- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
16-ാം വയസ്സിൽ ക്ലീനറായി തുടങ്ങിയ ബസ് ജീവിതം ഇപ്പോഴും തുടരുമ്പോൾ ഒരു നേരിയ അപകടം പോലും വരുത്താൻ ഇടയാകാത്ത വിശ്വനാഥൻ; കർക്കശക്കാരനെങ്കിലും നീതിക്കൊപ്പം നിൽക്കുന്ന കണ്ടക്ടർ നൂറുദ്ദീൻ; കണ്ടക്ടർക്കും ഡ്രൈവർക്കുംവേണ്ടി ഒരു ബസ് നിലനിർത്തുന്ന ആദ്യ മുതലാളിയായി മീരാസാഹിബും; അടൂർ-പത്തനംതിട്ട റൂട്ടിൽ ഓടുന്ന ജാസ്മിൻ ബസിന് പിന്നിലെ സ്നേഹഗാഥ
പത്തനംതിട്ട: 15 ബസുകളുണ്ടായിരുന്ന പത്തനംതിട്ടയിലെ ഹാജി എം.മീരാസാഹിബ് എന്ന ജാസ്മിൻ ബസ് കമ്പനി ഉടമ ഒരു ബസ് മാത്രം നിലനിർത്തി. ബസ് വ്യവസായത്തിൽനിന്ന് പിന്മാറണമെന്ന് മീരാസാഹിബ് തീരുമാനിച്ചെങ്കിലും ഒരു ബസ് മാത്രം ആർക്കും കൊടുത്തില്ല. അത് മീരാസാഹിബിന് വേണ്ടിയായിരുന്നില്ല. മറിച്ച് വിശ്വനാഥന് വേണ്ടിയായിരുന്നു. നൂറൂദ്ദീനും ഇത് അനിവാര്യതയായിരുന്നു.
ഒരുദിവസം ജാസ്മിനെ കാണാതിരുന്നാൽ നൂറുദീന് വല്ലാത്ത അസ്വസ്ഥതയാണ്. ഇതേ മനോനിലയിയാണ് വിശ്വനാഥനും. ഇത് നന്നായറിയാവുന്ന മുതലാളിയാണ് മീരാസാഹിബ്. ഇവരെ പിരിക്കാൻ തയ്യാറാകാത്തതു കൊണ്ട് ഒരു ബസ് ഇപ്പോഴും ജാസ്മിൻ ബസ് കമ്പനി സൂക്ഷിക്കുന്നു. അരനൂറ്റാണ്ടായി തനിക്കൊപ്പമുള്ള കണ്ടക്ടർ ജെ.നൂറുദീനെയും (73) ഡ്രൈവർ സി.ആർ.വിശ്വനാഥനെയും(68) കൈവിടാതിരിക്കാനാണ് മീരാസാഹിബിന്റെ തീരുമാനം. 'കണ്ടക്ടർക്കും ഡ്രൈവർക്കുംവേണ്ടി ഒരു ബസ് നിലനിർത്തുന്ന ആദ്യ മുതലാളിയായിരിക്കും ഞങ്ങടെ മുതലാളി' മാറുന്നുവെന്ന് നൂറുദ്ദീനും വിശ്വനാഥനും പറയുന്നു.
1972-ൽ തുടങ്ങിയതാണ് ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട്. തൊഴിലിനെ ഈശ്വരതുല്യം സ്‌നേഹിക്കുന്ന രണ്ടുപേർ. 'എന്റെ യാത്രക്കാർ' എന്ന വാക്ക് സംസാരത്തിനിടെ പലവട്ടം രണ്ടുപേരിൽനിന്നും കേൾക്കാം. റാന്നി-അടൂർ റൂട്ടിൽ തുടങ്ങിയ സർവീസ് പിന്നീട് കറ്റാനത്തേക്ക് നീട്ടി. റാന്നിയിൽനിന്ന് പത്തനംതിട്ടയെത്തി ചന്ദനപ്പള്ളി, ഏഴംകുളം വഴിയുള്ള റൂട്ടിലെ ജാസ്മിനിലായിരുന്നു ഇരുവരും. ആറുകൊല്ലം മുമ്പ് ഈ സർവീസ് നിർത്തി. ഇപ്പോൾ പത്തനംതിട്ട-അടൂർ റൂട്ടിലോടുന്ന ജാസ്മിനിലാണ് ഇവർ ജോലി ചെയ്യുന്നത്.
അല്പം കർക്കശക്കാരനാണ് നൂറുദീൻ. വിദ്യാർത്ഥികളുമായി കശപിശ ഉണ്ടായിട്ടുണ്ടെങ്കിലും അത് അവരുടെ നന്മയ്ക്കുവേണ്ടിയായിരുന്നെന്ന് നൂറുദീൻ പറയുന്നു. അച്ചടക്കം അദ്ദേഹത്തിന് പ്രധാനം. സ്ത്രീകൾ നിൽക്കുമ്പോൾ അവരുടെ സീറ്റിൽ പുരുഷന്മാർ ഇരിക്കുന്നത് നൂറുദീന് സഹിക്കില്ല. ഗർഭിണികളെയും കുഞ്ഞുങ്ങളുമായി വരുന്നവരെയും സീറ്റിലിരുത്തിയാൽ മാത്രമേ തൃപ്തിയുള്ളൂ. വിദ്യാർത്ഥികൾ കള്ളത്തരം കാണിച്ചാൽ പിടിക്കുകയും ചെയ്യും.
നല്ല റോഡാണെങ്കിൽ ജാസ്മിൻ ബസിന്റെ സീറ്റിൽ വയ്ക്കുന്ന ഒരു ഗ്ലാസ് വെള്ളം തൂകിപ്പോകില്ലെന്ന ഒരു യാത്രക്കാരന്റെ കമന്റാണ് വിശ്വനാഥൻ അഭിമാനത്തോടെ ഓർക്കുന്നത്. ആൾക്കാരെ വിഷമിപ്പിക്കുന്ന ബ്രേക്ക് ചവിട്ടില്ല, മത്സരയോട്ടമില്ല തുടങ്ങി ഡ്രൈവിങ് മര്യാദകളുടെ ആചാര്യനാണ് വിശ്വനാഥൻ. രാവിലെ ഏഴിന് പത്തനംതിട്ട സ്റ്റാൻഡിൽ വണ്ടിയുമായെത്തുമ്പോൾ പുതുതലമുറ ഡ്രൈവർമാർ നൽകുന്ന സല്യൂട്ട് നൽകി ആദരിക്കുന്ന ഡ്രൈവർ.
അടൂർ - പത്തനംതിട്ട റൂട്ടിൽ ഓടുന്ന ജാസ്മിൻ ബസിലെ ഡ്രൈവർ വിശ്വനാഥൻ ചേട്ടൻ ഏവർക്കും സുപരിചിതമായ വ്യക്തിയാണ്. ഇന്നെ വരെ യാതൊരു അപകടവും ഉണ്ടാക്കാത്ത, സുരക്ഷിതമായ ഡ്രൈവിംങ്ങ്. മോട്ടോർ വാഹനവകുപ്പ് അടൂർ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആദരിക്കുകയും ചെയ്തു. റാഡിലൂടെ ചീറിപ്പായും യുവതലമുറ എന്നും കണ്ടു പഠിക്കേണ്ട ഒരു മാതൃക തന്നെയാണ് ഈ ഡ്രൈവർ. നൂറുദീൻ പത്തനംതിട്ട കുമ്പഴ ഷഫാന മൻസിലിൽ താമസം. രണ്ടു പെൺമക്കൾ. കുമ്പഴ നെടുവാന ചരിവുകാലയിൽ വീട്ടിലാണ് കുടുംബസമേതം വിശ്വനാഥന്റെ താമസം.
16-ാം വയസ്സിൽ ക്ലീനറായി തുടങ്ങിയ ബസിലെ ജീവിതം ഇപ്പോഴും തുടരുമ്പോൾ തന്റെ തൊഴിലിൽ ഒരു നേരിയ അപകടം പോലും വരുത്താൻ ഇടയാകാത്ത സന്തോഷത്തിലാണ് വിശ്വനാഥൻ ഇപ്പോൾ അടൂർ - പത്തനംതിട്ട റൂട്ടിൽ ഓടുന്ന ജാസ്മിൻ ബസ് സമയത്തിന്റെ കാര്യത്തിലോ അമിത വേഗത്തിന്റെ കാര്യത്തിലോ ആർക്കും പരാതി ഉണ്ടാക്കുന്നില്ല. 16-ാം വയസ്സിൽ സ്വകാര്യ ബസിൽ ക്ലീനറായി ജോലിക്കു കയറിയ ഇദ്ദേഹത്തിന്റെ ജോലിയിലുള്ള ആത്മാർഥത കണ്ടറിഞ്ഞ പ്രധാന ജീവനക്കാരാണു പതുക്കെ ഡ്രൈവിങ്ങിലേക്ക് എത്തിച്ചത്. 18 വയസ്സ് പൂർത്തിയായതോടെ ഡ്രൈവിങ് ലൈസൻസ് എടുത്തെങ്കിലും വലിയ വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസിനു പിന്നെയും അഞ്ചു വർഷം കൂടി കാത്തിരിക്കേണ്ടി വന്നു.
അതു കിട്ടിയതോടെ വലിയ വാഹനം ഓടിക്കണമെന്ന ആഗ്രഹത്തിൽ കോഴഞ്ചേരി സ്വദേശിയുടെ ലോറിയിൽ ഡ്രൈവറായി കയറി. 6 മാസം പിന്നിട്ടപ്പോൾ തേക്കുതോട്ടിലേക്ക് ഓടുന്ന ഒരു ബസിൽ ഒഴിവു വന്നതോടെ ചുവടുമാറി. വർഷം ഈ സർവീസിൽ ജോലി നോക്കി. അതിനിടെയാണ് ആനപ്പാറ സ്വദേശി എം.മീരാസാഹിബിന്റെ ബസിൽ ഒരു ഡ്രൈവറെ ആവശ്യമുണ്ടെന്ന് അറിയുന്നതും ആ ചുമതല ഏൽക്കുന്നതും. അന്ന് കൈയേറ്റ ബസിന്റെ സ്റ്റീയറിങ് ഇന്നും വിശ്വനാഥൻ നായരുടെ കൈകളിൽ തന്നെ ഭദ്രം. തീരെ ഒഴിവാക്കാൻ കഴിയാത്ത അവസരങ്ങളിൽ മാത്രമാണ് അവധി എടുക്കുന്നത്. അതിനാൽ ജീവിതത്തിന്റെ സാമ്പത്തിക പരാധീനതകൾ തന്നെ കാര്യമായി ബാധിച്ചിട്ടില്ല.
യാത്ര അവസാനിപ്പിക്കുന്ന ഇടത്ത് യാത്രക്കാർ എല്ലാം ഇറങ്ങിയതിനു ആരുടെയെങ്കിലും കൈയിൽ നിന്ന് എന്തെങ്കിലും വീണു പോയിട്ടുണ്ടോ എന്ന് ബസിനുള്ളിൽ പരിശോധിക്കുന്നതു പതിവാണ്. എന്തെങ്കിലും കളഞ്ഞു കിട്ടിയാൽ അത് ഉടമസ്ഥനു കൈമാറാനാണ് ഈ അന്വേഷണം. അങ്ങനെ ഒരിക്കൽ ഒരു പവനിലധികം വരുന്ന സ്വർണമാല വീണു കിട്ടി. ഉടമസ്ഥൻ തിരിച്ചെത്തുമെന്നു കരുതി ഒരാഴ്ചയോളം കൈയിൽ കരുതിയെങ്കിലും ആരും എത്തിയില്ല. പിന്നീട് അത് വാഹന ഉടമയെ ഏൽപിക്കുകയും അദ്ദേഹം പത്രത്തിൽ വാർത്ത നല്കുകയും ചെയ്തതോടെ ഉടമസ്ഥൻ എത്തി മാല തിരികെ വാങ്ങി. അന്ന് വിശ്വനാഥൻ നായർക്കു സമ്മാനവും നൽകിയ ശേഷമാണ് മാലയുടെ ഉടമ മടങ്ങിയത്.
വിശ്വനാഥന്റെ പ്രിയ കണ്ടക്ടർ നൂറുദ്ദീനാണ്. പ്രായം 70 കഴിഞ്ഞെങ്കിലും ഇപ്പോഴും ജോലി ചെയ്യുന്നത് ജോലിയോടുള്ള ഇഷ്ടവും ജനങ്ങളോട് ഇടപഴകുമ്പോഴുള്ള സന്തോഷവും കൊണ്ടാണെന്നു നൂറുദ്ദീൻ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ