ത മോഷണക്കേസ് പ്രതിയായിരുന്നു ഇയാൾ. ജയിലിൽ എത്തിയിട്ട് ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോഴാണ് യുവാവ് സാഹസം കാട്ടിയത്.
അവധി ദിവസമായതിനാൽ ഇന്ന് തടവുകാർക്ക് കൂടുതൽ ഇളവുകൾ ഉണ്ടായിരുന്നു. ടിവി കാണാനുൾപ്പടെ അനുവദിച്ച അവസരം മുതലെടുത്താണ് ഏഴടിപ്പൊക്കമുള്ള മതിൽ യുവാവ് ചാടിക്കടന്നത്.
മതിൽ ചാടികഴിഞ്ഞപ്പോഴാണ് ഇയാൾ അബദ്ധം തിരിച്ചറിഞ്ഞത്. എത്തിയത് ജയിലിനുള്ളിലെ തന്നെ മറ്റൊരു ബ്ലോക്കിലാണെന്ന് മനസിലായി. ഇതേസമയം അനുവദിച്ച സമയം കഴിഞ്ഞിട്ടും ഇയാളെ കാണാതായതിനെ തുടർന്ന് വാർഡന്മാർ അന്വേഷിച്ച് ഇറങ്ങിയിരുന്നു.
എന്നാൽ യുവാവിനെ അടുത്ത ബ്ലോക്കിൽ കണ്ടെത്തുകയായിരുന്നു. എന്താണ് ഇവിടെ ഇരിക്കുന്നത് ചോദിച്ചപ്പോൾ മൂത്രമൊഴിക്കാനെത്തിയതെന്നായിരുന്നു മറുപടി. ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചതാണെന്ന് മനസിലായതോടെ അതീവ സുരക്ഷയുള്ള മറ്റൊരു ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ