- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
''ഞാന്‍ ചെയ്യാത്ത തെറ്റിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടു; എന്റെ ഫ്രണ്ടിന്റെ ഉമ്മാന്റെ ഗോള്‍ഡ് മിസായിട്ടുണ്ട്; സ്വര്‍ണ്ണം ഞാന്‍ എടുത്തുവെന്നാണ് പറയുന്നത്; എന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി എന്റെ ഭര്‍ത്താവും ഭര്‍ത്താവിന്റെ ഉമ്മയുമാണ്; എന്നെ എന്തിനാണ് ഇങ്ങനെ നാണംകെടുത്തിയത്; സത്യം ഒരുദിവസം തെളിയും''; ജസീലയുടെ അവസാന ഓഡിയെ ഞെട്ടിക്കുന്നത്; ആദൂര്‍ പോലീസ് കാട്ടിയത് വീഴ്ച തന്നെ

കാസര്‍കോട്: അയല്‍വീട്ടിലെ സ്വര്‍ണ്ണമാല മോഷണം പോയ സംഭവത്തില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ട യുവതി വിഷം കഴിച്ച് മരിച്ചത് മാനസിക പീഡനം കൊണ്ടു തന്നെ. മുളിയാര്‍ സ്വദേശിനി ജസീല (24) ആണ് മരിച്ചത്. മരണത്തിന് മുന്‍പ് ജസീല റെക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശം പുറത്തുവന്നതോടെ സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും പൊലീസിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്.
ഭര്‍തൃവീടിന് സമീപത്തെ വീട്ടിലെ കല്യാണാഘോഷത്തിനിടെ സ്വര്‍ണ്ണമാല കാണാതായിരുന്നു. ഇതില്‍ ജസീലയ്ക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം. പരാതിയെത്തുടര്‍ന്ന് ആദൂര്‍ പൊലീസ് ജസീലയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മോഷണത്തില്‍ ജസീലയ്ക്ക് പങ്കുള്ളതായി പൊലീസിന് കണ്ടെത്താനായില്ല. സ്റ്റേഷനില്‍ നിന്നും വിട്ടയച്ചെങ്കിലും നാട്ടുകാരും വീട്ടുകാരും തന്നെ കള്ളിയായി മുദ്രകുത്തുന്നുവെന്ന വിഷമത്തിലായിരുന്നു ജസീലയെന്ന് ബന്ധുക്കള്‍ പറയുന്നു.
മരിക്കുന്നതിന് തൊട്ടുമുന്‍പ് ജസീല ചിത്രീകരിച്ച വീഡിയോയില്‍ കണ്ണീരോടെയാണ് താന്‍ നേരിട്ട അപമാനം വിവരിക്കുന്നത്: 'ഞാന്‍ ചെയ്യാത്ത തെറ്റിന്റെ പേരില്‍ എന്നെ എല്ലാവരും വേട്ടയാടുകയാണ്. എന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി ഭര്‍ത്താവും ഭര്‍ത്താവിന്റെ ഉമ്മയുമാണ്. മരിക്കുകയല്ലാതെ എനിക്ക് മുന്നില്‍ മറ്റ് വഴികളില്ല. സത്യം ഒരുനാള്‍ പുറത്തുവരും.' പരാതി നല്‍കാന്‍ ചെന്നപ്പോള്‍ ആദൂര്‍ പൊലീസ് അത് സ്വീകരിച്ചില്ലെന്നും മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ ജസീല വ്യക്തമാക്കിയിരുന്നു.
യുവതിയുടെ മരണമൊഴിയുടെയും വീഡിയോയുടെയും അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന കാര്യവും സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കും. നിലവില്‍ ഭര്‍തൃവീട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ജസീലയുടെ കുടുംബം ശക്തമായ നിലപാടിലാണ്.
ജസീല വിഡിയോയില്‍ പറയുന്നത് ഇങ്ങനെ
''ഞാന്‍ ചെയ്യാത്ത തെറ്റിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടു. എന്റെ ഫ്രണ്ടിന്റെ ഉമ്മാന്റെ ഗോള്‍ഡ് മിസായിട്ടുണ്ട്. സ്വര്‍ണം ഞാന്‍ എടുത്തെന്നാണ് പറയുന്നത്. ഞാന്‍ എടുത്തിട്ടില്ല. എനിക്ക് അറിയില്ല അങ്ങനെയൊരു സാധനമുള്ളത്. ഒരു സമാധാനവുമില്ല. മരിക്കേണ്ട അവസ്ഥയാണ്. സത്യം ആരും വിശ്വസിക്കുന്നില്ല. രേഖാമൂലം പരാതി കൊടുക്കാന്‍ ആദൂര്‍ പൊലീസ് സ്റ്റേഷനിലെ ആള്‍ക്കാര്‍ സമ്മതിക്കുന്നുമില്ല. എന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി എന്റെ ഭര്‍ത്താവും ഭര്‍ത്താവിന്റെ ഉമ്മയുമാണ്. ഞാന്‍ അധികം ജീവിച്ചിരിക്കില്ല. എന്നെ എന്തിനാണ് ഇങ്ങനെ നാണംകെടുത്തിയത്. സത്യം ഒരുദിവസം തെളിയും''- ജസീല വിഡിയോയില്‍ പറയുന്നു.


