- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
13,000 രൂപയുടെ ബിൽ അടയ്ക്കാത്തതിനു കെ എസ് ഇ ബി ഫീസൂരിയ ഹോട്ടലിനു സബ്‌സിഡി ഇനത്തിൽ സർക്കാർ നൽകാനുള്ളത് 15 ലക്ഷം! പ്രതിസന്ധി നേരിടുന്നത് വൈദ്യുതിയുടേയും വെള്ളത്തിന്റേയും ചെലവുകൾ കോർപറേഷൻ വഹിക്കുമെന്ന ഉറപ്പിൽ തിരുവനന്തപുരത്ത് തുടങ്ങിയ ജനകീയ ഹോട്ടൽ
തിരുവനന്തപുരം: കേരളത്തിലെ ജനകീയ ഹോട്ടലുകളിലെ പ്രതിസന്ധി വ്യക്തമാക്കി കെ എസ് ഇ ബിയുടെ ഫീസുരൽ കഥ. 13,000 രൂപയുടെ ബിൽ അടയ്ക്കാത്തതിനു കുടുംബശ്രീ ജനകീയ ഹോട്ടലിന്റെ ഫ്യൂസ് കെഎസ്ഇബി ഊരുമ്പോൾ അവർക്ക് കിട്ടാനുള്ളത് ലക്ഷങ്ങളുടെ സർക്കാർ സബ്‌സിഡിയാണ്. കെ എസ് ഇ ബി ഫീസൂരിയ ഹോട്ടലിനു സബ്‌സിഡി ഇനത്തിൽ സർക്കാർ നൽകാനുള്ളത് 15 ലക്ഷം രൂപയാണ്. എന്നാൽ ഈ തുക കിട്ടാൻ വേണ്ടി ആരുടേയും ഫീസൂരാൻ ഹോട്ടൽ നടത്തിപ്പുകാർക്ക് കഴിയുന്നതുമില്ല.
തിരുവനന്തപുരം ഓവർബ്രിജിൽ എസ്എംവി സ്‌കൂളിന് എതിർവശത്തു കോർപറേഷൻ വക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിലാണ് ഈ ദുരവസ്ഥ. വില കുതിച്ചുയരും കാലത്ത് 20 രൂപയ്ക്ക് ഊണ് നൽകുക പ്രായോഗികമല്ല. എന്നിട്ടും അതിന് ശ്രമിക്കുന്നവരാണ് ജനകീയ ഹോട്ടൽ നടത്തിപ്പുകാർ. സബ്‌സിഡി നൽകുന്നുമില്ല. ഇതിനിടെയാണ് പൊതുമേഖലാ സ്ഥാപനത്തിന്റെ ഫീസൂരൽ. ഇതോടെ ഹോട്ടൽ പൂർണ്ണമായും പൂട്ടേണ്ട അവസ്ഥയും വന്നു.
വൈദ്യുതി, വെള്ളം, വാടക ചെലവുകൾ കോർപറേഷൻ വഹിക്കുമെന്ന ഉറപ്പിലാണ് 3 വർഷം മുൻപ് ഹോട്ടൽ തുറന്നത്. ലോക്ഡൗൺ കാലത്തുൾപ്പെടെ നന്നായി പ്രവർത്തിച്ച ഹോട്ടലിൽ ദിവസേന 1500 പൊതിച്ചോറു വരെ വിൽക്കുന്നുണ്ട്. 20 രൂപയുടെ ഊണിന് 10 രൂപയാണ് സർക്കാർ സബ്‌സിഡി. 9 മാസമായി ഈ തുക നൽകുന്നില്ല. പുലർച്ചെ 3 മുതൽ സന്ധ്യവരെ ജോലി ചെയ്യുന്ന കുടുംബശ്രീ പ്രവർത്തകരുടെ ശമ്പളം വരെ മുടങ്ങി. അങ്ങനെ സർവ്വത്ര പ്രതിസന്ധി.
10 ജീവനക്കാരിൽ പകുതിയോളം പേരുടെ ഏക വരുമാനമാർഗമാണിത്. ശമ്പളം കിട്ടാത്തതിനാൽ ബിൽ അടയ്ക്കാൻ കഴിയാത്തതുമൂലം തന്റെ വീട്ടിലെ വൈദ്യുതി, വെള്ളം കണക്ഷനുകൾ വിച്ഛേദിച്ചതായി കഫേ കുടുംബശ്രീ പ്രവർത്തക ബി.ശ്യാമള പറയുന്നു. ഹോട്ടലിനും ഒപ്പം പ്രവർത്തിക്കുന്ന കുടുംബശ്രീ ബസാറിനും ഒരേ മീറ്ററാണ്. വെവ്വേറെയാക്കാൻ പലതവണ അപേക്ഷ നൽകിയിട്ടും ഫലമുണ്ടായില്ലെന്നു കഫേ കുടുംബശ്രീ പ്രസിഡന്റ് കെ.സരോജവും സെക്രട്ടറി എസ്.ശ്രീദേവിയും അറിയിച്ചു. അങ്ങനെ ഈ കുടുംബ ശ്രീ യൂണിറ്റ് വലിയ പ്രതിസന്ധിയിലാണ്.
സംസ്ഥാനത്ത് എല്ലാവർക്കും ഒരുനേരം ഊണ് ലഭ്യമാക്കണം എന്ന സർക്കാരിന്റെ തീരുമാനത്തെ തുടർന്നാണ് വിശപ്പുരഹിത കേരളം പദ്ധതിയും ജനകീയ ഹോട്ടൽ സംവിധാനവും ആരംഭിക്കുന്നത്. 2019-2020 ലെ സംസ്ഥാന ബജറ്റിൽ വിശപ്പുരഹിതം കേരളം പദ്ധതി പ്രഖ്യാപിക്കുകയും പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന ദാരിദ്ര്യ നിർമ്മാർജന മിഷനെ ഏൽപ്പിക്കുകയും ചെയ്തു. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് നാമമാത്രമായ നിരക്കിൽ നല്ല ഗുണനിലവാരമുള്ള ആരോഗ്യകരമായ ഊണ് നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടത്തിപ്പിന്റെ ഭാഗമായാണ് കുടുംബശ്രീ മീഷൻ മുഖേന ജനകീയ ഹോട്ടൽ സംവിധാനം സംസ്ഥാനത്ത് നിലവിൽ വരുന്നത്.
കുടുംബശ്രീ ജനകീയ ഹോട്ടൽ വഴി 20 രൂപയ്ക്കാണ് (പാഴ്സലിന് 25 രൂപ) ഊണ് നൽകുന്നത്. ഒരു യൂണിറ്റിന് ഊണിനു 10 രൂപ സബ്സീഡിയും ജനകീയ ഹോട്ടൽ രൂപീകരണത്തിന് മെഷിനറികളും പാത്രങ്ങളും വാങ്ങാൻ ഒരു യൂണിറ്റിന് 50,000 രൂപ വരെ റിവോൾവിങ് ഫണ്ടും നൽകി. യൂണിറ്റുകളുടെ പ്രവർത്തനത്തിന് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സൗജന്യമായി നൽകുമെന്നതാണ് വ്യവസ്ഥ. ഈ വ്യവസ്ഥയാണ് തിരുവനന്തപുരത്ത് തെറ്റുന്നത്.
രണ്ട് പതിറ്റാണ്ടുകളായി ഗ്രാമങ്ങളിലും നഗരങ്ങളിലും സ്ത്രീകൾക്കിടയിൽ വിവിധ ഉപജീവന പ്രവർത്തനങ്ങൾ നടത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് കുടുംബശ്രീ മിഷനാണ്. ഉൽപ്പാദന-സേവന- വിപണന മേഖലകളിലെ വ്യക്തിഗത-ഗ്രൂപ്പ് സംരംഭങ്ങളിലൂടെയുള്ള സ്വയം തൊഴിൽ, കാർഷിക രീതികൾ, വേതനാധിഷ്ഠിത തൊഴിലുകൾ എന്നിവയാണ് കുടുംബശീ മിഷൻ ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകൾ. സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ വഴി 4885 കുടുംബശ്രീ അംഗങ്ങൾക്ക് ഉപജീവനമാർഗമായി മാറി. ഇങ്ങനെ പോയാൽ ഈ സംവിധാനം നിലയ്ക്കുമെന്നതാണ് വസ്തുത.
മറുനാടന് മലയാളി ബ്യൂറോ