- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വള്ളിക്കോട്-മൈലപ്ര പഞ്ചായത്തുകൾ കോന്നിയിൽ നിന്ന് കോഴഞ്ചേരി താലൂക്കിലേക്ക് മാറ്റി; കോന്നി ഉപതെരഞ്ഞെടുപ്പിൽ ചെയ്ത വാഗ്ദാനം പാലിച്ചുവെന്ന് എംഎൽഎ ജനീഷ് കുമാർ; നാട്ടുകാരുടെ വട്ടം ചൂറ്റൽ തീരുമ്പോൾ
പത്തനംതിട്ട: താലൂക്ക് രൂപീകരണ വേളയിൽ അടർത്തി മാറ്റി കോന്നിക്കൊപ്പം ചേർത്ത വള്ളിക്കോട്, മൈലപ്ര പഞ്ചായത്തുകൾ തിരികെ കോഴഞ്ചേരിക്ക് നൽകി കെയു ജനീഷ് കുമാർ എംഎൽഎ. ഇതോടെ 2019 ലെ കോന്നി ഉപതെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനം നിറവേറ്റാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. കോന്നിയിൽ നിന്ന് രണ്ടു പഞ്ചായത്തുകൾ കോഴഞ്ചേരി താലൂക്കിന് നൽകി കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം ഇന്നലെയാണ് നിലവിൽ വന്നത്. മുൻ മന്ത്രിയും കോന്നി എംഎൽഎയുമായിരുന്ന ജനപ്രതിനിധിയുടെ പിടിവാശിയാണ് ഈ രണ്ടു പഞ്ചായത്തുകൾ കോന്നി താലൂക്കിൽ ചേരാൻ കാരണമായതെന്നും സ്വന്തം പാർട്ടിക്കാരിൽ നിന്ന് അടക്കം എതിർപ്പുണ്ടായിട്ടും അദ്ദേഹം അത് തിരികെ കോഴഞ്ചേരിയിൽ ചേർക്കാൻ തയാറായില്ലെന്നും ജനീഷ് കുമാർ എംഎൽഎ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അടൂർ പ്രകാശിന്റെ പേര് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ വാർത്താ സമ്മേളനം.
കോഴഞ്ചേരി താലൂക്ക് ആസ്ഥാനം പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലാണ് പ്രവർത്തിക്കുന്നത്. മൈലപ്രയിൽ നിന്ന് കഷ്ടിച്ച് മൂന്നു മുതൽ ആറു കിലോമീറ്ററും വള്ളിക്കോട് നിന്ന് ആറു മുതൽ 10 കിലോമീറ്ററും മാത്രമാണ് കോഴഞ്ചേരി താലൂക്കാസ്ഥാനത്തേക്കുള്ള ദൂരം. എന്നാൽ വള്ളിക്കോട് പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ നിന്നുള്ള ഒരാൾ കോന്നി താലൂക്കിൽ എത്തണമെങ്കിൽ 22 കിലോമീറ്റർ സഞ്ചരിക്കണം. പല ബസുകൾ മാറിക്കയറുകയും വേണം. അടൂർ പ്രകാശ് റവന്യൂ മന്ത്രിയായിരിക്കുന്ന സമയത്താണ് കോന്നി താലൂക്ക് നിലവിൽ വന്നത്. മൈലപ്ര, വള്ളിക്കോട് പഞ്ചായത്തുകൾ കൂടി കോന്നിയിൽ ചേർത്തു. ഈ രണ്ടു പഞ്ചായത്തുകളും പുനഃസംഘടനയിൽ കോന്നിക്കൊപ്പം ചേർക്കപ്പെട്ടവയാണ്. കോന്നി നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും കോന്നി താലൂക്കിലും വേണമെന്ന നിർബന്ധമായിരുന്നു അടൂർ പ്രകാശിന്. മൈലപ്ര, വള്ളിക്കോട് പഞ്ചായത്തുകളെ കോഴഞ്ചേരി താലൂക്കിൽ നില നിർത്തണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ പ്രക്ഷോഭം തുടങ്ങി. യുഡിഎഫ് നേതാക്കൾ അടക്കം സമരത്തിനിറങ്ങി. എന്നാൽ, അടൂർ പ്രകാശ് വഴങ്ങിയില്ല.
2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ നിന്ന് അടൂർ പ്രകാശ് എംപിയായി. തുടർന്ന് കോന്നിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച ജനീഷ് കുമാറിന് മുന്നിൽ മൈലപ്ര, വള്ളിക്കോട് പഞ്ചായത്തിലെ വോട്ടർമാർ പറഞ്ഞത് തങ്ങളെ കോന്നി താലൂക്കിൽ നിന്ന് മാറ്റി കോഴഞ്ചേരിയിൽ ചേർക്കണമെന്നാണ്. വിജയിച്ച് എംഎൽഎയായതിന് പിന്നാലെ ജനീഷ് ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇപ്പോഴാണ് അത് സാധ്യമാകുന്നത്. ജനങ്ങളെ ദ്രോഹിച്ചു കൊണ്ട് മുൻ യുഡിഎഫ് സർക്കാർ വരുത്തിയ തെറ്റ് എൽഡിഎഫ് സർക്കാർ തിരുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു പഞ്ചായത്തുകളിലെയും ജനങ്ങൾ അനുഭവിക്കുന്ന ദുരിതം സംസ്ഥാന സർക്കാരിനെ ധരിപ്പിക്കാൻ കഴിഞ്ഞു.
പഞ്ചായത്തുകൾ തിരികെ കോഴഞ്ചേരി താലൂക്കിലേക്ക് കൊണ്ടു വരിക എന്നത് ശ്രമകരമായ പണിയായിരുന്നുവെന്ന് എംഎൽഎ പറഞ്ഞു. ഒരിക്കലും ശരിയാകരുത് എന്ന് കരുതി വലിയ കുരുക്കും നൂലമാലകളുമാണ് കോന്നി താലൂക്കിന്റെ രൂപീകരണ വേളിയിൽ യുഡിഎഫ് സർക്കാർ ചെയ്തു വച്ചിരുന്നത്. എന്നാൽ, 13 വാർഡുള്ള മൈലപ്ര, 15 വാർഡുള്ള വള്ളിക്കോട് പഞ്ചായത്തുകൾ തിരികെ കോഴഞ്ചേരിയിലേക്ക് ആക്കേണ്ടതിന്റെ ആവശ്യകത റവന്യൂ മന്ത്രിയെ ധരിപ്പിക്കാൻ കഴിഞ്ഞു. വാർത്താ സമ്മേളനത്തിൽ എംഎൽഎയ്ക്കൊപ്പം മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ്, വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ എന്നിവരും പങ്കെടുത്തു. രണ്ടെണ്ണം ഒഴിവാക്കിയെങ്കിലും കോന്നി താലൂക്ക് പരിധിയിൽ 12 പഞ്ചായത്തുകൾ അവശേഷിക്കുന്നു. രണ്ടെണ്ണം കൂടി തിരികെ കിട്ടിയതോടെ കോന്നി താലൂക്ക് പരിധിയിൽ 13 പഞ്ചായത്തുകളായി.
രണ്ടു പഞ്ചായത്തുകൾ കൈവിട്ടുവെങ്കിലും വിസ്തൃതിയുടെ കാര്യത്തിൽ കോന്നി താലൂക്ക് തന്നെയാണ് ഒന്നാമത്. 90722.8283 ഹെക്ടറാണ് വിസ്തീർണം. കോഴഞ്ചേരി താലൂക്കിന്റെ വിസ്തീർണം 20507.8730 ഹെക്ടറാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്