- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജപ്പാനിലെ ജനന നിരക്ക് കുറഞ്ഞത് റെക്കോഡുകൾ ഭേദിച്ച്
ടോക്യോ: തുടർച്ചയായി എട്ടാം വർഷവും ജപ്പാനിലെ ജനനനിരക്ക് കുത്തനെ കുറയുന്നതായി സർക്കാർ കണക്കുകൾ പറയുന്നു. 2023-ൽ ജനന നിരക്ക് എത്തിയിരിക്കുന്നത് റെക്കോർഡ് കുറവിലേക്കാണ് എന്ന് ജാപ്പനീസ് ആരോഗ്യ മന്ത്രാലയം കണക്കുകൾ നിരത്തി പറയുന്നു. സാഹചര്യം കടുത്ത വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് ഈ പ്രവണത അവസാനിപ്പിക്കുന്നതിനായി അധികൃതർ കാര്യക്ഷമമായ ഇടപെടലുകൾ നടത്തണമെന്നും മന്ത്രാലയം ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ജപ്പാന്റെ, പ്രായമേറുന്നതും, കുറഞ്ഞുവരുന്നതുമായ ജനസംഖ്യാ പ്രശ്നത്തിന്റെ ഗൗരവകരമായ പ്രത്യാഘാതങ്ങൾ അടിവരയിടുന്നതാണ് ഈ കണക്കുകൾ. രാജ്യത്തിന്റെ സമ്പദ്ഘടനയിലും സുരക്ഷയിലും ഇത് കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മേഖലയിൽ, ചൈന കൂടുതൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ഇതിന് പ്രസക്തി വർദ്ധിക്കുകയാണ്.
ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ജപ്പാന്റെ പ്രത്യുത്പാദന നിരക്ക് (ഒരു ജീവിതകാലത്ത് ഒരു സ്ത്രീക്ക് ജന്മം കൊടുക്കാൻ കഴിയുന്ന ശരാശരി കുട്ടികളുടെ എണ്ണം) കഴിഞ്ഞ വർഷം 1.2 ആയിരുന്നു. 2023 ൽ 7,27,277 കുട്ടികളാണ് ജപ്പാനിൽ ജനിച്ചത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 5.6 ശതമാനം കുറവാണെന്ന് മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. സ്ഥിതിവിവരക്കണക്കുകൾ സൂക്ഷിക്കാൻ തുടങ്ങിയ 1899 ന് ശേഷമുള്ള ഏറ്റവും കുറവ് ജനനനിരക്കാണിത്.
സമാനമായ രീതിയിൽ വിവാഹങ്ങളും കുറഞ്ഞു വരികയാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കിൽ പറയുന്നു. കഴിഞ്ഞ വർഷം ജപ്പാനിൽ നടന്നത് 4,74,717 വിവാഹങ്ങളായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 6 ശതമാനം കുറവാണ് ഇക്കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്. വളരെ അപകടകരമായ ഒരു സാഹചര്യമാണിതെന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ആറു മാസക്കാലം, അതായത് 2030 വരെയുള്ള കാലമാണ് സ്ഥിതിഗതികൾ മാറ്റാനുള്ള അവസാന അവസരമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക അസ്ഥിരത, ജോലിയും, കുടുംബ ചുമതലകളുമായി സന്തുലനപ്പെടുത്തി കൊണ്ടു പോകുന്നതിനുള്ള പ്രയാസങ്ങൾ ഇങ്ങനെ നിരവധി സങ്കീർണ്ണമായ പ്രശ്നങ്ങളാണ് യുവാക്കളെ വിവാഹത്തിൽ നിന്നും, പുതിയ തലമുറക്ക് ജന്മം നൽകുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നതെന്നും ഹയാഷി പറഞ്ഞു.
കുട്ടികളുള്ളവർക്കും, കുട്ടികളെ പ്രതീക്ഷിക്കുന്ന കുടുംബങ്ങൾക്കും നൽകുന്ന സാമ്പത്തിക സഹായം വർദ്ധിപ്പിക്കുന്നതിനുള്ള തീരുമാനം ഇന്നലെ ജാപ്പനീസ് പാർലമെന്റ് കൈക്കൊണ്ടിരുന്നു. രക്ഷകർത്താക്കൾക്കുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുവാനും ഒപ്പം ചൈൽഡ് കെയർ സേവനങ്ങൾ കൂടുതൽ പേരിലേക്കെത്തിക്കുവാനും പാർലമെന്റിൽ തീരുമാനമെടുത്തു. ഇതിനായി 2024 ലെ ബജറ്റിൽ 34 ബില്യൻ അമേരിക്കൻ ഡോളറാണ് വകയിരുത്തിയിരിക്കുന്നത്. അതിനുപുറമെ അടുത്ത മൂന്ന് വർഷക്കാലത്തേക്ക് പ്രതിവർഷം 23 ബില്യൻ ഡോളറിന്റെ നികുതിപ്പണവും ഇക്കാര്യത്തിനായി ചെലവഴിക്കും.