- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഇതിനെക്കാൾ ഭേദം ഞങ്ങളെയൊക്കെ കൊല്ലുകയായിരുന്നു': കൈകൂപ്പി കണ്ണീരൊഴുക്കി ജനാർദ്ദനൻ പറഞ്ഞത് എങ്ങനെ മറക്കാൻ; വാക്സിൻ ചലഞ്ചിനായി രണ്ടുലക്ഷം രൂപ സംഭാവന ചെയ്ത ബീഡി തൊഴിലാളി അവസാന കാലത്ത് വിഷമിച്ചതും ദുരിതാശ്വാസ നിധി ക്രമക്കേടിനെ ചൊല്ലി; ഉള്ളുരുകി വിട പറഞ്ഞത് സിപിഎമ്മിൽ നിന്ന് നീതി കിട്ടാതെ
കണ്ണൂർ: ചെറുപ്പത്തിലെ ചെങ്കൊടി കാണുകയും അതു നെഞ്ചേറ്റുകയും ചെയ്ത ഏതൊരു കണ്ണൂരുകാരനെയും പോലെ കുറുവയിലെ ചാലാടൻ ജനാർദ്ദനനും സ്വപ്നം കണ്ടത് അധ്വാനിക്കുന്ന വർഗം നയിക്കുന്ന നല്ലൊരു നാളെയാണ്. അവിടെ നൂറുപൂക്കൾ വിരിയുകയും എല്ലാവരും സമന്മാരായി ജീവിക്കുകയും ചെയ്യുമെന്നു കമ്യുണിസ്റ്റ് പാർട്ടിയെ പ്രാണനെപ്പോലെ കരുതുകയും പാർട്ടിയുടെയും ഓരോ ചുവടുകളും ശ്രദ്ധയോടെ വീക്ഷിക്കുകയും ചെയ്ത ഈ ബീഡിതൊഴിലാളിയും വിശ്വസിച്ചു.
ഒരുകാലത്ത് കണ്ണൂരിൽ പാർട്ടി വളർത്തിയത് ബീഡിതൊഴിലാളികളായിരുന്നു. നേതാക്കളായും പ്രവർത്തകരായും രക്തസാക്ഷികളായും ജാഥകളിലും ബീഡിതൊഴിലാളികളുടെ മുഖങ്ങൾ നിറഞ്ഞിരുന്നു. ഇതു സഹകരണ ബാങ്ക് ഉദ്യോഗസ്ഥന്മാരും വിവിധ വർഗബഹുജന സംഘടനകളിൽ നിന്നും പാർട്ടിസ്ഥാനങ്ങളിലേക്ക് ചേക്കേറിയ റിട്ട.സർക്കാർ ജീവനക്കാരുമായി അതു മാറിയെങ്കിലും അക്കാലത്ത് അതായിരുന്നില്ല സ്ഥിതി. നേരിനോടൊപ്പം നിന്ന് പോരാടൻ തെറുക്കുന്ന ബീഡിമുറം മാറ്റിവെച്ചു സമരരംഗത്തിറങ്ങിയവരായിരുന്നു ഒരു കാലത്തെ കണ്ണൂരിലെ ദിനേശ് ബീഡിതൊഴിലാളികളും മറ്റു കമ്പനികളിൽ ജോലി ചെയ്യുന്നവരും.
വീടുപട്ടിണിയാകുമ്പോഴും പാർട്ടിക്ക് ഒരു പ്രതിസന്ധിയുണ്ടാകുമ്പോൾ പ്രതിരോധിക്കാൻ അവർ മറന്നിരുന്നില്ല. സി.പി. എമ്മിൽ ഇന്നും സഹയാത്രികരായി പഴയ ബീഡിതൊഴിലാളികളുണ്ട്. പാർട്ടി പൊതുയോഗങ്ങളിൽ നിശബ്ദമുഖങ്ങളായി, രക്തസാക്ഷി ദിനങ്ങളിൽ കൊടിയേന്തി ജാഥയുടെ പിൻവശത്തായും അവശേഷിക്കുന്നവർ ഇപ്പോഴുമുണ്ട്. സമരങ്ങളുടെ തീച്ചൂളയിൽ ഊർജ്ജം പകർന്ന ബീഡിതൊഴിലാളികൾക്ക് ഇന്ന് വംശനാശം വന്നുകൊണ്ടിരിക്കുകയാണെങ്കിലും അവരിൽ അവശേഷിക്കുന്ന കണ്ണികളിലൊന്നാണ് കഴിഞ്ഞ ദിവസം വിടപറഞ്ഞ ചാലാടൻ ജനാർദ്ദനൻ.
വിടപറഞ്ഞത് ഉള്ളുരുകും വേദനയോടെ
കുനിഞ്ഞിരുന്ന് മണിക്കൂറുകളോളം ബീഡിതെറുത്തു മുണ്ടുമുറുക്കി ഉടുത്തുണ്ടാക്കിയ തന്റെ തുച്ഛമായ ജീവിതവരുമാനം മുഴുവൻ കോവിഡ് വാക്സിൻ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന ചെയ്ത ബീഡി തൊഴിലാളിയായ ജനാർദ്ദനൻ വിടപറഞ്ഞ് ഉള്ളുരുകും വേദനയോടെയാണ്. താനടക്കമുള്ള പട്ടിണിപാവങ്ങൾ സ്വരൂക്കൂട്ടി നൽകിയ ചെറുതും വലുതമായ സംഖ്യകൾ അതു അർഹിക്കുന്നവരുടെ കൈയിലേക്ക് എത്തിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ വാർത്താകളായി പുറത്തുവന്നതോടെ അദ്ദേഹത്തിനും മനസിലായിരുന്നു. എന്നാൽ മുഖ്യമന്ത്രിയെയോ ഇടതുസർക്കാരിനെയോ ഇക്കാര്യത്തിൽ അദ്ദേഹം കുറ്റപ്പെടുത്തിയില്ലെങ്കിലും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ സ്വജനപക്ഷപാതത്തിലും അഴിമതിയിലും കഴിഞ്ഞ കുറച്ചുകാലമായി അദ്ദേഹം ദുഃഖിതനായിരുന്നു.
താൻ ഉൾപ്പെടെയുള്ളവർ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ വിയർപ്പിന്റെ മണമുള്ള പണം ഉദ്യോഗസ്ഥരും സർക്കാരും അനർഹർക്കു നൽകിയും ധൂർത്തടിച്ചു ചെലവഴിച്ചുവെന്ന വാർത്തകൾ മാധ്യമങ്ങളിലൂടെ അറിയുന്നത്. ഈ കാര്യത്തിൽ അദ്ദേഹം ഇതിനെക്കാൾ ഭേദം തങ്ങളെയൊക്കെ കൊല്ലുകയായിരുന്നുവെന്നാണ് കണ്ണീരൊഴുക്കി കൈക്കൂപ്പി മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. എന്നാൽ ജനർദ്ദനൻ എന്ന കറതീർന്ന കമ്യൂണിസ്റ്റ് പാർട്ടി അനുഭാവി ഉന്നയിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞൊഴിയുക മാത്രമായിരുന്നു മുഖ്യമന്ത്രിയും സർക്കാരും ചെയ്തത്.
പിണറായി വിജയനെന്ന മുഖ്യമന്ത്രി ഇത്തരം കെടുകാര്യസ്ഥത കാണിക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്തുമെന്നു തന്നെയാണ് ജനാർദ്ദനൻ പ്രതീക്ഷിച്ചിരുന്നത്. പിണറായിയിലെ ഒരു തൊഴിലാളി കുടുംബത്തിൽ നിന്നും വളർന്നു വ്ന്ന ജനാർദ്ദനൻ പിണറായി വിജയന്റെ കടുത്ത ആരാധകനുമായിരുന്നു. എന്നാൽ സർക്കാരിന്റെ ഭരണയന്ത്രത്തിലെ വീഴ്ചകൾ പരിഹരിക്കപ്പെടാതെ പോവുകയും കുറ്റാരോപിതർ വീണ്ടും ഭരണലാവണങ്ങളിൽ തന്നെ സുഖമായി വാഴുകയും ചെയ്ത കാഴ്ചയാണ് ഏറ്റവും ഒടുവിൽ കണ്ടത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ആരോപണവും അതു പരിഗണിച്ച ലോകായുക്ത ഹർജിക്കാരനെ പേപ്പട്ടിയോടെ ഉപമിച്ചു കൊണ്ടു വിചാരണ വേളയിൽ അപഹസിക്കുകയും ചെയ്തതിന്റെ അലയൊലികൾക്കിടെയിലാണ് ജനാർദ്ദനൻ എന്ന ബീഡിതൊഴിലാളി വീണ്ടുമൊരു ചോദ്യമുയർത്താതെ വ്യാഴാഴ്ച രാത്രി പതിനൊന്നോടെ വീട്ടിൽ കുഴഞ്ഞു വീണത്. തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കുറുവയിലെ വീട്ടിൽ എത്തിച്ചു സംസ്കരിച്ചു. ഭാര്യ: പരേതയായ രജനിയാണ് ഭാര്യ. മക്കൾ: നവീന, നവന.
ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് ഭാര്യയുടെ ഗ്രാറ്റ്വിറ്റി തുക
കോവിഡ് ദുരിതകാലത്ത് ആകെയുണ്ടായിരുന്ന ജീവിത സമ്പാദ്യവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ശ്രദ്ധേയനായിരുന്നു ചാലാടൻ ജനാർദ്ദനൻ. കേരള ബാങ്ക് കണ്ണൂർ മുഖ്യശാഖയിലെ ഉദ്യോഗസ്ഥൻ സി പി സൗന്ദർ രാജന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജനാർദനന്റെ നന്മമനസ് പുറംലോകമറിഞ്ഞത്.
'മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കണ്ട ശേഷമാണ് വാക്സിൻ ചാലഞ്ചിനായി പണം നൽകാനായി തീരുമാനിച്ചത്. വാക്സിന് കേന്ദ്രം വില കൂട്ടിയപ്പോൾ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അപ്പോഴാണ് ഭാര്യ രജനിയുടെ മരണശേഷം കിട്ടിയ ഗ്രാറ്റുവിറ്റി തുകയുടെ കാര്യം ഓർത്തത്. അടുത്ത ദിവസം തന്നെ ബാങ്കിൽ പോയി അത് ദുരിതാശ്വാസനിധിയിലേക്ക് ഇടാൻ പറഞ്ഞു. ഇത് ആരും അറിയരുതെന്നാണ് ഞാൻ ആഗ്രഹിച്ചത്. എനിക്ക് ഈ പബ്ലിസിറ്റിയും ആളും ബഹളവും ഒന്നും ഇഷ്ടല്ല, പക്ഷേ എങ്ങനനെയൊ എല്ലാരും അറിഞ്ഞു. മനുഷ്യ സ്നേഹമുള്ളവർക്കേ കമ്മ്യൂണിസ്റ്റാകാൻ കഴിയൂ. ഞാൻ നൂറ് ശതമാനം കമ്യൂണിസ്റ്റല്ല. പാർട്ടിക്ക് വേണ്ടി ജീവൻ നൽകാൻ കഴിഞ്ഞാലേ നൂറ് ശതമാനം ആകൂ. എനിക്ക് അതിന് അവസരം ലഭിച്ചില്ല'- വാക്സിൻ ചലഞ്ചിനെ കുറിച്ചുള്ള ചോദ്യത്തിന് ഇതായിരുന്നു ജനാർദ്ദനന്റെ മറുപടി.
എന്നാൽ പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിനിമയത്തിൽ ഉദ്യോഗസ്ഥന്മാർ ക്രമക്കേട് നടത്തിയെന്ന വാർത്തയിൽ അദ്ദേഹം കണ്ണീരോടെയാണ് പ്രതികരിച്ചത്. ഇതിനെക്കാളും ഭേദം തന്റെ കൊല്ലാമായിരുന്നുവെന്നാണ് ജനാർദ്ദനൻ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ചെലവഴിച്ചുവെന്ന ലോക യുക്തയിലെ പരാതിയും അതിനെ തുടർന്നുള്ള വിവാദങ്ങളും കൊടുമ്പിരി കൊള്ളുമ്പോഴാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിക്കുന്നത്.
അതുകൊണ്ടു തന്നെ ജനാർദ്ദനനെ പോലുള്ള സാധാരണക്കാർ നാടിന് നന്മ ചെയ്യണമെന്ന് ആഗ്രഹിക്കുമ്പോഴും അതു അർഹരില്ലേക്ക് എത്തിക്കാൻ കഴിയാത്ത വിധത്തിൽ ചുവപ്പുനാടകളും സ്വാർത്ഥ താൽപര്യങ്ങളും നിറഞ്ഞ സർക്കാർ സർവീസുകൾക്കെതിരെയുള്ള പൊള്ളുന്ന ചോദ്യമായി മാറിയിരിക്കുകയാണ് ജനാർദ്ദനൻ തന്നെ മരണത്തിലൂടെയും. കനൽ ഒരു തരിമാത്രമേ വേണ്ടൂവെന്ന് പാർട്ടിയെ കുറിച്ചു സൈബർ പോരാളികൾ സോഷ്യൽമീഡിയയിൽ വിശേഷിപ്പിക്കാറുള്ളത്. അത്തരത്തിൽ ഒരു കനലായിരുന്നു ജനാർദ്ദനൻ. ഏതുപ്രതിസന്ധി ഘട്ടത്തിലും മുൻപോട്ടുപോകാൻ സി.പി. എമ്മിന് ഊർജ്ജം നൽകുന്നത് ഇത്തരം സാധാരണക്കാരാണ്. എന്നാൽ അവരോട് നീതിപുലർത്താൻ പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിനായോയെന്ന ചോദ്യവും നേതൃത്വത്തിനെ അലോസരപ്പെടുത്തികൊണ്ടു ഇതിനിടെയിൽ ഉയർന്നുവരുന്നുണ്ട്. അവസാനകാലത്ത് തന്റെ ചെറിയ വീടുംസ്ഥലവും വരെ പാർട്ടിക്ക് എഴുതി കൊടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ കുടുംബത്തിന്റെ ജീവിതാവസ്ഥ നന്നായി അറിയാവുന്ന സി.പി. എം പ്രാദേശിക നേതൃത്വം ഇതിനു തയ്യാറാവാതെ സ്നേഹപുരസരം പ്രിയസഖാവിനെ പിന്തിരിപ്പിക്കുകയായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്