കണ്ണൂർ: ഒരുകാലത്ത് എസ്. എഫ്. ഐയുടെ തീപ്പൊരി നേതാവും ഡി.വൈ. എഫ്. ഐയുടെ മുന്നണി പോരാളിയും കണ്ണൂരിലെ സി.പി. എമ്മിന്റെ കരുത്തുറ്റ എംഎൽഎയുമായിരുന്ന ജയിംസ് മാത്യു സജീവരാഷ്ട്രീയ ജീവിതത്തിന്റെ തിരക്കൊഴിഞ്ഞ് കുരുന്നുകൾക്ക് വാത്സല്യം പകരുന്ന വിദ്യാഭ്യാസ പ്രവർത്തകന്റെ റോളിൽ. കണ്ണൂരിലെ തളാപ്പിലെ സി.പി. എം മുൻ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിന് അര കിലോമീറ്റർ ഇപ്പുറമാണ് ജയിംസിന്റെ ബേബി റൂട്ട്സെന്ന പ്രീസ്‌കൂൾ പ്രവർത്തിക്കുന്നത്.

അത്യന്തം മനോഹരമായാണ് പ്രീസ്‌കൂൾ ഡിസൈൻ ചെയ്തിരിക്കുന്നത്. തണൽമരങ്ങളും പൂക്കളും അർമാദിച്ചു കളിക്കാനുള്ള സ്ഥലങ്ങളും പ്ലേ ഹൗസും ഊഞ്ഞാലുകളുമൊക്കെയായി പ്രീ പ്രൈമറി വിദ്യാർത്ഥികളെ പാട്ടുപാടിയും കളികളിലൂടെയും പഠിപ്പിക്കാനായി വിദഗ്ദ്ധരായ അദ്ധ്യാപികമാരും ഇവിടെയുണ്ട്. സി. പി. എം കണ്ണൂർ ജില്ലാസെക്രട്ടറിയാവുമെന്ന് അണികൾ കരുതിയിരുന്ന ജയിംസ് മാത്യു ഒരു വർഷം മുൻപ് സംസ്ഥാനസമിതിയിൽ നിന്നും സ്വയം പിൻവാങ്ങിയത് ഏറെ രാഷ്ട്രീയ വിവാദമായിരുന്നു.സജീവരാഷ്ട്രീയത്തിൽ നിന്നും സ്വയം വിരമിക്കൽ പ്രഖ്യാപിച്ച ജയിംസ് മാത്യുവിനോട് ജില്ലാകമ്മിറ്റിയിൽ തുടരാൻ പാർട്ടി ആവശ്യപ്പെടുകയായിരുന്നു.

ഇതു തള്ളിക്കളയാതെ അവശേഷിച്ച സമയം പാർട്ടിക്കായി ചെലവഴിക്കാറുണ്ടെന്നാണ് ജയിംസ് മാത്യു പറഞ്ഞു. പാർട്ടി പൊതുയോഗങ്ങളിലും അത്യാവശ്യം ചില പരിപാടികളിലും ജില്ലാകമ്മിറ്റിയോഗങ്ങളിലും പങ്കെടുക്കാറുണ്ട്. കേരളത്തിൽ പാർട്ടിയിപ്പോൾ വെല്ലുവിളിയൊന്നും നേരിടുന്നില്ല. ജനങ്ങൾക്ക് ഉപകാരപ്രദമായി അതിശക്തമായി തുടർഭരണത്തിലൂടെ മുൻപോട്ടുപോവുകയാണ് എൽ.ഡി. എഫ് സർക്കാർ. അതുകൊണ്ടു തന്നെ തന്റെ വിട്ടു നിൽക്കൽ പാർട്ടിക്ക് പ്രശ്നമാവില്ലെന്നും സോഷ്യൽ മീഡിയയിലൂടെയുള്ള കുറിപ്പുകളിലൂടെയും മറ്റും പാർട്ടി നയങ്ങൾ ഉയർത്തിപ്പിടിക്കാറുണ്ടെന്നും ജയിംസ് മാത്യു പറഞ്ഞു.

പുസ്തങ്ങളില്ലാതെ കുഞ്ഞുങ്ങൾക്ക് അറിവിന്റെ ലോകം തുറക്കുന്ന ഫിൻലാൻഡ് മോഡൽ പഠനം നമ്മുടെ നാട്ടിലും യാഥാർത്ഥ്യമാക്കാനാണ് ജയിംസിന്റെപരിശ്രമം. തന്റെ ചെറുമകൾ ആദ്യ വിദ്യാർത്ഥിയായി എത്തിയതോടെ പുറകെ മറ്റുകുട്ടികളും വന്നു. ഇപ്പോൾ പതിനെട്ടോളം കുട്ടികൾ ബേബിറൂട്ട്സിൽപഠിക്കുന്നുണ്ട്. വിദ്യാഭ്യാസ സമ്പ്രദായം പരമ്പരാഗത രീതിയിൽ നിന്നും മാറ്റിയാൽ കുട്ടിക്കാലം കൂടുതൽ മനോഹരമാകുമെന്നാണ് ജയിംസിന്റെ വിശ്വാസം. താൻ കാണിച്ചവഴിയെ കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം കടന്നുവരുമെന്നാണ് ജയിംസ്മാത്യുവിന്റെ ഉറച്ച വിശ്വാസം.

ജയിംസ് മാത്യു എസ്. എഫ്. ഐ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ പ്രസിഡന്റായി പ്രവർത്തിച്ചയാളാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ശിവൻകുട്ടിയുമായി ഫിൻലാൻഡ് വിദ്യാഭ്യാസ മോഡൽ ചർച്ച ചെയ്യുകയും വിദ്യാഭ്യാസ വകുപ്പ് ഫിൻലാൻഡ് മോഡൽ പഠിച്ചുവരികയാണെന്നും ജയിംസ് മാത്യു പറഞ്ഞു. താൻ സജീവ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും വിട്ടുപോകുന്നത് എന്തെങ്കിലും മോഹഭംഗമുണ്ടായില്ലെന്നാണ് ജയിംസ് തുറന്നു പറയുന്ന്. സംഘടനാപരമായ വലിയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനൊപ്പം മനസിലെ പദ്ധതികളുമായി മുൻപോട്ടുപോകാൻ കഴിയില്ല. തന്റെ ചിന്തകൾ ഇടതു രാഷ്ട്രീയ പ്രവർത്തനമാണെന്ന് പാർട്ടിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നും ജയിംസ്മാത്യു പറഞ്ഞു.

രണ്ടുവട്ടം തളിപറമ്പ് എംഎൽഎയായിരുന്നു ജയിംസ്മാത്യു. 46-വർഷത്തെ പൊതുജീവിതത്തിൽ നിന്നാണ് തന്റെ അറുപതാം വയസിൽ അദ്ദേഹം വഴിമാറി നടന്നത്. ഇപ്പോൾ പൂർണസമയ വിദ്യാഭ്യാസ, സാംസ്‌കാരിക പ്രവർത്തകനാണ്. ഏറെയാത്രകൾ ചെയ്യുന്നതിനാൽ കുറെക്കാര്യങ്ങൾ പുതുതായി പഠിക്കാൻ കഴിയുന്നുണ്ടെന്ന് ജയിംസ്മാത്യു പറയുന്നു. നൂതന ആശയങ്ങളോടുള്ള അഗ്രി ബിസിനസും മനസിലുണ്ട്. ഇതിനായി കർണാടയിലും തമിഴ്‌നാട്ടിലും ഭൂമി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ കൃഷിയെന്നത് സംസ്‌കാരമായിട്ടില്ല, അതുകൊണ്ടാണ് അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതെന്നും ജയിംസ് പറഞ്ഞു.

എസ്. എഫ്. ഐ സംസ്ഥാന നേതാക്കളായിരുന്നപ്പോഴാണ് ജയിംസ് മാത്യു എൻ.സുകന്യയെ ജീവിതസഖിയാക്കുന്നത്. അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന സുകന്യടീച്ചർ ഇപ്പോൾ വി. ആർ. എസെടുത്ത് രാഷ്ട്രീയരംഗത്ത് സജീവമാണ്. ജനാധിപത്യ മഹിളാഅസോസിയേഷൻ ദേശീയ നേതൃത്വത്തിലും കണ്ണൂർ കോർപറേഷൻ കൗൺസിലറായും പ്രവർത്തിച്ചുവരികയാണ് എൻ. സുകന്യ. ഭാര്യയും മെഡിക്കൽ ബിരുദധാരികളായ രണ്ടുമക്കളും തന്റെ വേറിട്ട പ്രവർത്തനങ്ങൾക്ക് ് ഉറച്ച പിൻതുണ നൽകുന്നുണ്ടെന്ന് ജയിംസ് മാത്യു പറഞ്ഞു.