ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് മുന്‍തൂക്കമെന്ന് പ്രവചിച്ച് ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ സര്‍വേകളും. അതേ സമയം ജമ്മു മേഖലയില്‍ ബിജെപി കൂടുതല്‍ സീറ്റ് നേടുമെന്നാണ് ഇന്ത്യ ടുഡേ സീ വോട്ടര്‍ സര്‍വേയുടെ പ്രവചനം. ജമ്മു കശ്മീരില്‍ തൂക്കുസഭയ്ക്ക് സാധ്യതയെന്നാണ് റിപ്പബ്ലിക് സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസിന് ആശ്വസിക്കാനുള്ള ഫലങ്ങളാണ് ജമ്മു കശ്മീരില്‍ നിന്നും എത്തുന്നത്. ഇന്ത്യ ടുഡേ സീവോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലത്തില്‍ ബിജെപിക്ക് 27 മുതല്‍ 31 വരെ സീറ്റുകള്‍, ഇന്ത്യ സഖ്യം 11-15 വരെ സീറ്റുകള്‍, പിഡിപി 2 എന്നിങ്ങനെ പ്രവചിക്കുന്നു.

ദൈനിക് ഭാസ്‌കര്‍ എക്‌സിറ്റ് പോള്‍ ഫലത്തില്‍ എന്‍സി- കോണ്‍ഗ്രസ് സഖ്യം 35 മുതല്‍ 40 വരെ സീറ്റുകളും ബിജെപി 20 മുതല്‍ 25 വരെ സീറ്റുകളും നേടുമെന്നും പ്രവചനം. പിഡിപിയ്ക്ക് 4 മുതല്‍ 7 വരെ സീറ്റുകളും ലഭിച്ചേക്കും, മറ്റുള്ളവര്‍ 12 മുതല്‍ 16 സീറ്റുകള്‍ നേടും എന്നിങ്ങനെയാണ് സീറ്റുകളുടെ പ്രവചന ഫലങ്ങള്‍.

പീപ്പിള്‍ പ്ലസിന്റെ കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസ് സഖ്യം 46 മുതല്‍ 50 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ബി.ജെ.പി 23 മുതല്‍ 27 സീറ്റുകള്‍ വരേയും പി.ഡി.പി. ഏഴ് മുതല്‍ 11 സീറ്റ് വരേയും മറ്റുള്ളവര്‍ നാല് മുതല്‍ 10 സീറ്റുകള്‍ വരേയും നേടുമെന്നാണ് പ്രവചനം. സീ വോട്ടര്‍ പ്രവചനം അനുസരിച്ച് കോണ്‍ഗ്രസ് സഖ്യം 40 മുതല്‍ 48 സീറ്റുകള്‍ നേടും. ബി.ജെ.പി 27 മുതല്‍ 32 സീറ്റുകള്‍ വരേയും പി.ഡി.പി ആറ് മുതല്‍ 12 സീറ്റുകള്‍ വരേയും നേടുമെന്നണ് പ്രവചനം. മറ്റുള്ളവര്‍ക്ക് ആറ് മുതല്‍ 11 വരെ സീറ്റുകളും സീ വോട്ടര്‍ പ്രവചിക്കുന്നു.

റിപ്പബ്ലിക്ക് ടിവി മാട്രൈസ് എക്സിറ്റ് പോള്‍ ഫലം അനുസരിച്ച് കോണ്‍ഗ്രസ് സഖ്യം 31 മുതല്‍ 36 സീറ്റുവരെ നേടും. ബി.ജെ.പി. 28 മുതല്‍ 30 സീറ്റുവരെയും പി.ഡി.പി അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍ വരേയും മറ്റുള്ളവര്‍ എട്ട് മുതല്‍ 16 സീറ്റുകള്‍ വരേും നേടുമെന്നണ് പ്രവചനം. ഇലക്ടറല്‍ എഡ്ജ് എക്‌സിറ്റ് പോള്‍ ഫലത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് - 33, ബിജെപി- 27, കോണ്‍ഗ്രസ് -12, പിഡിപി- 8, മറ്റുളളവര്‍- 10 എന്നിങ്ങനെയും പ്രവചിക്കുന്നു.

കനത്ത സുരക്ഷയില്‍ മൂന്നു ഘട്ടമായാണ് ജമ്മു കശ്മീരില്‍ വോട്ടെടുപ്പ് നടന്നത്. പത്തു വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു കശ്മീരിലെ തിരഞ്ഞെടുപ്പ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടി ആയിരുന്നിത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി പ്രമുഖ നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളിലും സജീവമായിരുന്നു.

ഗുലിസ്ഥാന്‍ ന്യൂസിന്റെ പ്രവചനമനുസരിച്ച് കോണ്‍ഗ്രസ് മൂന്ന് മുതല്‍ ആറ് വരെ സീറ്റുകളും നാഷണല്‍ കോണ്‍ഫറന്‍സ് 28 മുതല്‍ 30 വരെയുള്ള സീറ്റുകളും നേടും. പിഡിപി അഞ്ച് മുതല്‍ 7 വരെ സീറ്റുകളും നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്‍ഡിഎ സഖ്യം 28 മുതല്‍ 30 വരെയുള്ള സീറ്റുകള്‍ നേടുമ്പോള്‍ മറ്റുള്ളവര്‍ക്ക് 8 മുതല്‍ 16 വരെ സീറ്റുകളാണ് അവര്‍ പ്രവചിച്ചിരിക്കുന്നത്.