- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോധപൂർവ്വം ആരെങ്കിലും പ്രതിജ്ഞ ചൊല്ലിയാൽ അവർ കാഫിർ; പിൻവലിച്ചിട്ടും കുടുംബശ്രീ പ്രതിജ്ഞയെ വിടാതെ വിമർശിച്ച് ജമാഅത്ത് നേതാവ്; അത്തരക്കാരെ മുസ്ലിമായി പരിഗണിക്കാൻ പാടില്ലെന്നും ശരീഅത്തിന്റെ വിധി പ്രകാരം അത്തരക്കാരുമായി ദാമ്പത്യം തുടരാൻ പാടില്ലെന്നും വിശദീകരണം
കോഴിക്കോട്: സ്ത്രീക്കും പുരുഷനും തുല്യ സ്വത്തവകാശമെന്ന കുടുംബശ്രീ പ്രതിജ്ഞയിലെ വാചകത്തിനെതിരെ ജമാഅത്തെ ഇസ്ലാമി പ്രഭാഷകൻ ഇല്യാസ് മൗലവി. ആ പ്രതിജ്ഞയിലെ 'നമ്മൾ പെൺമക്കൾക്കും ആൺമക്കൾക്കും തുല്യ സ്വത്തവകാശം നൽകും' എന്ന വാചകം അള്ളാഹുവിന്റെ ശാസനയുടെ വ്യക്തമായ ലംഘനമാണെന്ന് ഇല്യാസ് മൗലവി പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'നിങ്ങളുടെ മക്കളുടെ കാര്യത്തിൽ അല്ലാഹു നിങ്ങളോട് അനുശാസിക്കുന്നു: പുരുഷന്റെ വിഹിതം രണ്ടു സ്ത്രീവിഹിതത്തിനു തുല്യമാകുന്നു' -(അന്നിസാഅ്: 11) '- അള്ളാഹുവിന്റെ ശാസനയുടെ വ്യക്തമായ ലംഘനമായതിനാൽ ഒരു മുസ് ലിം ഇങ്ങനെയൊരു പ്രതിജ്ഞ ചൊല്ലാൻ പാടുള്ളതല്ലെന്നാണ് ഇല്യാസ് മൗലവി പറയുന്നത്. അള്ളാഹുവിന്റെ ശാസനകൾ ധിക്കരിച്ച് മറ്റുള്ള നിയമങ്ങളെ തൃപ്തിപ്പെടുന്നവൻ കാഫിറാകുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇതെല്ലാം മനസിലാക്കിയിട്ടും ആരെങ്കിലും ബോധപൂർവ്വം അങ്ങനെയൊരു പ്രതിജ്ഞ ചെയ്താൽ അവർ കാഫിറായതു തന്നെ. അത്തരക്കാർ തൗബ ചെയ്യാത്ത പക്ഷം അവരെ മുസ്ലിമായി പരിഗണിക്കാൻ പാടില്ല. അവരുമായുള്ള ദാമ്പത്യം വേർപെടുമെന്നാണ് ശരീഅത്തിന്റെ വിധി, ഇങ്ങനെ കാഫിറായവരുമായി ദാമ്പത്യം തുടരാൻ ദമ്പതിമാർക്ക് പാടില്ല. അത്തരക്കാർ മരണപ്പെട്ടാൽ മയ്യിത്ത് നമസ്‌ക്കരിക്കാനോ,ഇസ്ലാമികാചാരപ്രകാരം മറവ് ചെയ്യാനോ പാടില്ല.
കമ്മ്യൂണിസവും ലിബറലിസവും തലക്ക് പിടിച്ചവരോടല്ല ഈ പറയുന്നതൊന്നും. അവർക്കിത് ദഹിക്കുകയില്ലെന്നും അറിയാം, ഇത് ഖുർആനും സുന്നത്തും പ്രമാണമായി അംഗീകരിക്കുന്ന യഥാർത്ഥ മുസ്ലിങ്ങളോട് പറയുന്നതാണ്. അതിനാൽ മാപ്ലാവുകൾ വെകളി പിടിക്കേണ്ടതില്ല,' ഇല്യാസ് പറഞ്ഞു.
ഇസ് ലാം വിശ്വാസപ്രകാരമുള്ള വിഷയങ്ങളിൽ സ്വാഭിപ്രായങ്ങൾ പ്രയോഗിക്കാൻ വ്യക്തികൾക്കോ കോടതിക്കോ പാർലമെന്റിനോ അധികാരമില്ലെന്നാണ് ഇസ് ലാമിക കാഴ്ചപ്പാടെന്നും അദ്ദേഹം തുടർന്ന് പറയുന്നുണ്ട്.
അള്ളാഹുവും അവന്റെ ദൂതനും ഏതെങ്കിലും കാര്യത്തിൽ വിധി പ്രഖ്യാപിച്ചുകഴിഞ്ഞാൽ സത്യവിശ്വാസിക്കോ വിശ്വാസിനിക്കോ അക്കാര്യത്തിൽ മറിച്ചൊരു തീരുമാനമെടുക്കാൻ അവകാശമില്ല.-(അൽ അഹ്സാബ്: 36). അള്ളാഹുവിങ്കൽനിന്നും പ്രവാചകനിൽനിന്നും ഉള്ളതെന്ന് സ്ഥിരപ്പെട്ട ഏതൊരു കാര്യത്തിലും സ്വാഭിപ്രായങ്ങൾ പ്രയോഗിക്കാൻ മുസ്ലിമായ വ്യക്തിക്കോ സമൂഹത്തിനോ കോടതിക്കോ പാർലമെന്റിനോ സ്റ്റേറ്റിനോ ഒന്നും ഇസ്ലാമിക ദൃഷ്ട്യാ ഒരധികാരവുമില്ല.
മുസ്ലാമാവുക എന്നതിന്റെ അർത്ഥം തന്നെ, ദൈവത്തിന്റെയും ദൈവദൂതന്റെയും മുമ്പിൽ തന്റെ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് അടിയറവെക്കുക എന്നാണല്ലോ. വല്ല വ്യക്തിയോ സമൂഹമോ മുസ്ലിമായിരിക്കുകയും അതോടൊപ്പം സ്വാർഥതാൽപര്യം സംരക്ഷിക്കുകയും ചെയ്യുന്നുവെങ്കിൽ അത് പരസ്പര വിരുദ്ധമായ നിലപാടാണ്. ഈ രണ്ട് ലൈനുകളുടെയും സംയോജനം സാമാന്യ ബുദ്ധിയുള്ളവർക്ക് വിഭാവനം ചെയ്യാനേ സാധ്യമല്ല, ഇല്യാസ് മൗലവി കുറിപ്പിൽ പറഞ്ഞു.
'ഒരുവൻ മുസ്ലിമാണെങ്കിൽ അവൻ അനിവാര്യമായും ദൈവത്തിന്റെ മുമ്പിൽ ശിരസ്സ് കുനിച്ചവനായിരിക്കും. ആർ ഇങ്ങനെ തല കുനിക്കുന്നില്ലയോ അവൻ മുസ് ലിമല്ലെന്ന് നേർക്കുനേരെ മനസ്സിലാക്കാവുന്നതാണ്. ഞാൻ മുസ്ലിമാണെന്ന് അയാൾ എത്രമാത്രം ഉറപ്പിച്ചു പറഞ്ഞാലും അത് വിശ്വസിക്കാവതല്ല. ദൈവത്തിന്റെയും സൃഷ്ടികളുടെയും ദൃഷ്ടിയിൽ അവൻ കപടനാണെന്ന് തന്നെയായിരിക്കും തീരുമാനിക്കപ്പടുക-(തഫ്ഹീമുൽ ഖുർആൻ),' അദ്ദേഹം പറഞ്ഞു.
അനന്തരാവകാശ വിധികളെ കുറിച്ചുള്ള ഖുർആനിലെ ഭാഗങ്ങളാണ് ഇല്യാസ് അടുത്തതായി തന്റെ കുറിപ്പിൽ പറയുന്നത്. 'ഇത് അള്ളാഹു നിശ്ചയിച്ച പരിധികളാകുന്നു. അള്ളാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നവരെ അവൻ കീഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങളിൽ, നിത്യവാസികളായി പ്രവേശിപ്പിക്കുന്നതാകുന്നു. അതത്രെ മഹത്തായ വിജയം. അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും അവന്റെ പരിധികളെ മറികടക്കുകയും ചെയ്തവനെ നരകത്തിൽ നിത്യവാസിയായി തള്ളുന്നു. അവന് നിന്ദ്യമായ ദണ്ഡനവുമുണ്ട്-(അന്നിസാഅ്: 13-14).
ഇതിന്റെ വിശദീകരണത്തിൽ മൗദൂദി സാഹിബ് പറയുന്നു, ഭയാനകമായ ഒരു താക്കീതാണിത്. അള്ളാഹു നിശ്ചയിച്ച പിന്തുടർച്ചാവകാശ നിയമങ്ങൾ മാറ്റിമറിക്കുകയോ തന്റെ വിശുദ്ധ വേദത്തിൽ വിശദമായി നിർദ്ദേശിച്ച ഇതര നിയമപരിധികൾ അതിലംഘിക്കുകയോ ചെയ്യുന്നവർക്ക് ശാശ്വതമായ നരകശിക്ഷയാണീ വാക്യത്തിൽ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, പരിതാപകരമെന്നു പറയട്ടെ, ഇത്ര കഠോരമായ താക്കീതുണ്ടായിരുന്നിട്ടും, യഹൂദന്മാരെപ്പോലെ മുസ്ലിങ്ങളും ധാർഷ്ട്യപൂർവം ദൈവനിയമങ്ങൾ ഭേദഗതി ചെയ്യുകയും ദൈവിക സീമകൾ അതിലംഘിക്കുകയും ചെയ്തിരിക്കയാണിന്ന്(തഫ്ഹീമുൽ ഖുർആൻ),' ഇല്യാസിന്റെ കുറിപ്പിൽ പറയുന്നു.
അതേസമയം, കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ജെൻഡർ ക്യാമ്പെയ്നിന്റെ ഭാഗമായി കേരള സർക്കാർ 2022 നവംബർ 25 മുതൽ ഡിസംബർ 23 വരെ കുടുംബശ്രീയിലൂടെ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു സ്ത്രീകൾക്കുള്ള പ്രതിജ്ഞ.സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഗ്രാമ പഞ്ചായത്തുകൾക്കും കുടുംബശ്രീക്കും ജില്ലാ മിഷൻ കോ-ഓഡിനേറ്റർ നൽകിയ സർക്കുലറിലായിരുന്നു ഇതുള്ളത്. മാസത്തിലെ നാലാമത്തെ ആഴ്ചയിൽ എല്ലാ കുടുംബശ്രീയിലും ജെൻഡർ റിസോഴ്സ് മീറ്റിലൂടെ പ്രതിജ്ഞ ചൊല്ലണമെന്നായിരുന്നു നിർദ്ദേശം.
എന്നാൽ, സ്ത്രീക്കും പുരുഷനും തുല്യസ്വത്തവകാശം എന്ന വാചകമുൾപ്പെട്ട ഈ പ്രതിജ്ഞ കുടുംബശ്രീ പിൻവലിച്ചിരിക്കുകയാണ്. ചില മുസ്ലിം സംഘടനകൾ കഴിഞ്ഞ ദിവസം പ്രതിജ്ഞക്കെതിരെ രംഗത്തുവന്നിരുന്നു. പിന്നാലെയാണ് കുടുംബശ്രീ സ്റ്റേറ്റ് മിഷൻ ഓഫീസിൽ നിന്നും പ്രതിജ്ഞ പിൻവലിച്ചുകൊണ്ടുള്ള അറിയിപ്പ് ജില്ലാ മിഷനുകൾക്ക് ലഭിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ