കണ്ണൂർ: കേരള സ്റ്റേറ്റ് ഹാൻഡ്ലൂം കോർപറേഷനിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും ശമ്പളം മുടങ്ങിയതിനെതിരെ സി. ഐ.ടി.യു നടത്തിയ സമരത്തിനിടെ ഹാൻഡ്ലൂം എം.ഡി സുകുമാർ അരുണാചലത്തെ ഭീഷണിപ്പെടുത്തുകയും ആ തെണ്ടിയെ ഈ ഓഫീസിനകത്ത് കാൽ കുത്താൻ വിടില്ലെന്നു ഭീഷണിപ്പെടുത്തി കൊണ്ടു കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷൻ എംപ്ളോയിസ് യൂനിയൻ(സി. ഐ.ടി.യു) സംസ്ഥാന പ്രസിഡന്റും സി.പി. എം കണ്ണൂർ ജില്ലാകമ്മിറ്റിയംഗവുമായ ജയിംസ് മാത്യുവിന്റെ വിവാദപ്രസംഗത്തിനെതിരെ സി.പി. എമ്മിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. ജയിംസ് മാത്യുവിന്റെ പ്രസംഗത്തെ തള്ളിപറഞ്ഞു കൊണ്ടു പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ പ്രതികരിച്ചത് കണ്ണൂർ സി.പി. എമ്മിനുള്ളിൽ അസാധാരണ സാഹചര്യമാണ് സൃഷ്ടിച്ചത്.

ഹാൻവീവ് ആസ്ഥാനത്തിനു മുൻപിൽ നടത്തിയ പ്രതിഷേധ ധർണയ്ക്കിടെയാണ് എം. ഡി സുകുമാർ അരുണാചലത്തിന്റെ മുൻപിൽവെച്ചു തന്നെ ജയിംസ് മാത്യു പൊട്ടിത്തെറിച്ചത്. സി.പി. എം ഭരിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഹാൻവീവ് കോർപറേഷനെതിരെ പാർട്ടി വർഗബഹുജന സംഘടനയായ സി. ഐ.ടി.യു സമരരംഗത്തിറങ്ങിയത്.

രണ്ടുലക്ഷം രൂപ വാങ്ങുന്നയാളാണ് എം.ഡി സ്ഥാപനം നോക്കാൻ അറിയില്ലെങ്കിൽ ഈസ്ഥാനത്ത് തുടരണോയെന്നും ജയിംസ് മാത്യു ചോദിച്ചിരുന്നു. 25 ജീവനക്കാർ വാങ്ങുന്ന ശമ്പളത്തിനു തുല്യമായ ശമ്പളമാണ് എം.ഡി വാങ്ങുന്നത്. അയാൾ എന്തു സേവനമാണ് ഈ സ്ഥാപനത്തിനു വേണ്ടി ചെയ്യുന്നതെന്നും ജയിംസ് മാത്യു ചോദിച്ചു. ഇത്രയും ശമ്പളം പറ്റുമ്പോൾ രണ്ടുമാസമായി ശമ്പളം കിട്ടാത്ത ജീവനക്കാരോട് അയാൾ എന്തുചെയ്യുന്നുവെന്ന് പറയണം. തിങ്കളാഴ്‌ച്ചയ്ക്കകം കുടിശിക കൊടുത്തില്ലെങ്കിൽ ഈ എം.ഡിയെന്നു പറയുന്ന ആ തെണ്ടി ഈ സ്ഥാപനത്തിൽ കാലുകുത്തില്ലെന്നും ജയിംസ് മാത്യു മുന്നറിയിപ്പു നൽകിയിരുന്നു.

എന്നാൽ ജയിംസ് മാത്യുവിന്റെ വിവാദ പ്രസംഗത്തെ തള്ളി ഹാൻവീവ് ചെയർമാനും സി.പി. എംജില്ലാസെക്രട്ടറിയേറ്റംഗവുമായ ടി.കെ ഗോവിന്ദൻ രംഗത്തുവന്നു. റിബേറ്റ് ഇനത്തിലും മറ്റും സർക്കാരിൽ നിന്നുള്ള തുക വൈകിയതു കൊണ്ടാണ് ശമ്പളം മുടങ്ങിയതെന്നു ഗോവിന്ദൻ എംഡിയെ ന്യായീകരിച്ചു കൊണ്ടു പറഞ്ഞു. ശമ്പളം കുടിശ്ശിക വിഷയത്തിൽ എം.ഡിയെ കുറ്റപ്പെടുത്താനാവില്ല. റിബേറ്റ് ഇനത്തിലും വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹാൻവീവ് തുണിത്തരങ്ങൾ വാങ്ങുന്നതിനും ക്രഡിറ്റ് അനുവദിച്ചതിലേക്കുമായി 5.5 കോടിരൂപയോളം ലഭിക്കാനുണ്ട്. ഈതുക ലഭിച്ചാലുടൻ ശമ്പളവും കുടിശികയും നൽകുമെന്നും ഗോവിന്ദൻ പറഞ്ഞു.

എന്നാൽ സർക്കാരിന് നാണക്കേടുണ്ടാക്കുന്ന രീതിയിലാണ് ഹാൻവീവിൽ ഉദ്യോഗസ്ഥ ഭരണം നടക്കുന്നതെന്ന നിലപാടിൽ ഉറച്ചുനിന്നുകൊണ്ടാണ് ജയിംസ് മാത്യു ഈക്കാര്യത്തിൽ വീണ്ടും മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. പന്ത്രണ്ടു കോടിയിലധികം രൂപയുടെ ഉൽപന്നങ്ങൾ വർഷങ്ങളായി ഹാൻവീവിൽ കെട്ടിക്കിടക്കുകയാണ്. ഇതു അൻപതു മുതൽ അറുപതു ശതമാനം വരെ റിബേറ്റിൽ വിൽക്കണമെന്നു എം.ഡിയോട് ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. ഈ തുണികളെല്ലാം എലി കരണ്ടു നശിപ്പിക്കുകയാണ്. അപ്പോൾ പോലും വിലക്കിഴിവിൽ തുണി വിൽക്കാൻ അനുമതി തേടി സർക്കാരിലേക്ക് എഴുതാൻ എം.ഡി തയ്യാറാകുന്നില്ലെന്നും ജയിംസ് മാത്യു ചൂണ്ടിക്കാട്ടി.

എന്നാൽ തൊഴിലാളികളെ കണ്ട് കാര്യങ്ങൾ നേരിട്ടു ബോധ്യപ്പെടുത്താനാണ് സമരവേദിയിൽ താൻ പോയതെന്നും എന്നാൽ അതിനു സാധിക്കാതെ മടങ്ങുകയായിരുന്നുവെന്നും എം,ഡി സുകുമാർ അരുണാചലം വിവാദങ്ങളോട് പ്രതികരിച്ചു. ഹാൻവീവിലെ വിഷയം എന്താണെന്ന് ചെയർമാന് നന്നായി അറിയാം, മറ്റുള്ളവർ എന്തെങ്കിലും പറഞ്ഞോട്ടെ,ജയിംസ്മാത്യു എന്നേ മോശംവാക്കുകൾ കൊണ്ടു അധിക്ഷേപിച്ചതായി മറ്റുള്ളവർ പറഞ്ഞു അറിഞ്ഞു. അക്കാര്യത്തിൽ താൻ പ്രതികരിക്കുന്നില്ലെന്നും സുകുമാർ അരുണാചലം പറഞ്ഞു.

സിപിഎമ്മിന്റെ കണ്ണൂരിലെ രണ്ടു മുൻനിര നേതാക്കളാണ് ജയിംസ് മാത്യുവും ടി.കെ ഗോവിന്ദനും. ഹാൻവീവ് വിഷയം കഴിഞ്ഞ കുറെക്കാലമായി സി.പി. എമ്മിലും പുകയുന്ന വിഷയമാണ്. കണ്ണൂർ നഗരത്തിലടക്കമുള്ള ഷോറൂമുകൾ അടച്ചുപൂട്ടുന്നതിനെതിരെ പാർട്ടിക്കുള്ളിലും സി. ഐ. ടി.യുവിലും പ്രതിഷേധമുയർന്നിരുന്നു. ഹാൻവീവ് തൊഴിലാളി വിരുദ്ധ നടപടികളുമായാണ് മുൻപോട്ടു പോകുന്നതെന്നു സി. ഐ. ടി.യു നേതാവ് കെ.പി സഹദേവനടക്കമുള്ളവർക്ക് വിമർശനമുണ്ട്. ഈസാഹചര്യത്തിലാണ് പാർട്ടിക്കുള്ളിൽ ഹാൻവീവിനെ ചൊ്ല്ലി ഇരുവിഭാഗവും പരസ്യപോരു തുടങ്ങിയിട്ടുണ്ട്. എന്നാൽ ഹാൻവീവ് തർക്കത്തിൽ ഇതുവരെ സി. പി. എം കണ്ണൂർ ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല.