ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍, ഇന്ത്യയുടെ വ്യോമാക്രമണത്തില്‍ പാക്കിസ്ഥാനിലെ ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം തവിടുപൊടിയായതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഭവല്‍പൂരിലെ മര്‍ക്കസ് സുബഹാനള്ളാ ക്യാമ്പാണ് തരിപ്പണമാക്കിയത്. 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിനും 2019 ലെ പുല്‍വാമ ആക്രമണത്തിനും പിന്നില്‍ പ്രവര്‍ത്തിച്ച ജയ്‌ഷെ മുഹമ്മദിന്റെ മുഖ്യതാവളമായിരുന്നു ക്യാമ്പ്. രാജ്യാന്തര അതിര്‍ത്തിയില്‍നിന്ന് 100 കി.മീ ദൂരത്തിലുള്ള സ്ഥലമാണിത്. ജെയ്ഷെ മുഹമ്മദിന്റെ പ്രധാന താവളമാണ്. റിക്രൂട്ട്മെന്റ്, പരിശീലനം തുടങ്ങിയവയെല്ലാം നടക്കുന്നത് ഇവിടെയാണ്.

ബുധനാഴ്ച പുലര്‍ച്ചെ ക്യത്യതയാര്‍ന്ന ആക്രമണത്തിലൂടെയാണ് പഹല്‍ഗാം കൂട്ടക്കുരുതിക്ക് ഇന്ത്യ മറുപടി നല്‍കിയത്. 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ലഷ്‌കറെ തൊയ്ബയുടെ പരിശീലന കേന്ദ്രമായ മുസാഫറാബാദിലെ സവായ് നാല ക്യാമ്പ്, മുസാഫറാബാദിലെ ജെയ്ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രമായ സയ്ദെന്‍ ബിലാല്‍ ക്യാമ്പ്, ലഷ്‌കറെ തൊയ്ബയുടെ ബേസ് ക്യാമ്പായ കോട്‌ലിയിലെ ഗുല്‍പൂര്‍ ക്യാമ്പ്, നിയന്ത്രണ രേഖയില്‍നിന്ന് ഒമ്പത് കി.മീ മാത്രം ദൂരത്തിലുള്ള തീവ്രവാദ ക്യാമ്പും പരിശീലന കേന്ദ്രവുമായ ബിംബെറിസെ ബര്‍ണാസ ക്യാമ്പ്, ലഷ്‌കറെ തൊയ്ബയുടെ പരിശീലന കേന്ദ്രമായ കോട്‌ലിയുടെ അബ്ബാസ് ക്യാമ്പ്, സിയാല്‍കോട്ടിലെ സര്‍ജല്‍ ക്യാമ്പ്, സിയാല്‍കോട്ടിലെ മെഹ്‌മൂന ജോയ, അജ്മല്‍ കസബ്, ഡേവിഡ് ഹെഡ്ലി എന്നിവരെല്ലാം പരിശീലനം നേടിയ മുറിഡ്‌കെയിലെ മര്‍ക്കസ് തോയ്ബ എന്നിവയാണ് സുബഹാനള്ളാ ക്യാമ്പ് കൂടാതെ മറ്റുകേന്ദ്രങ്ങള്‍

മര്‍ക്കസ് സുബഹാനള്ളാ ക്യാമ്പിന്റെ ഉള്ളിലെ തകര്‍ന്ന ജാമിയ മസ്ജിദിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പലയിടത്തും കെട്ടിടം തകര്‍ന്നതിന്റെ അവശിഷ്ടങ്ങളും മേല്‍ക്കൂരയില്‍ വലിയ ദ്വാരവും കാണാം. ലാഹോറില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ഭവല്‍പൂര്‍ പാക്കിസ്ഥാനിലെ 12 ാമത്തെ വലിയ നഗരമാണ്. 18 ഏക്കറിലായി പരന്നുകിടക്കുന്ന സുബഹാനള്ളാ ക്യാമ്പ് ഉസ്മാന്‍ ഒ അലി ക്യാമ്പസ് എന്നും അറിയപ്പെടുന്നു. ഭീകരരുടെ റിക്രൂട്ട്‌മെന്റിനും, ഫണ്ട് സമാഹരണത്തിനും, തീവ്രാശയ പഠനത്തിനുമാണ് ജയ്‌ഷെ മുഹമ്മദിന്റെ ഈ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നത്.

ജയ്‌ഷെ മുഹമ്മദിന്റെ മുന്നണി സംഘടനയായ അല്‍-റഹ്‌മത്ത് ട്രസ്റ്റിന്റെ പണം കൊണ്ടാണ് ഇവിടെ പള്ളി പണിതത്. 2011 വരെ ചെറിയ കെട്ടിടമായിരുന്ന ഇവിടം ഒരുവര്‍ഷത്തിനകം വലിയ പരിശീലന സമുച്ചയമായി മാറുകയായിരുന്നു. 2001 ലെ പാര്‍ലമെന്റ് ആക്രമണം, 2016 ലെ പത്താന്‍കോട്ട് ആക്രമണം, 2019 ലെ പുല്‍വാമ ആക്രമണം എന്നിവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ജയ്ഷിന്റെ സ്ഥാപകന്‍ മൗലാന മസൂദ് അസ്ഹറാണ്. അസ്ഹര്‍ ഭവല്‍പൂരിലാണ് ജനിച്ചത്. ഇവിടെ അതീവ സുരക്ഷയുള്ള സമുച്ചയത്തിലായിരുന്നു താമസം. ഇപ്പോള്‍ മസൂദ് അസ്ഹറിനെ ലാഹോറില്‍ കനത്ത സുരക്ഷയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

ഭവല്‍പൂരില്‍ ഇന്നു രാവിലെ ഇന്ത്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മസൂദ് അസ്ഹറിന്റെ ബന്ധുക്കളും ഉള്‍പ്പെടുന്നു. സഹോദരി ഉള്‍പ്പെടെ കുടുംബത്തിലെ 10 പേരാണ് ഭവല്‍പൂരിലെ ഭീകര ക്യാംപില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. അസ്ഹറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും, അനന്തരവനും ഭാര്യയും മറ്റൊരു അനന്തരവളും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് ബിബിസി ഉറുദു റിപ്പോര്‍ട്ട് ചെയ്തു. അസ്ഹറിന്റെയും അമ്മയുടെയും അടുത്ത സഹായിയും മറ്റ് രണ്ട് അടുത്ത അനുയായികളും കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2002 ല്‍ ജയ്ഷിനെ ഔദ്യോഗികമായി നിരോധിച്ചെങ്കിലും തങ്ങളുടെ ക്യാമ്പ് നടത്താന്‍ പൂര്‍ണ സ്വാതന്ത്ര്യം പാക് അധികാരികള്‍ നല്‍കിയിരുന്നു. പാക് സൈന്യത്തിന്റെ 31 കോര്‍പ്‌സ് കന്റോണ്‍മെന്റില്‍ നിന്ന് ഏതാനും മൈല്‍ അകലെയാണ് മര്‍ക്കസ് സുബഹാനള്ളാ ക്യാമ്പ്. ഭവല്‍പൂരില്‍ രഹസ്യ ആണവ സംവിധാനം ഉണ്ടെന്നുവരെ മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.