- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പരിശീലനത്തിന് ശേഷം അവർ ഞങ്ങളെ യുക്രൈൻ അതിർത്തിയിലേക്ക് കൊണ്ടുപോയി; പിന്നാലെ ദുരിത ജീവിതം; മരണം മുഖാമുഖം കണ്ട നിമിഷങ്ങൾ; എങ്ങും വെടിയൊച്ചകൾ; കാതിൽ ബോംബ് പൊട്ടുന്ന ശബ്ദം; ഒന്നും മനസ്സിൽ നിന്ന് മായുന്നില്ല; റഷ്യൻ കൂലിപ്പട്ടാളത്തിൽ ചതിയിലൂടെ എത്തിപ്പെട്ട ജെയിൻ നാട്ടിലെത്തി; ബിനിലിന്റെ മൃതദേഹം എവിടെയെന്ന് അറിയില്ലെന്നും മറുപടി!
തൃശൂർ: ഒടുവിൽ റഷ്യൻ കൂലിപ്പട്ടാളത്തിൽ ചതിയിലൂടെ എത്തിപ്പെട്ട തൃശൂർ സ്വദേശി ജെയിൻ നാട്ടിൽ മടങ്ങിയെത്തി. കുറെ വേദനിപ്പിക്കുന്ന ഓർമ്മകളുമായിട്ടാണ് യുവാവ് നാട്ടിൽ തിരിച്ചെത്തുന്നത്. മരണം മുഖാമുഖം കണ്ട നിമിഷങ്ങൾ ഒന്നും തന്നെ മനസ്സിൽ നിന്നും മായുന്നില്ലെന്നും ജെയിൻ വ്യക്തമാക്കി.
വീണ്ടും മടങ്ങി എത്താൻ സാധിച്ചതിൽ ആശ്വാസമുണ്ടെന്നും കൂടെയുണ്ടായിരുന്ന രണ്ടുപേർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ജെയിൻ വേദനയോടെ വ്യക്തമാക്കി. തൊഴിൽ തട്ടിപ്പിന് ഇരയായി ആണ് ജെയിൻ റഷ്യൻ കൂലിപ്പട്ടാളത്തിൽ എത്തിപ്പെട്ടത്. പട്ടാളത്തിൽ എത്തി പത്ത് ദിവസത്തെ പരിശീലനത്തിനൊടുവിൽ യുക്രൈൻ അതിർത്തിയിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്ന് ജെയിൻ വെളിപ്പെടുത്തുന്നു.
യുദ്ധത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ മോസ്കോയിലെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയെന്ന ജെയിനിൻ്റെ സന്ദേശം കുടുംബത്തിന് ലഭിച്ചിരുന്നു. ആർമി ക്യാമ്പിലേക്ക് പോലീസിന്റെ സഹായത്തോടെ പോവുകയാണെന്നാണ് ജെയിന് അവസാനമായി കുടുംബത്തിന് അയച്ച സന്ദേശത്തിൽ ഉണ്ടായിരുന്നത്.
ആർമി കരാർ കാലാവധി പൂർത്തിയായിട്ടും തിരികെ ക്യാമ്പിലേക്ക് പോകുന്നതിന്റെ ആശങ്ക കുടുംബം മീഡിയാവണുമായി പങ്കുവെച്ചിരുന്നു. പിന്നാലെയാണ് ജെയിനിനെ നാട്ടിലെത്തിച്ചെന്ന ആശ്വാസമായ വാര്‍ത്ത കുടുംബത്തിന് ലഭിച്ചത്. അതേസമയം ജെയിന്റെ കൂടെ റഷ്യയിലേക്ക് പോയ ബിനിലിന്റെ മൃതദേഹം ഇതുവരെ നാട്ടിൽ എത്തിക്കാൻ സാധിച്ചിട്ടില്ല. യുദ്ധമുഖത്ത് വെച്ചാണ് ബിനിൽ കൊല്ലപ്പെട്ടത്.
ആശുപത്രിയിൽ വെച്ചാണ് നാട്ടിൽ തിരികെയെത്താൻ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് വീഡിയോ സന്ദേശം ജെയിൻ പുറത്തുവിട്ടത്. റഷ്യൻ ആർമിയുമായുള്ള ഒരു വർഷത്തെ കരാർ ഏപ്രിൽ 14ന് അവസാനിച്ചുവെന്നും തന്റെ അനുവാദമില്ലാതെ കരാർ പുതുക്കാൻ സാധ്യത ഉണ്ടെന്നും ജെയിൻ കുടുംബത്തെ അറിയിച്ചിരുന്നു. തുടർന്ന് മലയാളി അസോസിയേഷന്റെ ഇടപെടലാണ് യുവാവിനെ നാട്ടിൽ എത്തിക്കാൻ സഹായിച്ചത്.
ജെയിന്റെ കൂടെ മറ്റ് രണ്ട് യുവാക്കൾ കൂടി ഉണ്ടായിരുന്നു. സന്ദീപ്, ബിനിൽ എന്നിവർ. ഇരുവരും ജെയിനെ പോലെത്തന്നെ കൂലിപ്പട്ടാളത്തിൽ പെട്ടുപോയവരാണ്. എന്നാൽ രണ്ടുപേർക്കും രക്ഷപ്പെടാൻ സാധിച്ചിട്ടില്ല. ജെയിന് പരിക്കേൽക്കുന്നതിന് ഒരു ദിവസം മുമ്പാണ് ബിനിൽ കൊല്ലപ്പെടുന്നത്. ജെയിന്റെ കൺമുന്നിൽവെച്ചായിരുന്നു ബിനിലിന്റെ മരണം. ബിനിലിന്റെ മൃതശരീരം ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും റഷ്യൻ സർക്കാരിന്റെ സഹായത്തോടെ മാത്രമേ മൃതശരീരം നാട്ടിലേക്ക് കൊണ്ടുവരാൻ സാധിക്കു എന്നുമാണ് ജെയിൻ വ്യക്തമാകുന്നത്. കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ബിനിലിന്‍റെയും ജെയിനും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യന്റെ ജോലി വാഗ്ദാനം ചെയ്താണ് ഇരുവരേയും കൊണ്ടുപോയത്. എന്നാൽ ഇരുവരെയും റഷ്യയിലെ മലയാളി ഏജന്റ് പറ്റിക്കുകയായിരുന്നു.