- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാശ്മീരിൽ ജലീലിന് കരുക്ക് മുറുകുമോ എന്ന് ഇന്നറിയാം; കേസെടുക്കാൻ വാക്കാൽ കോടതി നിർദ്ദേശിച്ചു കഴിഞ്ഞെന്ന ഹർജിക്കാരന്റെ വാദം ശരിയെങ്കിൽ തവനൂർ എംഎൽഎ കുടുങ്ങും; ഇന്നലത്തെ വിധിയിൽ കേസെടുക്കാൻ ഉത്തരവില്ലാത്തതും ആശ്വാസം; ജലീലിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുമോ?
ന്യൂഡൽഹി: കാശ്മീരിലെ വിവാദ പരാമർശത്തിൽ മുന്മന്ത്രി കെ.ടി. ജലീലിനെതിരേ ഡൽഹി പൊലീസിന് കേസ് എടുക്കേണ്ടി വരുമോ എന്ന് ഇന്ന് അറിയാം. ഡൽഹി റോസ് അവന്യൂ കോടതി ഇക്കാര്യത്തിൽ ഇന്ന് വിധി പറഞ്ഞേക്കും. കേസിൽ ഹർജിക്കാരന്റെ വാദം കേട്ടു. സെപ്റ്റംബർ 14-ലേക്ക് കേസ് മാറ്റുകയായിരുന്നു കോടതി.
തിങ്കളാഴ്ചയാണ് കേസിൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ പരാതിക്കാരന് പറയാനുള്ളതെല്ലാം കേട്ടു. ഏതൊക്കെ വകുപ്പു പ്രകാരം കേസ് എടുക്കണമെന്നുള്ളത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കേട്ടു. കേസ് നാളെ (സെപ്റ്റംബർ 14) ലേക്ക് മാറ്റുന്നു എന്നു മാത്രമാണ് കോടതി പറഞ്ഞത്. കേസ് എടുക്കണമെന്നോ ഹർജിക്കാരന്റെ മറ്റേതെങ്കിലും വാദം അംഗീകരിക്കുന്നതായോ കോടതി പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ ഇന്ന് ഉത്തരവുണ്ടായേക്കും.
സുപ്രീം കോടതി അഭിഭാഷകൻ ജി.എസ്. മണിയാണ് ജലീലിനെതിരേ പരാതി നൽകിയിരുന്നത്. തിങ്കളാഴ്ച കോടതി കേസ് പരിഗണിച്ചതിന് ശേഷം, കോടതിയിൽനിന്ന് പുറത്തുവന്ന ജി.എസ്. മണി പറഞ്ഞത് ജലീലിനെതിരേ കേസ് എടുക്കാൻ നിർദ്ദേശിച്ചിരിക്കുന്നു എന്നായിരുന്നു. വകുപ്പ് ഏതെന്ന് പറഞ്ഞിട്ടില്ലെന്നും ഉചിതമായ വകുപ്പ് എന്നാണ് കോടതി പറഞ്ഞത്. എന്നാൽ താൻ ആവശ്യപ്പെട്ടത് പ്രകാരം രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റം ചുമത്താൻ പൊലീസിന് അധികാരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ കോടതി ഉത്തരവിൽ ഇതൊന്നും ഇല്ല. കേസ് എടുക്കാൻ കോടതി വാക്കാൽ നിർദ്ദേശിച്ചിട്ടുണ്ട് അതിനാലാണ് മാധ്യമങ്ങളോടു പറഞ്ഞതെന്നും മണി പറയുന്നു. ഡൽഹി റോഡ് അവന്യൂ കോടതി ജലീലിനെതിരേ കേസ് എടുക്കാൻ നിർദ്ദേശം നൽകിയെന്ന അഭിഭാഷകന്റെ അവകാശവാദം തെറ്റാണെന്ന ചർച്ചയുമെത്തി. കേരളത്തിൽ സമാന പരാതിയിൽ കേസെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു. കേസെടുത്തെങ്കിലും പൊലീസ് മറ്റ് നടപടികളിലേക്ക് കടന്നില്ല. അതുകൊണ്ട് തന്നെ ഡൽഹി പൊലീസ് കേസെടുത്താൽ അത് കാര്യങ്ങൾ പുതിയ തലത്തിലെത്തിക്കും.
കേസെടുക്കാൻ കോടതി ആവശ്യപ്പെട്ടാൽ ജാമ്യമില്ലാ വകുപ്പുകൾ ഡൽഹി പൊലീസ് ചുമത്തുമോ എന്നതും നിർണ്ണായകമാണ്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാണ് ഡൽഹി പൊലീസ്. അതുകൊണ്ട് തന്നെ ഡൽഹിയിൽ കേസു വന്നാൽ ജലീലിനെ അറസ്റ്റു ചെയ്യേണ്ട സാഹചര്യം വരുമെന്നാണ് പരാതിക്കാരന്റെ വിലയിരുത്തൽ. കേരളത്തിൽ കേസെടുത്തതിനാൽ ഡൽഹിയിലും അതേ ആരോപണത്തിൽ കേസെടുക്കാൻ കഴിയുമോ എന്ന ചോദ്യവും സജീവമാണ്. ഏതായാലും കോടതി വിധി നിർണ്ണായകമാകും.
ജലീലിനെതിരേ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി തിലക് മാർഗ് പൊലീസിൽ മണി പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് നടപടി കൈക്കൊള്ളാത്തതിന് പിന്നാലെ ഇദ്ദേഹം ഡൽഹി റോസ് അവന്യൂ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച ശേഷം പുറത്തേക്ക് വന്ന മണി, കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം ലഭിച്ചുവെന്ന് അവകാശപ്പെടുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ