- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുല്ലുപോലും മുളയ്ക്കാത്ത പാറക്കുന്നിൽ ഒന്നരക്കോടി മുടക്കിയത് ജൈവഗ്രാമം പദ്ധതിക്കായി; പത്തുവർഷമായിട്ടും പദ്ധതി പ്രദേശം കിടക്കുന്നത് കാട് പിടിച്ച്; നടക്കാത്ത പദ്ധതിക്കായി പയ്യന്നൂർ നഗരസഭ കോടികൾ തുലച്ചത് രാഷ്ട്രീയ വിവാദമാകുന്നു; പട്ടികജാതി വിഭാഗക്കാരെ വഞ്ചിച്ചെന്ന ആരോപണത്തിൽ സിപിഎം പ്രതിരോധത്തിൽ
കണ്ണൂർ: പിന്നോക്ക വിഭാഗത്തിനായുള്ള പദ്ധതിക്കായി കോടികൾ തുലച്ച പയ്യന്നൂർ നഗരസഭയുടെ ജൈവഗ്രാമം പദ്ധതി രാഷ്ട്രീയ വിവാദത്തിലേക്ക്. ചതുപ്പു നികത്തി ബസ് സ്റ്റാൻഡ്, പുല്ലുപോലും മുളയ്ക്കാത്ത പാറക്കുന്നിൽ ഒന്നരകോടി മുടക്കി എസ്. ഇ. എസ്ടിക്കാർക്കായി ജൈവഗ്രാമം, സർക്കാർ ഫണ്ട് വെട്ടിച്ചത് പയ്യന്നൂർ നഗരസഭയിലെ കെടുകാര്യസ്ഥതയുടെ തെളിവാണെന്ന ആരോപണവുമായി കോൺഗ്രസും ബിജെപിയും രംഗത്തു വന്നതോടെയാണ് പദ്ധതിയെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് മൂത്തത്.
73,00,800 രൂപയ്ക്ക് സ്വകാര്യവ്യക്തിയിൽ നിന്നും ജൈവഗ്രാമമൊരുക്കാൻ പയ്യന്നൂർ നഗരസഭ സ്ഥലം വാങ്ങിയത്. പട്ടിക ജാതിക്കാർക്ക് കൃഷി ചെയ്യാനും കൈത്തൊഴിലുകൾ ചെയ്യാനുമാണ് പദ്ധതിയിട്ടിരുന്നത്. ഇതിനായി നാൽപത്തിയാറര ലക്ഷം ചെലവിട്ട് റോഡും ഓവും ചാലും പശ്ചാത്തല സൗകര്യവും ഒരുക്കിയിരുന്നു. പതിനഞ്ചു ലക്ഷം ചെലവിട്ടു കെട്ടിടവും നിർമ്മിച്ചു. എന്നാൽ പത്തുവർഷത്തോളമായിട്ടും ഇവിടെ ഒരുപുല്ലുപോലും മുളപ്പിക്കാൻ ഇവിടെ കഴിഞ്ഞിട്ടുമില്ല. ഇപ്പോൾ അനാസ്്ഥയുടെ നോക്കുകുത്തിപോലെ ഈ പ്രദേശമാകെ കാടുപിടിച്ചുകിടക്കുകയാണ്.
കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലിയെന്ന മട്ടിലാണ് ജൈവഗ്രാമത്തിന്റെ ഭൂമി ഏറ്റെടുക്കൽ നടത്തിയതെന്ന ആരോപണമുയർന്നിട്ടുണ്ട്. അക്കാലത്ത് സെന്റിന് അഞ്ചായിരം രൂപ പോലും വിലയില്ലാത്ത, മനുഷ്യർ തിരിഞ്ഞുനോക്കാത്ത ഈ പാറ കുന്നിൽ ജൈവ ഗ്രാമം എന്ന ആശയം ഉദിക്കുകയും നല്ലവിലയ്ക്കു ഭൂമി വാങ്ങിക്കൂട്ടുകയും ചെയ്തതിൽ ചിലരുടെ റിയൽ എസ്റ്റേറ്റ് താൽപര്യമുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്്.
2011-12 കാലയളവിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ഒരു വർഷംകഴിഞ്ഞു സെന്റിന്് പതിനായിരത്തി നാനൂറ് രൂപ നിരക്കിൽ എഴുപത്തിമൂന്ന് ലക്ഷത്തി എണ്ണൂറ് രൂപ നൽകിയാണ് സ്വകാര്യവ്യക്തിയിൽ നിന്നും ഭൂമി ഏറ്റെടുക്കുന്നത്. അക്കാലത്തെ മാർക്കറ്റുവില അയ്യായിരം രൂപ പോലും ഇല്ലാത്ത സ്ഥലത്താണ് പതിനായിരത്തിനു മുകളിൽ വാരിക്കോരി കൊടുത്തു നഗരസഭസ്ഥലം വാങ്ങുന്നത്. എന്നാൽ ഈ പണത്തിന്റെ വലിയൊരുവിഭാഗം ചില നേതാക്കൾ വകമാറ്റിയെന്ന ആരോപണം അന്നു തന്നെ നഗരസഭാ കൗൺസിൽ യോഗത്തിലും പുറത്തും പ്രതിപക്ഷമുയർത്തിയിരുന്നു.
സി.പി. എം മൃഗീയഭൂരിപക്ഷത്തിൽ ഭരിക്കുന്ന നഗരസഭയാണ് പയ്യന്നൂരിലേത്. അഴിമതി ചോദ്യം ചെയ്താലുണ്ടാകുന്ന ഭവിഷ്യത്ത് ഓർത്ത് ആരും മിണ്ടിയില്ല. വിവരാവകാശ പ്രകാരം കിട്ടിയ കണക്കിൽ 2017 വരെ ഇങ്ങോട്ടേക്ക് റോഡിനായി മണ്ണെടുക്കൽ, ടാറിങ്ങ്, ഓവുചാൽ നിർമ്മാണം ഇങ്ങനെ പല ഇനങ്ങളിലായി നാൽപത്തിയാറ് ലക്ഷത്തി നാൽപത്തിരണ്ടായിരത്തി 297 രൂപ ചെലവാക്കി. 2017 ന് ഷെഷം ഷെഡ് നിർമ്മാണത്തിനായി 15 ലക്ഷം വീതം വേറെയും പൊടിച്ചിട്ടുണ്ടെന്നുപൗരാവകാശ പ്രവർത്തകൻ ഹരിദാസൻ പറയുന്നു.
റോഡോ എല്ലാ വീട്ടിലും കുടിവെള്ള പൈപ്പോ ഇല്ലാത്ത കൊക്കോട് കോളനിക്കാരൊന്നും അവരുടെ പേരിൽ കോടികൾ മുടക്കിയ ജൈവഗ്രാമം പദ്ധതിയെപ്പറ്റി കേട്ടിട്ട് പോലും ഇല്ല. ഇക്കൊല്ലത്തെ വാർഷിക പദ്ധതിയിലും ഈ പാറക്കുന്ന് തട്ടുതട്ടായി തിരിക്കാൻ 10 ലക്ഷം വകയിരുത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ യൂത്ത് കോൺഗ്രസ് ഈപദ്ധതിക്കെതിരെ പ്രക്ഷോഭമാരംഭിച്ചിട്ടുണ്ട്. ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി നടന്ന അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു നഗരസഭാ കാര്യാലത്തിലേക്ക് പ്രതിഷേധമാർച്ചും ധർണയും കഴിഞ്ഞ ദിവസം നടന്നിട്ടുണ്ട്.
പയ്യന്നൂർ നഗരസഭയ്ക്കെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് നഗരസഭാ ചെയർപേഴ്സൺ കെ.വി ലളിത വ്യക്തമാക്കി. ഭൂമി വാങ്ങിയതിൽ റിയൽ എസ്റ്റേറ്റ് ഇടപാട് തെളിയിക്കുകയാണെങ്കിൽ താൻ രാജിവയ്ക്കാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി. ജൈവഗ്രാമം പദ്ധതിക്ക് അനുയോജ്യമായ ഭൂമിയിയാണ് പയ്യന്നൂർ മുക്കൂട് കുന്നിലേത്. പദ്ധതി തുടങ്ങുമ്പോൾ ഗുണഭോക്താക്കളെ അറിയിക്കേണ്ടതില്ലെന്നും കെ.വി ലളിത പറഞ്ഞു.
ഇതിനിടെ സി പി എം നേതൃത്വം നൽകുന്ന പയ്യന്നൂർ നഗരസഭ ഭരണ സമിതിക്കു അഴിമതി നടത്താനുള്ള വെള്ളാനയായി കണ്ണൂർ ജൈവഗ്രാമം പദ്ധതി മാറിയെന്നു ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് സ്ഥലം സന്ദർശിച്ചുകൊണ്ടു ആരോപിച്ചു. പയ്യന്നുരിലെ പദ്ധതി പ്രദേശം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നരക്കോടിയിലേറെ മുടക്കിയിട്ടും ഒരു രൂപയുടെ പ്രയോജനം പോലും കിട്ടാത്ത സർക്കാർ പദ്ധതി, 2011 12 കാലത്താണ് പട്ടികജാതിക്കാർക്ക് കൃഷിയും കൈത്തൊഴിലും ചെയ്യുന്നതിനായി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പയ്യന്നൂർ ജൈവ ഗ്രാമം പ്രോജക്ട് തുടങ്ങിയത്. സി പി എം ഭരിക്കുന്ന പയ്യന്നൂർ നഗരസഭ ഒന്നരക്കോടി ചെലവിൽ പട്ടിക ജാതിക്കാർക്കായി സ്വയം തൊഴിൽ എന്നപേരിൽ നടപ്പാക്കിയ ജൈവ ഗ്രാമം പദ്ധതി സർക്കാർ ഫണ്ട് തട്ടിപ്പിന്റെ നേർ സാക്ഷ്യമാണ്.
പാറകളും കല്ലും നിറഞ്ഞ സ്ഥലത്തു എങ്ങിനെയാണ് ജൈവ ഗ്രാമം പദ്ധതി നടത്തിക്കുക എന്നത് സി പി എം നിയന്ത്രണത്തിലുള്ള നഗര സഭാ ഭരണസമിതിയോട് തന്നെ ചോദിക്കേണ്ടിവരും, എസ് സി വിഭാഗത്തിൽപെട്ട ആർക്കും തന്നെ കയറിച്ചെല്ലാൻ പോലും സാധിക്കില്ല. സർക്കാർ ഉദ്ദേശിക്കുന്ന ഒരു ജൈവ പദ്ധതിയും ഈ പ്രദേശത്തു പ്രായോഗികമല്ല, മറിച് ഗവൺമെന്റ് അനുവദിച്ച തുക കൊള്ളയടിക്കാനുള്ള ഒരു പരിപാടി മാത്രമാണിത് ഏകദേശം ഒൻപതു ഏക്കർ വരുന്ന പദ്ധതി പ്രദേശം കേവലം ആയിരം മുതൽ അയ്യായിരം വരെ സെന്റിന് എന്ന കണക്കിൽ വാങ്ങി പത്തായിരം രൂപയ്ക്കു മറിച്ചു വിൽക്കുകയാണുണ്ടായത് സ്ഥലം വാങ്ങിയതിൽ തന്നെ റിയൽ എസ്റ്റേറ്റ് മാഫിയയുടെ ഇടപെടലും വലിയ അഴിമതിയുമാണ് നടന്നത്.
നഗരസഭയുടെ ഇക്കൊല്ലത്തെ വാർഷിക ബഡ്ജറ്റിലും ഈ മൊട്ടക്കുന്ന് തട്ട് തട്ടായി തിരിക്കാൻ പത്തുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്
പട്ടികജാതിവിഭാഗത്തിനായുള്ള ഫണ്ടുതട്ടിപ്പിന്റെ ഒരുനഗ്നമായ ഉദാഹരണമാണിത്, ഈ അഴിമതിയെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും പയ്യന്നൂർ നഗരസഭാധ്യക്ഷൻ രാജിവെക്കണമെന്നും ഭാരതീയ ജനതാ പാർട്ടി ആവശ്യപ്പെടുകയാണെന്ന് പദ്ധതി പ്രദേശം സന്ദർശിച്ചശേഷം ബിജെപി സംസ്ഥാന സെക്രെട്ടറി കെ രഞ്ജിത്ത് പറഞ്ഞു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്